ദാവണിയില്‍ തിളങ്ങാന്‍
ഫാഷന്റെ കാര്യത്തില്‍ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെന്‍ ഗാല്‍സ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാന്‍ അവര്‍ ഓ.കെ. പക്ഷേ പാരമ്പര്യത്തനിമ വേണ്ടിടത്തൊക്കെ മറ്റൊന്നിനോടും നോ കോംപ്രോമൈസ്. അതാണു സ്റ്റൈല്‍.

ഓണക്കാലത്ത് തിളങ്ങാന്‍ മലയാളി മങ്കമാര്‍ക്കു പ്രിയം ദാവണിയോടാണ്. പണ്ടത്തെ ദാവണിയൊന്നുമല്ല. സ്റ്റൈലില്‍ ആളു മോസ്റ്റ് മോഡേണ്‍ ആണ്. മിറര്‍ വര്‍ക്ക് ഹെവി ബ്രോക്കേഡ് ദാവണിയാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. പെണ്‍മനം അറിഞ്ഞ് സ്‌കര്‍ട്ടും ദാവണിയും ബ്ലൗസ് പീസും ഉള്‍പ്പെടുന്ന സെറ്റുകളാണ് തുണിക്കടകളില്‍ ഒരുങ്ങിയത്. സ്‌കര്‍ട്ടിലും ദാവണിയിലും ബ്ലൗസ് പീസിലുമെല്ലാം മിറര്‍ വര്‍ക്ക് ചെയ്ത് ഇത് കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുന്നു. കണ്ടാല്‍ ഒരു ഒന്നര ലുക്ക് തന്നെയാണ് ഇതിന്.

ദാവണിയില്‍ വൈവിധ്യങ്ങള്‍ ഏറെയാണ്. ഫുള്‍ ബ്രൊക്കേഡ് ദാവണി, നെറ്റ് ദാവണി, കസവു ദാവണി... ഇങ്ങനെ പോകുന്നു. ആഘോഷങ്ങളില്‍ തിളങ്ങാന്‍ ഗാല്‍സിന് താല്‍പര്യം ഫുള്‍ ബ്രോക്കേഡ് ദാവണി തന്നെയാണ്. സില്‍ക് സ്‌കര്‍ട്ടിന്റെ ബോര്‍ഡറില്‍ മാത്രം ബ്രൊക്കേഡ് പാച്ച് വര്‍ക്ക് ചെയ്തവയ്ക്കും ആരാധകര്‍ ഏറെയാണ്. അല്‍പം സിംപ്ലിസിറ്റി വേണമെങ്കില്‍ നെറ്റ് ദാവണിയുടെ ബോര്‍ഡറില്‍ മാത്രം ബ്രൊക്കേഡ് വച്ചു പിടിപ്പിക്കാം.


കലംകാരി പ്രിന്റുള്ള ദാവണിയാണ് മറ്റൊരു സ്റ്റൈല്‍. ഇതിനും ആവശ്യക്കാര്‍ ഏറെയാണ്. ദാവണിയില്‍ ഹാന്‍ഡ് പ്രിന്റ് ചെയ്ത മനോഹര ദൃശ്യങ്ങളുള്ളതും ട്രെന്‍ഡാണ്.

പണ്ടത്തെ പുപാവാട പോലെയൊന്നുമല്ല ന്യൂജന്‍ സ്‌കര്‍ട്ടുകള്‍. റാപ് എറൗണ്ട് പോലെ ധരിക്കാവുന്നവയാണ് ഇത്തരം സ്‌കര്‍ട്ടുകള്‍. അരയില്‍ വള്ളി മുറുക്കിയാണ് അണിയുക. വള്ളിയുടെ അറ്റം കൂടുതല്‍ മനോഹരമാക്കാനായി മിറര്‍ വര്‍ക്കും മുത്തും കല്ലും ചെറിയ കുഞ്ചലവുമൊക്കെ പിടിപ്പിക്കുന്നതും ട്രെന്‍ഡാണ്. അല്‍പം മുല്ലപ്പൂവു കൂടി മുടിയില്‍ ചൂടിയാല്‍ മലയാളി മങ്കയായി തിളങ്ങാം.

സീമ
Loading...