ഒരേയൊരു രൂപ
"A single rose “can be my garden; a single friend, my world."
Ð Leo Buscaglia

സൗഹൃദങ്ങളും സാമൂഹ്യസേവനവും തമ്മിലെന്ത്? എനിക്ക് നല്ലൊരു സുഹൃത്തുണ്ടായാല്‍ ഞങ്ങളിരുവര്‍ക്കുമപ്പുറം മറ്റുള്ളവര്‍ക്ക് എന്താണു നന്മ?

ചോദ്യങ്ങള്‍ രൂപ ജോര്‍ജിനോടെങ്കില്‍ ആ നന്മയെക്കുറിച്ചു തന്റെ ജീവിതയാത്രാ വിശേഷങ്ങള്‍ പങ്കുവച്ചു വാചാലയാകും. അപരനു നന്മ ചെയ്യാനും സമൂഹത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വെളിച്ചം പകരാനും വിശാലമായ സുഹൃദ്‌വലയങ്ങളിലൂടെ സാധിക്കുന്നതെങ്ങനെയെന്നു രൂപ പറയും.

മികവു തെളിയിച്ച സംരംഭക, പരിസ്ഥിതി പ്രവര്‍ത്തക, പരിശീലക, നര്‍ത്തകി... കൊച്ചി തേവര സ്വദേശിനിയായ രൂപ ജോര്‍ജിന്റെ പ്രൊഫൈലില്‍ എഴുതിച്ചേര്‍ക്കാന്‍ ഇനിയുമുണ്ട് വിശേഷണങ്ങള്‍. വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിറസാന്നിധ്യമറിയിക്കുമ്പോള്‍ മാനവിക മൂല്യങ്ങളോടു കൂട്ടുകൂടാനും അതു പകര്‍ന്നു നല്‍കാനും മറക്കില്ലെന്നതാണ് ഈ വനിതാപ്രതിഭയെ വേറിട്ടതാക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയെ പുല്‍കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനവഴികളില്‍ രൂപയെ തേടി അംഗീകാരങ്ങളുമെത്തി.

സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ അതികായരായ കൊച്ചിയിലെ ബേബി മറൈന്‍ ഇന്റര്‍നാഷണലിന്റെയും രുചിയുടെ ലോകത്തു മികവിന്റെ പുതുവഴികള്‍ തുറന്ന പാന്‍ ഏഷ്യന്‍ റസ്റ്ററന്റിന്‍േറയും ഡയറക്ടറാണു രൂപ ജോര്‍ജ് എന്ന സംരംഭക. കേരളത്തിലെ എക്കാലത്തെയും പ്രമുഖ ബസ് സര്‍വീസായ മയില്‍വാഹനം ഇന്‍ഡസ്ട്രീസിന്റെ ഉടമ ഷൊര്‍ണൂര്‍ സ്വദേശി സി.എ. ഏബ്രഹാമിന്റെ മകളും ബേബി മറൈന്‍ മാനേജിംഗ് പാര്‍ട്ണര്‍ ജോര്‍ജ് കെ.നൈനാന്റെ ഭാര്യയുമായ രൂപ ചുരുങ്ങിയ കാലം കൊണ്ടു ബിസിനസില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. നൃത്തവേദികളിലും ടെലിവിഷന്‍ പരിപാടികളിലും രൂപ മികവു തെളിയിച്ചിട്ടുണ്ട്.

സാമൂഹ്യസ്പന്ദനങ്ങള്‍ക്കൊപ്പം

വിദ്യാലയങ്ങളും നിര്‍ധന കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളും കേന്ദ്രീകരിച്ചാണു രൂപ പ്രധാനമായും തന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സമൂഹ സൗഹൃദ വിദ്യാലയം എന്നറിയപ്പെടുന്ന കൊച്ചി തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍െവന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറാണു രൂപ. നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കാന്‍ പദ്ധതിയിലൂടെ സാധിച്ചു. ഇത്തരം കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്താനും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും രൂപ സമയം കണ്ടെത്താറുണ്ട്.

തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതിനൊപ്പം സമാനമനസ്‌കരെ കണ്ടെത്തി സേവനവഴികളിലേക്കു ക്ഷണിക്കാനും പദ്ധതികളുടെ ഭാഗമാക്കാനും രൂപയ്ക്കു സവിശേഷശ്രദ്ധയുണ്ട്. പ്രളയം ദുരിതത്തിലാക്കിയ വിവിധ വിദ്യാലയങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ രൂപ നേരിെത്തി. കൊച്ചിയിലെ വിവിധ കോളനികളില്‍ സ്ത്രീകളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളില്‍ രൂപ കൈകോര്‍ക്കുന്നു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളില്‍ രൂപ സജീവമാണ്. സംസ്ഥാനത്തെ 120ഓളം സ്‌കൂളുകളില്‍ പ്രകൃതി സംരക്ഷണ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിന്നിറ്റ് ഇന്ത്യ കാമ്പയിന്‍ രൂപയുടെ സാമൂഹ്യ ഇടപെടലുകളില്‍ ശ്രദ്ധേയ മുന്നേറ്റമാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കല്‍, ശുചിത്വം, പ്രകൃതിസംരക്ഷണം തുടങ്ങിയ സന്ദേശങ്ങളുമായി ക്ലാസുകളും പ്രവര്‍ത്തനങ്ങളുമാണു കാമ്പയിനിലൂടെ നടന്നുവരുന്നത്. ഇതിനോടനുബന്ധിച്ചു കാര്‍ബണ്‍ ഫാസ്റ്റിംഗ് എന്ന നല്ല ശീലവും സന്ദേശവും രൂപ സമൂഹത്തിനു നല്‍കുന്നു.

കലാവഴിയില്‍

കലാമണ്‍ലത്തിന്റെ സാമീപ്യമുള്ള ബാല്യവും കൗമാരവും നൃത്തത്തെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചു. കലാമണ്ഡലം സുജാത, കലാക്ഷേത്ര രേഷ്മ രാധാകൃഷ്ണന്‍ എന്നിവര്‍ നൃത്തവഴികളില്‍ കൈപിടിച്ചു. വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിുള്ള രൂപയുടെ കിച്ചന്‍ ടിപ്‌സ് എന്ന പുസ്തകം ശ്രദ്ധേയമാണ്.


അംഗീകാരങ്ങള്‍

മികച്ച യുവസംരംഭകയ്ക്കുള്ള ടെലിവിഷന്‍ ചാനലിന്റെ പുരസ്‌കാരം 2017ല്‍ നടന്‍ മമ്മൂട്ടിയില്‍ നിന്നാണു രൂപ ഏറ്റുവാങ്ങിയത്. പ്രഫഷണല്‍ കോണ്‍ക്ലേവ് പുരസ്‌കാരം, വേക് എക്‌സ്‌പോ 2017 ലെ സ്ത്രീ സംരംഭക പുരസ്‌കാരം, ശിവഗിരി മഠത്തിന്റെ ശ്രീനാരായണ ട്രസ്റ്റ് അവാര്‍ഡ്, മുദ്ര സെന്റര്‍ ഓഫ് ഡാന്‍സ് പുരസ്‌കാരം, പശ്ചിമകൊച്ചിയിലെ പൊതുപ്രവര്‍ത്തന മികവിനുള്ള ഫാത്തിമ ഹോസ്പിറ്റല്‍ പുരസ്‌കാരം, യുണിക് ടൈംസ് മാഗസിന്റെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എന്നിവയും രൂപയെ തേടിയെത്തി.

കുടുംബം

സഹവര്‍ത്തിത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയപാഠങ്ങള്‍ രൂപ ആദ്യം പഠിച്ചതു കുടുംബത്തില്‍ നിന്നു തന്നെ. സാമൂഹ്യസേവനവും ബിസിനസും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കുടുംബാംഗങ്ങളുടെ പിന്തുണ പ്രധാനപ്പെതാണെന്നു രൂപ പറയുന്നു. ശരിയായ സമയം, ശരിയായ വ്യക്തികള്‍, ശരിയായ സാഹചര്യങ്ങള്‍ അതെല്ലാം നമുക്കു പ്രചോദനമാണ്.

വേറിട്ട ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നിരുത്സാഹപ്പെടുത്താതെ, ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു പ്രോത്സാഹനം പകരുന്ന കുടുംബാന്തരീക്ഷം. ബിസിനസ് രംഗത്തുള്ള ഭര്‍ത്താവ് ജോര്‍ജ് കെ. നൈനാന്‍, മക്കളായ പ്ലസ്ടു വിദ്യാര്‍ഥി കെ.ജി. നൈനാന്‍, എട്ടാം ക്ലാസ് വിദ്യാര്‍ഥി കെ.ജി. ഏബ്രഹാം എന്നിവര്‍ രൂപയുടെ ബിസിനസ്, സാമൂഹ്യസേവന വഴികളില്‍ എപ്പോഴും പിന്തുണ നല്‍കുന്ന നല്ല കൂട്ടുകാര്‍ കൂടിയാണ്.

മനോഭാവങ്ങളോടു മത്സരിച്ച്

വ്യക്തിത്വത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും അവരവരുടെ മനോഭാവങ്ങളെ അടിസ്ഥാനമാക്കിയാണെന്നു വിശ്വസിക്കുകയും വിവിധ വേദികളില്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുകയാണു രൂപ. പ്രശ്‌നങ്ങളല്ല, പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതിയാണു മുഖ്യം. മത്സരങ്ങളുടെ ലോകത്ത് മറ്റുള്ളവരെ തോല്‍പ്പിക്കാനും മുമ്പിലെത്താനും നാം മത്സരിക്കുകയാണ്. എന്നാല്‍ ഞാന്‍ മത്സരിക്കേണ്ടത് എന്നോടു തന്നെയാണ്.

പത്തു വര്‍ഷം മുമ്പുള്ള ഞാന്‍, അഞ്ചു വര്‍ഷം മുമ്പുള്ള ഞാന്‍, ഇപ്പോഴത്തെ ഞാന്‍... ഇത് സൂക്ഷ്മവും ആവിമര്‍ശനപരമായും അവലോകനം ചെയ്യണം. എന്തിനോടും 'നോ' എന്നു പറയുന്നതിനേക്കാള്‍, പോസിറ്റീവായ ചിന്തകളും പ്രതികരണങ്ങളും നമ്മില്‍ നിന്നുണ്ടാകണം. നാം നമുക്കും മറ്റുള്ളവര്‍ക്കും ചോദ്യങ്ങളല്ല, ഉത്തരങ്ങളാകേണ്ടവരാണ്. രൂപയുടെ പാഠങ്ങള്‍ അനേകര്‍ക്കു പ്രചോദനമാവുന്നു.

വളര്‍ത്താം, വളരാം

ബിസിനസിനപ്പുറം സാമൂഹ്യസേവന, ജീവകാരുണ്യ രംഗത്തു കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ടെന്നു ചോദിച്ചാല്‍ രൂപ ജോര്‍ജിനു കൃത്യമായ ഉത്തരമുണ്ട്. നമ്മുടെയും നമ്മുടെ സുഹൃദ് വലയത്തിലുള്ളവരുടെയും കഴിവുകളും സാധ്യതകളും മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുന്നതു ദൈവികമാണെന്നു ഞാന്‍ കരുതുന്നു. മറ്റുള്ളവരെ അവരുടെ കഴിവുകളും കുറവുകളും മനസിലാക്കി വളരാന്‍ പ്രോത്സാഹിപ്പിക്കണം. ബിസിനസില്‍ സമാനമായ മേഖലയിലെ സംരംഭകരോട് അനാരോഗ്യകരമായ മത്സരം നടത്തുന്നതിലൂടെ നാം വളരില്ല. എല്ലാവര്‍ക്കും അവരവരുടേതായ ഇടമുണ്ട്. ബിസിനസിലായാലും മറ്റു സാമൂഹ്യ മേഖലകളിലായാലും. അത് അവര്‍ മാത്രമാണു പൂരിപ്പിക്കേണ്ടത്. അതിന് ഓരോരുത്തരെയും സഹായിക്കാന്‍ നമുക്കായാല്‍ നമ്മളും മറ്റുള്ളവരും വളരും.

സിജോ പൈനാടത്ത്