'ഷീ' ഈസ് സുജ
Monday, November 25, 2019 5:34 PM IST
ഇല്ലായ്മകളുടെ ഒറ്റമുറി വീട്ടില്‍ നിന്നു നൂതനാശയങ്ങളുടെ ആവിഷ്‌കാര വിജയത്തിലേക്കുള്ള ജൈത്രയാത്രയാണു സുജ എന്ന പെണ്‍കരുത്തിന്റെ ജീവിതം. കലാ, മാധ്യമ രംഗങ്ങളില്‍ സ്വന്തമാക്കിയ വളര്‍ച്ചയുടെ വഴികളിലൊതുങ്ങുന്നില്ല, ഈ വിജയയൗവനത്തിന്റെ കഥ. തന്റെ വിജയവഴികളിലൂടെ അനേകരെ കൈപിടിച്ചു സാധ്യതകളുടെ ജാലകങ്ങള്‍ തുറന്നു നല്‍കിയതും സുജയെ ശ്രദ്ധേയയാക്കുന്നു.
ഷീ മീഡിയാസ് ആന്‍ഡ് മോഡല്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനത്തിന്റെ സാരഥി എന്ന നിലയില്‍ ഏറ്റെടുത്തു വിജയത്തിലെത്തിച്ച സംരംഭങ്ങള്‍ നിരവധി. ചുരുങ്ങിയ കാലത്തിനുള്ളില്‍ സംഗീതം, തീം സോംഗുകള്‍, ആല്‍ബങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രൊജക്ടുകള്‍ സുജയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.
ഒറ്റമുറി വീട്ടില്‍ നിന്ന്
കോട്ടയം ഏറ്റുമാനൂരിലാണു സുജയുടെ സ്വദേശം. പിതാവിന്റെ കൂലിപ്പണിയില്‍ നിന്നുള്ള വരുമാനത്തില്‍ അമ്മയും രണ്ടു സഹോദരങ്ങളുമടങ്ങുന്ന കുടുംബം ജീവിച്ചു. താമസിച്ചിരുന്നതു വൈദ്യുതി കണക്ഷന്‍ പോലുമില്ലാത്ത ഒറ്റമുറി വീട്ടില്‍. കഷ്ടപ്പാടുകളുടെ ബാല്യകാലം സുജയ്ക്കു പിണിയുടെ നാളുകളും സമ്മാനിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ പഠനത്തില്‍ മുന്നോട്ടുപോകുന്നതില്‍ നിന്നു സുജയെ തളര്‍ത്തിയില്ല. കറന്റില്ലാത്ത വീട്ടിലിരുന്നു പഠിച്ച ഈ മിടുക്കിക്കു വിഎച്ച്എസ്ഇ പരീക്ഷയില്‍ ഒന്നാം റാങ്കോടെ വിജയത്തിളക്കം.
നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി കൊച്ചി അമൃത ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലിയില്‍ പ്രവേശിച്ചെങ്കിലും, സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും സ്വയം പര്യാപ്തതയിലെത്തണമെന്നുമൊക്കെയുള്ള തീക്ഷ്ണമായ ആഗ്രഹമായിരുന്നു സുജയുടെ മനസില്‍. ഇതിനായി അന്വേഷണങ്ങളും പഠനങ്ങളുമേറെ നടത്തി. വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തി.
വെല്ലുവിളികളെ അതിജീവിച്ച്
2015 ഏപ്രിലില്‍ ഷീ മീഡിയാസ് ആന്‍ഡ് മോഡല്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനത്തിനു പിറവിയായി. ഫാഷന്‍ കോ ഓര്‍ഡിനേഷന്‍, മോഡലിംഗ്, അഭിനയം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സംരംഭക ആശയമായിരുന്നു സുജ ആരംഭിച്ചത്. സ്ത്രീകളേയും, കുട്ടികളേയും കൂടുതല്‍ ആകര്‍ഷിക്കുക എന്ന വെല്ലുവിളി മുന്‍നിര്‍ത്തിയാണു തന്റെ സ്ഥാപനത്തിനു ഷീ എന്ന പേരു നല്‍കിയതെന്നു സുജ പറയുന്നു.
ആത്മവിശ്വാസമായിരുന്നു പുതിയ സംരംഭം ആരംഭിക്കുമ്പോള്‍ ആകെയുണ്ടായിരുന്ന മൂലധനം. ആദ്യ മാസങ്ങളില്‍ ചെറിയ ബുദ്ധിമുുകളും തടസങ്ങളും നേരിെങ്കിലും പിന്നീടുള്ള സ്ഥാപനത്തിന്റെ വളര്‍ച്ച വളരെ വേഗത്തില്‍ ആയിരുന്നു.

കൈയടിച്ചു ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍
2017ല്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി ഒരുക്കിയ ഫാന്‍സ് സോംഗ് ഷീ മീഡിയാസിനെ മലയാളികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കി. ശേഷം ശ്രദ്ധേയമായ നിരവധി പ്രൊജക്ടുകള്‍ സുജയെ തേടിയെത്തി. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി പ്രൊജക്റ്റുകള്‍ ഇക്കൂട്ടത്തിലുണ്ട്.
ബിനാലെ എമര്‍ജിംഗ് സോംഗ്, അണ്ടര്‍ 17 ഫുട്‌ബോള്‍ സ്വാഗത ഗാനം, ഐപിഎല്‍ തീം സോംഗ്, ഒളിംപിക് ഡേ തീം സോംഗ്, സ്വഛ് ഭാരത് അഭിയാന്‍ കവര്‍ സോംഗ്, കേരളാ പോലീസ് തീം സോംഗ്, നെഹ്‌റു ട്രോഫി വള്ളംകളി കവര്‍ സോംഗ് എന്നിവയെല്ലാം ഷീ മീഡിയാസില്‍ നിന്നു പുറത്തിറങ്ങിയ ശ്രദ്ധേയ സംരംഭങ്ങളാണ്.
അഭിനയം, സംഗീതം, ദൃശ്യമാധ്യമ മേഖലകളില്‍ പ്രതിഭകള്‍ക്ക് അവസരമൊരുക്കി നല്‍കുന്നതിലും സുജയും ഷീ മീഡിയാസും സജീവമാണ്. സംഗീത ആല്‍ബങ്ങളും അനുബന്ധ കലാ സംരംഭങ്ങളും വഴി കരിയറില്‍ പുതിയ ചുവടുവയ്പുകള്‍ക്കു പ്രചോദനമായ സുജയോടു നന്ദിയറിയിക്കാനെത്തുന്ന തുടക്കക്കാര്‍ കുറവല്ല.
അംഗീകാരങ്ങള്‍
ഷീ മീഡിയാസിലൂടെ കലാ, സംരംഭക മേഖലകളിലെ മികവിനു സുജയെ തേടി പുരസ്‌കാരങ്ങളും എത്തിയിുണ്ട്. 2017 ല്‍ ഡിക്കിന്റെയും (Dalit Indian Chamber of Commerce & Industry -DICCI) 2018ല്‍ കേരള സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെയും ബെസ്റ്റ് വുമണ്‍ എന്റപ്രണര്‍ പുരസ്‌കാരങ്ങള്‍ സുജയ്ക്കു ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസിന്റെ മികച്ച വനിതാ സംരംഭകയ്ക്കുള്ള ഡോ. ബി.ആര്‍. അംബേദ്കര്‍ ദേശീയ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം സുജയ്ക്കായിരുന്നു.
അംഗീകാരങ്ങള്‍ക്കൊപ്പം വിജയത്തിലെത്തിക്കാനായ പ്രൊജക്ടുകളും അതിലൂടെ കരിയറില്‍ പുതുപ്രതീക്ഷകള്‍ സ്വന്തമാക്കിയ അനേകരുടെ സംതൃപ്തിയും പുതിയ ഉയരങ്ങളിലേക്കു കുതിക്കാന്‍ പ്രചോദനമാണെന്നു സുജ പറയുന്നു.
സിജോ പൈനാടത്ത്