മൊഞ്ചുള്ള സൃഷ്ടികളുമായി മഞ്ജു
മൊഞ്ചുള്ള സൃഷ്ടികളുമായി മഞ്ജു
Monday, June 1, 2020 5:10 PM IST
വര്‍ണക്കൂട്ടുകളാല്‍ വിസ്മയം തീര്‍ക്കുകയാണ് തളിപ്പറമ്പ് സ്വദേശിയും മൈസൂര്‍ നിവാസിയുമായ മഞ്ജു ജോഷി. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് വെറുമൊരു ഒഴിവുസമയ വിനോദമായി ഇവര്‍ തുടങ്ങിയതാണ് ചിത്രരചനയും പെയിന്റിംഗുമെല്ലാം. എന്നാല്‍ അതില്‍ തനിക്കുള്ള സര്‍ഗവൈഭവം തിരിച്ചറിഞ്ഞ മഞ്ജു, അതിനുവേണ്ടി കൂടുതല്‍ സമയം കണ്ടെത്തി.

ഓയില്‍ പെയിന്റിംഗില്‍ പലവിധത്തിലുള്ള വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടായിരുന്നു മഞ്ജുവിന്റെ കലാജീവിതാരംഭം. പിന്നീട് വിവിധതരം പൂക്കൂടുകള്‍ നിര്‍മിച്ചു തുടങ്ങി. പൂപാത്രങ്ങള്‍ക്കും മനോഹാരിത കൂട്ടി. അവയെല്ലാം വീടിന്റെ സ്വീകരണമുറി കൂടുതല്‍ അലങ്കരിക്കാനായി ഉപയോഗിച്ചു. പിന്നീട് വ്യത്യസ്തമായ മറ്റൊരു കലാസൃഷ്ടിയിലേക്ക് ചുവടുവച്ചു.

നാണയങ്ങള്‍ ഉപയോഗിച്ച് പല രൂപത്തില്‍ ചിത്രങ്ങള്‍ മെനഞ്ഞെടുത്തു. ഇത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇതിനായി ധാരാളം നാണയങ്ങള്‍ ശേഖരിച്ചു. അവ ചുമര്‍ചിത്രങ്ങളായി ആലേഖനം ചെയ്തു. പാഴാക്കി കളയാറുള്ള ഒഴിഞ്ഞ കുപ്പികളും മഞ്ജു തന്റെ കരവിരുതുകള്‍ക്കായി ഉപയോഗിച്ചു. അവയില്‍ പലവിധ ചിത്രപ്പണികളും അസംസ്‌കൃത വസ്തുക്കളും ചേര്‍ത്ത് വച്ച് മനോഹരമാക്കി. വ്യത്യസ്തമായ രീതിയിലാണ് അവയെ ഒരുക്കിയത്. പലയിടത്തു നിന്നും മഞ്ജുവിന് അഭിനന്ദന പ്രവാഹമെത്തി. ചിത്രരചന ശാസ്ത്രീയമായി പഠിക്കാതെയാണ് മഞ്ജു ഓരോ രചനയും നടത്തുന്നത്. ഓണ്‍ലൈനായു മഞ്ജുവിന്റെ സൃഷ്ടികള്‍ ലഭിക്കും.


മൈസൂരുവിലും ബംഗളൂരുവിലും തന്റെ കലാസൃഷ്ടിക ളുടെ പ്രദര്‍ശനത്തിനു ഒരുങ്ങുകയാണ് മഞ്ജു.

മൈസൂരുവില്‍ ബിസിനസുകാരനായ ഭര്‍ത്താവ് ജോഷി, ബിബിഎയ്ക്ക് പഠിക്കുന്ന മകന്‍ ഷോണ്‍, ഒമ്പതാം ക്ലാസുകാരി ഡോണ എന്നിവരടങ്ങുന്ന കുടുംബം എല്ലാ പിന്തുണയും നല്‍കി മഞ്ജുവിനോടൊപ്പമുണ്ട്.

സൗമ്യ രാജ്