തൈരുണ്ടോ? സുന്ദരിയാകാം
തൈരുണ്ടോ? സുന്ദരിയാകാം
Friday, June 19, 2020 4:40 PM IST
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മളാരും ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. മുഖത്ത് ചെറിയൊരു കറുപ്പ് കണ്ടാല്‍ തന്നെ പലരും ആശങ്കപ്പെടും. പിന്നെ വിപണിയില്‍ കിട്ടുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ പുറകേ പായും. എന്നാല്‍ പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണമാര്‍ഗം ഒന്നു സ്വീകരിച്ചാലോ... ഇവിടെയാണ് തൈരിന്റെ പ്രസക്തി. മോയ്സ്ചുറൈസര്‍ പുരട്ടുന്നതിന്റെ അതേ ഗുണമാണ് തൈര് മുഖത്ത് പുരട്ടുന്നത് കൊണ്ട് ലഭിക്കുന്നത്.

ഓരോ ചര്‍മത്തിന്റെയും പ്രത്യേകത അറിഞ്ഞുവേണം തൈര് ഉപയോഗിക്കാന്‍. തൈര് മുഖത്ത് തേച്ചാല്‍ ചര്‍മത്തിന് ആരോഗ്യവും സൗന്ദര്യവും വര്‍ധിക്കും. ചര്‍മം ക്ലീന്‍ ആക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് മുഖം കൂടുതല്‍ തിളങ്ങാന്‍ തൈര് ഉത്തമമാണ്. അഴുക്കും വിയര്‍പ്പുംകൊണ്ട് മുഖം വരണ്ടിരുന്നാല്‍ അല്‍പം തൈര് പുരട്ടി നോക്കൂ. തൈരിലുള്ള ലാക്റ്റിക് ആസിഡ് ചര്‍മത്തിന് ഈര്‍പ്പം നല്‍കി മുഖം കൂടുതല്‍ പ്രകാശമാനമാക്കും. തൈര് ഉപയോഗിച്ച് ഫേസ്മാസ്‌ക്ക് ഇടാവുന്നതാണ്.
ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കണം. 15 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയാം. മുഖത്തുള്ള അമിത രോമവളര്‍ച്ചയും മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കാന്‍ ഈ പാക്ക് സഹായിക്കും.


മുഖം നന്നായി വൃത്തിയാക്കിയതിനുശേഷം തൈരും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയണം. ഇത് ദിവസവും ചെയ്താല്‍ ചര്‍മം മൃദുവാകുകയും മുഖത്തിന് തിളക്കം വര്‍ധിക്കുകയും ചെയ്യും.

മഞ്ഞളും തൈരും മിക്സ് ചെയ്താലും നല്ലൊരു ഫേസ് പാക്ക് ആണ്. ഇത് ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും കാല്‍ ടീസ്പൂണ്‍ മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകിക്കളയണം.

ശിവ