കവുങ്ങില്‍ കയറുന്ന റോബോട്ടിനെ നിര്‍മിച്ച മിടുക്കി റോള്‍സ് റോയിസ് കമ്പനിയിലേക്ക്
Monday, July 21, 2025 1:31 PM IST
ഡോക്ടറാകുക എന്ന ബാല്യകാലസ്വപ്നം പൊലിഞ്ഞപ്പോഴും നിരാശപ്പെടാതെ പുതിയ വഴിവെട്ടിത്തുറന്ന കെ.എസ്. ഋതുപര്‍ണയെ തേടിയെത്തിയത് സ്വപ്നതുല്യമായ നേട്ടം.
ലോകപ്രശസ്തമായ അമേരിക്കയിലെ റോള്‍സ് റോയ്സ് കമ്പനിയിലെ ജെറ്റ് എന്‍ജിനുകളുടെ നിര്‍മാണയൂണിറ്റില്‍ 72.3 ലക്ഷം രൂപ വാര്ഷികശമ്പളത്തിലാണ് ഈ ഇരുപതുകാരി പഠനം പൂര്‍ത്തിയാകും മുമ്പേ നിയമനം നേടിയിരിക്കുന്നത്.
ഇന്ത്യയിലെതന്നെ ഒരു ബിരുദവിദ്യാര്ഥിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാലറി പാക്കേജുകളില്‍ ഒന്നാണ് ഋതുപര്‍ണയെ തേടിയെത്തിയിരിക്കുന്നത്.
മംഗളൂരു സഹ്യാദ്രി എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മെന്റ് കോളജിലെ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ എന്‍ജിനിയറിംഗില്‍ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും കര്‍ണാടക തീര്‍ഥഹള്ളി സ്വദേശിനിയുമായ ഋതുപര്‍ണ റോള്‍സ് റോയ്സില്‍ ജോലി ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമാണ്.
എല്‍കെജി മുതല്‍ പിയുസി (പ്രീയൂണിവേഴ്സിറ്റി കോഴ്സ്) വരെ മംഗളൂരു സെന്റ് ആഗ്നസ് കോളജിലായിരുന്നു പഠനം. ചെറുപ്പംതൊട്ടേയുള്ള ആഗ്രഹം ഡോക്ടറാകുകയായിരുന്നു.
നീറ്റ് പരീക്ഷയെഴുതിയെങ്കിലും മെറിറ്റ് സീറ്റ് ലഭിക്കാനുള്ള സ്കോര്‍ ഉണ്ടായിരുന്നില്ല.പിന്നീട് സിവില്‍ സര്‍വീസ് പരീക്ഷയിലും ഒരു കൈനോക്കിയെങ്കിലും അവിടെ വിജയിക്കാനായില്ല.
ഒടുവില്‍ മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം എന്‍ജിനിയറിംഗിനു ചേരാന്‍ തീരുമാനിച്ചു. സിഇടി കൗണ്‍സലിംഗില്‍ മെറിറ്റ് സീറ്റില്‍ സഹ്യാദ്രി കോളജില്‍ അഡ്മിഷന് ലഭിച്ചു.
എന്‍ജിനിയറിംഗ് ഡിഗ്രി ഒരു സര്‍ക്കാര്‍ ജോലി നേടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയായിരുന്നു പഠനത്തിനയയ്ക്കുമ്പോള് മാതാപിതാക്കള്ക്കെങ്കില് ഋതുപര്‍ണയുടെ സ്വപ്നങ്ങള്‍ അതിനും ഒരുപാട് മുകളിലായിരുന്നു.
റോബോട്ടിക്സിനെ ലാബുകളില്‍ മാത്രം ഒതുക്കാതെ മനുഷ്യന്റെ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്നതിനായി നിരവധി പ്രോജക്ടുകളില്‍ പങ്കാളിയായി.
ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ ഇന്നവേഷന്‍ ആന്‍ഡ് ഇന്വെന്ഷന് എക്സ്പോയില്‍ കവുങ്ങില്‍ കയറി അടയ്ക്ക പറിക്കാനും മരുന്നു തളിക്കാനും കഴിയുന്ന റോബോര്‍ട്ടിനെ നിര്‍മിച്ചു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഈ എക്സ്പോയില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ കരസ്ഥമാക്കി. എന്‍ഐടി സൂറത്കല്‍ ഗവേഷണസംഘത്തോടൊപ്പം റോബോട്ടിക് ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം പങ്കാളിയായി.
ഖരമലിന്യസംസ്കരണത്തിനു സഹായിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ ഋതുപര്‍ണയുടെ കരിയറിനെ തന്നെ മാറ്റിമറിച്ചു.
അന്താരാഷ്ട്രതലത്തില്‍ പരിചയം നേടാനുള്ള അതിയായ ആഗ്രഹത്താല്‍ ഇന്റേണ്‍ഷിപ്പ് തേടി റോള്‍സ് റോയ്സിനെ സമീപിച്ചു. പക്ഷേ പ്രതികരണം നിരാശപ്പെടുത്തുന്നതായിരുന്നു.
ഞങ്ങളുടെ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ക്ക് എന്തു യോഗ്യതയാണുള്ളതെന്ന് ചോദിച്ച കമ്പനി ഒരു മാസം സമയം തന്നാല്‍ പോലും തങ്ങള്‍ ഏല്‍പ്പിച്ച ജോലികളില്‍ ഒന്നു പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും മുഖത്തടിച്ചതുപോലെ പറഞ്ഞു.
എന്നാല്‍, തോറ്റുകൊടുക്കാന്‍ മനസില്ലാത്ത ഋതുപര്‍ണ തന്റെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം ചോദിച്ചു. കമ്പനി സമ്മതിക്കുകയും ഒരു മാസത്തെ സമയപരിധിയുള്ള ജോലി നല്‍കുകയും ചെയ്തു. നിരന്തരമായ ഗവേഷണത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും വെറും ഒരാഴ്ചയ്ക്കുള്ളില്‍ അതു പൂര്‍ത്തിയാക്കി.
അവളുടെ വേഗത്തിലും കൃത്യതയിലും അമ്പരന്ന റോള്‍സ് റോയ്സ് അവള്‍ക്ക് കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള എട്ടു മാസക്കാലം സങ്കീര്‍ണമായ അസൈന്മെന്റുകളും കഠിനമായ അഭിമുഖങ്ങളുടെയും ഒരു പരമ്പരയെയാണ് ഈ പെൺകുട്ടി നേരിടേണ്ടിവന്നത്.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് റോള്‍സ് റോയ്സില്നിന്നും പ്രീ-പ്ലേസ്മെന്റ് ലഭിക്കുന്നത്. 39.6 ലക്ഷം രൂപയാണ് ആദ്യം വാര്‍ഷികശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോലി ലഭിച്ചിട്ടും വിശ്രമിക്കാന്‍ ഋതുപര്‍ണ തയാറായിരുന്നില്ല.
പകല്‍സമയം കോളജ് പഠനത്തിനായി മാറ്റിവച്ചപ്പോള്‍ രാത്രി റോള്‍സ് റോയ്സിന്റെ ജോലികള്‍ ചെയ്തു. ഋതുപര്‍ണയുടെ മികവ് ശരിക്കും ബോധ്യപ്പെട്ട കമ്പനി അധികൃതര്‍ ശമ്പളം 72.3 ലക്ഷമായി ഉയര്‍ത്തി.
ഏഴാം സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാനായി ടെക്സസിലേക്കു പറക്കും.