ഏഴ് എയര്‍ബാഗിന്‍റെ സുരക്ഷയോടെ യാരിസ്
ഇന്ത്യയിൽ ടൊയോട്ടയ്ക്ക് ഹാച്ച്ബാക്ക്, എൻട്രി ലെവൽ സെഡാൻ, പ്രീമിയം സെഡാൻ, എസ്യുവി, എംയുവി എന്നീ വിഭാഗങ്ങളിൽ പെടുന്ന വാഹനങ്ങളുണ്ട്. ആകെയുണ്ടായിരുന്ന കുറവ് ഒരു സി സെഗ്മെന്‍റ് സെഡാനായിരുന്നു. അതു ഇപ്പോൾ ജപ്പാൻ കന്പനി പരിഹരിച്ചു. തായ് ലൻഡ് വിപണിയിലെ വിയോസിനെയാണ് യാരിസ് എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കനത്ത മത്സരം നടക്കുന്ന സി സെഗ്മെന്‍റ് സെഡാൻ വിപണിയിൽ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെർന എന്നിവയോട് മത്സരിച്ച് കളം പിടിക്കാനാണ് യാരിസിന്‍റെ നിയോഗം. ശക്തരായ എതിരാളികളോട് മത്സരിക്കാൻ മികച്ച സുരക്ഷയും പുതിയ ഫീച്ചറുകളുമായാണ് യാരിസിനെ ടൊയോട്ട കിർലോസ്കർ മോട്ടോർ ഒരുക്കിയിരിക്കുന്നത്.

രൂപകൽപ്പന

ഒറ്റ നോട്ടത്തിൽ ഒരു കുട്ടി കൊറോളയെന്നു തോന്നിക്കും യാരിസ്. നല്ല പ്രീമിയം ലുക്കുണ്ട്. ഇടത്തരക്കാരിലെ മേൽത്തട്ടിനെ ലക്ഷ്യം വയ്ക്കുന്ന യാരിസിന്‍റെ അടിസ്ഥാന വകഭേദത്തിനും പ്രൊജക്ടർ ഹെഡ് ലാന്പുണ്ട്, കീ ലെസ് എൻട്രിയും. എന്നാൽ എൽഇഡി ഡേ ടൈം റണ്ണിംഗ് ലാന്പ് മുന്തിയ വകഭേദമായ വിഎക്സിനു മാത്രമേയുള്ളൂ. അടിസ്ഥാന വകഭേദം ഒഴികെയുള്ള വേരിയന്‍റുകൾക്ക് ഇത് നൽകേണ്ടിയിരുന്നു. മാരുതി സിയാസിനൊപ്പം വീതിയുണ്ട് യാരിസിന്,1730 മില്ലമീറ്റർ. എന്നാൽ നീളവും ഉയരവും സിറ്റി, വെർന , സിയാസ് മോഡലുകളെക്കാൾ കുറവാണ്.
ടൊയോട്ടയുടെ വാട്ടർ ഫാൾ ഡിസൈനിലുള്ള ഡാഷ്ബോർഡ് ലളിതവും മനോഹരവുമാണ്. ജി എന്ന വകഭേദം മുതലുള്ളവയ്ക്ക് ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെ യ്ൻമെന്‍റ് സിസ്റ്റമുണ്ട്. വൈഫൈ, മിറർ ലിങ്ക്, നാവിഗേഷൻ എന്നീ ഫീച്ചറുകൾ ഇതിനുണ്ട്. മറ്റു സി സെഗ്മെന്‍റ് സെഡാനുകളിൽ നിന്നു വ്യത്യസ്തമായി റൂഫിൽ ഉറപ്പിച്ച റിയർ എസി വെന്‍റ് യാരിസിനുണ്ട്. വെന്‍റിനോടൊപ്പം നീല പ്രകാശം പരത്തുന്ന ആംബിയന്‍റ് ലൈറ്റിംഗും നൽകിയിരിക്കുന്നു.
ഡ്രൈവർ ആം റെസ്റ്റിന്‍റെ പിൻഭാഗം പിന്നിലെ ലഗ്റൂം അപഹരിക്കുന്നുണ്ട്. പിന്നിലെ സീറ്റിൽ നടുക്ക് ഒരാൾക്ക് ഇരിക്കുന്നതിന് ഇത് തടസമാകും. രണ്ട് പേർക്കിരിക്കാനാണ് പിൻ സീറ്റ് യോജിക്കുക. പിന്നിലെ ആം റെസ്റ്റിൽ രണ്ട് കപ്പ് ഹോൾഡറുകളും രണ്ട് 12 വോൾട്ട് ചാർജിംഗ് പോയിന്‍റുകളും നൽകിയിട്ടുണ്ട്.

മുന്തിയ സുരക്ഷയാണ് യാരിസിന്‍റെ സവിശേഷതയായി ടൊയോട്ട എടുത്തുകാട്ടുന്നത്. യാരിസിന്‍റെ അടിസ്ഥാനവകഭേദത്തിനു പോലും ഏഴ് എയർബാഗുകളുണ്ട്. എതിരാളികളുടെ അടിസ്ഥാന വകഭേദത്തിനു രണ്ട് എയർബാഗുകളേയുള്ളൂ എന്നോർക്കണം. എബിഎസ് , ഇബിഡി, ചൈൽഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനം എന്നിവയുള്ള യാരിസ് അസിയാൻ എൻക്യാപിന്‍റെ ക്രാഷ് ടെസ്റ്റിൽ ഏറ്റവും വലിയ സ്കോറായ ഫൈവ് സ്റ്റാർ റേറ്റിംഗും നേടിയിട്ടുണ്ട്.
യാരിസിന്‍റെ സുരക്ഷ ഫീച്ചറുകൾ ഇനിയും പറയാനുണ്ട്. മുൻ ഭാഗത്ത് പാർക്കിംഗ് സെൻസറുണ്ടെന്നതാണ് അതിലൊന്ന്. പാർക്ക് ചെയ്യുന്പോഴും ഹെവി ട്രാഫിക്കിലൂടെ പോകുന്പോഴും വാഹനത്തിന്‍റെ മുൻഭാഗം തട്ടാൻ സാധ്യതയുണ്ടെങ്കിൽ സെൻസർ മുന്നറിയിപ്പു നൽകും. ബേസ് വേരിയന്‍റിനു തൊട്ടുമുകളിലുള്ള ജി യ്ക്ക് പോലും ഇതുണ്ട്. ഈ വിഭാഗത്തിലെ മറ്റു സെഡാനുകൾക്ക് പിൻഭാഗത്ത് മാതരമേ സെൻസർ നൽകിയിട്ടുള്ളൂ. വി , വിഎക്സ് എന്നീ മുന്തിയ വകഭേദങ്ങളുടെ നാല് ചക്രത്തിനു ഡിസ്ക് ബ്രേക്ക് ഉപയോഗിക്കുന്നു. ഇത് ബ്രേക്കിംഗിന്‍റെ കാര്യക്ഷമത കൂട്ടും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കണ്‍ട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം എന്നിവയും മുന്തിയ വകഭേദത്തിനുണ്ട്.

ഇലക്ട്രിക് ഡ്രൈവർ സീറ്റ്, റൂഫിൽ ഉറപ്പിച്ച എസി വെന്‍റ്, ആംഗ്യം കൊണ്ട് നിയന്ത്രിക്കാവുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം എന്നിവ യാരിസിന്‍റെ സവിശേഷ തകളിൽപ്പെടുന്നു.

എൻജിൻ ഡ്രൈവ്

സി സെഗ്മെന്‍റ് സെഡാനുകളുടെ വിൽപ്പനയിൽ 80 ശതമാനവും പെട്രോൾ വകഭേദം ആണെന്നുള്ള കണക്കുകൂട്ടലിൽ പെട്രോൾ എൻജിൻ വകഭേദം മാത്രമേ യാരിസിനു ടൊയോട്ട നൽകിയിട്ടുള്ളു. 1.5 ലിറ്റർ , നാല് സിലിണ്ടർ പെട്രോൾ എൻജിന് 106 ബിഎച്ച്പി 140 എൻഎം ആണ് ശേഷി. ആറ് സ്പീഡ് മാന്വൽ, ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗീയർബോക്സ് ഓപ്ഷനുകളുണ്ട്. കന്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് മാന്വൽ ലിറ്റിന് 17 .10 കിലോ മീറ്റർ. ഓട്ടോമാറ്റിക് ലിറ്ററിന് 17 .80 കിലോ മീറ്റർ.

രണ്ട് ഗീയർബോക്സ് വകഭേദങ്ങളും ടെസ്റ്റ്ഡ്രൈവ് ചെയ്തു. ട്രാഫിക് കുരുക്ക് നിറയെയുള്ള നമ്മുടെ റോഡുകളിൽ ഓട്ടോമാറ്റിക് തന്നെയാണ് കൂടുതൽ അനുയോജ്യം. ഏറെ നിശബ്ദമാണ് പാസഞ്ചർ ക്യാബിൻ . എൻജിൻ പ്രവർത്തിക്കുന്നുണ്ടെന്ന് പോലും അറിയില്ല. മോശം റോഡുകളെയും നേരിടാൻ പര്യാപ്തമാണ് സ്റ്റെബിലൈസർ ബാറോടുകൂടിയ സസ്പെൻഷൻ സംവിധാനം.

അവസാനവാക്ക്

എതിരാളികൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സുരക്ഷ എന്ന തുറുപ്പ് ചീട്ടാണ് ടൊയോട്ട ഇറക്കിയത്. യാരിസിന് അത് ഗുണം ചെയ്തുവെന്ന് ലഭിച്ച ബുക്കിംഗുകൾ തെളിയിക്കുന്നു. കഴിഞ്ഞ മാസം വിപണിയിലെത്തിയ യാരിസിന് ഇതിനോടകം 7200 ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു. ഡൽഹിയിൽ നിന്നും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് യാരിസിന് ഏറെ ബുക്കിംഗ് ലഭിക്കുന്നത്. നിലവിൽ രണ്ട് മാസമെടുക്കും ബുക്ക് ചെയ്ത് കാർ കയ്യിൽ കിട്ടാൻ. ഓട്ടോമാറ്റിക് വകഭേദത്തിനാണ് ആവശ്യക്കാർ ഏറെയും. മികച്ച സുരക്ഷ, ബ്രാൻഡ് വാല്യു, ഉയർന്ന റീസെയിൽ മൂല്യം , കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയെല്ലാം നോക്കുന്നവർക്ക് സ്വന്തമാക്കാവുന്ന നല്ലൊരു മിഡ്സൈസ് സെഡാൻ തന്നെയാണ് യാരിസ്.

കൊച്ചിയിലെ എക്സ്ഷോറൂം വില

മാനുവൽ
ജെ 8.75 ലക്ഷം രൂപ
ജി 10.56 ലക്ഷം രൂപ
വി 11.70 ലക്ഷം രൂപ
ഓട്ടോമാറ്റിക്
ജെ 9.95 ലക്ഷം രൂപ
ജി 11.76 ലക്ഷം രൂപ
വി 12.90 ലക്ഷം രൂപ
വിഎക്സ് 14.07 ലക്ഷം രൂപ

ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട്:
നിപ്പോണ്‍ ടൊയോട്ട,
നാട്ടകം, കോട്ടയം. ഫോണ്‍ :98470 86007

ഐപ്പ് കുര്യൻ