ലെക്സസ് ഇന്ത്യ ഇഎസ് 300എച്ചിന്റെ ഏഴാം തലമുറ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ആഗോള ആർക്കിടെക്ച്ചർ ജിഎ-കെ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഎസ് 300എച്ചിന് കരുത്തു പകരുന്നത് 2.5 ലിറ്റർ നാലു സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. നാലാം തലമുറ ലെക്സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റം ഇതിനോടു സംയോജിപ്പിച്ചിരിക്കുന്നു. എക്സ്-ഷോറൂം വില 59,13,000 രൂപയാണ്.
പുതിയ ഹൈബ്രിഡ് ഇലക്ട്രിക് സെഡാനുള്ള താൽപര്യം മുൻ നിർത്തിയാണ് ഇഎസ് 300എച്ച് ഇന്ത്യയിലെത്തുന്നത്. ലെക്സസിന്റെ സിഗ്നേച്ചർ സ്റ്റൈലിൽ ഫുൾ ടാങ്ക് ഇന്ധനത്തോടെയുള്ള ഓരോ കാറിന്റെയും ഡെലിവറി അടുത്ത മൂന്നു മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് ലെക്സസ് ഇന്ത്യ ചെയർമാൻ എൻ.രാജ പറഞ്ഞു.
ദീർഘവും പതിഞ്ഞതുമായ നിലയിൽ വേറിട്ട ഡിസൈൻ ഘടകങ്ങളോടു കൂടിയതാണ് ബ്രാൻഡിന്റെ പുതിയ സ്പിൻഡിൽ ഗ്രിൽ. എൽസി കൂപ്പെ, എൽഎസ് ഫ്ളാഗ്ഷിപ്പ് എന്നിവയിൽ നിന്നും പ്രചോദനം കൊണ്ടതാണ് രൂപകൽപ്പന. അതിൽ വെർട്ടിക്കൽ ഗ്രിൽ പാറ്റേണ്‍ പോലുള്ള ഇഎസിന്റെ നൂതനമായ സൂത്രങ്ങൾ കൂട്ടിചേർത്തിരിക്കുന്നു. ബംപറിന്റെ ഓരോ മൂലയിലും ഈ തീമുകൾ ആവർത്തിക്കുന്നുണ്ട്. വീതിയേറിയ ലുക്ക് കരുത്തും സ്ഥിരതയും വിളിച്ചോതുന്നു. സ്ലിം എൽഇഡി ഹെഡ്ലാന്പുകൾ, എൽ ഷെയ്പിലുള്ള മാർക്കർ ലൈറ്റുകൾ, കുത്തനെ ഉയർന്നു നിൽക്കുന്ന ടെയിൽ ലാന്പുകൾ, ആകർഷണീയമായ രൂപം, ജിഎ-കെ പ്ലാറ്റ്ഫോമിൽ സാധ്യമായ സജീവമായ ഒഴുക്കൻ ഷെയ്പ്പ്, തടസങ്ങളില്ലാത്ത ഷോൾഡർ ലൈൻ, കുത്തനെ ചെരിഞ്ഞ സി-പില്ലർ തുടങ്ങിയ ഭാവങ്ങളുമുണ്ട്.
ഇഎസിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇളം തവിട്ടു നിറമുൾപ്പെടെ ഒന്‍പതു നിറങ്ങളിൽ ലഭ്യമാണ്. പുതിയ റിച്ച് ക്രീം ഉൾപ്പടെ ഇന്റീരിയർ നാലു നിറങ്ങളിലുണ്ട്. ഡീപ് ബ്രൗണ്‍ ഡാഷ്, റൂഫ് ട്രിം എന്നിവയും വാഗ്ദാനം ചെയ്യുന്നു.
യൂറോ 6 മാനദണ്ഡങ്ങളിലുള്ള പുതിയ ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണ് ഇഎസ് 300എച്ചിന് കരുത്ത് പകരുന്നത്. ലിറ്ററിന് 22.37 കിലോമീറ്റർ മൈലേജ് ലഭിക്കും.
കണ്‍സോൾ മൗണ്ടഡ് ക്ലൈമറ്റ്, ഓഡിയോ കണ്ട്രോൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന സെമി-അനിലൈൻ സീറ്റുകൾ, നീളമേറിയ വീൽബേസ് തുടങ്ങിയവ സുഖ-സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. ശുദ്ധവും ശാന്തവുമായ ഇൻ-കാബിൻ സ്പേസിൽ മാർക്ക് ലെവിൻസന്റെ 17 സ്പീക്കറുകളിൽ നിന്നുള്ള ഓഡിയോ സൗകര്യമുണ്ട്. എറ്റവും മികച്ച 10 എയർബാഗുകളാണ് ഇഎസ് 300എച്ചിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കണ്ട്രോൾ, ആന്റി തെഫ്റ്റ് സിസ്റ്റം തുടങ്ങിയവയുമുണ്ട്.