അൾട്യുറാസ് ജി4
അൾട്യുറാസ്  ജി4
Tuesday, January 22, 2019 2:28 PM IST
ടൊയോട്ട ഫോർച്യൂണർ , ഫോഡ് എൻഡേവർ , ഇസൂസു എംയുഎക്സ് എന്നിവ ഉൾപ്പെടുന്ന പ്രീമിയം എസ്് യുവി വിഭാഗത്തിൽ ഒരു മഹീന്ദ്ര മോഡൽ. അതാണ് അൾട്യുറാസ് ജി ഫോർ. ഒരു ഇന്ത്യൻ വാഹനനിർമാതാവ് പുറത്തിറക്കിയ ഏറ്റവും വിലയേറിയ എസ് യുവി എന്ന പ്രത്യേകതയും അൾട്യുറാസിനുണ്ട്.ഏഴ് വർഷം മുന്പ് മഹീന്ദ്ര എക്സ് യുവി 500 എന്ന മോഡലിനെ അവതരിപ്പിച്ചുകൊണ്ടാണ് 10 ലക്ഷത്തിലേറെ രൂപ വിലയുള്ള എസ്് യുവികളുടെ വിപണിയിലേയ്ക്ക മഹീന്ദ്ര പ്രവേശിച്ചത്. അതുവരെ മഹീന്ദ്രയുടെ വിലയേറിയ എസ് യുവിയായിരുന്നത് ഒന്പത് ലക്ഷം രൂപ വിലയുള്ള സ്കോർപ്പിയോ ആയിരുന്നു. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിപണിയിലെത്തിയ എക്സ് യുവി 500 യ്ക്ക് വിപണിയിൽ മികച്ച സ്വീകരണം നേടാനായി. ഈ വിജയം നൽകിയ ആത്മവിശ്വാസമാണ് എക്സ്് യുവി 500 യുടെ ഇരട്ടിവിലയുള്ള പ്രീമിയം എസ്് യുവിയെ പുറത്തിറക്കാൻ മഹീന്ദ്രയ്ക്ക് പ്രേരണയായത്.

രണ്ടാം തലമുറ റക്സ്റ്റണ്‍

വാസ്തവത്തിൽ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണകൊറിയൻ കന്പനി സങ്യോങ്ങിന്‍റെ റെക്സ്റ്റണ്‍ എസ്് യുവിയുടെ രണ്ടാം തലമുറയാണ് അൾട്യുറാസ് ജി 4 എന്ന പേരിൽ എത്തിയിരിയ്ക്കുന്നത്. സങ്യോങ്ങ് ബ്രാൻഡിനെക്കാൾ ഉപഭോക്താക്കൾ മഹീന്ദ്ര ബ്രാൻഡ് നെയിമിൽ വിശ്വാസം അർപ്പിക്കുന്നു എന്ന തിരിച്ചറിവിലാണ് പുതിയ റെക്സറ്റണിനെ കന്പനി സ്വന്തം കുടുംബത്തിലെ അംഗമായി അവതരിപ്പിക്കുന്നത്.

മഹീന്ദ്രയുടെ മോഡലെന്നു ആദ്യ കാഴ്ചയ്ക്ക് വെളിവാക്കുന്ന ഗ്രില്ലാണ് അൾട്യൂറാസിന്. റോഡ് പ്രസൻസ് മികച്ചതാണ്.

പഴയ റക്സ്റ്റനെക്കാൾ വലുപ്പക്കൂടുതലുണ്ട് ലാഡർ ഫ്രെയിം ഷാസിയുള്ള പുതിയ മോഡലിന്.നീളം 4.85 മീറ്ററുള്ള എസ്് യുവിയ്ക്ക് 244 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്. പ്രീമിയം എസ്് യുവികളിൽ വച്ചേറ്റവും കൂടുതൽ വീൽബേസും ഉയരവും വീതിയും അൾട്യുറാസിനു തന്നെ. ഡ്യുവൽ ചേന്പർ എച്ച്ഐഡി പ്രൊജക്ടർ ഹെഡ് ലാംപുകൾ, ടേണ്‍ ഇൻഡിക്കേറ്ററുകൾ ഉൾക്കൊള്ളിച്ച ഡേ ടൈം റണ്ണിങ് ലാംപുകൾ,18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഏഴ് സീറ്റർ മഹീന്ദ്ര എസ്് യുവിയ്ക്കുണ്ട്.

മികച്ച സുരക്ഷയും മേന്മയുള്ള ഇന്‍റീരിയറും

എതിരാളികളുടേതിനെക്കാൾ മേന്മയുള്ള ഇന്‍റീരിയറാണ് അൾട്യുറാസിന്‍റേത്. ഡ്രൈവർഡോർ തുറന്നാലുടൻ സീറ്റ് താനെ പിന്നിലേയ്ക്ക് നീങ്ങി വാഹനത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കും. ഡോർ അടയ്ക്കുന്നതോടെ സീറ്റിന്‍റെ സ്ഥാനം പൂർവസ്ഥിതിയിലാകും. മെഴ്സിഡസ് എസ് ക്ലാസിൽ കാണുന്നതരം സൗകര്യമാണിത്. ഡാഷ് ബോർഡിന് ആഡംബരകാറുകളുടേതിനൊപ്പം നിൽക്കുന്ന ഫിനിഷുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള എട്ടിഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിൽ പാർക്കിങ്ങിനു സഹായിക്കുന്ന 360 ഡിഗ്രി ക്യാമറ ദൃശ്യങ്ങളും കാണാം.നാപ്പ ലെതർ കൊണ്ടു പൊതിഞ്ഞവയാണ് സീറ്റുകൾ . മുന്നിലെ സീറ്റുകൾക്ക് വെന്‍റിലേഷൻ നൽകിയിട്ടുണ്ട്. ഡ്രൈവർ സീറ്റിന് മെമ്മറി ഫങ്ഷനും നൽകിയിരിക്കുന്നു. എട്ട് തരത്തിൽ ഇലക്ട്രിക്കലായി ഈ സീറ്റ് ക്രമീകരിക്കാം. സ്റ്റിയറിങ് വീലിന്‍റെ ചെരിവും ഉയരവും ക്രമീകരിക്കാൻ സൗകര്യമുണ്ട്. ഏറ്റവും അനുയോജ്യമായ ഡ്രൈവിങ് പൊസിഷൻ സജ്ജമാക്കാൻ ഇവ സഹായിക്കുന്നു. രണ്ട് മേഖലകളിലായി താപനില ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോൾ എസിയും യാത്രയ്ക്ക് സുഖം നൽകും.


ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് മൂലം പിൻസീറ്റിലേയ്ക്ക് കയറാൻ അൽപ്പം ആയാസം തോന്നാം. മൂന്ന് പേർക്ക് ഇരിക്കാവുന്ന ബെഞ്ച് സീറ്റാണ് രണ്ടാം നിരയിൽ . ബാക്ക് റെസ്റ്റ് ചെരിക്കാവുന്ന സീറ്റിൽ ആറടി ഉയരമുള്ളവർക്കും ആവശ്യം പോലെ ലെഗ് റൂം ലഭിക്കും.മിക്ക ഏഴ് സീറ്റർ വാഹനങ്ങളുടെയും പോലെ മൂന്നാം നിര സീറ്റ് കുട്ടികൾക്ക് ഇരിക്കാനാണ് അനുയോജ്യം.
സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും അൾട്യുറാസ് മുന്നിട്ടു നിൽക്കുന്നു. ഒന്പത് എയർബാഗുകൾ,എബിഎസ് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആന്‍റി റോൾ ഓവർ പ്രൊട്ടക്ഷൻ , ഹിൽ ഡിസന്‍റ് കണ്‍ട്രോൾ , ബ്രേക്ക് അസിസ്റ്റ്, എമർജൻസി സ്റ്റോപ് സിഗ്നൽ എന്നിവ യാത്രയ്ക്ക് സുരക്ഷയേകും.

എൻജിൻ വിശേഷം

സങ്യോങ്ങ് പുതിയതായി വികസിപ്പിച്ച 2.2 ലിറ്റർ , ഡീസൽ എൻജിനാണ് അൾട്യുറാസ് ജി4 ന്‍റെ ബോണറ്റിനടിയിലുള്ളത്. ഇത് 4,000 ആർപിഎമ്മിൽ 178 ബിഎച്ച്പി കരുത്ത് പ്രദാനം ചെയ്യും. പരമാവധി ടോർക്ക് 1,6002,600 ആർപിഎമ്മിൽ 420 എൻഎം ആണ് . മെഴ്സിഡസ് ബെൻസിൽ നിന്നുള്ള ഏഴ് സ്പീഡ് ജിട്രോണിക് ഓട്ടോമാറ്റിക് ഗീയർബോക്സിലൂടെയാണ് എൻജിൻ കരുത്ത് വീലുകളിലെത്തിക്കുന്നത്. ടൂവീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് വകഭേദങ്ങൾ എസ്യുവിയ്ക്കുണ്ട്. ടൂവീൽ ഡ്രൈവ് മോഡിൽ പിൻചക്രങ്ങളിലാണ് എൻജിൻ കരുത്ത്. ഗീയർലിവറിനു പിന്നിലുള്ള ക്രോം നോബ് തിരിച്ച് ഫോർ വീൽ ഡ്രൈവ് മോഡ് തിരഞ്ഞെടുക്കാം. ലിറ്ററിന് 14 കിലോമീറ്റർ ശരാശരി മൈലേജ് പ്രതീക്ഷിക്കാം.

വില

എതിരാളികളായ ഫോഡ് എൻഡേവർ, ടൊയോട്ട ഫോർച്യൂണർ എന്നിവയുമായി താരതമ്യം ചെയ്യുന്പോൾ ആകർഷകമാണ് അൾട്യുറാസ് ജി4 ന്‍റെ വില. ഫോഡ് എൻഡേവറിന് 32.81 ലക്ഷം രൂപയും ഫോർച്യൂണറിന് 32.97 ലക്ഷം രൂപയുമാണ് വില. ആ സ്ഥാനത്ത് മഹീന്ദ്ര എസ്് യുവിയുടെ വില 30 ലക്ഷം രൂപയിൽ താഴെ നിൽക്കുന്നു. ഈ വിലയ്ക്ക് മികച്ച സൗകര്യങ്ങളും കൂടി നൽകുന്നതിനാൽ അൾട്യുറാസ് ജി4 ന് കൂടുതൽ ഉപഭോക്താക്കളെ നേടാനാവുമെന്ന് പ്രതീക്ഷിക്കാം.

പ്രത്യേക ഡീലർഷിപ്പ്

മുച്ചക്രവാഹനങ്ങൾ മുതൽ എസ്് യുവികൾ വരെ ഒരേ ഡീലർഷിപ്പിൽ വിൽക്കുന്ന പതിവ് രീതി അൾട്യുറാസ് ജി ഫോറിന്‍റെ കാര്യത്തിൽ മഹീന്ദ്ര പിന്തുടരുന്നില്ല. വേൾഡ് ഓഫ് എസ്് യുവീസ് എന്നു പേരിട്ടിരിക്കുന്ന പ്രത്യേക ഡീലർഷിപ്പിലൂടെയാണ് പ്രീമിയം എസ്് യുവി വിൽപ്പനയ്ക്കെത്തുന്നത്. മഹീന്ദ്ര അധികം വൈകാതെ പുറത്തിറക്കുന്ന കോംപാക്ട് എസ് യുവിയുടെ വിൽപ്പനയും ഈ ഡീലർഷിപ്പുകളിലൂടെയായിരിക്കും. പ്രീമിയം എസ്് യുവി വിപണിയിൽ 10 ശതമാനം ഓഹരിയാണ് അൾട്യൂറാസിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്. പ്രതിമാസം 400450 യൂണിറ്റ് വിൽപ്പന കന്പനി പ്രതീക്ഷിക്കുന്നു.

കൊച്ചിയിലെ
എക്സഷോറൂം വില
രണ്ട് വീൽ ഡ്രൈവ് 26.95 ലക്ഷം രൂപ
നാല് വീൽ ഡ്രൈവ് 29.95 ലക്ഷം രൂപ

ഐപ്പ് കുര്യൻ