കുഞ്ഞുവാശിയെ പിടിച്ചുകെട്ടാം
കുഞ്ഞുങ്ങളുടെ വാശി അമ്മമാരെ പലപ്പോഴും കുഴപ്പത്തിലാക്കും. അവര്‍ ഉദ്ദേശിച്ച കാര്യം സാധിച്ചെടുക്കുന്നതുവരെ കരഞ്ഞും നിലത്തുകിടന്ന് ഉരുണ്ടുമൊക്കെ കുഞ്ഞുങ്ങള്‍ വാശി കാണിക്കും. കുഞ്ഞു വാശിയെ പിടിച്ചുകെട്ടാന്‍ ചില തന്ത്രങ്ങളിതാ...

ചില കുട്ടികള്‍ പ്രകൃത്യാ കുറച്ചു വാശിക്കാരായിരിക്കും. അവരോടു തര്‍ക്കിച്ചിട്ടോ വഴക്കുണ്ടാക്കിയിട്ടോ കാര്യമില്ല. നയപരമായി ഇടപെടണം. നിങ്ങള്‍ സ്‌നേഹത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്താല്‍ ഇതിനു പരിഹാരം കാണാം. കുട്ടി പറയുന്നതും ശ്രദ്ധയോടെ കേള്‍ക്കണം. വളരെ തന്ത്രപരമായ ഇടപെടലിലൂടെ ഇക്കൂട്ടരെ മെരുക്കിയെടുക്കാം. കുട്ടിയോട് നിന്റെ ഈ പെരുമാറ്റം ശരിയല്ല, ഇത് സമൂഹത്തിന് അംഗീകരിക്കാനാവില്ല എന്നു പറയണം.

കുട്ടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. കുട്ടിയുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണം. അടുത്ത വീട്ടിലെ കുട്ടികള്‍ക്കുള്ളതൊക്കെ തനിക്കും വേണമെന്ന് കുട്ടി വാശിപിടിച്ചാല്‍, ഒരു കാരണവശാലും സാധിച്ചുകൊടുക്കരുത്. മൊബൈല്‍ഫോണ്‍, ടാബ്‌ലറ്റ്, ഐപാഡ് എന്നിവ കൊടുക്കരുത്. നിങ്ങള്‍ അല്‍പം വ്യത്യസ്തരായ മാതാപിതാക്കളാകുന്നതില്‍ അഭിമാനിക്കുക. കുട്ടിക്ക് നല്ല പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കണം.

കുട്ടിയോട് എന്തിനാണു വാശിപിടിക്കുന്നതെന്നു വ്യക്തമാക്കാന്‍ പറയുക. അവര്‍ പറയുന്നത് നന്നായി ശ്രദ്ധിച്ചു കേള്‍ക്കണം. നിങ്ങളുടെ സ്‌നേഹവും സാമീപ്യവും കൊടുക്കണം. കുട്ടിക്ക് അവന്‍ ചോദിക്കാത്ത മറ്റു ചില കാര്യങ്ങള്‍ കൊടുക്കാം. അവന്റെ ദൈനംദിന ജീവിതത്തിനുതകുന്ന കാര്യങ്ങള്‍ മാത്രമേ ചോദിക്കാവൂ എന്നു പറഞ്ഞുമനസിലാക്കണം. കുട്ടി വാശിപിടിച്ച് ഉരുളുകയോ മുകളില്‍നിന്ന് ചാടുമെന്നു ഭീഷണിപ്പെടുത്തുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാം. നിങ്ങള്‍ ഇതിലൊന്നും കുലുങ്ങരുത്. മാതാപിതാക്കള്‍ ശാന്തരായി നിലനില്‍ക്കണം. കുട്ടി നിങ്ങളെ ഉപദ്രവിക്കുകയോ സാധനങ്ങള്‍ എടുത്തെറിയുകയോ ചെയ്താല്‍ അവനെ/അവളെ അടിക്കുന്നതില്‍ തെറ്റില്ല. വടികൊണ്ടു മാത്രമേ അടിക്കാവൂ. വീട്ടിലൊരു വടി നിര്‍ബന്ധമായും വയ്ക്കുക. ഇതു നിന്നെ തല്ലിപ്പൊട്ടിക്കാനല്ല എന്നു കുട്ടിയെ ബോധ്യപ്പെടുത്തണം. ഒരടിയേ അടിക്കാവൂ. എന്നാല്‍ അതു നോവുന്ന വിധത്തിലായിരിക്കണം. കൈവെള്ളയിലോ കാലിന്റെ തുടയിലോ മാത്രമേ അടിക്കാവൂ. കുട്ടി നല്ലതു ചെയ്യുമ്പോള്‍ അവനെ/അവളെ അനുമോദിക്കണം. സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്കു വേണ്ട. മാതാപിതാക്കള്‍ കുഞ്ഞിനെ അടിക്കരുത് എന്ന നിയമം ഇന്ത്യയില്‍ വന്നിട്ടില്ലെന്ന് ഓര്‍ക്കുക.

കുട്ടികള്‍ക്ക് വീട്ടില്‍ ചെറിയ പണികളൊക്കെ ചെയ്യാന്‍ കൊടുക്കണം. വാശി കാണിക്കുന്ന പെരുമാറ്റത്തെ പാടേ അവഗണിക്കുക. ഉദാ: കുട്ടി കടയില്‍ ചെന്ന് ഒരു സാധനം വേണമെന്നു പറഞ്ഞു കരയുകയോ ഉരുളുകയോ ചെയ്താല്‍, നിങ്ങള്‍ അസ്വസ്ഥരാകേണ്ട. ആ സാധനം വാങ്ങിക്കൊടുക്കരുത്. കുട്ടിയുടെ നല്ല പെരുമാറ്റങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കണം. തെറ്റായ പെരുമാറ്റം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല എന്നു പറയുന്നതില്‍ മടിക്കേണ്ട. വാശിക്കാരായ കുട്ടികള്‍ വളരെ ബുദ്ധിയുള്ളവരും സര്‍ഗാ ശക്തിയുള്ളവരുമാണ്. അവര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കും. ക്ഷമയോടെ ഉത്തരം കൊടുക്കണം.

പല കുട്ടികളും നിങ്ങളുടെ ശ്രദ്ധ കിട്ടാനായി വാശിപിടിക്കാറുണ്ട്. മുതിര്‍ന്നവര്‍ ഇവരെ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്താല്‍ പ്രശ്‌നം ലളിതമായി പരിഹരിക്കാം. ശരിയായ രീതിയില്‍ കുട്ടിയുമായി ആശയവിനിമയം നടത്തണം. കുട്ടിയുടെ കണ്ണില്‍ നോക്കി ദൃഢമായി സംസാരിക്കുക. തര്‍ക്കിക്കരുത്. പക്ഷേ അവരുടെ ഭാഗവും കേള്‍ക്കണം. ഇടയ്ക്ക് ഒന്നു കെട്ടിപ്പിടിച്ചോ ഉമ്മവച്ചോ സ്‌നേഹം പ്രകടിപ്പിക്കാന്‍ മടി കാണിക്കേണ്ട.

കുട്ടിയുമായി ബന്ധം സ്ഥാപിക്കണം

കുട്ടി ചെയ്യുന്നതെല്ലാം തെറ്റാണെന്നു പറയരുത്. അവരുമായി ഇണങ്ങി കാര്യം പറഞ്ഞു മനസിലാക്കാം. ഉദാ: ടിവി ഓഫാക്കാന്‍ പറഞ്ഞിട്ട് അതു ചെയ്യാത്ത കുട്ടി. നിങ്ങള്‍ അവനോട്/അവളോട് ആക്രോശിച്ചിട്ട് കാര്യമില്ല. നിങ്ങളും അവന്റെ/അവളുടെ കൂടെയിരുന്ന് അവന്‍/അവള്‍ കാണുന്ന പരിപാടിയില്‍ താത്പര്യം കാണിക്കണം. ഇപ്പോള്‍ സമയമേറെയായതുകൊണ്ട് ഇത് ഓഫാക്കാം എന്നു പറഞ്ഞ് അനുനയിപ്പിക്കാം. എന്നാല്‍ വീട്ടിലെ എല്ലാ തീരുമാനങ്ങളും മാതാപിതാക്കളാണ് എടുക്കുന്നതെന്ന് കുഞ്ഞ് അറിയണം. എന്നും കിടക്കാന്‍പോകുന്നതിനു മുന്‍പ് കുഞ്ഞിനെ ഒന്നു കെട്ടിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കുഞ്ഞുമായി ഒരു മാനസിക അടുപ്പം ഉണ്ടാകും. വൈകുന്നേരം പത്തുമിനിറ്റ് കുട്ടിയുമായി നടക്കാന്‍ പോവുകയോ ചെടികള്‍ പരിപാലിക്കുകയോ ചെയ്യണം. എല്ലാദിവസവും ക്ലാസില്‍നിന്നു വന്നശേഷം അന്നത്തെ വിശേഷങ്ങള്‍ ചോദിച്ചറിയണം. വാശിപിടിക്കാത്ത നീയാണ് കൂടുതല്‍ നല്ലത് എന്നിടയ്ക്കിടെ പറയുകയുമാകാം.

കുഞ്ഞും ഒരു വ്യക്തിയാണ്

കുട്ടിക്ക് തന്‍േറതായ വ്യക്തിത്വമുണ്ട്. ഇതിനെ ബഹുമാനിക്കണം. ഇത് ചെയ്യ്, അത് ചെയ്യരുത് എന്നിങ്ങനെ ആജ്ഞാപിച്ചാല്‍ കുട്ടിക്ക് അതു കേള്‍ക്കാന്‍ താത്പര്യമുണ്ടാവില്ല. ഒരു കാര്യം വേണ്ട എന്നു നിങ്ങള്‍ പറയുമ്പോള്‍ മറ്റു പലകാര്യങ്ങള്‍ കൊടുക്കണം. എനിക്കിതു പറ്റില്ല എന്നു കുട്ടി തീര്‍ത്തുപറഞ്ഞാലും നിങ്ങള്‍ ശാന്തരായി അവനെ/അവളെ അഭിമുഖീകരിക്കണം. ഒരുകാര്യത്തിനുതന്നെ രണ്ടോ മൂന്നോ ഓപ്ഷന്‍സ് കൊടുക്കാം. ഒരിക്കലും കുട്ടിയുടെ നേരേ ആക്രോശിച്ചുകൊണ്ട് ചെല്ലരുത്. ഓര്‍ക്കുക, കുട്ടിയുമായി ഒരു ദ്വന്ദയുദ്ധത്തിനല്ല നാം ഒരുങ്ങുന്നത്. മുതിര്‍ന്നവരുടെ വശത്തേക്ക് ആരോഗ്യകരമായ രീതിയില്‍ സംഭാഷണത്തിന്റെ ഗതിതന്നെ തിരിക്കുകയാണ് ചെയ്യേണ്ടത്. വാശിപിടിക്കുന്നത് പക്വതയില്ലായ്മയുടെ ലക്ഷണമാണെന്ന് പറഞ്ഞു മനസിലാക്കാം.

കുട്ടിയെ ബഹുമാനിക്കണം

ഒരുകാര്യവും ബലമുപയോഗിച്ചു ചെയ്യിപ്പിക്കാനാവില്ല. കുട്ടിയുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെ നാം ബഹുമാനിക്കണം. അവന്റെ/അവളുടെ ആശയങ്ങളെ ഉള്‍ക്കൊള്ളുക. കുട്ടിയുടെ സഹകരണം ആവശ്യപ്പെടാം, അടിച്ചമര്‍ത്തലുകള്‍ പാടില്ല. നിങ്ങളുടെ വീട്ടില്‍ കുട്ടിക്ക് കൃത്യമായ നിയമങ്ങളുണ്ടാവണം. അവരുടെ ബുദ്ധിമുട്ടുകളില്‍ സഹതപിക്കണം. കുട്ടിയെ വിശ്വസിക്കുക. ചില ചുമതലകള്‍ കുട്ടിയെ വിശ്വസിച്ച് ഏല്‍പിക്കാം. നിങ്ങള്‍ പറയുന്നതുതന്നെ ചെയ്യണം (വാക്കു പറഞ്ഞാല്‍ മാറ്റരുത്) കുട്ടിയുമായുള്ള ഇടപെടലില്‍ നിങ്ങളുടെ ശരീരഭാഷ, ശബ്ദത്തിന്റെ ടോണ്‍ ഇവയൊക്കെ ശ്രദ്ധിക്കണം.

മാന്യമായ വാക്കുകള്‍ മാത്രം ഉപയോഗിക്കുക. ശകാരിക്കേണ്ടിടത്ത് ശകാരിക്കണം. കുട്ടിക്ക് കുറേ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലല്ല കുട്ടിയുമായി ഒരു പങ്കാളിത്തത്തിലേര്‍പ്പെടുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. നമുക്കിത് ചെയ്തുനോക്കാം അല്ലെങ്കില്‍ ഇങ്ങനെയും ഇതു ശ്രമിക്കാം എന്നു പറഞ്ഞു സംഭാഷണത്തിലേര്‍പ്പെടണം. വീട്ടിലെ എല്ലാ പണികൡും കുട്ടിയെയും ഉള്‍പ്പെടുത്തുക. എല്ലാക്കാര്യത്തിനും ഒരു സമയം നിശ്ചയിക്കണം. ഒരു ടൈംടേബിള്‍ അനുവദിച്ചു കാര്യങ്ങള്‍ ചെയ്യാന്‍ ശീലിപ്പിക്കുക. വാശിപിടിച്ചു കരയുമ്പോള്‍ നിങ്ങള്‍ അവരെ അവഗണിക്കണം. വാശിക്കു കീഴ്‌പ്പെട്ടാല്‍ എന്നും ഇതേ പെരുമാറ്റം തുടരും. തെറ്റായ പെരുമാറ്റത്തെ ചോദ്യംചെയ്യാം.

എന്താണു നിന്റെ പ്രശ്‌നം, എന്തിനാണു നീ കരയുന്നത്, നിനക്കെന്താ യഥാര്‍ഥത്തില്‍ വേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ വ്യക്തമായി ചോദിക്കാം. നിങ്ങള്‍ കുട്ടിയുടെ ആഗ്രഹത്തെ മാനിക്കുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും പറയണം. അനുകമ്പാപൂര്‍വവും പ്രായോഗികവുമായ പെരുമാറ്റമാണ് അഭികാമ്യം. ഉദാ: രാത്രിയില്‍ നേരത്തേ കിടന്നുറങ്ങാന്‍ കുട്ടി വിസതിക്കുന്നുവെന്നു കരുതുക. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും അഭികാമ്യമായ സമയം ചര്‍ച്ചചെയ്തു തീരുമാനിക്കാം. എന്നാല്‍ രാത്രിയില്‍ വൈകിയുറങ്ങുകയുമരുത്.


ശാന്തമായ ഗൃഹാന്തരീക്ഷം ക്രമീകരിക്കാം

കുട്ടികള്‍ പലകാര്യങ്ങളും പഠിക്കുന്നത് അനുഭവങ്ങളിലൂടെയും നിരീക്ഷണത്തിലൂടെയുമാണ്. നിരന്തരം കലഹിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന ഒരു കുട്ടിക്ക് തര്‍ക്കിക്കാനായിരിക്കും ഇഷ്ടം. കുടുംബത്തിലെ മാനസിക സമ്മര്‍ദം കുട്ടിയുടെ മൂഡിനെയും പെരുമാറ്റത്തെയും സ്വാധീനിക്കും. പല കുട്ടികളും കലുഷിതമായ കുടുംബത്തില്‍നിന്നു വരുന്നുവെന്നത് വിസ്മരിക്കുന്നു. മാതാപിതാക്കളും ചില പേരന്റിംഗ് ശില്‍പശാലകളില്‍ സംബന്ധിക്കണം. കുട്ടികളെ വളര്‍ത്തുന്നതു സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ വായിക്കണം.

കുട്ടിയുടെ വശവും മനസിലാക്കണം

കുട്ടിയുടെ ദുര്‍വാശിയുള്ള പെരുമാറ്റത്തെ നാം അവരുടെ കാഴ്ചപ്പാടിലൂടെയും വീക്ഷിക്കാന്‍ ശ്രമിക്കണം. എന്തുകൊണ്ട് കുട്ടിയിങ്ങനെ പെരുമാറുന്നെന്ന് അവന്റെ രക്ഷിതാക്കള്‍ ചിന്തിക്കുക. നിങ്ങളുടെ കുട്ടിയെ എത്രമാത്രം അടുത്തറിയുന്നോ അത്രമാത്രം അവനെ/അവളെ നിങ്ങള്‍ക്കു മെരുക്കാന്‍ എളുപ്പമായിരിക്കും. ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്.

കുട്ടിയുടെ ആവശ്യം (ദുര്‍വാശി) സാധിച്ചുകൊടുക്കാതിരിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വികാരങ്ങള്‍ മനസിലാക്കി അനുകമ്പയോടെ പെരുമാറാം. (എന്നാല്‍ വാശിപിടിച്ച കാര്യം അനാവശ്യമാണെന്നും അത് എന്തുകൊണ്ടാണെന്നും പറഞ്ഞുകൊടുക്കാം). കുട്ടിയുടെ നിരാശയും ദേഷ്യവും മനസിലാക്കി അവരെ പിന്തുണയ്ക്കുന്നതോടൊപ്പം നിങ്ങളുടെ തീരുമാനത്തിലുറച്ചു നില്‍ക്കണം. വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നല്‍കരുത്. ഇവിടെ വാശി ജയിക്കില്ലെന്ന് അവരറിയണം.

ഗൃഹപാഠം ചെയ്യാന്‍ വിസമ്മതിക്കുന്ന കുട്ടിയെ ശകാരിച്ചിട്ടു കാര്യമില്ല. എന്തുകൊണ്ടവന്‍ ചെയ്യുന്നില്ല എന്ന് അവലോകനം ചെയ്യണം. ഒരു പക്ഷേ ക്ഷീണിച്ചു തളര്‍ന്നായിരിക്കും കുട്ടി വീട്ടിലെത്തുന്നത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്കവനെ സഹായിക്കാം. കുറച്ചു സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാവുന്ന വിവിധ ഭാഗങ്ങളായി ആ ഗൃഹപാഠത്തെ വേര്‍തിരിച്ചുകൊടുക്കാം. ഇടയ്ക്ക് ഒന്നോ രണ്ടോ മിനിറ്റിന്റെ ഇടവേളകളും നല്‍കാം.

നല്ല പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കാം

പലപ്പോഴും നിങ്ങള്‍ക്ക് നിങ്ങളുടെ വാശിക്കാരായ കുട്ടിയെ നിയന്ത്രിക്കാനായിരിക്കും ഇഷ്ടം. എന്നാല്‍ ചിന്തിക്കാതെ എടുത്തുചാടി ചെയ്യുന്ന പ്രവൃത്തികള്‍ അവരില്‍ നിഷേധാത്മക വികാരങ്ങളായിരിക്കും ഉണര്‍ത്തുന്നത്. കുട്ടിക്ക് ഇഷ്ടമുള്ള കാര്യങ്ങളെപ്പറ്റി ചോദിക്കുക. ഇത്, നാം അവരെ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അഭിനന്ദിക്കുന്നുണ്ടെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. നിങ്ങള്‍ നോ പറയുമ്പോള്‍ കുട്ടിക്ക് എല്ലാം മനസിലാവണമെന്നില്ല.

ചില കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാം. എന്നാല്‍ ചിലത് മനസിലാക്കാന്‍ കൂടുതല്‍ വിവരണം വേണ്ടിവരും. ചിലത് തമാശയിലൂടെ അവതരിപ്പിക്കാം. ചില കാര്യങ്ങള്‍ പടിപടിയായി ചെയ്യിക്കേണ്ടിവരാം. എന്തായാലും ക്ഷമ നഷ്ടപ്പെടരുത്. ഉദാ: ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു വാശിപിടിക്കുന്ന കുട്ടി. ആദ്യം അവര്‍ക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാം. തീന്‍മേശ അലങ്കരിക്കാനും ഭക്ഷണം വിളമ്പാനും അവരെ ഉള്‍പ്പെടുത്താം. അല്‍പം ഭക്ഷണം കഴിച്ചുനോക്കാന്‍ പ്രേരിപ്പിക്കാം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് തമാശകള്‍ പറഞ്ഞ് ഭക്ഷണം കഴിക്കണം. അപ്പോള്‍ കുട്ടിക്കും അവിടെയിരിക്കാന്‍ താത്പര്യമുണ്ടാവും. ആദ്യം ചെറിയ അളവില്‍ കഴിക്കാന്‍ പ്രേരിപ്പിക്കണം. പിന്നെ ഓരോ ദിവസവും അളവ് കൂട്ടാം.

നിയമങ്ങള്‍ പഠിപ്പിക്കാന്‍ വൈകരുത്

ഒരു വീടിന്റെ അടുക്കും ചിട്ടയും ലംഘിക്കുന്ന ഒരു കാര്യവും താന്‍ ചെയ്യില്ലെന്നു കുട്ടിയോടു പറയണം. വീടിന്റെ നിയമങ്ങള്‍, അച്ചടക്കം എന്നിവ ലംഘിച്ചാല്‍ അതിനു തിക്തമായ ഫലമാണുള്ളതെന്ന് ഇടയ്ക്ക് ഓര്‍മിപ്പിക്കണം. ഉദാ: കുളിക്കാനുള്ള സമയം വെട്ടിക്കുറയ്ക്കുക, പുറത്ത് കറങ്ങാന്‍ കൊണ്ടുപോകാതിരിക്കുക, ടിവി കാണാന്‍ സമ്മതിക്കാതിരിക്കുക എന്നിവ ചെയ്യാം. ഇതൊന്നും കുട്ടിയെ ശിക്ഷിക്കാനല്ല, മറിച്ച് അവരുടെ പ്രവൃത്തികള്‍ തെറ്റായി എന്നു മനസിലാക്കാനാണ് എന്നു പറയണം. മൂന്നുവയസു മുതല്‍ വീട്ടില്‍ അച്ചടക്കം പഠിപ്പിക്കണം. ശരിയായ മൂല്യങ്ങള്‍ നല്‍കി ചെറിയ ശിക്ഷണങ്ങളിലൂടെ അവരെ മിടുക്കരാക്കാം. നിങ്ങളുടെ ജീവിതത്തില്‍ നല്ല മാതൃക കാണിക്കണം. ചിലപ്പോള്‍ കുട്ടികള്‍ വിശക്കുമ്പോള്‍ വാശിപിടിക്കാം, കൂട്ടുകാരോടുള്ള ദേഷ്യം തീര്‍ക്കാന്‍ വീട്ടില്‍ വന്ന് വാശിപിടിക്കാം. ഇതിന്റെ മൂലകാരണം തിരിച്ചറിയണം. ചിലരില്‍ അമിതദേഷ്യവും അക്രമവാസനയും നിയന്ത്രണാതീതമാവും. ഇവരെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുന്നതില്‍ മടിക്കരുത്.

മൂന്നുവയസിനു താഴെയുള്ള കുട്ടികളിലും കൗമാരക്കാരിലും വാശിയേറിയിരിക്കും. ചിലരില്‍ വാശിയെന്നത് അവരുടെ സ്വഭാവമായിരിക്കും. എന്നാല്‍ വാശിയെടുത്തുതുടങ്ങുമ്പോള്‍ എവിടെ അതിര് വരയ്ക്കണമെന്നത് മാതാപിതാക്കള്‍ തീരുമാനിക്കണം. ചില കുട്ടികള്‍ തങ്ങളുടെ മനസിലുള്ള ചില വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് വാശിയിലൂടെയാണ്. ചിലര്‍ സ്വാതന്ത്ര്യം തേടിയാണ് വാശിപിടിക്കുന്നത്. ശരിയായ രീതിയില്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവരെ പഠിപ്പിക്കണം. മാതാപിതാക്കള്‍ ശാന്തതയോടെ, ശരിയായ പെരുമാറ്റത്തിലൂടെ കുട്ടികളെ വളര്‍ത്തുക.

ടിവി, മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ മാത്രം കണ്ടുവളരുന്ന കുട്ടികളില്‍ വാശിയേറും. അതിനാല്‍ കുറച്ചുസമയം പ്രകൃതിയുമായി ഇണങ്ങുന്നതിനും ഓടിക്കളിക്കുന്നതിനും അനുവദിക്കണം. ചിത്രകല, കരകൗശലവസ്തു നിര്‍മാണം എന്നിവയിലേക്കും അവരുടെ ശ്രദ്ധയെ തിരിക്കാം. വ്യായാമം ശീലിക്കാനും കിട്ടിയ നന്മകള്‍ക്കു നന്ദിപറയാനും പ്രോത്സാഹിപ്പിക്കണം. വാശിക്കാരെ ഒതുക്കാന്‍ ചില ശിക്ഷണങ്ങള്‍ പറയുമ്പോള്‍ അവ ശരിയായ രീതിയില്‍ സ്ഥിരമായി ചെയ്യുക. കുട്ടിയെ ശിക്ഷിക്കുമ്പോള്‍ നിങ്ങള്‍ വികാരഭരിതരാകരുത്.

വാശിക്കാരായ കുട്ടികളെ വളര്‍ത്തുന്നത് ഒരു വെല്ലുവിളിതന്നെയാണ്. എന്നാല്‍ വാശിയെ മുളയിലേ നുള്ളുക എന്ന ആശയമാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്. വാശിക്കാരായ കുട്ടികളുടെ ജനിതക പാരമ്പര്യം, ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, കുടുംബപശ്ചാത്തലം എന്നിവയനുസരിച്ച് വാശിക്കു വ്യത്യാസം വരാം. എന്നാല്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെ സമയോചിതമായ പ്രവര്‍ത്തനം വാശിക്കാരനെ നല്ലവഴിയിലേക്കു നയിക്കാം. ഇതിനുവേണ്ട കൗണ്‍സലിംഗ്, തെറാപ്പി, പേരന്റിംഗ് ആപ്പുകള്‍ എല്ലാം ഇന്നു ലഭ്യമാണ്. കുട്ടിയുടെ വാശിയെ മാത്രമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന സന്ദേശം നല്‍കാന്‍ മറക്കരുത്. വാശിക്കാര്‍ക്ക് കൗണ്‍സലിംഗും ചികിത്സയും കൂടിയേ തീരൂ. വാശിപിടിച്ച് കാര്യങ്ങള്‍ നേടുന്നതിനേക്കാള്‍ സമചിത്തതയോടെ പടിപടിയായി മുന്നോട്ടുപോകുന്നതാണ് അഭിലഷണീയമെന്ന് കുട്ടികളെ ചെറുപ്രായത്തില്‍തന്നെ പറഞ്ഞുമനസിലാക്കിയാല്‍ നിങ്ങള്‍ വിജയിക്കും. പഠനത്തേക്കാള്‍ സ്വാഭാവരൂപീകരണത്തില്‍ നമുക്ക് ശ്രദ്ധവയ്ക്കാം.


ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, കിംസ് ഹോസ്പിറ്റല്‍, കോട്ടയം