രുചിയുടെ ആന്‍സ് ലോകം
ഗായികയാകണമെന്ന ആഗ്രഹവുമായി സംഗീതത്തില്‍ ബിരുദപഠനം തേടി അനന്തപുരിയിലെ വനിതാ കോളജില്‍ പഠിക്കുന്ന കാലം. പാചകമെന്നാല്‍ അച്ചാച്ചന്‍ കൃഷി ചെയ്ത് അമ്മ പാചകം ചെയ്യുന്ന വിഭവങ്ങള്‍ എന്നേ അക്കാലത്ത് അറിയൂ. ഒരു ചായ ഉണ്ടാക്കാന്‍ പോലും അറിയില്ല. വിവാഹത്തിനു ശേഷം പാലാ കൊട്ടുകാപ്പള്ളി കുടുംബത്തില്‍ എത്തിയ കാലത്ത് രാഷ്ട്രീയക്കാരനായ ഭര്‍ത്താവിനെ കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്. അന്നയ്ക്ക് അടുക്കളയില്‍ കയാറാതെ പറ്റില്ലെന്നായി. ഓരോ ദിവസവും ഓരോ ചെറിയ പരീക്ഷണങ്ങള്‍. കട്‌ലറ്റ്, പുഡിംഗ്, കുഴലപ്പം, അച്ചപ്പം അങ്ങനെ ഓരോരോ വിഭവങ്ങള്‍... പാചകത്തോട് ഇഷ്മില്ലാതിരുന്ന അന്നമ്മ ഇന്ന് ആന്‍സ് സ്വീറ്റ്‌സ് എന്ന രുചിയുടെ ലോകത്തെ അമരക്കാരിയാണ്. ബേക്കറി രംഗത്തും കറിപൗഡര്‍ വിപണിയിലും തന്‍േറതായ വ്യക്തിമുദ്ര പതിപ്പിച്ച അന്നമ്മ ജോസഫിനെ ഒറ്റവാക്കില്‍ രുചിക്കൂട്ടിലെ പാലാ ടച്ചെന്നു വിശേഷിപ്പിക്കാം.

കുക്കിംഗ് മേഖലയിലേക്കുള്ള കടന്നുവരവ്

മൂത്തമകള്‍ അപര്‍ണയുടെ ജന്മദിനത്തില്‍ ഒരു കേക്ക് ഉണ്ടാക്കി. കേക്ക് കഴിച്ച വീട്ടുകാരും ബന്ധുക്കളും നല്ല അഭിപ്രായം പറഞ്ഞു. ഭര്‍ത്താവ് തോമസ് ജോസഫ് നല്ല പ്രോത്സാഹനമാണു തന്നത്. പിന്നീട് ഓരോ വിശേഷദിവസങ്ങളിലും ആഘോഷ വേളയിലും ഓരോ വിഭവങ്ങള്‍ പരീക്ഷിച്ചു. കുക്കറിയേക്കുറിച്ചുള്ള പ്രമുഖരുടെ പുസ്തകങ്ങള്‍ വായിച്ചു. ഇതു കൂടുതല്‍ പ്രചോദനമേകി.

ഓരോ പുതിയ വിഭവവും പരീക്ഷിച്ചു കഴിഞ്ഞപ്പോള്‍ ഇതു മറ്റുള്ളവര്‍ക്കു നല്‍കണമെന്ന ആഗ്രഹം മനസില്‍ തോന്നി. ബേക്കറി തുടങ്ങുന്ന കാര്യത്തില്‍ ആദ്യം എല്ലാവരും എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീടു സമ്മതമായി. ഭര്‍ത്താവ് തോമസ് ജോസഫാണു ബേക്കറിക്ക് ആന്‍സ് എന്ന പേര് നിര്‍ദേശിച്ചത്. 1984ല്‍ പാലാ കുരിശുപള്ളിക്കവലയിലെ ചെറിയ ഒരു ഷട്ടര്‍ മുറിയില്‍ ആന്‍സ് ഹൗസ് ഓഫ് സ്വീറ്റ്‌സ് തുടങ്ങി. പിന്നീട് പാലാ കത്തീഡ്രലിനു സമീപം വലിയ ബോര്‍മ നിര്‍മിക്കുകയും കൂടുതല്‍ കടകള്‍ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ പാലായ്ക്കു പുറമേ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി ഇരുപതിലധികം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രുചിയുടെ രഹസ്യം

രൂചിയുടെ പൂര്‍ണമായ രഹസ്യം ആന്‍സ് അന്നമ്മ വെളിപ്പെടുത്തില്ല. ഏറ്റവും പ്രധാനം ബേക്കറി സാധനങ്ങള്‍ തയാറാക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ ശേഖരണമാണ്. കശുവണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യ് എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ രുചിച്ചു നോക്കി മാത്രമേ വാങ്ങുകയുളളു. കസ്റ്റമേഴ്‌സാണ് എനിക്കു ഏറ്റവും വലുത്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു രുചി എനിക്കു നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ എന്ത് ഉത്പന്നവും ഉണ്ടാക്കിയിട്ടും കാര്യമില്ല.

ആന്‍സ് കേക്കുകളില്‍ നിറങ്ങള്‍ ചേര്‍ക്കാറില്ല. കേക്കില്‍ മുഴുവനായി കളര്‍ ചേര്‍ക്കുന്ന ഒരു പുതിയ രീതിയാണ് എല്ലാവരും അവലംബിക്കുന്നത്. ഞങ്ങള്‍ ഡെക്കറേഷനു വേണ്ടി മാത്രമാണ് കളര്‍ ഉപയോഗിക്കാറുള്ളത്. ഒരിക്കല്‍ ഞങ്ങള്‍ക്ക് എസന്‍സ് തന്നുകൊണ്ടിരുന്ന വലിയ ഒരു കമ്പനിയില്‍ നിന്നും പെട്ടെന്ന് എസന്‍സ് വാങ്ങുന്നതു ഞാന്‍ നിര്‍ത്തി. കമ്പനിയുടെ ഉടമകള്‍ പാലായില്‍ നേരിെട്ടത്തി എന്നോടു ചോദിച്ചു, എന്തുകൊണ്ടാണ് എസന്‍സ് വാങ്ങുന്നത് നിര്‍ത്തിയതെന്ന്. ഞാന്‍ പറഞ്ഞു എസന്‍സിന്റെ രുചിക്കൂട്ടില്‍ എനിക്കു വ്യത്യാസം അനുഭവപ്പെട്ടു അതുകൊണ്ടാണെന്ന്. കമ്പനി പഴയ രീതിയില്‍ വീണ്ടും എസന്‍സ് ഉണ്ടാക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ വീണ്ടും വാങ്ങാനും തുടങ്ങി. ഓരോ ചേരുവയുടെയും കാര്യത്തില്‍ ഇതുപോലെ എനിക്ക് കൃത്യമായ നിഷ്‌കര്‍ഷയുണ്ട്.


കേക്കുകളുടെ രാജ്ഞി

കേക്കിന്റെ രുചി, രുചിക്കൂട്ട്, സോഫ്റ്റ്‌നസ് എന്നിവയാണ് ആന്‍സ് കേക്കുകളെ മറ്റു കേക്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഒന്നു രണ്ടു മാസം കഴിഞ്ഞാലും ആന്‍സ് കേക്കുകള്‍ ഉണങ്ങിപ്പോകുകില്ല. ഇതാണ് എല്ലാവരും എടുത്തുപറയുന്ന കാര്യം. യൂറോപ്പിലെ ഒരു ട്രെയിന്‍യാത്രയാണ് എന്നെ മാര്‍ബിള്‍ കേക്കിലേക്ക് തിരിച്ചത്. ട്രെയിനില്‍ വച്ചു മാര്‍ബിള്‍ കേക്ക് കഴിച്ചു. ഇതിന്റെ രുചി ഇഷ്ടപ്പെടുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാര്‍ബിള്‍ കേക്ക് ഉണ്ടാക്കി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഇന്ന് ആന്‍സിന്റെ മാര്‍ബിള്‍ കേക്കിനു വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ വലിയ ഡിമാന്‍ഡാണ്.

കറിപൗഡര്‍ രംഗത്തേക്ക്

ബേക്കറി ഉത്പന്നങ്ങളുടെ ഗുണനിലവാരം അറിഞ്ഞ് നിരന്തരം അഭിനന്ദനം അറിയിക്കുന്ന ഉപഭോക്താക്കള്‍ തന്നെയാണ് കറിപൗഡറുകളുടെ കാര്യവും ഉന്നയിച്ചത്. ഒരു മാസം കൊണ്ട് 20 മസാലക്കൂട്ടുകള്‍ തനിച്ചു തയാറാക്കി. ഗുണനിലവാരവും രുചിയും പല ഘട്ടങ്ങളിലായി പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ നല്ല അഭിപ്രായമാണ് ലഭിച്ചത്. തുടര്‍ന്നാണ് കറിപൗഡറുകള്‍ വിപണിയിലിറക്കിയത്. കറിപൗഡറുകള്‍ക്കും പുറമേ അപ്പപ്പൊടി, പുട്ടുപൊടി, ഉപ്പുമാവ് മിക്‌സ്, ഈസി പാലപ്പം, ദോശപ്പൊടി, ഇഡ്‌ലിപ്പൊടി, പത്തിരി തുടങ്ങിയവ ആന്‍സ് വിപണിയിലെത്തിക്കുന്നുണ്ട്.

കുടുംബവിശേഷം

മാന്നാനം പെരുമാലില്‍ പരേതനായ ഡോ.കോരയുടെയും മറിയായുടെയും മകളാണ്. ആര്‍പ്പൂക്കര സെന്റ് ഫിലോമിനാസ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ബിസിഎം കോളജില്‍ പ്രീഡിഗ്രി പഠനം. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ബിഎ മ്യൂസിക് പാസായി.

ഭര്‍ത്താവ് പരേതനായ തോമസ് ജോസഫ് 18 വര്‍ഷം പാലാ നഗരസഭ ചെയര്‍മാനായിരുന്നു. മൂത്ത മകള്‍ അപര്‍ണ ഭര്‍ത്താവ് അബി ജോര്‍ജുമൊത്ത് അബുദാബിയിലാണ്. മറ്റു മക്കളായ അനൂപും അനിലും ബിസിനസില്‍ എന്നോടൊപ്പം ഉണ്ട്.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു പുതിയ വിഭവം പരീക്ഷിക്കും. പുതിയ വിഭവങ്ങള്‍ ഉണ്ടാക്കണമെന്ന് ഉപഭോക്താക്കള്‍ തന്നെ നിര്‍ദേശിക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നു രണ്ടു തവണ വിദേശ രാജ്യങ്ങളില്‍ പോകാറുണ്ട.് അന്യനാട്ടിലേക്കുള്ള യാത്രയില്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് ഭക്ഷ്യവിഭവങ്ങളാണ്. യൂറോപ്പിലേയും അമേരിക്കയിലേയും ജര്‍മനിയിലേയും സിംഗപ്പൂരിലേയും ബേക്കറികള്‍ നമ്മെ അതിശയിപ്പിക്കും.

രാവിലെ 9.30നു മുടങ്ങാതെ അന്ന ബേക്കിംഗ് ഫാക്ടറിയിലെത്തും. വൈകുന്നേരം വൈകിയാണ് വീട്ടിലെത്തുന്നത്. ഒഴിവു സമയങ്ങളില്‍ സംഗീതം കേള്‍ക്കാനാണ് ഇഷ്ടം. രണ്ടു മണിക്കൂര്‍ പ്രാര്‍ഥനയ്ക്കായി ചെലവഴിക്കും. ലഭിച്ച നേട്ടങ്ങളെല്ലാം എന്റെ മാത്രം കഴിവാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കൈപ്പുണ്യവും കച്ചവടവുമെല്ലാം ദൈവാനുഗ്രഹം.

ജിബിന്‍ കുര്യന്‍