മഴക്കാല ചര്‍മ സംരക്ഷണം
മഴക്കാല ചര്‍മ സംരക്ഷണം
ചര്‍മത്തിന്റെ സൗന്ദര്യവും തനിമയും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന രീതിയിലെ സൗന്ദര്യ സംരക്ഷണമാണ് മഴക്കാലത്ത് വേണ്ടത്. മഴക്കാലത്ത് പൊതുവേ പലരും വെള്ളം അത്യാവശ്യത്തിനു മാത്രമാണ് കുടിക്കാറ്. എന്നാല്‍ ചര്‍മത്തിന്റെ സംരക്ഷണത്തിനും വരള്‍ച്ച ഒഴിവാക്കുവാനും ദിവസവും ഏഴു മുതല്‍ എട്ടു ഗ്ലാസ് വരെ ശുദ്ധമായ വെള്ളം കുടിക്കണം. ദാഹം തോന്നിയില്ലെങ്കിലും ഇതു പതിവാക്കണം. ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ വേണ്ടിയാണിത്. മുഖചര്‍മത്തിന്റെ മോയിസ്ച്ചര്‍ നിലനിര്‍ത്തുവാന്‍ ഫെയ്‌സ് വാഷിന്റെ അമിത ഉപയോഗവും ഒഴിവാക്കാം. ദിവസം രണ്ടു പ്രാവശ്യത്തില്‍ അധികം ഫെയ്‌സ് വാഷ് ഉപയോഗിക്കരുത്. തേന്‍ തുടങ്ങിയ പ്രകൃതി ദത്തമായ ചേരുവകള്‍ അടങ്ങിയ ഫെയ്‌സ് വാഷുകള്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്.

ഫെയ്‌സ് വാഷ് കൊണ്ടു മുഖം കഴുകിയ ശേഷം ടോണര്‍ ആയി റോസ് വാര്‍ (പനിനീര്) ഉപയോഗിക്കാം. മഴക്കാലത്തും സണ്‍സ്‌ക്രീന്‍ ശീലമാക്കാം. വേനല്‍ക്കാലത്തെ സൂര്യതാപം ചെറുക്കുവാന്‍ ആവശ്യമായ വിധത്തിലെ വീര്യം കൂടിയ സൂര്യതാപ പ്രതിരോധ ലേപനം വേണ്ട എന്നുമാത്രം. എസ്പിഎഫ് നമ്പര്‍ പതിനഞ്ചു മതിയാകും. മോയ്‌സ്ച്ചറൈസര്‍ അടങ്ങിയ സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിച്ചാല്‍ മറ്റൊരു മോയ്‌സ്ച്ചറൈസറിന്റെ ഉപയോഗം വരുന്നില്ല. ഇന്നത്തെ കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക വസ്തുക്കളിലേക്കു തന്നെ മടങ്ങാം.

കടലമാവും ചന്ദനപ്പൊടിയും തേനും പനിനീരും കൊണ്ട് ഒന്നാന്തരം ഫെയ്‌സ്പാക്ക് വീട്ടില്‍ തന്നെ തയാറാക്കാം. ഒന്നര സ്പൂണ്‍ കടലമാവ് എടുക്കുക ആണെങ്കില്‍ ഒരു സ്പൂണോ അരസ്പൂണോ സാന്‍ഡല്‍ പൗഡര്‍ (ചന്ദനപൗഡറിന്റെ ഗുണനിലവാരം അനുസരിച്ച്) എടുക്കാം. ഇനി രണ്ടോ മൂന്നോ തുള്ളി തേനും മിശ്രിതത്തിന് ആവശ്യമായ പനിനീരും ചേര്‍ത്ത് പാക്ക് ആക്കി മുഖത്ത് പുരാം. ഇരുപതു മിനിട്ടുവരെ പാക്ക് വച്ച ശേഷം (ഉണങ്ങുന്ന സമയം) ഇളംചൂടുവെള്ളം കൊണ്ട് മുഖം കഴുകാം. പഴയകാലം മുതലെ കടലമാവും പാലും മഞ്ഞള്‍പൊടിയും കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതവും മുഖസൗന്ദര്യത്തിന് ഏറെ ഗുണകരമാണ്. രണ്ടു സ്പൂണ്‍ കടലമാവ് ഇതിനായി എടുക്കാം. പച്ചമഞ്ഞള്‍ അരച്ചത് ഉണ്ടെങ്കില്‍ ഏറ്റവും നല്ലത്. ഇല്ലെങ്കില്‍ മഞ്ഞള്‍പ്പൊടി ഒരു സ്പൂണോ, അരസ്പൂണോ ചേര്‍ക്കാം. ഇവ കുഴയ്ക്കുവാന്‍ ആവശ്യമായ പാല്‍ ചേര്‍ത്ത് മുഖത്ത് പുരിയ ശേഷം ഇരുപത് മിനിിനുള്ളില്‍ കഴുകാം. (വ്യക്തികളുടെ മുഖത്തെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് ഉണങ്ങുന്ന സമയത്തില്‍ മാറ്റം വരും)


ഇനി കറ്റാര്‍വാഴയുടെ കുഴമ്പും ആവശ്യമായ തേനും ഓറഞ്ച് നീരും ചേര്‍ത്ത് ഒരു നാച്വറല്‍ പാക്ക് തയാറാക്കി മുഖത്തു പുരാം. മുഖചര്‍മത്തിന് ഏറെ ഗുണകരമാണിത്. കറ്റാര്‍വാഴ കുഴമ്പ് വെറുതെയും പുരാവുന്നതാണ്. ഗ്ലിസറിന്‍ ചേര്‍ത്തും പുരാം.

മഴക്കാലത്ത് ചര്‍മത്തിനു ഏറ്റവും ഗുണകരമായ ഒന്നാണ് എണ്ണ തേച്ചുള്ള കുളി. കുളിക്കുന്നതിനു പതിനഞ്ച് മിനി് മുമ്പ് ശുദ്ധമായ നല്ലെണ്ണ ശരീരത്തില്‍ പുരിയ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. തേച്ചുകുളി സാധിച്ചില്ലെങ്കില്‍ മുഖത്തു മാത്രം നല്ലെണ്ണ പുരട്ടി മസാജ് ചെയ്തശേഷം പയറു പൊടിയോ, കടലമാവോ കലക്കി അതുകൊണ്ട് മുഖം കഴുകാം. ശരീരത്തിലെ മെഴുക്കുകളയുവാനായി സോപ്പിനു പകരം പ്രകൃതി ദത്തമായ ഇവ ഉപയോഗിക്കാം. ഇളം ചൂടുവെള്ളം കൊണ്ടുമുഖം കഴുകുമ്പോള്‍ ചര്‍മത്തിലെ ചെറിയ സുഷിരങ്ങള്‍ തുറക്കപ്പെടുകയും അവയിലെ അഴുക്കു കഴുകി കളയുവാന്‍ സഹായകമാവുകയും ചെയ്യും. ഇതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. മുഖത്തെ സുഷിരങ്ങള്‍ അടഞ്ഞ് അഴുക്കും പൊടിയും ചര്‍മത്തില്‍ അടിയാതിരിക്കുവാന്‍ ഇതു സഹായിക്കും.

എസ്.മഞ്ജുളാദേവി
വിവരങ്ങള്‍ക്കു കടപ്പാട്:
ഉദയശ്രീ
ഫീനിക്‌സ് ബ്യൂട്ടി കെയര്‍, തിരുവനന്തപുരം.