ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
Monday, November 9, 2020 5:17 PM IST
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാളിച്ചാണ് വളര്‍ത്തിയത്. വരുമാനം വളരെ കുറവായിരുന്നെങ്കിലും സ്‌നേഹത്തില്‍ വളര്‍ന്നുവന്ന അവര്‍ വളരെ സംതൃപ്തരായി ജീവിച്ചിരുന്നു. റിയ നല്ല സൗന്ദര്യമുള്ള ആളായിരുന്നതിനാല്‍ പല വിവാഹാലോചനകളും വന്നു. കാര്യമായ സാമ്പത്തികം കിട്ടില്ലെന്നായപ്പോള്‍ പല ആലോചനക്കാരും മടങ്ങിപ്പോയി. അങ്ങനെയിരിക്കുമ്പോഴാണ് കെവിനുമായി പരിചയപ്പെത്. ഒരുമിച്ച് ജോലി ചെയ്യുന്ന കെവിന്‍ മാതാപിതാക്കളുടെ ഏക മകനായിരുന്നു. മാതാപിതാക്കള്‍ വലിയ സ്ത്രീധനമൊക്കെ ആവശ്യപ്പെട്ടെങ്കിലും കെവിന്‍ അതൊന്നും വകവയ്ക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നതുകൊണ്ട് ഒടുവില്‍ വിവാഹത്തിന് സമ്മതം കിട്ടി. വിവാഹത്തിനായി റിയയും പിതാവും വളരെ കഷ്ടപ്പെട്ടു കുറെ സ്വര്‍ണവും കുറച്ചു പണവും ഉണ്ടാക്കി. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ അന്ന് വൈകുന്നേരം കെവിന്‍ റിയയുടെ കൈയില്‍ നിന്ന് രണ്ട് വളകള്‍ ഊരിയെടുത്ത് അമ്മയുടെ കൈയില്‍ ഇട്ടുകൊടുത്തപ്പോള്‍ അമ്മ സന്തോഷത്തോടെ അത് സ്വീകരിച്ചു. അവര്‍ മകന് ഉമ്മ കൊടുത്തു.

സ്വന്തം വീട്ടില്‍ അത്യാവശ്യ പാചക കാര്യങ്ങള്‍ മാത്രം ചെയ്തിരുന്ന അവളെ പശുവിനെ മേയിക്കാനും തൊഴുത്ത് വൃത്തിയാക്കാനുമൊക്കെ അമ്മായിയമ്മ നിര്‍ബന്ധിച്ചു. അവളുടെ ഭര്‍ത്താവ് അമ്മയോട് ഇതേപ്പറ്റി യാതൊന്നും പ്രതികരിച്ചില്ല. വീട്ടില്‍ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് രഹസ്യചര്‍ച്ചകള്‍ നടത്തുന്നതും അവളുടെ ശ്രദ്ധയില്‍പ്പെട്ടു. കുറെ ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ കടക്കെണിയിലാണെന്ന് റിയയ്ക്ക് മനസിലായത്. റിയയുടെ ആഭരണങ്ങളെല്ലാം പണയം വയ്ക്കാനെന്ന് പറഞ്ഞ് വാങ്ങി വിറ്റുകളഞ്ഞത് പിന്നീടാണ് അവള്‍ക്ക് മനസിലായത്. റിയയുടെ ശമ്പളം മുഴുവനും ഭര്‍ത്താവ് വാങ്ങിയെടുത്ത് അപ്പനെ ഏല്പിക്കും. അവളുടെ ആവശ്യങ്ങള്‍ക്കുപോലും അപ്പന്റെ മുന്‍പില്‍ കൈ നീട്ടേണ്ടിവന്നു. ചിലപ്പോള്‍ പണം കൊടുക്കാറുമില്ലായിരുന്നു.

ഇതിനിടെ റിയ ഗര്‍ഭിണിയായതും വലിയ ഒച്ചപ്പാടിന് കാരണമായി. നിന്നോടാരാണിപ്പോള്‍ ഗര്‍ഭിണിയാകാന്‍ പറഞ്ഞത്, ഇവിടെ കാല്‍കാശിന് വകയില്ലാതിരിക്കുമ്പോഴാണ് അവളുടെയൊരു ഗര്‍ഭം എന്നൊക്കെപ്പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ അവളെ വേദനിപ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് ഗര്‍ഭം താനെ അലസിപ്പോയപ്പോള്‍ അവര്‍ സന്തോഷിക്കുന്നതും റിയ കണ്ടു. തന്റെ കുഞ്ഞ് നഷ്ടപ്പെട്ടപ്പോള്‍ സന്തോഷിക്കുന്ന വീട്ടുകാരോടും അവര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവിനോടും അവള്‍ക്ക് ഉള്ളില്‍ കടുത്ത പകയുണ്ടായി. ആദ്യമൊക്കെ ജോലി കഴിഞ്ഞ് ഒന്നിച്ച് തിരിച്ചു വന്നിരുന്ന ഭര്‍ത്താവ് കുറെക്കാലമായി മന:പൂര്‍വം നേരത്തെയോ താമസിച്ചോ വരുന്നതായി അവള്‍ മനസിലാക്കി. അപ്പനും അമ്മയും കൂടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മകനേയും ക്ഷണിക്കും. അവളെ വിളിക്കാറില്ല. പ്രാര്‍ഥനയ്ക്ക് ഭര്‍ത്താവ് അവളെ വിളിക്കുമ്പോള്‍ അവള്‍ക്ക് അടുക്കളയില്‍ ജോലിയുണ്ട് അവളെ വിളിക്കേണ്ട നമുക്ക് പ്രാര്‍ഥിക്കാം എന്ന് പറയുന്നത് അവള്‍ പലപ്പോഴും കേള്‍ക്കാറുണ്ടായിരുന്നു. അവളുടെ മനസില്‍ ദുഃഖവും നിരാശയും വിദ്വേഷവും ഉണ്ടായെങ്കിലും പൊട്ടിത്തെറിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. അവളുടെ വീട്ടില്‍ നിന്ന് സ്ത്രീധനമൊന്നും കിട്ടിയില്ല, വഞ്ചിക്കുകയായിരുന്നു എന്നൊക്കെ ഇടയ്ക്കിടെ അമ്മയും അപ്പനും മറ്റുള്ളവരുടെ മുന്‍പില്‍ വച്ചു പറയുക കൂടിയായപ്പോള്‍ അവളാകെ തകര്‍ന്നു. അവളുടെ പിതാവിനോട് ഇതേപ്പറ്റി പറഞ്ഞപ്പോള്‍ നിസഹായനായ അയാള്‍ കരയുക മാത്രം ചെയ്തു. അവള്‍ തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു. അവളുടെ അമ്മയും അപ്പനും സ്‌നേഹത്തിലും ക്ഷമയിലും മാത്രം ജീവിക്കുന്നത് കണ്ടാണ് അവള്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ അവള്‍ കഴിവതും സഹിച്ചുനിന്നു. എത്ര സഹനം വന്നാലും മാതാപിതാക്കളെയോ സഹോദരിയെയോ അറിയിച്ചിരുന്നില്ല.

ഒരു ദിവസം അവള്‍ക്കു നല്ല പനി വന്നപ്പോള്‍ ടാക്‌സി വിളിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കെവിന്‍ അവളുടെ കൈപിടിച്ച് കാറിലേക്ക് കയറ്റി. അപ്പോള്‍ 'കാറില്‍ കൊണ്ടുപോകാതെ പറ്റില്ലല്ലോ, കാരണം അത്രയ്ക്കും പണം കൊണ്ടല്ലേ രാജകുമാരി വന്നിരിക്കുന്നത്' എന്ന് അമ്മ അപ്പനോട് പറയുന്നത് അവള്‍ കേട്ടു. അവര്‍ കണ്ണീരോടെ പ്രാര്‍ഥിച്ചു.

വിദേശ ജോലിയിലേക്ക്

അവളുടെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ പെെട്ടന്ന് വിദേശത്ത് ഓയില്‍ കമ്പനിയില്‍ നല്ല ശമ്പളത്തില്‍ അവള്‍ക്ക് ജോലി കിട്ടി. അതുമായി ബന്ധപ്പെട്ട ബിരുദമായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. ജോലി കിട്ടിയെന്നറിഞ്ഞപ്പോള്‍ എല്ലാവരുടെയും മനോഭാവങ്ങള്‍ മാറിത്തുടങ്ങി.

കിട്ടുന്ന തുക സമ്പാദിച്ചു ഭര്‍ത്താവിനൊരു വിസയെടുത്ത് ഒപ്പം കൊണ്ടുവരാനാണ് അവള്‍ ആഗ്രഹിച്ചത്. കുറച്ചു പണം കൊടുത്തിട്ട് ബാക്കി സമ്പാദ്യമാക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ വീട്ടുകാര്‍ക്ക് ബാക്കി പണം കൊടുക്കുകയാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ വഴക്കു തുടങ്ങി. ഭര്‍ത്താവ് നിസംഗത പാലിക്കുന്നത് കണ്ട് അവള്‍ക്ക് കടുത്ത നിരാശ തോന്നി. അവള്‍ അവധിയ്ക്ക് വീട്ടില്‍ വന്നപ്പോള്‍ ഭര്‍ത്താവ് അവളെ വിളിച്ചുവരുത്തി ഇത്രയും നാള്‍ ജോലി ചെയ്ത ശമ്പളത്തിന്റെ ബാക്കിയെവിടെ എന്ന് ചോദിച്ചു. അതുകേട്ട് അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിക്കുള്ളിലേക്ക് പോയി. കള്ളത്തരം കാണിച്ച് രക്ഷപെടാന്‍ വേണ്ടി കരയുകയാണെന്ന് അമ്മ പറഞ്ഞതും അവള്‍ കേട്ടു.


കുറച്ചുനാള്‍ കഴിഞ്ഞ് ഭര്‍ത്താവിന് വിസയെടുത്തു. ലക്ഷങ്ങള്‍ അതിനായി മുടക്കേണ്ടിവന്നുവെന്ന് അറിയാമായിരുന്നിും ഭര്‍തൃവീുകാര്‍ ഒരു അഭിനന്ദനവാക്കുപോലും പറഞ്ഞില്ല. ഭര്‍ത്താവിനൊപ്പം താമസം തുടങ്ങി. ഭര്‍ത്താവ് ശാന്തശീലനായിരുന്നതിനാല്‍ സന്തോഷമായി ജീവിച്ചിരുന്നുവെങ്കിലും ഇടയ്ക്കിടെ മാതാപിതാക്കളുടെ ഫോണ്‍ വരുമ്പോള്‍ അയാള്‍ അസ്വസ്ഥനാകുമായിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം വീില്‍ വിളിച്ചറിയിച്ചപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനു മുന്‍പ് വേണ്ടാത്തതിനൊക്കെ പോകാന്‍ ആരു പറഞ്ഞു എന്നായിരുന്നു മറുഭാഗത്തുനിന്നുള്ള മറുപടി.

കുഞ്ഞു വളരാന്‍ തുടങ്ങിയതോടുകൂടി അവിടെ സ്‌നേഹം വര്‍ധിയ്ക്കാന്‍ തുടങ്ങി. രണ്ടുപേര്‍ക്കും ജോലിയായപ്പോള്‍ മാതാപിതാക്കള്‍ക്ക് വീട് പണിയാന്‍ ആവശ്യത്തിന് പണം നല്‍കി. അതോടെ അവരും ക്രമേണ സന്തുഷ്ടരാകാന്‍തുടങ്ങി. കുടുംബമൊക്കെ ആയാല്‍ പണം കിട്ടാതെ വരുമോയെന്ന ഭയമാണ് അവരെ കുട്ടികളാകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കോപിതരാക്കിയതെന്ന് പിന്നീട് മനസിലായി.

ദമ്പതികളുടെ സ്വാതന്ത്ര്യം

ദമ്പതികളുടെ സ്വാതന്ത്ര്യത്തെപ്പറ്റി നമ്മുടെ സമൂഹം ഇന്നും വേണ്ടത്ര ബോധ്യം പുലര്‍ത്തുന്നില്ല. മകന്‍ ഒരു ഭര്‍ത്താവു കൂടിയാണെന്നും മരുമകള്‍ യഥാര്‍ഥത്തില്‍ കുടുംബത്തിലെ മകളാണെന്നും അംഗീകരിക്കാനുള്ള ബോധം പലര്‍ക്കും ഇല്ല. മരുമകള്‍ പണം നിര്‍മിക്കുന്ന ഒരു യന്ത്രമാകണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മകന്‍ പ്രേമിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടിയോട് പിന്നീട് പണമാവശ്യപ്പെടുകയും പ്രേമിച്ചവന്‍ പോലും പിന്തുണ നല്‍കാതെ വരുകയും ചെയ്യുന്ന നിരവധി അനുഭവങ്ങളുണ്ട്.

ആത്മബന്ധത്തിന്റെ പ്രസക്തി

ദാമ്പത്യ ജീവിതത്തില്‍ വിവിധ തരം ആബന്ധങ്ങളുണ്ട്. ശാരീരിക ആബന്ധം, വൈകാരിക ആത്മബന്ധം, സാമ്പത്തിക ആബന്ധം, വിനോദപരമായ ആത്മബന്ധം, ലൈംഗിക ആത്മബന്ധം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്. വിവാഹിതരായവര്‍ക്ക് സ്വകാര്യതയ്ക്കും അവകാശമുണ്ട്. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് അധാര്‍മികമാണ്. ഭാര്യഭര്‍ത്താക്കന്മാരുടെ വരുമാനം രണ്ടുപേരും സ്വാതന്ത്ര്യത്തോടെ കൈകാര്യം ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം. ഭാര്യയുടെ ശമ്പളം മുഴുവനും കൈക്കലാക്കി വച്ചു ഭരിക്കുന്ന ഭര്‍ത്താക്കന്മാരും ഭര്‍തൃപിതാക്കന്മാരും ധാരാളമുണ്ട്. അത് അനീതിയാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അന്വേഷിക്കാതെ സ്വാര്‍ഥമായി ജീവിക്കുന്നതും തെറ്റാണ്.

ഭാര്യ ഭര്‍ത്താക്കന്മാര്‍ സ്‌നേഹത്തോടെ പരസ്പരം ബഹുമാനത്തോടെ അവരുടെ വരുമാനം കൈകാര്യം ചെയ്യണം. അതില്‍ മാതാപിതാക്കള്‍ ഇടപെടുന്നത് ഉചിതമല്ല. ഭാര്യയുടെ വീട്ടില്‍ നിന്നും വീണ്ടും ലഭിക്കണമെന്ന പരാമര്‍ശവും കൂടെ കൂടെയുള്ള പരാതി പറച്ചിലും കിരാതമാണ്. ഇത്തരത്തിലുള്ള വിലപേശലുകളില്‍ പെട്ട് വേദനയനുഭവിക്കുന്ന ധാരാളം പെണ്‍കുട്ടികള്‍ നമ്മുടെ ഇടയിലുണ്ട്. മാതാപിതാക്കള്‍ക്ക് ഇനിയും ഒന്നും കൊടുക്കാന്‍ നിവൃത്തിയില്ലെന്ന് പെണ്‍കുട്ടിക്കറിയാം. ഭര്‍തൃവീട്ടുകാര്‍ കുറ്റപ്പെടുത്തല്‍ നിര്‍ത്തുകയില്ലെന്നും അവള്‍ അനുഭവത്തില്‍ നിന്ന് മനസിലാക്കുന്നു. എന്തിന് നാം മറ്റുള്ളവരെ വേദനിപ്പിക്കണം.

പങ്കാളികള്‍ക്ക് അവരുടെ ജീവിതം പൂര്‍ണമായി വിട്ടുകൊടുത്തുകൂടേ. ഒപ്പം മക്കളും മരുമക്കളും അവരുടെ മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ വിസ്മരിക്കാതിരിക്കുകയും ചെയ്യുക. റിയയുടെ സമാനമായ സാഹചര്യമുള്ള പലരും പൊട്ടിത്തെറിച്ച് ഇരു കുടുംബങ്ങളിലും സംഘര്‍ഷത്തിന്റെയും നിരാശയുടെയും സാഹചര്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് കാണാന്‍ കഴിഞ്ഞിുണ്ട്.

ഡോ.പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍മ്മല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ്
സൈക്കോതെറാപ്പി സെന്റര്‍, കാഞ്ഞിരപ്പള്ളി