തോളുവേദനയും കഴുത്ത്‌വേദനയും
തോളുവേദനയും കഴുത്ത്‌വേദനയും
കഴുത്തും തോളും വളരെയധികം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രണ്ടു സന്ധി സംവിധാനമാണ്. കഴുത്തില്‍നിന്ന് ഉത്ഭവിക്കുന്ന വേദന തോളിലും കൈകളിലും അനുഭവപ്പെടാറുണ്ട്. തലയെ താങ്ങിനിര്‍ത്തി അതിനെ പല ദിശയില്‍ അനായാസം ചലിപ്പിക്കാന്‍ കഴുത്തിലെ കശേരുക്കള്‍ക്കും അതിനോടു ചേര്‍ന്ന സന്ധികള്‍ക്കും പേശികള്‍ക്കും നന്നേ പണി എടുക്കേണ്ടിവരുന്നു. ഒപ്പം ശരീരത്തിന്റെ പല ഭാഗത്തേക്കുള്ള നാഡി ശൃംഖല യെ സുരക്ഷിതമായി കടത്തിവിടുന്ന പ്രധാന കര്‍ത്തവ്യവും കഴുത്തിനുണ്ട്.

ദൈന്യംദിന ജീവിതത്തില്‍ കൈയുടെ സ്വതന്ത്ര ചലനം സാധ്യമാകുന്നതില്‍ തോളിന്‍റെ ഘടനയ്ക്കു വളരെ വലിയ പങ്കാണുള്ളത്. കൈകള്‍ ശരീരത്തിന്‍റെ മുഖ്യ ഭാഗത്തു നിന്ന് ബോള്‍ ആന്‍ഡ് സോക്കറ്റ് എന്ന തോള്‍ സന്ധി വഴി താഴേക്ക് തൂക്കി ഇട്ടിരിക്കുന്നതില്‍ ROTATOR CUFF എന്നു പറയുന്ന പേശികള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. വേദനകള്‍ പണ്ടൊക്കെ പ്രായവുമായി ബന്ധപ്പെട്ടു കണ്ടിരുന്നു. എന്നാല്‍ ഇത്തരം വേദനകള്‍ ഇപ്പോള്‍ എല്ലാ പ്രായത്തിലും കണ്ടുവരുന്നുണ്ട്.

തുടര്‍ച്ചയായും അമിതമായുമുള്ള പേശികളുടെ ഉപയോഗം അവയില്‍ വലിച്ചിലുകള്‍ ഉണ്ടാക്കുകയും അത് നീര്‍ക്കെട്ടും വേദനയും ഉളവാക്കുകയും ചെയ്യും. പിന്നീട് അവ പേശി സങ്കോചത്തിനും ബലക്കുറവിനും കാരണമാകുന്നു. കഴുത്തിന്റെയും തോളിന്റെയും സ്വാഭാവിക ശരീര നിലയും വളരെ പ്രാധാന്യം ഉള്ളതാണ്. അവയില്‍ ഉണ്ടാകുന്ന വ്യതിയാനം സന്ധികളുടെയും പേശികളുടെയും പ്രവര്‍ത്തനമാന്ദ്യം ഉണ്ടാക്കുകയും കഴുത്തിലെ ഡിസ്‌ക്കിന്റെ സ്ഥാനചലനത്തിനും തേയ്മാനത്തിനും കാരണമാകുന്നു. സ്വാഭാവിക വടിവ് നിലനിര്‍ത്തിയില്ലെങ്കില്‍ പേശികള്‍ക്ക് അമിത ജോലിയും ക്ഷീണവും അനുഭവപ്പെടും.

എന്താണ് ശരിയായ ശാരീരിക നില ?

നാം നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും തലയോട് ചേര്‍ന്നുള്ള ഇരു ചെവികളും ഇരു തോള്‍ സന്ധികളും ഇടുപ്പ് സന്ധികളും ഒരേ തലത്തില്‍ ആയിരിക്കണം. തോള്‍ മുന്നോട്ട് തള്ളിയും തോള്‍ താഴോട്ടും മുന്നോട്ടും ഇടിഞ്ഞു നില്‍ക്കുന്നതും നല്ലതല്ല. പ്രമേഹവും തൈറോയ്ഡ് പ്രശ്‌നങ്ങളും തോള്‍വേദനയ്ക്കും വഴക്കകുറവിനും കാരണമാണ്.

വീട്ടിലിരുന്നുള്ള ഓഫീസ് ജോലിയും കൊറോണ വ്യാപന പ്രതിരോധ നടപടിയുടെ ഭാഗമായി കുടുംബാംഗങ്ങള്‍ വീടുകളില്‍ തന്നെ തങ്ങുന്നതിനാലും സ്ത്രീകള്‍ക്ക് പാചക ജോലിയും മറ്റ് അനവധി ജോലികളും കൂടുതലായി ചെയ്യേണ്ടി വരുന്നു. തന്മൂലം സ്ത്രീകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. വീട്ടില്‍ ഇരുന്നുള്ള പഠനത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണിന്‍റേയും ലാപ് ടോപ്പിന്‍റേയും അമിതവും അശാസ്ത്രീയവുമായ ഉപയോഗം മൂലം കുട്ടികളില്‍പ്പോലും ഇന്ന് കഴുത്ത്, തോള്‍ വേദന അനുഭവപ്പെടുന്നു.


അവരവരുടെ ഉയരത്തിന് അനുസരിച്ചുള്ള കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ ക്രമീകരണം, കഴുത്തിന് താങ്ങു നല്‍കുന്ന ഹെഡ് റെസ്റ്റും തോളിനു താങ്ങു നല്‍കുന്ന ആം റെസ്റ്റും ഉള്ള ഉയരം ക്രമീകരിക്കാവുന്ന കസേരകള്‍ എന്നിവ ഉപയോഗിക്കണം.

അടുക്കളയില്‍ ദീര്‍ഘനേരം നിന്നു പാചകം ചെയ്യുന്ന സ്ത്രീകള്‍ പാതകത്തിന്‍റേയും അടുപ്പിന്റെയും ഉയരം ക്രമീകരിക്കണം. അടുപ്പിന്റെ ഉയരം വളരെ കൂടിയാല്‍ തവികൊണ്ട് തുടര്‍ച്ചയായി ഇളക്കുമ്പോള്‍ തോള്‍ സന്ധികള്‍ക്കു വേദനയും നീര്‍ക്കെട്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരിയായ തലയിണയുടെ ഉപയോഗം നല്ല ഉറക്കത്തിനു മാത്രമല്ല കഴുത്തിന്റെയും തോളിന്റെയും ആരോഗ്യത്തിനും നല്ലതാണ്.

പരിഹാരമാര്‍ഗങ്ങള്‍

വേദനയെ അവഗണിക്കാതെ യഥാസമയം കാരണവും ഉറവിടവും കണ്ടെത്തി തെറ്റായ ശരീര നിലപാടുകള്‍ മാറ്റിയാല്‍ കഴുത്തിന്‍റേയും തോളിന്‍റേയും ആരോഗ്യം നിലനിര്‍ത്താം. വേദന ഒരു രോഗലക്ഷണം മാത്രമാണ്. പെെട്ടന്നുള്ള വേദനകള്‍ക്ക് പാരസെറ്റമോള്‍ പോലുള്ള വേദന സംഹാരികള്‍ കഴിക്കാം. ആദ്യ ദിവസങ്ങളില്‍ ഐസ് പാക്ക് വയ്ക്കുന്നത് നല്ലതാണ്. പിന്നീട് ചൂട് പിടിക്കുന്നതാണ് നല്ലത്. നാല് ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്ന വേദനയ്ക്ക് വിദഗ്ധ പരിശോധന ആവശ്യമാണ്. പെട്ടെന്നുള്ള കഴുത്ത് വേദനയ്ക്ക് സോഫ്റ്റ് സെര്‍വിക്കല്‍ കോളറും, തോള്‍ വേദനയ്ക്ക് CUFF, COLLAR SLING എന്നിവ കുറച്ച് ദിവസത്തേക്ക് നല്ലതാണ്.

പിന്നീട് കഴുത്തിലെയും തോളിലേയും സന്ധികള്‍ക്കും പേശികള്‍ക്കും വഴക്കം നല്‍കുന്ന Strecthing വ്യായാമങ്ങളും പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളും വേണ്ടി വരും. കഴുത്തിന്‍റേയും തോളിന്‍റേയും ശരിയായ ശരീര നില നിലനിര്‍ത്തുന്നതിന് ബോധപൂര്‍വമായ ശ്രമവും അതിന് അനുയോജ്യമായ ധാരാളം ലഘുവായ വ്യായാമങ്ങള്‍ ദിവസേന ശീലിക്കുന്നത് വളരെ നല്ലതാണ്.

ഡോ: രാജേഷ്. വി
സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഓര്‍ത്തോപീഡിക് സര്‍ജന്‍, മാതാ ഹോസ്പിറ്റല്‍, കോട്ടയം