ഓണ്‍ലൈൻ പഠനം; ശ്രദ്ധിക്കാം ഇവയൊക്കെ
ഓണ്‍ലൈൻ പഠനം; ശ്രദ്ധിക്കാം ഇവയൊക്കെ
പതിനഞ്ചുകാരനായ നെവിൻ എല്ലാവരോടും വിദ്വേഷത്തോടെയാണ് പെരുമാറുന്നത്. മാതാപിതാക്കൾ അഭ്യസ്ഥവിദ്യരും ജോലിയുള്ളവരുമാണ്. നെവിന് മൂത്ത രണ്ടു സഹോദരങ്ങളുണ്ട്. അവരൊക്കെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. നെവിൻ കൂടുതൽ സമയവും മൊബൈലുമായി മുറിയിൽത്തന്നെയാണ് ഇരിപ്പ്. പുറത്തുവന്നാൽ ടിവിയുടെ മുന്നിലിരിക്കും. ചോദിക്കുന്നതിനുമാത്രം മറുപടി പറയും. കൂടുതൽ ചോദിച്ചാൽ ദേഷ്യപ്പെടും.

ആവശ്യങ്ങൾ ഉണ്ടാകുന്പോൾ ശാഠ്യം പിടിച്ചും കോപിച്ചും അത് നേടിയെടുക്കും. പ്രായമായ മുത്തശ്ശിയെ ഇടയ്ക്കിടെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കും. സഹപാഠികളും മുതിർന്നവരും ഒക്കെയായ വിവിധ പ്രായപരിധിയിലുള്ള പെണ്‍കുട്ടികൾക്ക്(വിവാഹിതകൾക്കു പോലും) അശ്ലീലചുവയുള്ള അഭിവാദ്യങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നതായി പലരും പരാതിപ്പെടുന്നു. ബന്ധുവായ ഒരു പെണ്‍കുട്ടി ഇക്കാര്യം നെവിന്‍റെ അമ്മയുടെ ശ്രദ്ധയിൽപ്പെടുത്തി. അതു നെവിന് അവളോടു കടുത്ത വിരോധം ഉണ്ടാകാൻ കാരണമായി. പക്ഷേ, പിന്നീട് പല പെണ്‍കുട്ടികളും ഇത്തരം പരാതികളുമായി എത്തിത്തുടങ്ങി.

കൗണ്‍സലിംഗിൽ മനസു തുറന്ന്

കൗണ്‍സലിംഗിൽ കൂടുതലൊന്നും പങ്കുവയ്ക്കാൻ ആദ്യം അവൻ തയാറായില്ല. രണ്ടാം ദിവസം നെവിൻ മനസുതുറന്നു. എട്ടാം ക്ലാസുവരെ അവൻ നല്ല മാർക്കുവാങ്ങിയിരുന്നു. സ്വഭാവത്തിലും ധാരാളം നന്മയുള്ളവൻ. ഒന്പതാംക്ലാസിൽ ആദ്യനാളുകളിൽ എല്ലാ വിഷയങ്ങൾക്കും മുൻനിരയിൽ മാർക്ക് വാങ്ങിയിരുന്നു. പക്ഷേ, ഒരു പരീക്ഷയിൽ അൽപം മാർക്കു കുറഞ്ഞപ്പോൾ ക്ലാസിലെ റാങ്ക് നിലയിൽ പത്തിൽ താഴെയായി നെവിന്‍റെ റാങ്ക്. ഇത് അവനെ നിരാശനാക്കി.

ഗണിതശാസ്ത്ര അധ്യാപകൻ അതിരുകടന്ന് ശകാരിക്കുകയും ചെയ്തു. മാതാപിതാക്കളും നന്നായി വഴക്കുപറഞ്ഞു. അന്നുമുതൽ നെവിൻ കണക്കിനെ ഭയപ്പെട്ടു തുടങ്ങി. ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം നന്നായി അറിയാമെങ്കിലും എഴുന്നേറ്റുനിന്ന് ഉത്തരം പറയാൻ അവനു ഭയമായിരുന്നു. നന്മൂലം ചില അധ്യാപകരും സഹപാഠികളും ദേഷ്യപ്പെടുകയും കളിയാക്കുകയും ചെയ്തു. ഈ വക കാരണങ്ങളാൽ അവൻ സ്കൂളിനെ വെറുത്തു തുടങ്ങിയ കാലത്താണ് കൊറോണ മൂലം സ്കൂളുകൾ അടച്ചു വീട്ടിലിരിക്കേണ്ടി വന്നത്. നെവിന് ഇത് സ്കൂൾ ഒഴിവാക്കാനുള്ള ഒരു അവസരമായി അനുഭവപ്പെട്ടു. ഓണ്‍ലൈൻ ക്ലാസിലും അധ്യാപകരെ അഭിമുഖീകരിക്കുന്പോൾ നെവിന് ഭയവും ഉത്കണ്ഠയും ഉണ്ടായി. ഈ വിഷമം അവൻ ആരുമായും പങ്കുവച്ചില്ല. മനഃപൂർവം പല കാരണങ്ങൾ പറഞ്ഞ് ക്ലാസ് ഒഴിവാക്കിക്കൊണ്ടിരുന്നു.

പിന്നീട് ഓണ്‍ലൈൻ ക്ലാസ് നിർത്തി സ്കൂളിൽ റെഗുലർ ക്ലാസ് ആരംഭിച്ചപ്പോൾ പല ദിവസങ്ങളും പോകാം എന്നുപറഞ്ഞ് യൂണിഫോം ഇട്ടശേഷം മുറിയ്ക്കകത്തു കയറി കതക് അടയ്ക്കും. അല്ലെങ്കിൽ ഏതെങ്കിലും പ്രശ്നം അവതരിപ്പിച്ചു വഴക്കുണ്ടാക്കി ആ കാരണം പറഞ്ഞു പോകാതിരിക്കും. അവൻ പറയുന്നത് സ്കൂൾ അനുഭവങ്ങൾ ഭയമുളവാക്കുന്നതായി തോന്നിയപ്പോഴാണ് സ്കൂളിനെ ഒഴിവാക്കാനുള്ള മാർഗങ്ങൾ അവലംബിച്ചത് എന്നാണ്. എങ്കിലും നല്ല ടെൻഷൻ ഉണ്ടായിരുന്നു.

കുരുക്കിയത് അശ്ലീല വീഡിയോകൾ

അങ്ങനെയിരിക്കെ ഇന്‍റർനെറ്റിൽ നിന്ന് അശ്ലീല വീഡിയോകൾ ആകസ്മികമായി കാണാനിടയായി. അത് ആകർഷകവും സന്തോഷപ്രദവുമായി തോന്നി. അതോടെ അത്തരം വീഡിയോകൾ ഇന്‍റർനെറ്റിൽ അന്വേഷിച്ചു കണ്ടെത്തി കാണാൻ തുടങ്ങി. അതു സംഘർഷത്തിൽ നിന്നു മോചനം നേടാനുള്ള മാർഗമായി അവനു തോന്നി. കുറച്ചുകാലം മുന്പോട്ടുപോയപ്പോൾ കൂടുതൽ സമയവും ഈ അന്വേഷണത്തിനായി ചിലവഴിക്കാൻ തുടങ്ങി. പിന്നീട് അവന്‍റെ ശ്രദ്ധ മുഴുവൻ ലൈംഗികതയിൽ കേന്ദ്രീകൃതമായി. അധ്യാപകരെയും സഹപാഠികളെയും മാധ്യമങ്ങളിൽ കാണുന്ന വ്യക്തികളെയും ഈ കാഴ്ചപ്പാടിൽ കണ്ടു ലൈംഗികസംതൃപ്തി നേടാൻ തുടങ്ങി. തദനുസൃതമായി മറ്റുള്ളവരോടുള്ള സമീപനവും വികലമായിത്തുടങ്ങി.

കൊറോണക്കാലത്ത് ശ്രദ്ധിക്കാൻ

സാധാരണയായി വൈകൃതങ്ങളിലേക്കും അഡിക്ഷനിലേക്കും വഴുതിവീഴുന്നത് അമിതമായ സംഘർഷങ്ങളിൽ നിന്നു രക്ഷ നേടാനുളള ഉപാധിയായിട്ടാണ്. മേൽപ്പറഞ്ഞ കുട്ടി അവന്‍റെ വിഷമത്തിൽ നിന്നു രക്ഷപ്പെട്ട് അൽപസമയം സന്തോഷിക്കാനെടുത്ത വഴി അപകടകരമായി പരിണമിച്ചു.

കൊറോണക്കാലത്ത് വ്യക്തികളിൽ വന്ന ക്രമീകരണ പ്രശ്നങ്ങൾ നിരവധിയാണ്. ലോക്ഡൗണിനു മുന്പുള്ള കാലത്ത് കുട്ടികൾ കൂട്ടുകാരുമായും അധ്യാപകരുമായും നേർക്കുനേർ ഉള്ള ഇടപെടൽ വഴിയാണ് വളർച്ചയും വികാസവും അറിവും നേടിയിരുന്നത്. സഹകരിച്ചും കളിച്ചും വഴക്കടിച്ചും ഇണങ്ങിയും പിണങ്ങിയും മത്സരിച്ചു നേടിയും പരാജയപ്പെട്ടും വാശിപിടിച്ചും അനുരഞ്ജനപ്പെട്ടും ജീവിതമെന്തെന്നു മനസിലാക്കി ശക്തിനേടിയിരുന്നു. വീട്ടുതടങ്കലിന്‍റെ ഈ കാലഘട്ടം അവരുടെ വിദ്യാഭ്യാസത്തിനും കായികപരിശീലനത്തിനും സാമൂഹ്യവൽക്കരണ സാധ്യതകൾക്കും തടസം സൃഷ്ടിക്കുന്നു. സ്കൂളിലെ ക്രമീകൃതമായ അന്തരീക്ഷത്തിന്‍റെ അഭാവം ദിനചര്യകൾ താറുമാറാക്കുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ക്രിയാത്മകമായി ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. പുറത്തു കളിക്കാനും സുഹൃത്തുക്കളുമായി ഇടപഴകാനും പൊതുവായ പരിപാടികളിൽ പങ്കെടുക്കാനും അവസരങ്ങൾ നിഷേധിക്കപ്പെട്ടതുമൂലം കുട്ടികളുടെ വൈകാരിക വളർച്ചയ്ക്ക് സാരമായ കോട്ടം സംഭവിച്ചു.

കുട്ടികളിൽ പലരും മാതാപിതാക്കളെ അമിതമായി ആശ്രയിക്കുന്നവരോ അവരിൽ നിന്നു പൂർണമായി അകന്നവരോ ശ്രദ്ധ പിടിച്ചുപറ്റാൻവേണ്ടി ചേഷ്ടകൾ കാണിക്കുന്നവരോ ആയി മാറാൻ കാരണം അവർ ശീലിച്ച ജീവിതക്രമം പാടെ താറുമാറായി പോകുന്പോഴാണ്. ലോക്ഡൗണ്‍ കഴിയുന്പോൾ പല കുട്ടികൾക്കും സ്കൂളിൽ പോകാൻ ശക്തമായ മടി അനുഭവപ്പെടാനും സാധ്യതയുണ്ട്. സ്കൂളിൽ എത്തിക്കഴിഞ്ഞാൽ അധികൃതരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തേക്കാം. ഇങ്ങനെ നോക്കുന്പോൾ യഥേഷ്ടം സഞ്ചരിക്കാനും ഇടപ്പെടാനുമുള്ള സ്വാതന്ത്ര്യത്തിന്‍റെ അഭാവം അവരുടെ സമഗ്രമായ മാനസികവളർച്ചയെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു എന്നുവേണം മനസിലാക്കാൻ. ചില കുട്ടികൾ അമിതമായി സാധനങ്ങൾ വാരിക്കൂട്ടുകയും മറ്റുള്ളവർക്കു സാധനങ്ങൾ വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നത് അവരുടെ ആശങ്കയുടെ ഫലമായാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈൻ ക്ലാസിനായി മൊബൈൽഫോണും ഇന്‍റർനെറ്റും വിഷമം കൂടാതെ ലഭ്യമാകുന്നതുകൊണ്ടും ഇന്‍റർനെറ്റ് ഉപയോഗം നിയന്ത്രണാതീതമായി അഡിക്ഷനിലേക്ക് അവരെ നയിക്കാൻ കാരണമായേക്കാം. ത·ൂലം വഴിതെറ്റിക്കുന്നതും അശ്ലീലം നിറഞ്ഞതുമായ കാര്യങ്ങൾ ഉപയോഗിക്കാനും മറ്റുള്ളവരാൽ ആക്രമിക്കപ്പെടാനും ദുരുപയോഗം ചെയ്യപ്പെടാനുമുളള സാധ്യത വർധിക്കുന്നു.


പരിമിതികളിൽ തളരരുത്

എന്തെങ്കിലും പ്രത്യേക കുറവുകളുള്ള കുട്ടികളെ ഈ കാലഘട്ടം വളരെയധികം പ്രതികൂലമായി ബാധിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. രണ്ടു മുതൽ എട്ടുവരെ പ്രായമുള്ള ന്യൂറോ ഡവലപ്മെന്‍റലോ പെരുമാറ്റപരമോ വൈകാരികമോ ആയ പ്രശ്നമുള്ളവർ, ഓട്ടിസം, അറ്റൻഷൻ ഡഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, സെറിബ്രൽ പാൽസി, പഠനവൈകല്യങ്ങൾ, വളർച്ചാതാമസം തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ഒരുപാടു ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അനിശ്ചിതാവസ്ഥയിൽ അവർ അസ്വസ്ഥരായിരിക്കും. അവർ ശീലിച്ച ചിട്ടയായ രീതികളെല്ലാം തകിടം മറിഞ്ഞതുമൂലം അവർക്കു മുന്നോട്ടുപോകാൻ തടസമുണ്ടാകാം. കടുത്ത നിയന്ത്രണങ്ങളും സൗഹാർദ്ദപരമല്ലാത്ത സാഹചര്യങ്ങളും അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. അവരുടെ പരിമിതിക്ക് അനുസരിച്ച പരിചരണവും പ്രോത്സാഹനവും മാർഗനിർദേശവും ലഭിക്കാത്തതിനാൽ അവരുടെ വളർച്ചയെ അതു കാര്യമായി ബാധിക്കും.

പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളെ കെയർ സെന്‍ററുകളിലാക്കി ജോലിക്കു പോയിരുന്ന മാതാപിതാക്കൾക്ക് ആ സൗകര്യം ലഭ്യമാകാതെ വന്നപ്പോൾ മുഴുവൻ സമയവും മാതാപിതാക്കളിൽ ഒരാൾ വീട്ടിലിരിക്കേണ്ടി വരുന്നു. ഇതുമൂലം ജോലിയിൽ നിന്നുള്ള വരുമാനം കുറഞ്ഞു സാന്പത്തിക പരാധീനത അനുഭവിക്കേണ്ടിയും വരും. കൊച്ചുകുട്ടികളെ ഡേകെയർ സെന്‍റുകളിലും സ്കൂളുകളിലും അയച്ചശേഷം ജോലിക്കുപോയിരുന്ന കുടുംബങ്ങളിലും ഈ പ്രശ്നമുണ്ടാകും. കുടുംബത്തിൽ മദ്യപാനവും വഴക്കും അസ്വസ്ഥതകളുമുള്ളതു സ്കൂളിൽ പോകാതെ വീട്ടിലിരിക്കുന്ന കുട്ടികൾ കാണുകയും അതിന്‍റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നു.

കുടുംബങ്ങളിൽ വരുമാനക്കുറവുണ്ടാവുകയും കുട്ടികൾ വീട്ടിലിരിക്കുന്പോഴുണ്ടാകുന്ന അധികച്ചെലവും പഠനമാധ്യമങ്ങൾ കുട്ടികൾക്കു ലഭ്യമാക്കിക്കൊടുക്കാനുള്ള ബുദ്ധിമുട്ടും മാതാപിതാക്കളെ പലപ്പോഴും അസ്വസ്ഥരാക്കും. പലർക്കും ജോലി നഷ്ടപ്പെടുകയും വരുമാനം കുറയുകയും ചെയ്യുന്നത് ഈ അസ്വസ്ഥതയുടെ ആക്കം കൂട്ടും.

കോവിഡ്കാല പ്രതിസന്ധിയിൽ കുട്ടികളെ സഹായിക്കാം

* കുട്ടികൾ വീട്ടിലാണെങ്കിലും അവർക്ക് ക്രമമായ അനുദിന ജീവിതചര്യ അനുഷ്ഠിക്കാൻ വേണ്ട ക്രമീകരണം ചെയ്യണം. കളിക്കാനും പഠിക്കാനും ഭക്ഷിക്കാനും ഉറങ്ങാനും മാതാപിതാക്കളും കൂട്ടുകാരും സഹോദരങ്ങളുമൊക്കെയായി സംവദിക്കാനും ഇടപെടാനും നിശ്ചിതസമയം ഉണ്ടായിരിക്കുന്നത് ആരോഗ്യകരമാണ്.

* അവർക്ക് കൂട്ടുകാരുമായി ബന്ധപ്പെടാൻ അവസരമുണ്ടാക്കണം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മകൾ ഫോണ്‍വഴിയോ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടോ ഇടയ്ക്കിടെ നടത്തണം.

* സംസാരം സൂക്ഷിക്കുക: സമ്മർദം കൂടുന്പോൾ വാക്കുകൾ അതിരുവിട്ട് ഉപയോഗിക്കാൻ ഇടയായേക്കാം. അതുണ്ടാകാതെ ശ്രദ്ധിക്കണം. കുറ്റപ്പെടുത്തലും ഭയപ്പെടുത്തലും ഒഴിവാക്കി പ്രോത്സാഹനവും അഭിനന്ദനവും ശീലിക്കണം.

* സമൂഹ മാധ്യമങ്ങളുടെ മേൽ ആരോഗ്യകരമായ നിയന്ത്രണം വേണം. സ്ക്രീനിൽ ചെലവഴിക്കുന്ന സമയം കൃത്യമായും നിശ്ചയിക്കണം. കൂടുതൽ കാര്യങ്ങൾ തലയിൽ കയറുന്നത് ഉത്കണ്ഠയ്ക്ക് കാരണമായേക്കാം. ടിവിയിലും ഫോണിലും കാണുന്നവയും കേൾക്കുന്നവയും എല്ലാം ശരിയല്ലെന്ന തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കണം. വേണ്ടത് നിങ്ങൾ തെരഞ്ഞെടുത്തു കൊടുക്കുന്നതു സ്വീകരിക്കാൻ അവരെ ശീലിപ്പിക്കണം. വീട്ടുജോലിയിലും ക്രിയാത്മകജോലിയിലും എല്ലാവരുമൊത്തുള്ള കളികളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുക.

* അവർക്കു ജോലികൾ നിശ്ചയിച്ചു കൊടുക്കണം. കൃത്യമായി എന്തെങ്കിലും ശ്രദ്ധിക്കാൻ കൊടുത്താൽ സമ്മർദം കുറയും. കളിസമയം, വീട്ടുജോലി സമയം, എന്തെങ്കിലും സൃഷ്ടികൾ നടത്താനുള്ള സമയം ഇവ വേർതിരിച്ചു നൽകാം. ചിത്രരചന, വൃദ്ധരെ ശുശ്രൂഷിക്കൽ, നിർധനരായവരെ സഹായിക്കൽ, അടുക്കള ജോലിയിലുള്ള സഹായം, പാചകം പരിശീലിക്കൽ, പൂന്തോട്ട നിർമാണം, വീടു ഭംഗിയായി ക്രമീകരിക്കൽ തുടങ്ങിയ ജോലികൾ ടൈംടേബിൾ പ്രകാരം ക്രമീകരിച്ചു നൽകാം.