സ്ത്രീകളിലെ വയറുചാടല്‍
സ്ത്രീകളിലെ വയറുചാടല്‍
പ്രായം കൂടിയവരിലും, കുറഞ്ഞവരിലും ഒരുപോലെ കണ്ടുവരുന്ന ശാരീരികാവസ്ഥയാണ് തൂങ്ങിയ വയര്‍ അഥവാ കുടവയര്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ചെറുപ്പക്കാരിലും അമിത ശരീരഭാരവും കുടവയറും കണ്ടുവരുന്നു. വ്യായാമക്കുറവും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗവുമെല്ലാം കുടവയര്‍ ചാടാന്‍ ഇടവരുത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വികരില്‍ ഇത്തരമൊരു ശാരീരികാവസ്ഥ വളരെ കുറവായിരുന്നു. വളരെ അധ്വാനശീലരും പെെട്ടന്ന് തന്നെ ദഹന പ്രക്രിയ പൂര്‍ത്തിയാക്കുന്നതുമായ ആഹാരപദാര്‍ഥങ്ങളുമാണ് അവര്‍ അക്കാലങ്ങളില്‍ കഴിച്ചു വന്നിരുന്നത്. എന്നാല്‍ പുതിയ കാലഘത്തില്‍ ഫാസ്റ്റ്ഫുഡ് ഉപയോഗം ക്രമാതീതമായി വര്‍ധിക്കുകയും പൊതുസമൂഹത്തില്‍ ഇതു വ്യാപകമാവുകയും ചെയ്തു. ഇതോടുകൂടി പ്രായവ്യത്യാസമില്ലാതെ മിക്കവരിലും മേല്‍ പറഞ്ഞ ശാരീരികാവസ്ഥ വ്യാപകമായി.

ജീവിതശൈലിയിലെ മാറ്റം

അമിതമായ ശരീരഭാരവും കുടവയറും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വ്യാപകമായി കണ്ടുവരുന്നു. മലയാളികളുടെ ഭക്ഷണസംസ്‌ക്കാരത്തിലും ആരോഗ്യശീലങ്ങളിലും വന്ന മാറ്റമാണ് ഇതിനു പ്രധാന കാരണം. തടിയും വയറും കുറയ്ക്കാനെന്നപേരില്‍ വിപണിയില്‍ വിവിധതരം മരുന്നുകളും വ്യായാമ ഉപകരണങ്ങളും വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ഇവയുടെയെല്ലാം ഉപയോഗം എത്രമാത്രം ഗുണകരമാണെന്നുള്ളതു സ്വയം വിലയിരുത്തേണ്ട കാര്യമാണ്.

ക്രമമാര്‍ന്നതും കൃത്യതയാര്‍ന്നതുമായ ആഹാരരീതിയും ആഹാരസമ്പ്രദായങ്ങളും വ്യായാമമുറകളും അനുവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ രോഗാതുരമല്ലാത്തൊരു ശരീരത്തെയും ആരോഗ്യമുള്ള മനസിനെയും വീണ്ടെടുക്കാന്‍ നമുക്ക് കഴിയും. അനാവശ്യമായി മരുന്നുകളുടെയും വയര്‍ കുറയ്ക്കാനും ശരീരഭാരം കുറക്കാനും ഉപകരിക്കുമെന്ന് പ്രചരിപ്പിച്ചു വിറ്റഴിക്കുന്ന ഉപകരണങ്ങളുടെയും പുറകെ പോകാതിരിക്കുന്നതായിരിക്കും അഭികാമ്യം.

സ്ത്രീകളിലെ കുടവയര്‍

അമിതമായ ശാരീരിക ഭാരവും കുടവയറും മാനസികമായി നമ്മളെ തളര്‍ത്തുന്നതിനോടൊപ്പം വിവിധ തരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. സ്ത്രീകളില്‍ പ്രധാനമായും കുടവയര്‍ കണ്ടുവരുന്നത് അമിതമായി ശരീരഭാരമുള്ളവരിലും തൈറോയ്ഡ്, പിസിഒഡി അസുഖമുള്ളവരിലും, പ്രസവാനന്തരവും ആര്‍ത്തവവിരാമത്തിനു ശേഷവുമുള്ള സ്ത്രീകളിലുമാണ്. ഉദരഭാഗം, അടിവയര്‍, തുടഭാഗം, ഇടുപ്പ്, അര ഭാഗത്തിന്റെ വശങ്ങള്‍ എന്നിവിടങ്ങളിലാണ് കുടവയറിന് കാരണമാകുന്ന കൊഴുപ്പ് പ്രധാനമായും അടിഞ്ഞുകൂടുന്നത്. ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെ് വലിയ ബുദ്ധിമുുകളും ശാരീരിക പ്രയാസങ്ങളും നേരിടുക സ്വാഭാവികമാണ്.

-
വ്യായാമത്തിന്‍റെ ആവശ്യകത

കൊച്ചുകുട്ടികളില്‍ വരെ ഇപ്പോള്‍ കുടവയര്‍ കണ്ടുവരുന്നുണ്ട്. പുരുഷന്മാരില്‍ പൊതുവെ വ്യായാമമില്ലായ്മയ്ക്കു പുറമേ, കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ഹോര്‍മോണുകളുടെ കാര്യത്തില്‍ വരുന്ന വ്യത്യാസവും അമിതമായ ഉറക്കം, ആവശ്യത്തിന് ഉറക്കമില്ലായ്മ, കൂടുതല്‍ ഇരുന്നുള്ള ജോലികള്‍ ചെയ്യുക എന്നിവയും കുടവയറിനു കാരണമാകുന്നു. ഭക്ഷണരീതികളില്‍ മിതത്വവും കൃത്യതയും വ്യായാമങ്ങളും അനുവര്‍ത്തിക്കുന്ന പക്ഷം ഇതെല്ലാം വളരെ ഫലപ്രദമായി മറികടക്കാന്‍ സാധിക്കും.


ഭക്ഷണരീതിയില്‍ ശ്രദ്ധിക്കാം

കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഇതോടൊപ്പം സ്വയം ദഹനശക്തിയുടെ അളവ് നാം മനസിലാക്കുകയും വേണം. വളരെ എളുപ്പത്തില്‍ ദഹനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഉതകുന്ന ആഹാരപദാര്‍ഥങ്ങള്‍ ആയിരിക്കും ഉത്തമം. ഫാസ്റ്റ് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കണം. കാരണം ഏറ്റവുമധികം കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ് ഇവ. വീണ്ടും വീണ്ടും ഉപയോഗിക്കുന്ന എണ്ണയും മറ്റു സാധനങ്ങളും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന പതിവാണ് ഉള്ളത്. ശരീരത്തില്‍ കൊഴുപ്പ് അമിതമാകുന്ന സാഹചര്യം രൂപപ്പെട്ടാല്‍ രക്തധമനികളില്‍ അടിഞ്ഞു കൂടി ഇവ ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും വളരെയേറെയാണ്. അമിതമായി അടിഞ്ഞു കൂടിയ കൊഴുപ്പുമൂലം ശരീരഭാരം വര്‍ധിക്കുകയും നടക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെടുകയും ചെയ്യുന്നതോടൊപ്പം, മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കും. സ്ത്രീകളിലും യുവതികളിലും ആര്‍ത്തവക്രമം ശരിയാകാതെ വരികയും ചെയ്യും. വളരെ ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നതിനു പ്രധാനകാരണം അമിതമായ കൊഴുപ്പുകലര്‍ന്ന ആഹാരശീലങ്ങള്‍ കൊണ്ടുകൂടിയാണ്.

അമിത വണ്ണവും കുടവയറും നമ്മളില്‍ ആത്മവിശ്വാസക്കുറവും രോഗാതുരമായ മാനസികാവസ്ഥയും സൃഷ്ടിക്കും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും നടത്തം ഒരു ശീലമാക്കി മാറ്റണം. കൂടാതെ കലോറി കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം. മിതമായ ഭക്ഷണവും ക്രമം തെറ്റാതെയുള്ള വ്യായാമവും കുടവയറും അമിതമായ ശരീരഭാരവും കുറയ്ക്കാന്‍ വളരെയേറെ പ്രയോജനപ്രദമാണ്. ആഹാരശീലത്തിലും മതിയായ നിഷ്‌കര്‍ഷ പുലര്‍ത്തിയാല്‍ മേല്‍പ്പറഞ്ഞ ശാരീരികപ്രശ്‌നങ്ങള്‍ വളരെ വലിയ രീതിയില്‍ ഒഴിവാക്കാന്‍ കഴിയും.

കൊഴുപ്പു കൂടിയതും ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഉതകുന്നതുമായ ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുന്നതു ക്രമപ്പെടുത്തുകയും മിതമാക്കുകയും ചെയ്യണം. പഴങ്ങള്‍, പച്ചക്കറികള്‍, ഇലവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് പൊതുവേ ആരോഗ്യമെന്ന് പറയുന്നത്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ് ഉണ്ടാവൂ എന്നുള്ളതാണു യാഥാര്‍ഥ്യം. നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.

ഡോ. യു.ആതിര
ഉന്‍തോണിയില്‍ ആയുര്‍വേദ നിലയം
കടമ്പഴിപ്പുറം, പാലക്കാട്