ഇൻഷ്വറൻസ് എടുക്കാൻ മറക്കല്ലേ ഭവനവായ്പ എടുക്കുന്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇൻഷ്വറൻസ് എടുക്കാൻ മറക്കരുതെന്നതാണ്. പൊതുവേ ബാങ്കുകൾ വായ്പ അനുവദിക്കുന്പോൾ തന്നെ ഇൻഷ്വറൻസിനായുള്ള തുകയും ഈടാക്കാറുണ്ട്. പലരും അത്രയും പണം നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഇൻഷ്വറൻസിനെ ഒഴിവാക്കും. അങ്ങനെ ചെയ്യരുത്. വായ്പ എടുക്കുന്നയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ ബാധ്യത മുഴുവൻ ആശ്രിതർക്കാകും. എന്നാൽ ഇൻഷ്വറൻസ് ഉണ്ടെങ്കിൽ ഇങ്ങനെയൊരു പേടി വേണ്ട.
ഭവനവായ്പ എടുക്കും മുന്പ് എത്ര രൂപ വേണം വായ്പയായി എത്ര രൂപ വേണം എന്നുള്ളത് കൃത്യമായി മനസിലാക്കി വേണം വായ്പയ്ക്കായ് അപേക്ഷിക്കേണ്ടത്. ആവശ്യമുള്ളതിലും അധികം തുക ഒരിക്കലും വായ്പയായി എടുക്കരുത്. കാരണം അതു വലിയൊരു ബാധ്യതയായി തുടരുമെന്നല്ലാതെ അതുകൊണ്ടു നേട്ടമൊന്നുമില്ല.
വരുമാനം എത്ര? വായ്പ എടുക്കുംമുന്പ് വരുമാനം എത്രായണെന്നുകൂടി ഉറപ്പാക്കിയിരിക്കണം. കാരണം വായ്പ തിരിച്ചടവ് നടത്തേണ്ടതുണ്ട്. വരുമാനത്തിനുള്ളിൽ ഒതുങ്ങുന്ന തുകയാണോ തിരിച്ചടവെന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ വലിയ സാന്പത്തിക ഞെരുക്കത്തിലേക്കും ബാധ്യതകളിലേക്കും ഇതു നയിക്കും. ബാങ്കുകളും വായ്പ അനുവദിക്കുന്നതിനു മുന്പ് വായ്പക്കാരന്റെ തിരിച്ചടവ് ശേഷി പരിശോധിക്കും.
തിരിച്ചടവ് കാലാവധി സാധാരണയായി 15 മുതൽ 30 വർഷത്തേക്കാണ് ഭവന വായ്പ കാലാവധി. കാലാവധി പൂർത്തിയാകുന്നതിനു മുന്പ് വായ്പത്തുക അടച്ചു വായ്പ ക്ലോസ് ചെയ്യാനുള്ള അവസരമുണ്ട്.
പലിശ നിരക്ക് പലിശ നിരക്ക് ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. ഇപ്പോൾ 6.7 ശതമാനം മുതലാണ് ബാങ്കുകൾ ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ. രണ്ടു രീതിയിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. ഒന്ന് ഫിക്സ്ഡ് നിരക്കാണ്. വായ്പ എടുത്ത നാൾ മുതൽ വായ്പ അടച്ചു തീരുന്നതുവരെ ഒരേ നിരക്കിലായിരിക്കും പലിശ. രണ്ടാമത്തേത് ഫ്ളോട്ടിംഗാണ്. റിസർവ് ബാങ്ക് നയ പലിശ നിരക്കിൽ (റീപോ) മാറ്റം വരുത്തുന്നതിനനുസരിച്ച് ഈ നിരക്കിലും വ്യത്യസ്തമായിരിക്കും. ഇതു കൂടിയും കുറഞ്ഞും വരാം.
ആവശ്യമായ രേഖകൾ അപേക്ഷ ഫോം, ഐഡന്റിറ്റി രേഖകൾ, സാലറി സ്ലിപ്, ഫോം 16 അല്ലെങ്കിൽ ഇൻകംടാക്സ് അടച്ചതിന്റെ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, വസ്തുവിന്റെ രേഖകൾ എന്നിവയാണ് പൊതുവെ ആവശ്യപ്പെടുന്ന രേഖകൾ.
ഈ ചെലവുകൾക്കുക്കൂടി പണം വേണം ഭവനവായ്പ കൈയിൽ കിട്ടുന്പോഴേക്കും ഉപഭോക്താവിന്റെ കൈയിൽ നിന്ന് അപേക്ഷ ഫീസ്, പ്രോസസിംഗ് ഫീസ് എന്നിങ്ങനെ കുറച്ചു പണം ചെലവാകും. ഓരോ സ്ഥാപനത്തിനും ഇത്തരം ഫീസുകളിൽ വ്യത്യാസമുണ്ടാകാം. വായ്പ എടുക്കും മുന്പ് ഇത്തരം ഫീസുകളെക്കുറിച്ച് ഒരു അന്വേഷണം നടത്തി ഏറ്റവും മികച്ചത് ഏതെന്നു കണ്ടെത്തുന്നതു ചെലവ് കുറയ്ക്കാൻ സഹായിക്കും.
സാധാരണ വരുന്ന ചെലുകൾ ഒന്നു നോക്കാം. 1. അപേക്ഷ ഫീസ്: വായ്പയ്ക്കായുള്ള അപേക്ഷയ്ക്ക് ഈടാക്കുന്ന തുകയാണിത്.
2. പ്രോസസിംഗ് ഫീസ്: വായ്പ നടപടിക്രമങ്ങൾക്കുള്ള ഫീസണിത്. ഇത് വായ്പത്തുകയുടെ .5 ശതമാനം മുതൽ ഒരു ശതമാനം വരെ വരാം.
3. പ്രീ-പേമെന്റ് ചാർജ്
4. ഡോക്യുമെന്േറഷൻ ഫീസ്
5. ബാങ്കിംഗ് ഫീസ്
6. നോട്ടറി ഫീസ്
7. ലീഗൽ ഫീസ്
8. റിക്കവറി ചാർജ് അങ്ങനെ പോകുന്നു ചാർജുകൾ. ധനകാര്യ സ്ഥാപനങ്ങൾ ഫീസുകൾ ഈടാക്കുന്പോൾ ഓരോന്നും എന്തിനാണെന്നും എത്രയാണെന്നും കൃത്യമായി ചോദിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
നൊമിനിറ്റ ജോസ്