ഔഷധ വിപണിയില്‍ താരമായി മേന്തോന്നി
വിഷച്ചെടിയെന്നു കരുതി നാം നശിപ്പിച്ചുകളയുന്ന മേന്തോന്നി അപൂര്‍വ ഔഷധം. ഇതിന്റെ ഔഷധമേന്മ ശാസ്ത്രീയമായി തെളിയിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണ് തമിഴ്‌നാട്ടുകാര്‍. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഔഷധ വള്ളിച്ചെടിയാണ് മേന്തോന്നി. 'ഗ്ലോറിയോസ സൂപ്പര്‍ബ' എന്നാണ് ശാസ്ത്രനാമം. ഇതിന്റെ ഔഷധ പ്രാധാന്യം ഇനിയും നമ്മള്‍ മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം. ഇത് നേരിട്ടു കഴിച്ചാല്‍ വിഷമായി മാറും. അതിനാല്‍ തന്നെ വിഷച്ചെടികളുടെ ഗണത്തിലാണ് കേരളീയര്‍ മേന്തോന്നിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സംസ്‌കരിച്ചെടുക്കുന്ന കിഴങ്ങും വിത്തുമാണ് ഔഷധം. ഇലയ്ക്കും ഔഷധ ഗുണമുണ്ട്.

മേന്തോന്നിക്ക് ഔഷധമെന്ന നിലയില്‍ തനതു വ്യക്തിത്വം നേടിക്കൊടുത്തത് ശിവകാശിയിലെ റ്റി.പി. രാജേന്ദ്രന്‍ എന്ന കര്‍ഷകനാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പുരയിടത്തില്‍ യാദൃച്ഛികമായി കണ്ട ഒരു കിഴങ്ങില്‍ നിന്നാണു തുടക്കം. ഇത് ലണ്ടനിലെ ട്രോപ്പിക്കല്‍ പ്രോഡക്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇദ്ദേഹം പരിശോധനയ്ക്കയച്ചു. ഫലം അദ്ഭുതാവഹമായിരുന്നു. ഈ കിഴങ്ങിന് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. 34 ഇനം വിവിധ ഔഷധ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ ചെറുതായി കൃഷിചെയ്‌തെങ്കിലും ഇതിന്റെ വാണിജ്യസാധ്യത മനസിലാക്കിയപ്പോള്‍ കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. കൂടുതല്‍ കര്‍ഷകരും പങ്കാളികളായി. ഡിണ്ടിഗല്‍, തിരുപ്പൂര്‍, ഒട്ടംചത്രം, ചിന്നക്കാംപെട്ടി ~എന്നീ സ്ഥലങ്ങളില്‍ ഇപ്പോള്‍ ഇതു വ്യാപകമായി കൃഷിചെയ്യുന്നു. ചിന്നക്കാംപെട്ടിയിലെ പഴനിസ്വാമി 40 ഏക്കറിലാണ് ഇത് കൃഷിചെയ്യുന്നത്. ഒരേക്കറിലേക്ക് കൃഷി നടത്താന്‍ 600 കിലോ കിഴങ്ങ് വേണ്ടിവരും. ഒരു കിലോ കിഴങ്ങിന് 700 രൂപയാണ് വില.

ആദ്യകൃഷിക്ക് ഏക്കറിന് എട്ടുലക്ഷം വരെ ചെലവു വരും. പിന്നീട് അഞ്ചുവര്‍ഷം വരെ കൃഷിച്ചെലവു മാത്രം മതി. കായ് പൊട്ടിച്ചെടുക്കുന്ന വിത്തിനാണ് ഔഷധഗുണം കൂടുതല്‍. ആവശ്യക്കാരേറെയും ഇതിനാണ്. ഉണക്കിപ്പൊടിച്ച വിത്ത് പല ഔഷധങ്ങള്‍ക്കും ചേരുവയായി ഉപയോഗിക്കുന്നു. കാന്‍സര്‍ ഔഷധ നിര്‍മാണത്തിനും ഇതൊരു ചേരുവയാണ്. ഇതില്‍ അടങ്ങിയിട്ടുള്ള 'കോള്‍ച്ചസിന്‍' എന്ന ആല്‍ക്കലോയ്ഡാണ് ഔഷധം. ആന്ധ്രയിലും ഇതിന്റെ കൃഷി വ്യാപിക്കുന്നുണ്ട്. ഡല്‍ഹിയിലും ഹിമാചല്‍പ്രദേശിലും വിത്തു സംസ്‌കരണ ഫാക്ടറികളുണ്ട്. ഇതിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ജര്‍മനി, സ്വിറ്റ്‌സ ര്‍ലന്‍ഡ്, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഒരു കിലോ വിത്തിന് 3000 രൂപ നിലവില്‍ വിപണി വിലയുണ്ട്. ഒരിക്കല്‍ കൃഷിചെയ്താല്‍ അഞ്ചുവര്‍ഷം വരെ വിളവെടുക്കാം. 1989 ലാണ് പഴനിസ്വാമി കൃഷി തുടങ്ങുന്നത്. ഇത് ഇപ്പോഴും തുടരുന്നു. ഇതിന്റെ ഇലച്ചാറ് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്ക് ശമനം കിട്ടും. ത്വക്ക്, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, പ്രസവസംബന്ധമായവ എന്നിവയ്ക്കും ഇതിന്റെ ചേരുവകള്‍ ഉപയോഗിക്കുന്നു. അള്‍സര്‍, പൈല്‍സ് രോഗങ്ങള്‍ക്കും ഇത് ഔഷധച്ചേരുവയാണ്. കൃഷിചെയ്യുന്ന കിഴങ്ങുകള്‍ വിദേശങ്ങളിലെ ഔഷധ നിര്‍മാതാക്കള്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവിടത്തെ കര്‍ഷകര്‍.


മണല്‍കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്കുത്തമം. ജലസേചനം വേണ്ട ചെടിയാണിത്. കഠിന വരള്‍ച്ച ഇഷ്ടപ്പെടുന്നില്ല. വെള്ളക്കെട്ടും പാടില്ല. നല്ല നീര്‍വാര്‍ച്ച കൃഷി സുഗമമാക്കും. നല്ലതുപോലെ പരുവപ്പെടുത്തിയ മണ്ണില്‍ തവാരണകളെടുത്താണ് കിഴങ്ങു നടുന്നത്. ഇംഗ്ലീഷ് അക്ഷരമായ 'വി' ആകൃതിയിലുള്ള കിഴങ്ങിന്റെ ഒരുവശത്തേ മുള വരൂ. ആ ഭാഗം മുകളിലായി വേണം നടാന്‍. 12000-13000 ചെടികള്‍ ഒരേക്കറിലുണ്ടാകും. ചെടികള്‍ തമ്മില്‍ 20-30 സെന്റീമീറ്റര്‍ അകലം വേണം. ജൈവവളമാണ് പഥ്യം. 60:25:40 കിലോ ഗ്രാം എന്‍പികെ വളം ഒരേക്കറിന് ശിപാര്‍ശചെയ്യുന്നു. കൃത്രിമ പരാഗണത്തിലൂടെ കൂടുതല്‍ വിളവു ലഭിക്കും. രാവിലെ ഏഴു മുതല്‍ 10 വരെയാണ് കൃത്രിമ പരാഗണം നടത്തുന്നത്. വള്ളിച്ചെടിയായതിനാല്‍ താങ്ങുകാലുകള്‍ ആവശ്യമാണ്. ഒന്നൊന്നര അടി വളര്‍ച്ച വരുമ്പോള്‍ പന്തല്‍ ഇട്ടു കൊടുക്കണം.

സെപ്റ്റംബര്‍- ഒക്‌ടോബര്‍ മാസങ്ങളില്‍ പൂവിടും. ഒരു ചെടിയില്‍ 75-100 പൂക്കള്‍ വരെയുണ്ടാകും. നട്ട് 180-ാം ദിവസം പൂക്കും. ഒരുകായില്‍ 70-100 വിത്തുകള്‍ കാണും. കായകള്‍ ഇളം പച്ചനിറത്തില്‍ നിന്ന് കടും പച്ചയാകുമ്പോള്‍ ചുരുങ്ങി ഭാരം കുറയും. അപ്പോള്‍ വിളവെടുക്കാം. ഫെ ബ്രുവരി മാസത്തിലാണ് വിളവെടുപ്പുസമയം. ശേഖരിച്ച കായകള്‍ 10-15 ദിവസം തണലത്തുണക്കണം. അതിനുശേഷം വിത്തുകള്‍ വേര്‍പെടുത്താം. ഇലയും തണ്ടും ഉണങ്ങിക്കഴിഞ്ഞാല്‍ മണ്ണിളക്കി കിഴങ്ങ് ശേഖരിക്കുകയാണ് പതിവ്. ഇങ്ങനെ ശേഖരിച്ചില്ലെങ്കില്‍ കിഴങ്ങ് വീണ്ടും മുളയ്ക്കും. 5-6 വര്‍ഷം ഈ പ്രക്രിയ തുടര്‍ന്നാല്‍ കിഴങ്ങു ശേഖരിക്കാം. ഒരു ഏക്കറില്‍ നിന്നും 300 കിലോ വരെ കിഴങ്ങു ലഭിക്കും. അഞ്ചു വര്‍ഷത്തിനു ശേഷമാണ് കിഴങ്ങു ശേഖരിക്കുന്നതെങ്കില്‍ ഒരു ടണ്‍ കിഴങ്ങു ലഭിക്കും. കിഴങ്ങ് ചെറു കഷണങ്ങളാക്കി ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്. കിഴങ്ങാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. വിത്തുപയോഗിച്ചും കൃഷിചെയ്യുന്നുണ്ട്. കിഴങ്ങുപയോഗിച്ച് കൃഷി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വംശനാശം നേരിടുന്ന ഔഷധച്ചെടികളുടെ പട്ടികയില്‍ മേന്തോന്നി ഇടം നേടിയിട്ടുണ്ടെന്നതാണ് കാരണം. വിത്തുകിഴങ്ങ് കര്‍ഷകരില്‍ നിന്നു നേരിട്ടോ ഏജന്‍സികളില്‍ നിന്നോ ലഭിക്കും.

കോള്‍ച്ചിസിന്‍, ഗ്ലോറിയോസിന്‍ എന്നിവയാണ് പ്രധാന രാസഘടകങ്ങള്‍. ഇവയ്ക്ക് വമ്പി ച്ച വ്യാവസായിക പ്രാധാന്യമാണുള്ളത്. വിദേശത്ത് വലിയ സാധ്യതയാണുള്ളത്.

വിഷം തീണ്ടിയാല്‍ മറുമരുന്നായും ഇതുപയോഗിക്കുന്നുണ്ട്. വിപണി സാധ്യത കണ്ടെത്തി തരിശുഭൂമിയില്‍ കൃഷിചെയ്താല്‍ പ്രതീക്ഷയ്‌ക്കൊത്ത വരുമാനം തരുന്ന ഔഷധച്ചെടി തന്നെയാകും മേന്തോന്നി. ഫോണ്‍: പഴനിസ്വാമി: 96005 41 009.ഡോ. എന്‍. ജി. ബാലചന്ദ്രനാഥ്
സെക്രട്ടറി, ഫാം ജേര്‍ണലിസ്റ്റ് ഫോറം, തിരുവനന്തപുരം
ഫോണ്‍: 94477 67824.