നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അന്യം നില്‍ക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് ഞൊട്ടാഞൊടിയന്‍. ഞൊട്ടിഞൊട്ട, മുട്ടമ്പുളി തുടങ്ങി പലപേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ഞൊട്ടാഞൊടിയന്‍ പഴത്തിന്റെ രുചി ആസ്വദിച്ചിട്ടില്ലാത്ത കുട്ടിക്കാലം വളരെ വിരളമായിരിക്കും. വയല്‍ വരമ്പുകളിലും വീട്ടുമുറ്റത്തോടു ചേര്‍ന്നും റോഡിന്റെ ഇരുവശങ്ങളിലുമായൊക്കെ ധാരാളം കണ്ടുവന്നിരുന്ന ഒരു ചെടിയാണിത്. നേര്‍ന്ന മധുരവും പുളിയും കലര്‍ന്ന രുചികരമായ പഴത്തോടുകൂടിയ ഞൊട്ടാഞൊടിയന് ഔഷധഗുണങ്ങളും ഏറെയാണ്. ഒട്ടനവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ചെറുപഴത്തിനുണ്ട്.

'ഫൈസാലിസ് മിനിമ' എന്ന ശാസ്ത്രനാമത്തോടുകൂടിയ ഞൊട്ടാഞൊടിയന്‍ 'സൊളനേസ്യേ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. സണ്‍ബെറി, ഗ്രൗണ്ട് ചെറി, ഗോള്‍ഡന്‍ ബെറി എന്നിവ ഇംഗ്ലീഷ് പേരുകളാണ്. ജന്മദേശം അമേരിക്കയാണെങ്കിലും ഉഷ്ണ, മിതോഷ്ണ മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്നു. ഒരു വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള ഞൊട്ടാഞൊടിയന്‍ 0.5 മീറ്റര്‍ ഉരത്തില്‍ വളരും. ശൈത്യത്തെ അതിജീവിക്കല്‍ അത്ര എളുപ്പമല്ല ഈ നാട്ടുസസ്യത്തിന്. ദ്വിലിംഗ പുഷ്പങ്ങളോടു കൂടിയ ഇവയുടെ പരാഗണം ചെറുപ്രാണികള്‍ മുഖേനയാണ്. എല്ലാ ഇനം മണ്ണിലും വളരുമെങ്കിലും നല്ലവണ്ണം നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൂടുതല്‍ അഭികാമ്യം.

വിത്തുകള്‍ മുഖേനയാണ് ഞൊട്ടാഞൊടിയന്റെ പ്രജനനം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളാണ് വിത്തുമുളയ്ക്കാന്‍ അത്യുത്തമം. ചെറിയ രോമങ്ങളോടുകൂടി മൃദുലമായ കാണ്ഡങ്ങളാണ് ഇവയ്ക്ക്. ഇലകള്‍ അണ്ഡാകൃതിയിലും ഹൃദയരൂപത്തിലും കാണപ്പെടുന്നു. ഇലകളും രോമങ്ങളോടുകൂടിയാണ് കാണപ്പെടുന്നത്. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയ്ക്ക്. ഞൊട്ടാഞൊടിയന്റെ പഴങ്ങള്‍ക്കാണ് കൂടുതല്‍ ഔഷധമൂല്യം. കോണ്‍ രൂപത്തിലുള്ള ഒരു ആവരണത്തിനുള്ളിലാണ് ചെറിയ പഴങ്ങള്‍ കാണപ്പെടുക. പൂവിടലും കായ്പിടിക്കലും മാര്‍ച്ച്-ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കണ്ടുവരുന്നു.


ധാരാളം സത്തോടുകൂടിയ പഴങ്ങളില്‍ 76 ശതമാനവും ജലാംശമാണ്. വിറ്റാമിന്‍-സിയുടെ ഒരു പ്രാധാന കലവറയാണ് ഞൊട്ടാഞൊടിയന്‍. 24.45 മില്ലി ഗ്രാം മുതല്‍ 100 മില്ലി വരെ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.



സുപ്രധാന ധാതുക്കള്‍

ഫോസ്ഫറസ് - 0.108 %
പൊട്ടാസിയം - 0.613 %
കാത്സ്യം - 0.024 %
മഗ്നീഷ്യം - 0.056 %
ഇരുമ്പ് - 0.006 %

വിശപ്പില്ലായ്മക്കൊരുത്തമ ഔഷധമാണിത്. ശരീരപുഷ്ടിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനു പുറമെ വയറിളക്കുന്നതിനും വ്രണങ്ങള്‍ ഉണങ്ങുന്നതിനും ഉത്തമമാണ്. നാഗ്പൂര്‍ മേഖലയിലെ ഗോത്രവിഭാഗം ഞൊടിഞൊട്ട ഇലയും കടുകെണ്ണയും ചേര്‍ത്തുള്ള മിശ്രിതം ചെവിവേദനയ്ക്കുപയോഗിച്ചു വരുന്നു. കരള്‍ വീക്കം, മലേറിയ, വാതരോഗം, ചര്‍മ്മവീക്കം, ആസ്തമ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. ഗര്‍ഭിണികളില്‍ സാധാരണയായി കണ്ടുവരുന്ന ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കാന്‍ ഉത്തമമാണ്. ഞൊട്ടാഞൊടിയന്‍ വിറ്റാമിന്‍ ബി-3 യുടെ ഉറവിടമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നുവെ ന്നതും ഞൊട്ടാഞൊടിയന്റെ സ വിശേഷതയാണ്.

സംഗീത
ഫോണ്‍: 94972 46229.