അമ്പടി കള്ളി...പച്ചപ്പുഴുവേ...
പ്രഭാതസവാരി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മുറ്റത്ത് മോറിസ് സാര്‍. എന്നെയും കാത്ത് തന്റെ ഇരുചക്രവാഹനത്തില്‍ നിന്ന് ഇറങ്ങാതെ കാത്തു നില്‍ക്കുകയാണദ്ദേഹം. 'ഡോ.. ശാസ്ത്രജ്ഞാ ഇയാളൊന്നു വന്നേ...നമ്മുടെ ചേനയ്ക്ക് ഇത്തിരി പ്രശ്‌നം.' സാര്‍ ആഗമനോദ്ദേശ്യം ചുരുക്കം വാക്കുകളില്‍ വ്യക്തമാക്കി. വീട്ടിനുള്ളിലേക്ക് നോക്കി 'ഞാനിപ്പോ വരാമേ' എന്നു വിളിച്ചുപറഞ്ഞ് സാറിനൊപ്പം തിരിച്ചു. വിജയകരമായ നെല്‍കൃഷിക്കു ശേഷം വീട്ടുവളപ്പിലെ ചേനക്കൃഷിയിലേക്ക് കാല്‍ വച്ചിരിക്കുകയാണ് എന്റെ മുന്‍ അധ്യാപകന്‍. കുംഭത്തില്‍ നട്ടാല്‍ കുടത്തോളം എന്ന ചൊല്ല് അന്വര്‍ഥമാക്കും വിധമാണ് ചേനക്കൃഷി. വിത്തു ചേന പൂളുവെട്ടി, ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകക്കുഴമ്പില്‍ മുക്കിയാണു നട്ടത്. കടചീയലിനെതിരെയായിരുന്നു ട്രൈക്കോഡര്‍മ പ്രയോഗം. ഇപ്പോള്‍ ചേനയെല്ലാം മുളച്ചു വളര്‍ന്ന് കുട ചൂടി നില്‍ക്കുകയാണ്. ഇത്ര പെട്ടെന്ന് ഇതെന്തുപറ്റി എന്നു ചിന്തിച്ചിരുന്നപ്പോഴേക്കും കൃഷിയിടമെത്തി.

'വാടോ... ചേനേടെ ഇലയെല്ലാം ഊരി പോകുന്നെടോ... ഒറ്റ രാത്രി കൊണ്ട് ഒരെണ്ണത്തിന്റെ കംപ്ലീറ്റ് ഇലയും പോയി, തണ്ടു മാത്രമായി... നോക്കിക്കേ...' സാറിന്റെ ആശങ്കകളും നിരീക്ഷണവും അദ്ദേഹം പങ്കുവച്ചു. നോക്കിയിട്ട് ഒന്നിനെയും കാണുന്നില്ല. 'വല്ല പശുവും കടിച്ചതാണെന്നു വിചാരിച്ചു. പക്ഷെ ഇന്നലെ രണ്ടു മൂടിന്റെ കൂടെ ഇല പോയി.'

'എന്തായാലും ഞാനൊന്നു നോക്കട്ടെ' ഒരു കുറ്റാന്വേഷകന്റെ ഭാവത്തില്‍ ഞാനാ ചേനക്കൃഷിയിടത്തിലേക്കിറങ്ങി. അടുത്തടുത്തുള്ള ചെടികളുടെ ഇലകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചുവടും പരിസരവും ചെടികളും നന്നായി നിരീക്ഷിച്ചു. ഇലകളുടെ അടിവശവും മുകള്‍ വശവും പരിശോധിച്ചു. 'യെസ്...യുറേക്കാ... വിചാരിച്ചതുതന്നെ...' ഞാന്‍ മനസില്‍ പറഞ്ഞു. മോറിസ് സാറിനേയും സഹായി തങ്കച്ചന്‍ ചേട്ടനേയും അടുത്തു വിളിച്ചു. വൃത്തിയായി സൂക്ഷിച്ചിരുന്ന ചേനയുടെ ചുവട്ടില്‍ പ്രത്യേകമായി എന്തെങ്കിലും കാണുന്നുണ്ടോ എന്നു നോക്കാന്‍ പറഞ്ഞു.

'ഇതെന്താ... എലിക്കാട്ടമോ ആട്ടിന്‍ കാട്ടമോ?' കറുത്ത നിറത്തില്‍ ചെറുകടലയോളം വലിപ്പമുള്ള ഏതാണ്ട് ഉരുണ്ടിരിക്കുന്ന ഒരു സാധനം തങ്കച്ചന്‍ ചേട്ടന്‍ ചേനയുടെ ചുവട്ടില്‍ നിന്നും പെറുക്കിയെടുത്തു. 'ഇവിടെല്ലാമുണ്ടല്ലോ?' അതു കണ്ട് മോറിസും സാറും പരിസരം നിരീക്ഷിച്ചു.

'ങാ. കണ്ടുപിടിച്ചല്ലോ? ചേട്ടന് നൂറു മാര്‍ക്ക്.' 'ഇത് എലിയുടേയോ ആടിന്റെയോ കാഷ്ഠമല്ല. മറിച്ച് മറ്റൊരാളുടെയാണ്.' 'രാത്രിയില്‍ വളരെ ഉഷാറായി ചേനയിലകള്‍ തിന്നുന്ന ഒരാളുടെ...' എന്നെ മുഴിമിപ്പിക്കാനനുവദിക്കാതെ തങ്കച്ചന്‍ ചേട്ടന്‍ ആവേശം കൊണ്ടു.

'അതാരാ... ആ കള്ളന്‍?' തന്റെ കണ്ണുകള്‍ വെട്ടിച്ച് പതുങ്ങിയിരിക്കുന്ന ആ രാത്രികള്ളനെ അദ്ദേഹം ചേനച്ചൂവടാകെ പരതി.

'അവിടല്ല ചേട്ടാ... ദാ.. ഇവിടെ' ചേനയിലയുടെ അടിഭാഗം തിരിച്ചു പിടിച്ച് ഞാന്‍ തങ്കച്ചന്‍ ചേട്ടനെ അടുത്തുവിളിച്ചു. എണ്‍പതുകളിലേക്ക് കടക്കാനൊരുങ്ങുന്ന ചേട്ടന്റെ കണ്ണുകള്‍ക്ക് ആദ്യം ഒന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല, ചേനയിലയല്ലാതെ. സാറും ഇതിനോടകം കാഴ്ച കാണാനെത്തി. 'പച്ചനിറത്തില്‍ ഉള്ള ഒരു പുഴുവിനെ കണ്ടോ?'

ഇലയുടെ അടിവശത്ത് ഒളിച്ചിരുന്ന തടിച്ച പഴുവിനെ ചൂണ്ടി ഞാന്‍ രണ്ടുപേരോടുമായി ചോദിച്ചു.
'ങാ.. കണ്ടു... കണ്ടു..ഇതിന്റെ മുതുകത്ത് രണ്ട് കണ്ണുണ്ടല്ലോ?' ചേട്ടന്‍ തന്റെ കാഴ്ചയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തി. 'ചേട്ടാ.. മുതുകില്‍ കണ്ണുപോലെ കാണുന്ന രണ്ട് വൃത്തങ്ങള്‍ ഈ പഴുക്കളെ പിടിച്ചു തിന്നാന്‍ വരുന്ന കിളികളേയും മറ്റും ഭയപ്പെടുത്താനുള്ളതാണ്.' 'യഥാര്‍ഥ കണ്ണുകള്‍ മുന്‍ഭാഗത്തുണ്ട്. ചെറുതാണവ.' ഞാന്‍ വിശദീകരിച്ചു.


'അല്ലാ... ഒരു ചെറു വാലുമുണ്ടല്ലോ?' മോറിസ് സാര്‍ തന്റെ കണ്ണട ഒന്നനക്കിവച്ച് പ്രതികരിച്ചു. 'എന്തൊരു വലിപ്പം.. ഇതൊരെണ്ണമാണോ കുഞ്ഞേ ഈ ചേനയിലയെല്ലാം തിന്നത്?' തങ്കച്ചന്‍ ചേട്ടന് അദ്ഭുതമായി. 'ഒരു പുഴു മാത്രമാകില്ല, ഇതുപോലെ ഇനിയുമുണ്ടാകും.. നമുക്കു നോക്കാം.'

രാവിലെ തന്നെ മുറ്റത്ത് എല്ലാവരും കൂടി എന്തോ അന്വേഷിക്കുന്നതു കണ്ട് കൗതുകം പൂണ്ട സാറിന്റെ രണ്ടു പേരക്കുട്ടികളും ഞങ്ങളുടെ അടുത്തു കൂടി. ചെറുതും വലുതുമായ രണ്ട് പുഴുക്കളെ ഒരു ചേനയില്‍ നിന്നെ ടുത്ത് അവര്‍ക്ക് കാട്ടിക്കൊടുത്തു. കുട്ടികള്‍ക്ക് കൗതുകമായി, ഒരാള്‍ അതിനെ തൊട്ടുനോക്കി. 'ഈ പുഴുക്കള്‍, ഇതെവിടുന്നു വന്നു?'

സാറിന്റെ സംശയം എന്നോടായിരുന്നു. 'ഒരു നിശാശലഭം ഇടുന്ന മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കളാണിവ. മുട്ടകള്‍ ഒരു കടുകുമണിയോളമേ വരൂ.' ഇലകള്‍ തിന്ന് വളര്‍ച്ചയെത്തിയ പുഴുക്കള്‍ മണ്ണിലേക്കിറങ്ങി ഒരു കൂടിനുള്ളില്‍ സമാധി പ്രാപിക്കും. രണ്ടാഴ്ച സമാധിക്കു ശേഷം നിശാശലഭങ്ങള്‍ പുറത്തുവരും. ചേനയ്ക്കു പുറമെ ചേമ്പിലകളെയും ചിലപ്പോള്‍ ഇവ ആക്രമിക്കാറുണ്ട്. ഇത്തരം മൂന്നു നാലു പുഴുക്കള്‍ വിചാരിച്ചാല്‍ ചേന ഇലകള്‍ മുഴുവനായി നിന്നു നശിപ്പിക്കാനാകും. മഴ തുടങ്ങുന്ന സമയത്ത് ഇവയുടെ ആക്രമണം കൂടുതലാകും.

'അയ്യോ.. എല്ലാ ചെടികളുലുമിത് കാണുമോ എന്തോ ചെയ്യും?' തന്റെ ചേനക്കൃഷി സംരംഭം പരാജയപ്പെടുമോ എന്ന ആശങ്ക സാറിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു.

ഞങ്ങളുടെ സംഭാഷണം സാകൂ തം ശ്രദ്ധിച്ചു നിന്ന കുട്ടികളെ വിളിച്ചു പറഞ്ഞു: നിങ്ങള്‍ ഇത്തരം പുഴുക്കളെ ഈ ചേന മൊത്തം നോക്കി കണ്ടുപിടിക്കണം. ഒരെണ്ണത്തിനെ പോലും വിടരുത്. കുട്ടികള്‍ക്ക് പ്രോത്സാഹനമായി സാര്‍ ഒരു സമ്മാനവും പ്രഖ്യാപിച്ചു. രണ്ടു പുഴുവിന് ഒരു തേന്‍ നെല്ലിക്ക. അവിടെയും കുട്ടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധാലുവായ സാറിനെയാണ് ഞാന്‍ കണ്ടത്. കുട്ടികള്‍ ഉഷാറായി. രണ്ടു പേരും കൂടി അടുത്ത ചെടികള്‍ അരിച്ചുപെറുക്കി. പല വലിപ്പത്തിലുള്ള എട്ടു പുഴുക്കളെ പിടികൂടി. പഴുക്കളെ കോഴികള്‍ക്ക് കൊടുക്കാനായി കുട്ടികള്‍ പോയി. തങ്കച്ചന്‍ ചേട്ടന്‍ അപ്പോഴും ഇലകള്‍ പരിശോധിക്കുകയായിരുന്നു.
ഇലകള്‍ തിന്നുന്ന 'ഹിപ്പോഷന്‍ സെലേറിയോ' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന പുഴുക്കള്ളന്മാരെ പിടിച്ച ആവേശത്തില്‍ ഒരു കുറ്റാന്വേഷകന്റെ സംതൃപ്തിയോടെ മടങ്ങാനൊരുങ്ങവേ സാറിന്റെ വക ചോദ്യം വീണ്ടും: എന്തെങ്കിലും മരുന്ന് അടിക്കേണ്ടതുണ്ടോടോ? അതിന്റെ ആവശ്യമില്ലെന്നും ദിനവും നിരീക്ഷിച്ച് കുട്ടികളുടെ സഹായത്തോടെ പുഴുക്കളെ പെറുക്കി നശിപ്പിച്ചാല്‍ മതിയാകുമെന്നും നിര്‍ദ്ദേശിച്ചു. അത്യാവശ്യമെങ്കില്‍ മെറ്റാറൈസിയം മിത്ര കുമിള്‍പ്പൊടി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ച് ചേനയെ സംരക്ഷിക്കാനാകുമെന്ന് ഒരിക്കല്‍ കൂടി സാറിനെ ബോധ്യപ്പെടുത്തി. തിരിച്ചു പോകാന്‍ തുടങ്ങവെ പിന്നില്‍ തങ്കച്ചന്‍ ചേട്ടന്‍ വക, നടന്‍ സുകുമാരന്റെ ഒരു പഴയ ഡയലോഗ്- അമ്പടി കള്ളീ... പച്ചപ്പുഴുവേ....

ഡോ. ടി. ശിവകുമാര്‍
ഐസിഎആര്‍ കൃഷിവിജ്ഞാന കേന്ദ്രം, ആലപ്പുഴ