പാലാര്‍ ടീ: ജൈവകര്‍ഷകന്റെ തേയില സംരംഭം
Monday, September 23, 2019 5:02 PM IST
വന്‍കിട തേയില നിര്‍മാണ കമ്പനികള്‍ക്കു മാത്രമാണ് തേയില തോട്ടങ്ങളുള്ളത്. തേയില കൃഷിചെയ്യുന്ന ചെറുകിട കര്‍ഷകര്‍ വളരെ ചുരുക്കം. അവരില്‍ ആര്‍ക്കെങ്കിലും ഒരു തേയില നിര്‍മാണഫാക്ടറിയുണ്ടോ എന്നു ചോദിച്ചാല്‍ തെക്കേഇന്ത്യയില്‍ ഒരാള്‍ക്കുമാത്രമേ അതുള്ളൂ. ഇടുക്കി നെടുങ്കണ്ടത്തെ സണ്ണി പനച്ചിനാനിക്കലിന്റെ പാലാര്‍ ഓര്‍ഗാനിക് ഫാമാണത്.
രാസവളങ്ങളും കീടനാശിനികളുമില്ലാത്ത പ്രകൃതികൃഷി രീതിയിലാണ് ഇവിടെ തേയില ഉത്പാദനം. വളമുണ്ടാക്കാനായി നാലു പശുക്കളെ വളര്‍ത്തുന്നു. ജീവാമൃതമാണ് നല്‍കുന്ന വളം. വര്‍ഷത്തില്‍ അഞ്ചു തവണ ഇതു നല്‍കും. വേനലില്‍ നനയ്ക്കും. കോടയും ശക്തിയായ കാറ്റുമുള്ള പാലാര്‍മലയുടെ മുകള്‍ഭാഗത്താണ് തേയിലത്തോട്ടം.
ടീ ബോര്‍ഡിന്റെ മൈക്രോ ടീ ഫാക്ടറിക്കുള്ള ലൈസന്‍സാണ് ഈ തേയില കര്‍ഷകന് ലഭിച്ചിരിക്കുന്നത്. അതിനാല്‍ ജൈവരീതിയില്‍ സ്വന്തം തേയിലത്തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന തേയിലകൊളുന്തുകളേ തേയില നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പറ്റൂ. തേയില ഫാക്ടറി സ്ഥാപിക്കാന്‍ ഒരു കോടി രൂപ ചെലവായി.
ഉപയോഗിച്ചവര്‍ നല്‍കിയ പ്രചാരണമായിരുന്നു തേയിലയെ പ്രശസ്തമാക്കിയത്. ഇതിനായി ആദ്യം പാലാര്‍ ടീ എന്ന പേരില്‍ സുഹൃത്തുക്കള്‍ക്കും ഓര്‍ഗാനിക് ഷോപ്പുകളിലും ഉത്പന്നമെത്തിച്ചു. വിദേശത്തുള്ള സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. അങ്ങനെ സ്വിറ്റ്‌സര്‍ലന്‍ ഡില്‍ നിന്നുള്ള ഒരു ടീം ഈ തേയില പരീക്ഷിച്ചു. അവര്‍ക്ക് രുചിയും ഗുണവും ഇഷ്ടപ്പെട്ടു. അവര്‍ മുഖാന്തിരം ചെറിയൊരു ഓര്‍ഡറും കിട്ടി. ഇടുക്കി സന്ദര്‍ശിക്കാനെത്തിയ നിരവധി വിദേശിയര്‍ തേയില നിര്‍മാണവും തേയിലക്കൃഷിയും കാണാനെത്തുകയും വാങ്ങുകയും ചെയ്തു. ഇന്ന് സിജിഎച്ച് ഹോട്ടല്‍ ഗ്രൂപ്പ്, എയര്‍പോര്‍ട്ടുകള്‍, ചെന്നെയിലെ സണ്ണിബീ എന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല തുടങ്ങി നിരവധി സ്ഥങ്ങളില്‍ പാലാര്‍ ടീ സാന്നിധ്യമറിയിക്കുന്നു. രുചിയും ഗുണവും കൂടുതലുള്ളതിനാല്‍ വലിയ ഹോട്ടലുകളില്‍ നിന്ന് ഓര്‍ഡറുകള്‍ എത്തുന്നു.
ജൈവരീതിയില്‍ അതീവ ശ്രദ്ധകൊടുത്ത് നിര്‍മിക്കുന്നതിനാല്‍ ചായയ്ക്ക് വില അല്‍പം കൂടും. മൂന്നുതരം തേയിലകളാണ് സണ്ണി വിപണിയിലെത്തിക്കുന്നത്. ഓര്‍ത്തഡോക്‌സ് ബ്ലാക് ടീ, ഓര്‍ത്തഡോക്‌സ് ഗ്രീന്‍ ടീ, വൈറ്റ് ടീ. 60, 125 ഗ്രാമിന്റെ പായ്ക്കറ്റുകളായാണ് വില്‍പ്പന. ഓര്‍ത്ത ഡോക്‌സ് (ബ്ലാക്ക്) 60 ഗ്രാമിന് 180 രൂപയും ഗ്രീന്‍ ടീയ്ക്ക് 300 രൂപ യുമാണ് വില. വൈറ്റ് അവശ്യാനുസരണം ഉത്പാദിപ്പിച്ചു നല്‍കും. തേയിലത്തോട്ടത്തിലെ പരിചരണത്തിനും തേയില ഉത്പാദനത്തിനുമായി 20 ജോലിക്കാരുണ്ട്. ഒരു തവണ നൂറു കിലോ തേയില ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇവിടെയുള്ളത്. അഞ്ഞൂറ് കിലോ കൊളുന്തു ണ്ടെങ്കില്‍ നൂറു കിലോ ചായപ്പൊടി കിട്ടും. ഇത്രയും തേയില ലഭിക്കാന്‍ ഇരുപത്തഞ്ച് ഏക്കറിലെങ്കിലും കൃഷി ഉണ്ടാകണം. ആഴ്ചയിലൊരിക്കല്‍ വിളവെടുപ്പു നടത്താം.
വെള്ളത്തിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ചായയ്ക്ക് രുചികുറയും, കടുപ്പം കൂടും. ഒരു ചായയ്ക്ക് ആവശ്യമായ രണ്ടുഗ്രാം പൊടി കപ്പിലിട്ട് അതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് അഞ്ചുമിനിറ്റ് മൂടിവയ്ക്കണം. പിന്നീട് അരിച്ചെടുത്ത് ആവശ്യത്തിന് മധുരം ചേര്‍ത്തു കുടിക്കാം. മധുരം ഒഴിവാക്കുന്നതാണ് കൂടുതല്‍ ഗുണകരം. പാലു ചേര്‍ക്കാതെ കുടിക്കണം. ഒരു ചായയുടെ ഗുണങ്ങളെല്ലാം പറഞ്ഞു തരുന്ന ഈ കര്‍ഷകന്റെ കൃഷിയിടത്തിലെ പ്രകൃതിരമണീയമായ ദൃശ്യങ്ങള്‍ മനസും നിറയ്ക്കും. കുളിരണിയിക്കുന്ന തണുത്തകാറ്റ് വശ്യത സമ്മാനിക്കുന്നു. തോട്ടത്തിലെ ഫാക്ടറിയില്‍ തേയില ഉത്പാദനം കാണാം, സ്വന്തമായി ചായ ഉണ്ടാക്കി കുടിക്കാം. ഇഷ്ടമായാല്‍ മാത്രം ചായപ്പൊടി വാങ്ങാം. താത്പര്യമുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കൃഷിയിടം സന്ദര്‍ശിക്കുന്നതിനും കൃഷി രീതികളും ചായപ്പൊടിനിര്‍മാണ രീതിയും മനസിലാക്കുന്നതിനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട കര്‍ഷകരുടെയും സംരംഭകരുടെയും ഏതു സംശയങ്ങള്‍ക്കും മറുപടിനല്‍കാന്‍ തയാറുമാണ് സണ്ണി പനച്ചിനാനിക്കല്‍. ഷോപ്പുകളിലൂടെയും കൊറിയര്‍ വഴിയും ഇദ്ദേഹ ത്തിന്റെ തേയില ലഭിക്കും. ഓണ്‍ ലൈന്‍ വില്പന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. ഒറ്റയ്ക്ക് ഫാക്ടറി ആരംഭിക്കാന്‍ കഴിയാത്ത ചെറുകിടകര്‍ഷകര്‍ക്ക് പങ്കാളിത്തത്തോടെ ആരംഭിക്കാം. താത്പര്യമുള്ള കര്‍ഷകര്‍ക്ക് ഫാക്ടറി തുടങ്ങുന്നതിനാവശ്യമായ തന്റെ അറിവുകള്‍ പങ്കുവയ്ക്കാനും ഈ കര്‍ഷകന്‍ തയാറാണ്. കൂടുതല്‍ പേര്‍ സംരംഭക രംഗത്തേക്കു വരുമ്പോള്‍ വില്‍പന കൂടുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

പ്രതിസന്ധികള്‍ക്കൊടുവില്‍ സംരംഭകത്വം
അഞ്ചു വര്‍ഷത്തെ പഠനങ്ങളുടെ പൂര്‍ത്തീകരണമാണ് സണ്ണി പനച്ചിനാനിക്കലിന്റെ തേയിലഫാക്ടറി. 27 വര്‍ഷം മുമ്പാരംഭിച്ചതാണ് തേയിലക്കൃഷി. 20 ഏക്കറിലെ തേയില ഏജന്റുമാര്‍ക്കാണ് നല്‍കിയിരുന്നത്. പിന്നീട് തേയില എടുക്കാന്‍ ആളില്ലാതായി. കൃഷി നഷ്ടത്തിലും. ചെറുകിട തേയില കര്‍ഷകരെല്ലാം കൃഷിയില്‍ നിന്നു പിന്‍മാറിതുടങ്ങി. അങ്ങനെ പത്തുവര്‍ഷം മുമ്പ് മനസിലുദിച്ച ആശയമാണ് കര്‍ഷകന്‍ സംരംഭകനായി മാറണമെന്നത്. അന്നു തുടങ്ങിയ യാത്ര ഫലമണിയുന്നത് 2019ല്‍. കാര്‍ഷിക രംഗത്തെ സാമ്പത്തിക തകര്‍ച്ചയില്‍ തളരാതെ ഓരോ തേയിലച്ചെടിയെയും സംരക്ഷിച്ചു.
കീടാക്രമണം ഇല്ലേ?
തേയിലക്കൊതുകുപോലുള്ള കീടങ്ങളുടെ ആക്രമണം ഇല്ലേ എന്ന ചോദ്യത്തിന് സണ്ണിക്കു പറയാനുള്ളത് ഒന്നു മാത്രം. ഇവയ്‌ക്കെതിരേ വിഷമടിക്കുമ്പോള്‍ ആപ്രദേശത്തു നിന്ന് മിത്ര കീടങ്ങള്‍ മാറും. അപ്പോഴാണ് തേയിലക്കൊതുകുപോലുള്ള കീടങ്ങളുടെ ആക്രമണം രൂക്ഷമാകുന്നത്. പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതം ഉപയോഗിച്ചാല്‍ മിത്രകീടങ്ങള്‍ വര്‍ധിക്കും. തേയിലച്ചെടികള്‍ക്കിടയില്‍ ധാരാളം ചിലന്തികള്‍ വലവിരിക്കും. ഒട്ടുമിക്ക ഇലതീനി പ്രാണികളും ഇതില്‍കുടുങ്ങി ചിലന്തികള്‍ക്ക് ആഹാരമാകുകയും ചെയ്യും. കാറ്റിന്റെ ശക്തികുറഞ്ഞ സ്ഥലത്ത് വീടിനോടു ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍ കോണ്‍ക്രീറ്റ് കാലുകളില്‍ കുരുമുളകു കൊടികളുമുണ്ട്. വിവിധതരം ഫലവൃക്ഷങ്ങളും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും വിളയിക്കുന്നു. ഭക്ഷണം ഔഷധമാകണമെന്ന ചിന്തയോടെ യാണ് കൃഷി പരിചരണം.
സണ്ണിയും ഭാര്യ റോസമ്മയും മക്കളായ അന്നുവും റിനുവും സോനുവും ഒരുമയോടെ കൃഷി വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ശുദ്ധമായ തേയില ആരോഗ്യ പാനീയം
ശുദ്ധമായ തേയില ഉപയോഗിച്ചുള്ള ചായ ഒരു ആരോഗ്യ പാനീയമാണ്. തേയിലയുടെ രണ്ടിലയും കൂമ്പും ചുളുക്കുകള്‍ പറ്റാതെ കിള്ളിയെടുത്ത് കൃത്യമായ പ്രോസസിംഗിലൂടെ ഉണ്ടാക്കുന്ന ചായ ഗുണ സമൃദ്ധമാണ്. മൂത്തതും കേടുവന്ന തണ്ടുമെല്ലാം ഒരുമിച്ച് വെട്ടിയെടുത്ത് തേയില ഉത്പാദിപ്പിക്കുന്നരീതിയാണ് നമ്മുടെ നാട്ടിലുള്ളത്. കൂടാതെ മായം ചേര്‍ത്ത തേയിലയും സുലഭം. ഇവ ഉപയോഗിക്കുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് പാലാര്‍ ടീ ഉത്പാദകനായ സണ്ണി പനച്ചിനാനിക്കല്‍ പറയുന്നു.
നെല്ലി ചെങ്ങമനാട്
ഫോണ്‍: 9539882160, 9545112600.