താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പരിചരണം, പറ്റംപറ്റമായ സഞ്ചാരം, ഇണക്കം, ഉയര്‍ന്ന രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം താറാവിനെ കര്‍ഷക ബന്ധുവാക്കി. ബ്രോയ്‌ലര്‍ താറാവുകളും പറക്കും താറാവുകളും വെള്ളം ആവശ്യമില്ലാത്ത കരത്താറാവുകളും കേരളത്തില്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. താറാവിനെ വളര്‍ത്താന്‍ ജലാശയങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ല. തലമുക്കി കുളിക്കാന്‍ പാകത്തിന് ചെറു ടാങ്കുകളി ലോ വലിയ പാത്രങ്ങളിലോ വെള്ളം വച്ചുകൊടുത്തും താറാവുകളെ വളര്‍ത്താം.

പ്രജനനവും പരിപാലനവും

മുട്ടത്താറാവില്‍ 20 പിടയ്ക്ക് ഒരു പൂവനും ഇറച്ചിത്താറാവില്‍ 10 പിടയ്ക്ക് ഒരു പൂവനും വേണം. ചിങ്ങം, വൃശ്ചികം, മകരം എന്നീ മാസങ്ങളില്‍ കൊയ്ത്തുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ താറാവുകൃഷി. ആറാഴ്ച പ്രായമാകുമ്പോഴാണ് താറാവുകളെ വയലില്‍ ഇറക്കിത്തീറ്റുക. കരയിലും തോടുകളിലുമായി അതുവരെ ചെറുപരിശീലനങ്ങള്‍ നല്‍കാം.

താറാംകുഞ്ഞുങ്ങള്‍ക്കു കൃത്രിമച്ചൂട് നല്‍കേണ്ടതില്ല. ഉയരം ക്രമീകരിച്ചും തറയില്‍ മണല്‍ വിരിച്ചും കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുമൊക്കെ ഓലകെട്ടിമറച്ച കൂടുകളില്‍ ചൂടൊരുക്കാം. ഒരു യൂണിറ്റില്‍ 2000 മുതല്‍ 6000 കുഞ്ഞുങ്ങള്‍വരെയുണ്ടാകും. വ്യാവസായിക ഫാമുകളില്‍ ആദ്യമൂന്നാഴ്ച 32 ഡഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഹോവറുകളുടെ സഹായത്തോടെ വളര്‍ത്താം. കുഞ്ഞൊന്നിന് 100 ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലം ആദ്യ ആഴ്ചയില്‍ വേണം. കോഴിത്തീറ്റ, ചോറ്, തവിട്, ചോളം, ഉപ്പുചേരാത്ത ഉണക്കമത്സ്യം ഇവയൊക്കെ ചേര്‍ത്ത തീറ്റ വെള്ളത്തില്‍ കുഴച്ച് താറാവിനു നല്‍കാം. പ്രായമായ താറാവുകളെ കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളിലും ചതുപ്പിലും കൊണ്ടുപോയി ഉതിര്‍മണികള്‍ ജലസസ്യങ്ങള്‍, ഞണ്ട്, നത്തക്ക തുടങ്ങിയവ തീറ്റുന്ന പരമ്പരാഗത രീതിയും നിലവിലുണ്ട്. കപ്പലണ്ടിപ്പിണ്ണാക്ക്, അരിത്തവിട്, പനഞ്ചോറ് എന്നിവയും താറാവുകള്‍ക്ക് കൈത്തീറ്റയാണ്. ദിവസേന മൂന്നുനേരം വെള്ളം നല്‍കാം. കഴുകി വൃത്തിയാക്കാന്‍ എളുപ്പമുള്ള പ്ലാസ്റ്റിക് ബേസിനുകളാണ് ഇതി നു നല്ലത്.

രാവിലെയും ഉച്ചയ് ക്കും വൈകിട്ടും നല്‍ കുന്ന കുടിവെള്ളത്തില്‍ വയമ്പും മഞ്ഞളുമൊക്കെ നല്‍കാം. നാലാമത്തെ ആഴ്ച മുതല്‍ വെള്ളത്തിലിറങ്ങാനുള്ള പരിശീലനം നല്‍കാം. ഒന്നിച്ചു നീങ്ങി വെള്ളത്തിലിറങ്ങാനും നീന്താനും ആദ്യദിനം അരമണിക്കൂര്‍ പരിശീലനം നല്‍ കാം. ക്രമേണ ദൈര്‍ഘ്യം വര്‍ധിപ്പിച്ച് വെള്ളത്തില്‍ കഴിയാന്‍ പ്രാപ്ത്തരാക്കാം. ഞാറ്റടിയില്‍ മുഞ്ഞ പിടിക്കാതിരിക്കാന്‍ താറാവിന്‍ കുഞ്ഞുങ്ങളെ കയറ്റി വിടുന്ന കാഴ്ച ഹൃദയഹാരിയാണ്. നെല്‍കൃഷിയിലെ ജൈവകീടനിയന്ത്രണത്തിന്റെ ഉത്തമമായ മാതൃകയാണിത്.

ആറാമത്തെ ആഴ്ചയില്‍ പൂവനേയും പിടയേയും വേര്‍തിരിക്കാം. വാലഗ്രത്തേക്ക് മുകള്‍ വളവും ശബ്ദവും തലയെടുപ്പുമൊക്കെ പൂവനെതിരിച്ചറിയാന്‍ സഹായിക്കും. പെണ്‍താറാവുകള്‍ 135-140-ാം ദിവസം മുതല്‍ മുട്ടയിട്ടുതുടങ്ങും. വളര്‍ച്ചാഘട്ടത്തിലെ തീറ്റയുടെ ലഭ്യതയനുസരിച്ച് ഈ ദൈര്‍ ഘ്യം വ്യത്യാസപ്പെടും. ആണ്‍ താറാവുകള്‍ കൂട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കും. 20 പിടയ്ക്ക് ഒരു പൂവന്‍ എന്ന കണക്കില്‍ ലഭിക്കുന്ന കൊത്തുമുട്ടകള്‍ വിരിയാനുള്ള സാ ധ്യതയേറും. ഒട്ടും വെള്ളത്തിലിറക്കാതെ പൂര്‍ണമായും സ്റ്റാര്‍ട്ടര്‍, ഗ്രോവര്‍ തീറ്റകള്‍ നല്‍കിയും താ റാവിനെ വളര്‍ത്താം. ഡീപ്‌ലിറ്റര്‍ രീതിയില്‍ പരിപാലിക്കുമ്പോള്‍ 10-ാം ആഴ്ചയില്‍ പൂവന് 1.5 കിലോഗ്രാം തൂക്കവും പിടയ്ക്ക് 1.45 കിലോഗ്രാം തൂക്കവും ഉത്തമം. അതിരാവിലെയാണ് താറാവുകള്‍ മുട്ടിയിടുക. 6-8 ആഴ്ചയോളം തുടര്‍ച്ചയായി മുട്ടയിട്ടുവരുന്ന പൂവന്‍-പിട ശേഖരത്തില്‍ നിന്നും വിരിയിക്കാനുള്ള കൊത്തുമുട്ടകളെടുക്കാം. തീര്‍ത്തും അഴുക്കായ മുട്ടകള്‍ കഴുകാം (27 ഡിഗ്രി ചൂടുവെള്ളത്തിലും അണുനാശിനിയിലും)ഇന്‍ക്യുബേറ്ററില്‍ 28 ദിവസം കൊണ്ട് മുട്ട വിരിയും. ആദ്യ ത്തെ മൂന്നാഴ്ച, ദിവസം നാലു പ്രാവശ്യമെങ്കിലും മുട്ടകള്‍ ചുറ്റോടുചുറ്റും തിരിച്ചു വയ്ക്കണം. മുട്ട സൂര്യോദയം കാണരുത് എന്നൊരു ചൊല്ലുതന്നെയുണ്ട്. വിരിയിക്കാനുള്ള മുട്ടകള്‍ വെയിലേല്‍ക്കാന്‍ പാടില്ലെന്നര്‍ഥം.

സാധാരണ താറാംമുട്ടയ്ക്ക് 65-70 ഗ്രാം ഭാരം വരും. ഒട്ടും പുറത്തേക്കു വിടാതെ വളര്‍ത്തിയാല്‍ ഭാരം കുറയും. മുട്ടതോടുകള്‍ക്കു ബലം വര്‍ധിപ്പിക്കാന്‍ കക്കാതൊണ്ടുകള്‍ നല്‍ കാം. 50 ഗ്രാം കോഴിമുട്ടയില്‍ 250 മില്ലി ഗ്രാം കൊളസ്‌ട്രോള്‍ ഉള്ളപ്പോള്‍ 75 ഗ്രാം താറാവുമുട്ടയില്‍ 600 ഗ്രാം കോളസ്‌ട്രോള്‍ ഉണ്ട്. താറാംമുട്ടയി ലെ പുത്തന്‍ വെള്ളക്കരുവിലെ മാം സ്യം പനി നിയന്ത്രിക്കുന്ന ഘടകമാണ്.


താറാവുകളെ കഴുത്തില്‍ പിടച്ചാ ണ് എടുക്കാറുള്ളത്. ശ്വാസനാളിയിലെ തളരാസ്ഥിവലയങ്ങള്‍ പൂര്‍ണങ്ങളായതിനലാല്‍ താറാവിനു ശ്വാസതടസമുണ്ടാകില്ല.

ഫാമുകളിലെ മാതൃകാ തീറ്റമിശ്രിതം

ഇനം ഭാഗം

മഞ്ഞച്ചോളം 42
അരിത്തവിട് 20
എള്ളിന്‍പിണ്ണാക്ക് 7
സോയാപിണ്ണാക്ക് 14
ഉപ്പു ചേരാത്ത
ഉണക്കമത്സ്യം 10
കക്കാത്തോട് 5
ധാതുലവണമിശ്രിതം 1.75
ഉപ്പ് .25
ആകെ 100പ്രശസ്തമായ താറാവ് ഇനങ്ങള്‍, പ്രത്യേകതകള്‍

കാക്കി ക്യാപ്‌ബെല്‍

ബ്രിട്ടണ്‍ സ്വദേശി. 1900-കളില്‍ വികസിപ്പിച്ചത് മുട്ടയുത്പാദനത്തില്‍ പെരുമ. വര്‍ഷത്തില്‍ 300 മുട്ടകള്‍. നല്ല ഉടല്‍ബലം പെണ്‍താറാവുകള്‍ക്ക് മുഴുവന്‍ കാക്കിനിറം. ആണ്‍താറാവുകള്‍ക്ക് കഴുത്തില്‍ പുകനിറം. നാടന്‍ ഇനങ്ങളുമായി പ്രജനനത്തിന് യോ ജിച്ചത്.

വൈറ്റ് പെക്കിന്‍

തെക്കെ അമേരിക്കയില്‍ വികസിപ്പിച്ചത്. കാലുകളിലും ചുണ്ടുകളിലും ഒറഞ്ചുനിറം. ദ്രുതവളര്‍ച്ച. ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി. 150 മുട്ടകള്‍ 12 വര്‍ഷം ആയുസ്. 54-ാം ദിവസം 2.5 കിലോഭാരം.

ചാര

അന്യംനിന്നുപോയ കുട്ടനാടന്‍ താറാവ്. ഇപ്പോള്‍ നിരണം താറാവുവളര്‍ത്തല്‍ കേന്ദ്രത്തില്‍ സംരക്ഷണം നല്‍കുന്നു. കടുംതവിട്ടുപുള്ളികള്‍ പടര്‍ന്നുകിടക്കുന്ന മേനി. മഞ്ഞച്ചുണ്ടും കാലുകളും. കുറഞ്ഞതീറ്റ. ഉയര്‍ന്ന രോഗപ്രതിരോധ ശേഷി. വര്‍ഷം 180-200 മുട്ടകള്‍. ഒരു മാസത്തോളം കേടുകൂടാതിരിക്കും.

ചെമ്പല്ലി

കര്‍ഷകര്‍ കണ്ടെത്തി സംരക്ഷിച്ച കുട്ടനാടന്‍ താറാവ്. കറുപ്പും കാട്ടു തേന്‍ വര്‍ണവും ഇടകലര്‍ന്നമേനി. വീതിയേറിയ പച്ച, കറുപ്പ് ചുണ്ടുകള്‍. അടുക്കള അവശിഷ്ടങ്ങള്‍ വരെ തീറ്റയാണ്. കടുത്ത ചൂടിനേയും കനത്ത മഴയേയും അതിജീവിക്കും. 150 മുട്ടകള്‍ വര്‍ഷം നല്‍കും.

വിഗോവ സൂപ്പര്‍

വിയറ്റ്‌നാം സ്വദേശി. എയ്ല്‍സ്ബറി പൂവനും വൈറ്റ് പെക്കിന്‍ പിടയുമായി ഇണചേര്‍ന്നുണ്ടായത്. ബ്രോയ്‌ലര്‍ താറാവ് എ ന്ന നിലയില്‍ പ്രശസ്തി. 3.5 കിലോഗ്രാം തീറ്റയില്‍ രണ്ടു കിലോഗ്രാം ഇറച്ചി 55 ദിവസം കൊണ്ട് വലിപ്പമേറിയ തലയും കവി ളും. ബ്രോയ്‌ലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കി വളര്‍ത്താം. കുറഞ്ഞത് മൂന്നു ചതുരശ്ര അടിസ്ഥലമെങ്കിലും ഒരു താറാവിനു വേണം ഇറച്ചിത്താറാവുകള്‍ക്ക് ഓട്ടോമാറ്റിക് ഡ്രിങ്കറില്‍ വെള്ളം നല്‍കുന്നതാണ് ഉചിതം.

അലങ്കാരത്താറാവുകള്‍

മിനിക്കോസ്, ടീല്‍, പിന്‍ടൈല്‍, കൊറലിന, പോച്ചാര്‍ഡ്, ടഫ്റ്റില്‍, ക്രസ്റ്റഡ് വൈറ്റ് തുടങ്ങി അരയന്ന സൗന്ദര്യമുള്ളതും വിരിഞ്ഞ തൂവല്‍ വിന്യാസമുള്ളതും തല യില്‍ തൊപ്പികളുള്ളതുമായ വിവിധയിനങ്ങളെ അലങ്കാരത്തിനായി ഉപയോഗിക്കുന്നു. ശരീരം കുലുക്കലും വലിഞ്ഞു നീളലും തൂവലിലെ സ്‌നേഹലേപനവും കോ തിമിനുക്കലും ജലക്രീഡയുമൊക്കെ ഇത്ത രം താറാവുകളുടെ ആക ര്‍ഷണീയതയാണ്.

രോഗങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍

താറാവ് പ്ലേഗ്

വൈറസ് രോഗം. ക ണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ദ്രാവ കം ഒലിച്ചിറങ്ങി, കാലുകളും ചിറകുകളും തകര്‍ന്ന് കൂട്ടമരണം. പച്ചകലര്‍ന്ന കാഷ്ടം ഒരു രോഗലക്ഷണമാണ്. ചികിത്സ ഫലപ്രദമാകില്ല. പ്രതിരോധം അഭികാമ്യം.

താറാവ് കോളറ

പാസ്ചറുല്ല ബാക്ടീരിയയാണ് രോഗഹേതു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് പെട്ടെന്നു ചത്തൊടുങ്ങും.

ചികിത്സ:

cefixime (cefix 200mg, Powexef 200 mg) രണ്ടു ഗുളിക ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 താറാവുകള്‍ക്ക്. ciprofloxacin (Abact Disquin 250 mg) അഞ്ചു ഗുളിക ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 താറാവുകള്‍ക്ക്.

താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക്:
താറാവുവളര്‍ത്തല്‍ കേന്ദ്രം: തിരുവല്ല- 94478 95438.
ഡയറക്ടര്‍, പൗള്‍ട്രി ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍, ബാംഗളൂരു- 08028 466238.

ജോര്‍ജ് തോപ്പിലാന്‍
ഫോണ്‍: 9495017300
കടപ്പാട്: ഡോ. ഡി. ഷൈന്‍കുമാര്‍