കൃഷിക്കായി ഗിഗ്ഗിന്‍സ് ഫാം വില്ല
വില്ലകളുടെ കാലമാണല്ലോ ഇത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൗകര്യമാണല്ലോ വില്ലകള്‍ നല്‍കുന്നത്. കൃഷിയിലും കുറഞ്ഞസ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയാണ് ഗിഗ്ഗിന്‍സ് ഫാം വില്ല. ആടും മുയലും കോഴിയും പച്ചക്കറിയുമെല്ലാം വളര്‍ത്തുന്ന ഒരു ഫാം വില്ല മനസില്‍ സങ്കല്‍പിക്കൂ.നല്ല രസമായിരിക്കുമല്ലേ? കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഗിഗ്ഗിന്‍ ആണ് കൃഷിക്കായി ഒരുവില്ല രൂപകല്‍പന ചെയ്തിരിക്കുന്നത്. ആത്മയുടെ സഹായത്തോടെ പണി പൂര്‍ത്തീകരിച്ച ഗിഗ്ഗിന്‍സ് ഫാം വില്ല അഥവാ തീവ്രലംബമാന കൃഷി എങ്ങനെയെന്നു നോക്കാം.

നഗരസംസ്‌കാരത്തില്‍ സ്ഥലപരിമിതി കൃഷിയില്‍ ഒരു പ്രശ്‌നമാണല്ലോ. ഇതിന് ഒരുപരിഹാരമാണ് ഫാം വില്ല. വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലോ മറ്റു സ്ഥലങ്ങളിലോ ഒക്കെ ഇതു സ്ഥാപിക്കാം. 384 ചതുരശ്ര അടിയാണ് ഫാം വില്ലയുടെ തറ വിസ്തീര്‍ണം. പക്ഷെ തറയടക്കമുള്ള രണ്ടു തട്ടുകളിലും ഗാലറികളിലുമായി 944 ചതുരശ്ര അടി സ്ഥലം കൃഷിക്കു ലഭിക്കുമെന്നതാണ് പ്രത്യേകത. കൂടാതെ ഒരുസെന്റിന്റെ ബാക്കി ഭാഗത്തും കൃഷി നടത്താം. പരസ്പരം താങ്ങായി നില്‍ക്കുന്ന രണ്ട് ഗാലറികള്‍ ചേര്‍ന്നുള്ള ഒരു പിരമിഡ് ആകൃതിയിലാണ് ഫാം വില്ലയുടെ രൂപകല്‍പന. പരന്ന മേല്‍ക്കൂര കൂട്ടിലെ ചൂട് ഒഴിവാക്കുന്നു. ലംബകൃഷിരീതിക്ക് സ്ഥലം ലഭിക്കുന്നു. ഗാലറികള്‍ സൂര്യപ്രകാശ ലഭ്യത ഉറപ്പിക്കുന്നു. ഗ്രോബാഗുകളില്‍ ചെടികള്‍ നടുന്നതിനാല്‍ വെള്ളക്കെട്ടിനെ ഭയക്കേണ്ട. തുള്ളി നന ജലസേചനമായതിനാല്‍ ജല ഉപയോഗം കുറയ്ക്കാം. ഗാലറിയിലെ ചെടികള്‍ ഒരു പച്ചക്കുടപോലെ കൂട്ടില്‍ തണുപ്പു നിലനിര്‍ത്തുന്നു. രണ്ട് ഗാലറിയിലുമായി 250 ഗ്രോബാഗുകള്‍ വയ്ക്കാം.

തറയില്‍ 200 ചതുരശ്ര അടിയില്‍ മുട്ട, ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്താം. 60 ചതുരശ്ര അടിയുള്ള വേറെ രണ്ടു കൂടുകളിലും ഇതിനുള്ള സൗകര്യമുണ്ട്. ഒന്നാം നിലയിലാണ് ആടുകള്‍. 200 ചതുരശ്ര അടിയുള്ള കൂടാണ് ഇതിനായുള്ളത്. കൂട്, തീറ്റ, വെള്ളം എന്നിവയ്ക്കുള്ള സൗകര്യം ചെയ്തിട്ടുണ്ട്. മുട്ടനാടുകളെയും ആട്ടിന്‍കുട്ടികളെയും തനിയെ ഇടാനുള്ള സൗകര്യവുമുണ്ട്. കോഴിക്കൂടിന്റെ മേല്‍ക്കൂരയ്ക്കു സമാന്തരമായി വശങ്ങളില്‍ തൂങ്ങിനില്‍ക്കുന്ന രൂപത്തിലാണ് മുയല്‍ക്കൂടുകള്‍. നാല് ചതുരശ്ര അടി വിസ്തീര്‍ണമുള്ള 16 കൂടുകള്‍ മുമ്പിലുണ്ട്. മുന്‍വശത്തെ മുയല്‍ക്കൂടിന് മുകളിലായി 20 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് അസോള ടാങ്കുകളുണ്ട്. ആട്ടിന്‍കാഷ്ഠം, മൂത്രം, മുയല്‍കാഷ്ടം എന്നിവ ശേഖരിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ജി.ഐ പൈപ്പുകളും വലകളുമാണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. മുയല്‍, ആട്ടിന്‍ കുടുകളുടെ തറയില്‍ ഇന്റര്‍ലോക്ക് ചെയ്യാവുന്ന പ്ലാസ്റ്റിക്ക് സ്ലേറ്റ് ഫ്‌ളോര്‍ ക്രമീകരിച്ചിരിക്കുന്നു. പ്രതിദിന വരുമാനത്തിനായി 120 മുട്ടക്കോഴികള്‍, ആറുമാസത്തിനുശേഷം പ്രതിമാസ വരുമാനത്തിനായി 16 മുയലുകള്‍, 45 ദിവസത്തിലൊരിക്കല്‍ വരുമാനത്തിന് 400 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, അഥവാ ബ്രോയ്‌ലര്‍, വര്‍ഷത്തിലൊരിക്കലുള്ള വരുമാനത്തിന് 10 ആടുകള്‍ എന്നക്രമത്തിലാണ് വളര്‍ത്തു രീതി. പ്രതിദിനം ഒരുകിലോ അസോളയും ലഭിക്കും. ഗ്രോബാഗുകളില്‍ തീറ്റപ്പുല്ല് നടുകയാണെങ്കില്‍ ആടിനും മുയലിനും അതുമതിയാകും.


കൂടിന്റെ നിര്‍മാണത്തിനും മൃഗങ്ങളെ വാങ്ങുന്നതിനുമൊക്കെയായി അഞ്ചു ലക്ഷം രൂപയാണ് കണക്കാക്കുന്നത്. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം വരെ പ്രതീക്ഷിക്കുന്നു. ഉയര്‍ന്നവിലകിട്ടുന്ന പഴങ്ങള്‍, പച്ചക്കറികള്‍, പുഷ്പങ്ങള്‍ എന്നിവ ഗാലറിയില്‍ കൃഷിചെയ്താല്‍ കൂടുതല്‍ വരുമാനം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ഗിഗ്ഗിന്‍-95442 111 44, 98473 35 759

ടോം ജോര്‍ജ്