കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്‌കിക്കുകയും ചെയ്യുന്നതു മനുഷ്യര്‍ക്കെന്നപോലെ കാര്‍ഷിക വിളകള്‍ക്കും പ്രയാസമുണ്ടാക്കും. അന്തരീക്ഷ താപനിലയേക്കാള്‍ ഒരു ഡിഗ്രിയിലധികമായിരിക്കും മണ്ണിന്റെ താപനില. ഇതാണു സ്ഥിതി ഗുരുതരമാക്കുന്നത്. കൃഷിയില്‍ കരുതലോടെ നീങ്ങിയാലേ ചൂടിന്റെ ആഘാതത്തില്‍ നിന്നു മനുഷ്യനും കൃഷിക്കും രക്ഷയുണ്ടാകൂ.

തടം നന ഫലം നല്‍കില്ല

തടം നന രീതിയാണ് പൊതുവേ വേനലില്‍ ഉപയോഗിക്കുന്നത്. ജലസേചനത്തിനു പരമാവധി ജലം ഉപയോഗിക്കുന്ന ഈ രീതി പക്ഷേ, ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഹിക, കാര്‍ഷിക രംഗങ്ങളിലെ ജല ഉപഭോഗം കാര്യക്ഷമമാക്കുന്നതിലൂടെ ജലലഭ്യത മെച്ചപ്പെടുത്താനാവും. നമ്മുടെ ജലോപയോഗ ശീലങ്ങളില്‍ മിതത്വം വരുത്തുകയെന്നതു പ്രധാനമാണ്. ഓരോ വിളയ്ക്കും ശിപാര്‍ശ ചെയ്ത അളവില്‍ മാത്രം ജലസേചനം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. വിളകളുടെ തടങ്ങളില്‍ നനവുണ്ടായിരിക്കുക എന്നതാണു പ്രധാനം.

അവലംബിക്കാം സൂക്ഷ്മ ജലസേചന രീതികള്‍

സൂക്ഷ്മ ജലസേചന രീതികള്‍ അവലംബിച്ചാല്‍ ലഭ്യമായ ജലം കൂടുതല്‍ സ്ഥലത്ത്, കൂടുതല്‍ നാള്‍ നനയ്ക്കാനുപയോഗിക്കാം. മണ്‍കുടങ്ങളില്‍ അടിഭാഗത്തായി സുക്ഷിരമുണ്ടാക്കി ഒരു പരുത്തിനൂല്‍ തിരി കടത്തിവച്ചശേഷം വെള്ളം നിറച്ചു തൈകളുടെ തടങ്ങളില്‍ വച്ചുകൊടുത്തും ജലസേചനം കാര്യക്ഷമമാക്കാം. കഴിയുന്നതും കണികജലസേചന(ഡ്രിപ് ഇറിഗേഷന്‍) രീതി അവലംബിക്കുക. മൈക്രോസ്പ്രിങ്ക്‌ളര്‍ ഉപയോഗിച്ചുള്ള നന വൈകുന്നേരങ്ങളിലാക്കുന്നത് ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനു വഴിയൊരുക്കും.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം

ഉച്ചക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള സമയത്തു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. രാസകീടനാശിനികള്‍ ഒരു കാരണവശാലും ഈ സമയത്തു പ്രയോഗിക്കരുത്.

ഭൂമിക്ക് ആവരണം

ഭൂമിക്ക് ആവരണമായി പുതയിടണം. മണ്ണിലെ ഈര്‍പ്പം ബാഷ്പീകരണം മൂലം നഷ്ടപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും.

ജൈവ പുതയിടീല്‍

ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ ഉത്തമമായ പുത വസ്തുക്കളാണ്. തടങ്ങളില്‍ തൊണ്ടു കമിഴ്ത്തി അടുക്കുന്ന രീതി ദീര്‍ഘകാല വിളകള്‍ക്ക് ഏറെ അനുയോജ്യമാണ്.

ജൈവാവശിഷ്ടങ്ങള്‍ കത്തിക്കരുത്

ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷത്തിലെയും മണ്ണിലെയും താപനില ക്രമാതീതമായി ഉയര്‍ത്തും. ചപ്പുചവറുകള്‍ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.

വേനല്‍ക്കാല ഉഴവ്

മേല്‍മണ്ണു ചെറുതായി ഇളക്കിയിട്ടാല്‍ വേനല്‍മഴയില്‍ നിന്നു ലഭിക്കുന്ന ജലം മണ്ണില്‍തന്നെ സംഭരിച്ചു നിര്‍ത്താനാകും. ഇതിനായി തെങ്ങിന്‍തോപ്പുകളിലും മറ്റും വേനല്‍ക്കാല ഉഴവു നടത്താം. വേനല്‍മഴ ലഭിച്ചതിനുശേഷം പയര്‍വര്‍ഗവിളകള്‍ വിതയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.

നെല്ലില്‍ ജലസേചന രീതിമാറ്റണം

ജലലഭ്യത കുറവുള്ള പാടശേഖരങ്ങളില്‍ പാടത്ത് എപ്പോഴും വെള്ളം കെട്ടിനിര്‍ത്തുന്ന ജലസേചനരീതി ഒഴിവാക്കണം. നട്ട് ഒരാഴ്ച കഴിഞ്ഞു ചിനപ്പു പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിര്‍ത്താം. പിന്നീട്, തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകള്‍ മണ്ണില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോള്‍ മാത്രം അടുത്ത നന നല്‍കുക. എന്നാല്‍ മണ്ണു വരണ്ടുണങ്ങാന്‍ അനുവദിക്കുകയുമരുത്.

നെല്ലില്‍ കതിര്‍ നിരക്കുന്ന സമയത്തുണ്ടാകുന്ന വരള്‍ച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കും. ഇതുതടയാന്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്, ബോറോണ്‍ 2.5-5.0 മില്ലി ഒരു ലിറ്റര്‍ വെള്ളത്തല്‍, സാലിസിലിക് ആസിഡ് 50 മില്ലിഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത് എന്നിവയിലേതെങ്കിലുമൊന്നു തളിച്ചു കൊടുക്കാം. ഇതു വരള്‍ച്ചയെ പ്രതിരോധിക്കും.

നെല്ലില്‍ മുഞ്ഞബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിളക്കു കെണികള്‍ ഉപയോഗിച്ച് മുഞ്ഞബാധയെക്കുറിച്ചു മുന്‍കൂട്ടി അറിയണം. ഇതുവരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളില്‍ നടീല്‍ അകലം, വിതയ്ക്കാനുള്ള വിത്തിന്റെ അളവ് എന്നിവ കൃത്യമായി പാലിക്കുക. കീടബാധ രൂക്ഷമായാല്‍ മാത്രം ബുപ്രോഫെസിന്‍ (രണ്ടുമില്ലി/ ഒരു ലിറ്റര്‍ വെള്ളം) ഇമിഡാക്‌ളോപ്രിഡ് (2.5 മില്ലി / 10 ലിറ്റര്‍ വെള്ളം) തൈയാമീതോക്‌സാം (രണ്ടു ഗ്രാം/10 ലിറ്റര്‍ വെള്ളം) ലായനികളിലേതെങ്കിലും തളിക്കാം.

ഇല കരിച്ചിലിനെ തടയാന്‍

ബാക്റ്റീരിയല്‍ ഇല കരിച്ചിലിനെയും മറ്റു കുമിള്‍ രോഗങ്ങളെയും ചെറുക്കാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം പച്ചച്ചാണകം കലക്കി തെളിയെടുത്ത ശേഷം 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്തു തളിക്കുന്നതു നല്ലതാണ്. നെല്ലിന്റെ പാലൂറുന്ന സമയത്ത് നെന്മണികളില്‍ നിറവ്യത്യാസം കാണപ്പെടുന്നുണ്ടെങ്കില്‍ ട്രൈഫ്‌ളോക്‌സി സ്‌ട്രോബിന്‍ 25 ഡബ്ല്യു.ജി + റ്റെബുകോണസോള്‍ 50 ഡബ്ല്യു.ജി നാലു ഗ്രാം എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക.

തെങ്ങിനു പുതയിടാം

1. തെങ്ങിന്‍ തടങ്ങളില്‍ ചകിരി തൊണ്ടു കമിഴ്ത്തിയടുക്കി പുതയിടുക. കടഭാഗം വെട്ടിനീക്കിയ തെങ്ങി ന്‍പട്ടകള്‍ ഉപയോഗിച്ചും പുതയിടാം. തെങ്ങിന്‍തോട്ടങ്ങളിലുള്ള ചപ്പുചവറുകള്‍ കത്തിക്കാതെ പുതയിടാനായി ഉപയോഗിക്കുക.

2. തെങ്ങിന്റെ രണ്ടോ മൂന്നോ അടിപട്ടകള്‍ (ഓല) വെട്ടിമാറ്റുന്നതു നല്ലതാണ്. പട്ട വെട്ടുമ്പോള്‍ 1-1.5 മീറ്റര്‍ കടഭാഗം മരത്തില്‍തന്നെ നിര്‍ത്തണം.

3. തെങ്ങിന്‍തടിയില്‍ ചുവടുഭാഗത്ത് ഒരു മീറ്റര്‍ ഉയരംവരെ കുമ്മായം പൂശുക.


4. തെങ്ങുകള്‍ നനയ്ക്കാന്‍ കണിക ജലസേചന രീതിയില്‍ ഒരു ദിവസം തെങ്ങൊന്നിന് 30-40 ലിറ്റര്‍ ജലം എന്ന കണക്കില്‍ നല്‍കുക.


5. വരള്‍ച്ച പ്രതിരോധിക്കാനായി പൊ ട്ടാസ്യം സള്‍ഫേറ്റ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതി ലെടുത്തു രണ്ടാഴ്ചയിലൊരിക്കല്‍ തൈത്തെങ്ങുകളില്‍ തളിക്കുക.

6. വേനല്‍മഴ ലഭിക്കുന്ന മുറയ്ക്കു തെങ്ങിന്‍തോട്ടങ്ങള്‍ ഉഴുതുമറിച്ചു പയര്‍വിത്തു വിതക്കുന്നതു വരള്‍ ച്ചയെ പ്രതിരോധിക്കും.

7. വെള്ളീച്ചകളുടെ രൂക്ഷമായ ആക്രമണം കാണുന്ന തെങ്ങുകള്‍ക്ക് വേ പ്പെണ്ണ എമല്‍ഷന്‍ 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം.

8. കടലോരമേഖലകളില്‍ തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ ഗോണിയോസസ് എന്ന പരാദത്തെ 10 എണ്ണം ഒരു തെങ്ങിന് എന്ന തോതില്‍ പുറത്തുവിടുക.

വാഴയ്ക്കു കണിക ജലസേചനം

* വാഴച്ചുവട്ടില്‍ കരിയിലയോ മറ്റു ജൈവ വസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ചു പുതയിടുക.

* കണിക ജലസേചന രീതിയില്‍ 12 ലിറ്റര്‍ ജലം ഒരു ദിവസം വാഴയൊന്നി നു ലഭിക്കത്തക്ക വിധത്തില്‍ നല്‍ കുക.

* വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ പൊട്ടാസ്യം സള്‍ഫേറ്റ് അ ഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാഴ്ച ഇടവേളകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.

* വേനല്‍ക്കാലത്ത് വാഴയിലയില്‍ ഇലപ്പേനിന്റെയും മണ്ഡരിയുടെയും ആക്രമണത്തിനു സാധ്യതയുണ്ട്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇലയുടെ അടിവശത്തു വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിനറല്‍ ഓയില്‍ 25 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. വെറ്റബില്‍ സള്‍ഫര്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും മണ്ഡരിക്കെതിരേ ഫല പ്രദമാണ്.

കമുകിനു കുമ്മായം

* കമുകിന്‍ തടികളില്‍, പ്രത്യേകിച്ച് സൂര്യപ്രകാശം നേരിട്ടു തട്ടുന്ന സ്ഥലങ്ങളില്‍ കുമ്മായം പൂശുക.

* കണിക ജലസേചന രീതിയില്‍ 15-20 ലിറ്റര്‍ ജലം ഒരു ദിവസം കമുകൊന്നിനു ലഭിക്കണം.

* കമുകിന്‍ തടങ്ങളില്‍ കരിയിലയും മറ്റുമുപയോഗിച്ചു പുതയിടുക.

* കമുകിന്‍ തൈകള്‍ക്കു തണല്‍ കൊടുക്കുക.

കുരുമുളകിനു ജലസേചനം

* രണ്ടാഴ്ച ഇടവിട്ടുള്ള ജലസേചനം, തടങ്ങളില്‍ പുതയിടല്‍ തുടങ്ങിയവ അനുവര്‍ത്തിക്കുക.

* ചെറിയ കൊടികള്‍ക്കു തണല്‍ നല്‍കണം.

* കഴിയുന്നതും കണിക ജലസേചനരീതി അവലംബിക്കുക. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന മേഖലകളില്‍ ചെടികളില്‍ ഇടയ്ക്കു വെള്ളം തളിച്ചു കൊടുക്കുന്നതു നന്നായിരിക്കും.

ജാതിയില്‍ ജലമില്ലെങ്കില്‍ കായ് ചുങ്ങല്‍

* ജാതിയില്‍ ജലദൗര്‍ലഭ്യത്തിന്റെ ആദ്യലക്ഷങ്ങളായ കായ് ചുങ്ങല്‍, കായ വാടല്‍ എന്നിവ കണ്ടാല്‍ ജലസേചനം അത്യന്താപേക്ഷിതമാണ്.

* ജാതിയുടെ ചുവട്ടില്‍ പുതയിടണം.

* സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ ത്തു തളിച്ചുകൊടുക്കുന്നതു വരള്‍ച്ച യെ പ്രതിരോധിക്കും.

വേനല്‍ക്കാലത്തു ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങളാണു കായ് കൊഴിച്ചിലും കൊമ്പുണക്കവും കരിംപൂപ്പും. അവയ്ക്കുള്ള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ചുവടെ.

1. രോഗംബാധിച്ച ഇലകളും കായ് കളും ഉണങ്ങിയ കൊമ്പുകളും വെട്ടിനശിപ്പിക്കുക. തോട്ടം ശുചിയാക്കുക.

2. ജാതിയില്‍ കായ്പിടിത്തം കൂട്ടുന്നതിനും കായ് കൊഴിച്ചില്‍ തടയുന്നതിനും കുമിള്‍ രോഗബാധ നിയന്ത്രിക്കുന്നതിനും സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ കലര്‍ത്തി കായ്പിടിത്ത സമയത്തു തളിച്ചുകൊടുക്കുക.

3. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ ത്തു തളിക്കുന്നതു കൂടുതല്‍ ഫലപ്രദമാണ്.

4. ജലസേചനം അത്യാവശ്യമുള്ള ഒരു വിളയാണ് ജാതി. വെള്ളം കെട്ടിനിര്‍ത്തിക്കൊണ്ടുള്ള ജലസേചനരീതിക്കു പകരം തടങ്ങളില്‍ നനവുറപ്പാക്കുന്ന രീതി സ്വീകരിക്കണം. ഇതിലൂടെ ജലം കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാവും.

5. പൊട്ടാഷ് അഭാവമുള്ള മരങ്ങളില്‍ കൃത്യമായി വളപ്രയോഗം നടത്തുക.

6. കരിംപൂപ്പു രോഗം കാണുന്ന ഇലകളില്‍ കഞ്ഞിവെള്ളം തളിക്കുക.

8. ബോര്‍ഡോമിക്‌സ്ച്ചര്‍ പോലുള്ള ചെമ്പു കലര്‍ന്ന കുമിള്‍നാശിനികള്‍ ഉപയോഗിക്കുന്നത് രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്.

വേനല്‍ക്കാല പച്ചക്കറികൃഷി

* വേനല്‍ക്കാല കൃഷിക്കായി പയര്‍, ചീര, വെള്ളരി, കക്കരി, പടവലം, ചുരയ്ക്ക, പീച്ചില്‍ തുടങ്ങിയ വിളകള്‍ തെരഞ്ഞെടുക്കുക.

* കണിക ജലസേചന രീതിയില്‍ 1.5-രണ്ടു ലിറ്റര്‍ വെള്ളം ചെടിയൊന്നിനു നല്‍കണം. പുതയിടുന്നതും നല്ലതാണ്.

* നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, മീലിമൂട്ട, ഇലപ്പേന്‍, പച്ചത്തുള്ളന്‍, മുഞ്ഞ (എഫിഡ്) എന്നിവയുടെ ആക്രമണം വേനല്‍ക്കാലത്തു രൂക്ഷമാകും. അടുക്കളത്തോട്ടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ രണ്ടു ശതമാനം(20 മില്ലിലിറ്റര്‍ ഒരുലിറ്ററില്‍) വേപ്പെണ്ണ എമല്‍ഷന്‍ തളിക്കാം. മഞ്ഞ കെണി വയ്ക്കുന്നതിലൂടെ മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാനാവും.

* മണ്ഡരിബാധ കാണുകയാണെങ്കില്‍ വെറ്റബിള്‍ സള്‍ഫര്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.

ഗവേഷണ വിഭാഗം
കേരള കാര്‍ഷിക സര്‍വകലാശാല