ജൈവകൃഷിയെക്കുറിച്ച് യുവ സംരംഭകൻ ഷൈജു പറയുന്നു...
Tuesday, September 21, 2021 8:25 AM IST
തിരുവനന്തപുരം : വീട്ടുവളപ്പിലും സ്കൂൾ മുറ്റങ്ങളിലും നല്ല പഴങ്ങൾ ലഭിക്കുന്ന ചെടികൾ നടണം.പറന്പിൽ ഒരു പാഷൻ ഫ്രൂട്ട് നട്ട് പിടിപ്പിച്ചാൽ ഇഷ്ടം പോലെ ഫലം ലഭിക്കും. നല്ല പഴങ്ങളും പ്രകൃതിയിലെ പഴങ്ങളിൽ നിന്നും ലഭിക്കുന്ന പാനീയങ്ങളും കുട്ടികൾ ശീലിച്ചാൽ കരൾ രോഗങ്ങൾ, കാൻസർ തുടങ്ങിയ പല മാരകരോഗങ്ങളിൽ നിന്നും വരുംതലമുറയെ രക്ഷിക്കുവാൻ നമുക്കു കഴിയും.
കൊറോണ വൈറസിന്റെ ഈ കാലഘട്ടത്തിൽ പ്രതിരോധ ശക്തി ലഭിക്കുവാനും പ്രകൃതിദത്തമായ പഴങ്ങളിലേക്കു മടങ്ങി പോവുകയാണ് വേണ്ടത്. പറയുന്നത് യുവ ജൈവകൃഷി സംരംഭകനായ ഷൈജു ജോസഫ് കാനാട്ട്.
വെറുതെ പറയുകയല്ല കൃഷിയിലൂടെ ആരോഗ്യവും, ആഹ്ലാദവും പകരുക എന്ന ലക്ഷ്യത്തിനായി സ്വന്തം ജീവിതം സമർപ്പിക്കുകയും ചെയ്യുകയാണ് ഷൈജു. സ്കൂളുകളും കോളജുകളും പഴയ രീതിയിൽ പ്രവർത്തിച്ച് തുടങ്ങിയാൽ ജൈവകൃഷിയിലൂടെ കുട്ടികളുടെ ആരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും ആരംഭിക്കണമെന്ന് ഷൈജു പറയുന്നു.
മാരക രാസവളങ്ങളും കീടനാശിനികളും കലരാത്ത പഴങ്ങളും പച്ചക്കറികളും കുട്ടികാലം മുതലെ ശീലമാക്കിയാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിക്കുകയും കൊറോണ പോലുള്ള വൈറസുകളെ അതിജീവിക്കുവാൻ സാധിക്കുകയും ചെയ്യും.

വീട്ടിലും സ്കൂൾ,കോളജ് വളപ്പുകളിലും പാഷൻഫ്രൂട്ട് ചെടി നടാം. അധികം പരിപാലനം വേണ്ടാത്ത ഒന്നാണ് പാഷൻഫ്രൂട്ട് ചെടി. ഇന്നത്തെ തലമുറയെ ആകർഷിക്കുന്ന ഹാനികരമായ രാസപാനീയങ്ങളിൽ നിന്നും ഒരു പരിധിവരെ കുട്ടികളെ അകറ്റി നിർത്തുവാനും ഇതിലൂടെ സാധിക്കും.
അതുപോലെ മാന്പഴം, സപ്പോട്ട, പപ്പായ, വാഴപ്പഴം തുടങ്ങിയ നാടൻ പഴങ്ങളുടെ ജൈവകൃഷി സ്കൂളുകളിലും കോളജുകളിലും തുടങ്ങണം. ഇത്തരം പഴങ്ങളുടെ ഗുണങ്ങളും അവ കഴിക്കുന്നതിന്റെ ആവശ്യവും കുട്ടികൾ മനസിലാക്കുവാൻ പാഠ്യപദ്ധതിയിൽ തന്നെ കൃഷി ക്ലാസുകൾ തുടങ്ങുന്നതും നല്ലതായിരിക്കും.
പരസ്യങ്ങളിൽ കുരുങ്ങി വിഷമയമായ ഫാസ്റ്റ്ഫുഡിലേക്കും ബോട്ടിൽ പാനീയങ്ങളിലേക്കും പുതിയ തലമുറ പോകാതെ സംരക്ഷിക്കേണ്ടത് ബന്ധപ്പെട്ടവരുടെ വലിയ ചുമതലയാണ്.
പഴയകാലത്തിൽ നിന്നും വ്യത്യസ്തമായി കച്ചവടലക്ഷ്യം മാത്രം മുൻനിർത്തിയുള്ള കൃഷി വിപണിയാണ് ഇന്നു അധികവും. പച്ചക്കറികളിലും പഴങ്ങളിലും നിറംകൊടുക്കുവാനും വേഗത്തിൽ പഴുപ്പിക്കുവാനും മറ്റും ഉപയോഗിക്കുന്ന മെലകൈറ്റ് ഗ്രീൻ, കാർബൈഡ് തുടങ്ങിയ നിറങ്ങളും രാസവസ്തുക്കളും അതീവ അപകടകാരികളാണ്.
രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ശരീരത്തിന്റെ സ്വാഭാവികമായ ശക്തിയെ തന്നെ ഇല്ലാതാക്കുവാനും അപകടകരങ്ങളായ രാസപ്രയോഗങ്ങൾ വഴിതെളിയ്ക്കും. ഈ സാഹചര്യത്തിൽ വരുംതലമുറയെ ആരോഗ്യകരമായ കൃഷിയിലേക്കു കൊണ്ടുവരേണ്ടതിനു സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വകാര്യ സംരംഭകരും മുൻഗണന നൽകണം.
ഷൈജുവിന്റെ വാക്കുകൾക്കു സ്വന്തം കർമ ജീവിതത്തിന്റെ സാക്ഷ്യമുണ്ട്! കണ്ണൂർ തളിപ്പറന്പ് കരിന്പം സ്വദേശിയായ ഷൈജു ജോസഫ് മണ്ണിൽ നിന്നും വിഷം മുഴുവൻ തുടച്ച് നീക്കുവാനുള്ള യത്നത്തിലാണ്."ഷൈജു ഗ്രീൻലാൻഡ് ലാൻഡ്സ്കേപ്പ്' എന്ന സംരംഭം ജീവിതമാർഗമാണെങ്കിലും ഇതിലൂടെ തന്നെ ഒട്ടേറെ പേരേ ആരോഗ്യകരമായ കൃഷിരംഗത്തേക്ക് കൂട്ടുകയാണ്.
ഉദ്യാനനിർമാണം, പച്ചക്കുറി കൃഷി തുടങ്ങിയവ ഏറ്റെടുത്തു ചെയ്യുക മാത്രമല്ല തന്റെ സംരംഭവുമായി ബന്ധപ്പെട്ട് സന്ദർശിക്കുന്ന വീടുകളിലെല്ലാം സ്വന്തമായി ജൈവകൃഷി ചെയ്യേണ്ടതിന്റെ ആവശ്യവും ഷൈജു പറഞ്ഞു കൊടുക്കുന്നു. വിത്തുകളും ചെടികളും സൗജന്യമായി നല്കി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാറുമുണ്ട്.
ശുദ്ധമായ വായു, ശുദ്ധമായ പച്ചക്കറി, ശുദ്ധമായ പഴങ്ങൾ എന്നീ മഹാലക്ഷ്യവും പേറിയുള്ള ഷൈജുവിന്റെ യാത്രയ്ക്കു പതിനെട്ടു വർഷത്തെ ദൈർഘ്യമുണ്ട്.
മാനസിക സമ്മർദങ്ങളും ജീവിതശൈലി രോഗങ്ങളും വളരെയേറെ വർധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ ചെടികളും പൂക്കളും പച്ചപ്പും നല്ലൊരു ആശ്വാസമായി മാറുകയാണ്. മനസിനു ആഹ്ലാദവും ഉത്സാഹവും അതുവഴി ആരോഗ്യവും ലഭിക്കുവാനും ഉദ്യാനങ്ങളും പച്ചക്കറി കൃഷിയും സഹായകമാണ്.
ചെടികൾ നടുന്പോൾ ആരോഗ്യമുള്ള ചെടി നടാനും ശ്രദ്ധിക്കണം. അതിവേഗം പുഷ്പിക്കുവാനും കായ്ക്കുവാനും വേണ്ടി ചെടികളിൽ രാസവള പ്രയോഗം നടത്തുന്പോഴും ഹോർമോണ് സ്പ്രേ ചെയ്യുന്പോഴും ചെടികളെ മനുഷ്യർ പീഡിപ്പിക്കുകയാണെന്നും ഷൈജു. ഉപഭോക്താക്കളെ ആകർഷിക്കുവാനായി പല പുഷ്പവിപണിക്കാരും ചെടികളെ കൃത്രിമമായി പുഷ്പിപ്പിക്കാറുണ്ട്.
പാകമെത്തും മുൻപ് ഇങ്ങനെ ചെടികളെ വേദനിപ്പിച്ച് പൂക്കൾ വിടർത്തുന്നത് ഒട്ടും നല്ലതല്ല. നിറയെ പൂത്തും, കായ്ച്ചും നില്ക്കുന്ന ചെടികൾ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങുന്നവർ പലരും പിന്നീട് നിരാശരാവുകയാണ്. കാരണം പല ചെടികളും പിന്നീട് പുഷ്പിക്കാറില്ല.
നാരങ്ങയും ഓറഞ്ചുമൊക്കെ കായ്ച്ച് നില്ക്കുന്ന ചെറുചെടികൾ വാങ്ങുന്നവരുടെ അവസ്ഥയും ഇതു തന്നെയാണ്. പലരും ഇതേക്കുറിച്ച് എന്നോടു ചോദിക്കാറുണ്ട്.
കൃഷിയിൽ നിന്നും ആരോഗ്യവും ആഹ്ലാദവും ലഭിക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള ചെടികൾ തന്നെ നട്ടുപിടിപ്പിക്കണം. വിലകൂടിയ ചെടികൾ എന്നാൽ നല്ല ചെടികൾ എന്നർഥമില്ല. ചെടികളെയും മനുഷ്യരെയും ദോഷകരമായി ബാധിക്കുന്ന വിത്തുകളും ചെടികളും നട്ട് പിടിപ്പിച്ചിട്ട് കാര്യമില്ലല്ലോ.
സാധാരണ ലഭിക്കുന്ന ചെടികൾ ശരിയായി പരിപാലിച്ചു നല്ല കൃഷിത്തോട്ടങ്ങൾ ഉണ്ടാക്കാം. കൃത്രിമമായി പൂക്കളും കായ്കളും വർധിപ്പിക്കുന്ന, അപകടകരങ്ങളായ മരുന്നുകളുടെ വിപണിയും ഇന്നു സജീവമാണ്. ഇതേ കുറിച്ചും കൃഷി സ്നേഹികളെ ബോധവാന്മാരാക്കേണ്ടതും അത്യാവശ്യമാണ്. ഷൈജു ജോസഫ് ഓർമിപ്പിക്കുന്നു.
സമൂഹത്തിന്റെ പല മേഖലകളിലും പ്രശസ്തി ആർജിച്ചവർ ജൈവകൃഷിയുടെ സന്ദേശം നല്കിയാൽ നമ്മുടെ ജനങ്ങൾ കൂടുതൽ പ്രചോദിതരാകും. അതിനു സെലിബ്രിട്ടികൾ മുന്നോട്ടു വരണമെന്നു ഷൈജു ജോസഫ് അഭിപ്രായപ്പെടുന്നു. അതുപോലെ ജൈവകൃഷി പ്രചാരത്തിനു സഹായിക്കുന്ന കർഷക സംഘടനകൾ തുടങ്ങേണ്ടതും ഇക്കാലഘട്ടത്തിന്റെ ആവശ്യമാണ്.