മലയാളപ്പെരുമ എന്നാൽ തെങ്ങും തേങ്ങയും
മലയാളപ്പെരുമ എന്നാൽ തെങ്ങും തേങ്ങയും
Tuesday, November 2, 2021 6:26 AM IST
തെങ്ങും തേങ്ങയും നാടുനീങ്ങിയാൽ അപ്രത്യക്ഷമാകുന്നത് മലയാളപ്പെരുമ തന്നെയായിരിക്കും. കർഷകർക്കിടയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ അവർ എന്നോടു ചോദിച്ച സംശയങ്ങളും അവയ്ക്കുള്ള ശാസ്ത്രീയ മറുപടിയും താഴെ ചേർക്കുന്നു. സമാന സംശയങ്ങളുള്ളവർക്ക് അതു ദുരീകരിക്കാൻ ഇവ സഹായകമാകുമെന്നു കരുതുന്നു.

നല്ല തൈയുടെ ലക്ഷണങ്ങൾ

ഗുണമേന്മയുള്ള തെങ്ങിൻതൈകൾ തെരഞ്ഞെടുക്കുക എന്നതാണു തെങ്ങുകൃഷിയുടെ വിജയത്തിന്‍റെ അടിസ്ഥാനം. ഗുണമേ·യുള്ള തെങ്ങിൻതൈകളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

സിറിയക് വർഗീസ്, കുഴിയാത്ത്, നെടുംകുന്നം

1. നേരത്തെ മുളച്ചു വേഗത്തിൽ വളരുന്ന കരുത്തുള്ള തൈകൾ.
2. ധാരാളം വേരുകളും ഒരു വർഷമാകുന്പോൾ 6-8 ഓലകളുമുള്ള തൈകൾ.
3. 10 സെന്‍റീമീറ്ററിലധികം കണ്ണാടിക്കനമുള്ളവ.
4. ഓലക്കാലുകൾ നേരത്തെ വിടർന്നവയായിരിക്കണം.
5. മാതൃവൃക്ഷത്തിന്‍റെ തനതായ സ്വഭാവഗുണങ്ങൾ കാണിക്കുന്നവയായിരിക്കണം.

തെങ്ങിൻതൈകൾ എപ്പോഴാണു നടേണ്ടത്?
ജേക്കബ് തെങ്ങുംപള്ളി, പുന്നനേവലി

സാധാരണയായി മേയ്-ജൂണ്‍ മാസങ്ങളിൽ കാലവർഷത്തിനു മുന്പ് തൈകൾ നടാം. വെള്ളം കെട്ടിനിൽ ക്കുന്ന സ്ഥലങ്ങളിൽ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബർ മാസത്തിൽ നടുന്നതാണ് ഉചിതം.

തെങ്ങിൻതൈകൾ തമ്മിൽ എന്ത് അകലം വേണം?
ഗീതമ്മ ജോർജ്, പ്ലാന്തോട്ടത്തിൽ, നെടുംകുന്നം

തൈകൾ തമ്മിൽ നിശ്ചിത അകലം നല്കി സൂര്യപ്രകാശം, മണ്ണ്, ജലം, വായൂ എന്നീ പ്രകൃതി വിഭവങ്ങളു ടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തണം. തൈകൾ തമ്മിൽ സൂര്യപ്രകാശത്തിനും വളത്തിനുമായുള്ള പരസ്പര മത്സരം ഒഴിവാക്കണം. ഉയരം കൂടിയ ഇനങ്ങൾക്ക് 7.5x7.5 മീറ്ററാണ് അകലം. കുറിയ ഇനങ്ങളുടെ തൈകൾ തമ്മിൽ 7x7 മീറ്റർ അകലം നൽകിയാൽ മതി. ഓലകളിൽ സൂര്യപ്രകാശം ലഭിക്കാനും വേരുകൾ തമ്മിലുള്ള മത്സരം ഒഴിവാക്കാനും ശരിയായ അകലം സഹായിക്കും.

തെങ്ങിൻതൈകൾ നട്ടുവളർത്താൻ പറ്റിയ സ്ഥലമേതാണ്?
ജോർജ്ജ് തോമസ്, തലക്കുളം, ദേവഗിരി

തെങ്ങിന്‍റെ ഓലകളിൽ പ്രകാശസംശ്ലേഷണം നടക്കുന്നതിന് സൂര്യപ്രകാശം ആവശ്യമാണ്. പ്രഭാതം മുതൽ മധ്യാഹ്നം വരെയുള്ള സൂര്യപ്രകാശമാണ് ഏറെ ഫലപ്രദം. മാവ്, പ്ലാവ്, ആഞ്ഞിലി, തേക്ക് മുതലായ മരങ്ങളുടെ തണലിലാണ് തെങ്ങിൻതൈകൾ നടുന്നതെങ്കിൽ വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാതെ വരും. ഇത് തെങ്ങിന്‍റെ വളർച്ചയെ ബാധിക്കും. തണൽമൂലം തെങ്ങ് വണ്ണം കുറഞ്ഞു നീളത്തിൽ വളരുകയും കായ്ഫലം നല്കാൻ കൂടുതൽ വർഷങ്ങളെടുക്കുകയും ചെയ്യും. സൂര്യപ്രകാശ പരിമിതി ഉത്പാദനക്ഷമത കുറയാനുള്ള ഒരു പ്രധാന കാരണമാണ്. അതിനാൽ തുറസായതും നീർവാർച്ചയുള്ളതുമായ സ്ഥലങ്ങൾ മാത്രം തൈകൾ നടാനായി തെരഞ്ഞെടുക്കുക.

തെങ്ങിൻതൈകൾ നടുന്ന വിധം വിവരിക്കാമോ?
റോയി തോമസ്, പടിഞ്ഞാറെ അറയ്ക്കൽ, കുറിച്ചി

നടുന്ന പ്രദേശത്തെ മണ്ണിന്‍റെ സ്വഭാവമനുസരിച്ച് കുഴികളെടുക്കേണ്ടï രീതി വ്യത്യസ്തമാണ്. നീർവാർച്ചയുള്ള ഉയർന്ന പ്രദേശങ്ങളിലെ പശിമരാശി മണ്ണിൽ 1x1 മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കണം. മേൽമണ്ണും ചാണകപ്പൊടി, ചാരം, ആട്ടിൻകാഷ്ടം, മണ്ണിരകന്പോസ്റ്റ് എന്നിവയും അടങ്ങിയ മിശ്രിതം കുഴിയിൽ പകുതിയോളം അതായത് 60 സെന്‍റീമീറ്റർ വരെ നിറയ്ക്കുക. അതിനു കൃത്യം നടുവിലായി ഒരു ചെറിയ കുഴിയെടുത്ത് (പിള്ളക്കുഴി) തൈനടാം. ചിതലിന്‍റെ ആക്രമണം തടയുന്നതിനായി കൂവ നട്ടുപിടിപ്പിക്കാറുണ്ട്. ക്ലോറിഡസ്റ്റ് എന്ന കീടനാശിനി തൈക്കുഴിയിൽ വിതറുന്നവരുമുണ്ട്.

തൈ തെങ്ങുകളുടെ പരിചരണം എങ്ങനെ?
ശ്രീധരൻപിള്ള ഓലിക്കൽ, നെടുമണ്ണി

തൈ തെങ്ങുകൾക്ക് ആദ്യ 2-3 വർഷം വളരെ ശ്രദ്ധയോടുള്ള പരിചരണം നൽകണം. പ്രത്യേകിച്ച് കുറിയ ഇനങ്ങൾ നടുന്പോൾ. തൈകൾ കാറ്റത്ത് ഉലയാതെ കുറ്റിയിൽ കെട്ടിനിർത്തണം. മഴക്കാലങ്ങളിൽ തൈക്കുഴിയിൽ വെള്ളം ഉൗർന്നു നിൽക്കാൻ ഇടനൽകാതിരിക്കുക. തൈയുടെ കടഭാഗത്ത് അടിയുന്ന മണ്ണു മാറ്റുക. വേനൽമാസങ്ങളിൽ തണൽ നൽകുക, നനയ്ക്കുക തുടങ്ങിയവയാണ് പ്രധാന പരിചരണമുറകൾ.


ഗുണമേന്മയുള്ള തെങ്ങിൻതൈകൾ എവിടെ ലഭിക്കും?
കൊച്ചുമോൻ കൊല്ലറാട്ട്, മാടപ്പള്ളി

സിപിസിആർഐ, നാളികേര വികസന ബോർഡിന്‍റെ അംഗീകൃത നഴ്സറികൾ, കൃഷിഭവൻ എന്നിവിടങ്ങളിൽനിന്നു ലഭിക്കും. അംഗീകാരമുള്ള സ്വകാര്യനഴ്സറികളുമുണ്ട്.

തെങ്ങിൻ തൈകളുടെ വളപ്രയോഗം എങ്ങനെ?
ജയിംസ്കുട്ടി പീലിയാനിക്കൽ, പരുത്തിമൂട്

വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. നട്ടുവളർത്തുന്ന തെങ്ങിൻതൈകളെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെ ശ്രദ്ധിക്കണം. യഥാസമയം വളം ചെയ്യണം. വളക്കടയിൽ ചെല്ലുന്പോൾ അവിടെ സ്റ്റോക്കുള്ള വളം വാങ്ങി തെങ്ങിനും തൈയ്ക്കും ഇടുന്നവരുണ്ട്. വളരെ ശ്രദ്ധയോടുകൂടി ആണ്ടിൽ രണ്ടുപ്രാവശ്യം രാസവളം ചെയ്യണം. മേയ്-ജൂണ്‍ മാസങ്ങളിൽ കാലവർഷത്തിനു മു ന്പും ഓഗസ്റ്റ്-സെപ്റ്റംബറിൽ തുലാവർഷത്തിനു മുന്പും രാസവളങ്ങൾ ഇടണം. ജൈവവളങ്ങൾ ആദ്യവർഷം-മൂന്നു കിലോഗ്രാം, രണ്ടാം വർഷം അഞ്ചു കിലോഗ്രാം, പിന്നീടുള്ള വർഷങ്ങളിൽ 10 കിലോഗ്രാം വീതവും ഇടണം. തെങ്ങിനു പൊട്ടാഷ് കൂടുതൽ ആവശ്യമാണ്. അതിനു നേർവളങ്ങളായ യൂറിയ, മസൂറിഫോസ്, പൊട്ടാഷ് എന്നിവ വാങ്ങി പൊട്ടാഷ് കൂടുതൽ ലഭിക്കത്തക്ക രീതിയിൽ നൽകുക.

► ആദ്യതവണ: മേയ്-ജൂണ്‍

►തെങ്ങൊന്നിന് യൂറിയ-365 ഗ്രാം, മസൂറിഫോസ്- 500 ഗ്രാം, പൊട്ടാഷ് 565 ഗ്രാം.

► രണ്ടാം തവണ: ഓഗസ്റ്റ്-സെപ്റ്റംബർ

തെങ്ങൊന്നിന് യൂറിയ-730 ഗ്രാം, മസൂറിഫോസ്- ഒരു കിലോ, പൊട്ടാഷ് ഒരു കിലോ 125 ഗ്രാം. നല്ല വിളവു ലഭിക്കുന്നതിനു തൈകൾ നട്ട് ആദ്യവർഷം തന്നെ വളപ്രയോഗം നടത്തണം. നട്ട് മൂന്നു മാസം കഴിഞ്ഞാൽ ശിപാർശ ചെയ്തിട്ടുള്ളതിന്‍റെ പത്തിലൊന്ന് വളപ്രയോഗം നടത്താം. നട്ട് ഒരു വർഷം പ്രായമായ തെങ്ങിന് ശിപാർശ ചെയ്തിട്ടുള്ളതിന്‍റെ മൂന്നിൽ ഒന്നും, രണ്ടുവർഷമായതിന് ശിപാർശ ചെയ്തിട്ടുള്ളതിന്‍റെ മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ ശിപാർശയുടെ മുഴുവൻ അളവും വളപ്രയോഗം നടത്താം. തെങ്ങിനു രണ്ടുതവണയായിട്ടാണ് വളപ്രയോഗം നടത്താറുള്ളത്. തുലാവർഷത്തിനും കാലവർഷത്തിനും മുന്പാ യാണത്.

എന്‍റെ തെങ്ങിന് കീടരോഗ ആക്രമണം ഉണ്ട്, എന്താണു പ്രതിവിധി?
ബെന്നി ജോസ്, കാലായിൽ ,നാലുകോടി

തൈ തെങ്ങുകളിൽ ആക്രമിക്കുന്ന പ്രധാന കീടമാണു കൊന്പൻചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ചു കുറിയ ഇനങ്ങളിലാണ് ചെല്ലിയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. കീടത്തിന്‍റെ ആക്രമണം തടയാൻ മുൻകരുതലായി 250 ഗ്രാം പൊടിച്ച മരോട്ടി പിണ്ണാക്ക് അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് തുല്യഅളവു മണലും കൂട്ടി കലർത്തി തൈ തെങ്ങുകളുടെ നാന്പോലക്കവിളിൽ ഇട്ടുകൊടുക്കണം. ഇതിനു പകരം വലിയ പാറ്റാഗുളിക രണ്ടെണ്ണം നാന്പോലക്കവിൽ വച്ച് മണൽ കൊണ്ടു മൂടുന്നതും ഫലപ്രദമാണ്. നാന്പോലയോടു ചേർന്നുള്ള 2-3 ഓലക്കവിളിലും പാറ്റാഗുളിക ഇടേണ്ടതുണ്ട്. മൂന്നുമാസം കൂടുന്പോൾ പുതിയ പാറ്റാ ഗുളിക മാറ്റിവയ്ക്കണം. ഫെർട്ടറ, ഫിപ്രോണിൽ എന്ന കീടനാശിനി 3-5 ഗ്രാം സുഷിരങ്ങളിട്ട് ചെറു പോളിത്തീൻ കവറിലാക്കി ഓലക്കവിളിൽ വയ്ക്കുന്നതും ഫലപ്രദമാണ്. കൂന്പുചീയൽ, ഇലപ്പുള്ളി രോഗങ്ങൾക്കു മുൻകരുതലായി ഒരുശതമാനം ബോർഡോ മിശ്രിതം തളിക്കണം.

ബോർഡോ മിശ്രിതം(ഒരുശതമാനം) തയാറാക്കുന്നവിധം

തുരിശ് - 10 ഗ്രാം
ചുണ്ണാന്പ് - 10 ഗ്രാം
വെള്ളം - ഒരു ലിറ്റർ

തുരിശും ചുണ്ണാന്പും വെവ്വേറെ പാത്രങ്ങളിൽ അരലിറ്റർ വീതം വെള്ളത്തിൽ ലയിപ്പിക്കുക. അതിനുശേഷം തുരിശുലായനി ചുണ്ണാന്പുലായനിയിലേക്കു സാവധാനം ഒഴിക്കുകയും അതേ സമയം ഇളക്കി കൊടുക്കുകയും ചെയ്യുക. ബോർഡോമിശ്രിതമായി.

വി.ഒ. ഔതക്കുട്ടി
മുൻ പ്രസിഡന്‍റ്, ചങ്ങനാശേരി റീജിയണൽ ഫെഡറേഷൻ ഓഫ് കോക്കനട്ട് സൊസൈറ്റി
ഫോ‌ൺ - 94461 25632.