വെറും വെള്ളരിയല്ല; ആകാശവെള്ളരി
വെറും വെള്ളരിയല്ല; ആകാശവെള്ളരി
Thursday, March 10, 2022 4:13 PM IST
വെള്ളരി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ആകാശവെള്ളരി (Grand granadilla) അത്ര പരിചയമുണ്ടാവില്ല. പാസിഫ്‌ലോറ ക്വാഡ്രാങ്കുലാരിസ് (Passiflora quadrangularis) എന്നതാണ് ശാസ്ത്രനാമം. പേരുകൊണ്ട് വെള്ളരിയാണെങ്കിലും ഇത് വെള്ളരി കുടുംബത്തിലെ അംഗമല്ല. മറിച്ച് ഏറെ പരിചിതമായ പാഷന്‍ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഈ സവിശേഷ വെള്ളരി.

ഔഷധ സസ്യമായും പച്ചക്കറിയായും മധുരക്കനിമായും ഇത് ഉപയോഗിക്കാം. വെള്ളരിയെ നിലത്തു പടര്‍ത്തി വളര്‍ത്തുമ്പോള്‍ ആകാശ വെള്ളരിയെ പന്തലില്‍ കയറ്റിയാണ് കൃഷി ചെയ്യേണ്ടത്.

പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോഷകങ്ങളാല്‍ സമൃദ്ധമായ ആകാശ വെള്ളരിക്ക് പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, ഉദര രോഗങ്ങള്‍ പോലെയുള്ള രോഗങ്ങളെ ചെറുത്തു നില്‍ക്കാനുള്ള കഴിവുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടാന്‍ കഴിവുള്ളതിനാല്‍ അനീമിയ പോലെയുള്ള രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ് ആകാശവെള്ളരി.

പച്ചനിറത്തിലുള്ള ഉരുണ്ട വലിയ കായ്കളാണു ഇവയുടേത്. കായ്കളേക്കാള്‍ പൂവിന്റെ സൗന്ദര്യമാണ് ഇവയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. വയലറ്റ് നിറത്തിലുള്ള നക്ഷത്രം പോലെയുള്ള ഭംഗിയേറിയ പൂക്കളാണ് ഇവയ്ക്കുള്ളത്. ഇവയുടെ കായ സാലഡ്, അവിയല്‍, തോരന്‍ എന്നിവയ്ക്കായും വിളഞ്ഞു പാകമായാല്‍ ജാം, ജെല്ലി, ഐസ്‌ക്രീം, ഫ്രൂട്ട് സാലഡ് തുടങ്ങിയവ ഉണ്ടാക്കാ നായും ഉപയോഗിക്കാം.



കൃഷിരീതി

വീട്ടുവളപ്പിലെ അടുക്കളത്തോട്ടത്തില്‍ മറ്റു പച്ചക്കറികളോടൊപ്പം ആകാശവെള്ളരിയെയും അനായാസം വളര്‍ത്താനാകും. വിത്തു പയോഗിച്ചും വള്ളികള്‍ മുറിച്ചു നട്ടും കൃഷി ചെയ്യാം. വള്ളികള്‍ വേരുപിടി പ്പിച്ചു നടീല്‍ വസ്തുവായി ഉപയോഗിക്കുന്നതാണ് നേരത്തെ കായ്ച്ചു തുടങ്ങാന്‍ അഭികാമ്യം.

ഇങ്ങനെ വേരുപിടിപ്പിച്ച വള്ളികള്‍ പോട്ടിംഗ് മിശ്രിതം നിറച്ച പോളി ബാഗിലോ തടമെടുത്തു മൂന്നു മീറ്റര്‍ ഇടയകലം ക്രമീകരിച്ചോ നടാവുന്നതാണ്. അടിവളമായി ചാണകപ്പൊടി, കമ്പോ സ്റ്റ്, വേപ്പിന്‍പിണ്ണാക്ക് എന്നിവ നല്‍കണം. തൈകള്‍ ക്രമേണ വള്ളി വീശിത്തുട ങ്ങുമ്പോള്‍ പടര്‍ന്നു കയറാ നുള്ള സൗകര്യം ഒരുക്കണം.

ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസ രിച്ചു വളമായി ചാണകം, എല്ലു പൊടി, ബയോഗ്യാസ് സ്ലറി, മറ്റു ജൈ വവളങ്ങള്‍ എന്നിവ നല്‍കണം. ഇടയ് ക്കൊന്നു കമ്പു കോതിക്കൊടുക്കുന്നത് വശങ്ങളില്‍ നിന്ന് ചില്ലകള്‍ പൊട്ടി വരാനും കൂടുതല്‍ കായ്ക്കാനും വഴിയൊരുക്കുന്നു.

തൈകള്‍ നട്ട് ഒരു വര്‍ഷം ആകുന്നതോടെ പൂവിട്ടു കായ്കള്‍ പിടിക്കാന്‍ തുടങ്ങും. ഇവയുടെ കായ്കള്‍ ഇളം പ്രായത്തില്‍ പച്ചക്കറിയായും വിളഞ്ഞു പഴുത്തു കഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാം. പഴുത്ത മഞ്ഞ നിറത്തിലുള്ള കായ്കള്‍ പുറമെ പപ്പായ പോലെയാണ്. മുറിക്കു മ്പോള്‍ അകത്തു പാഷന്‍ഫ്രൂട്ടിലേതു പോലെ പള്‍പ്പും വിത്തുകളുമുണ്ടാകും.

മീര മോഹന്‍, താസ്‌നി എ
അഗ്രിക്കള്‍ച്ചര്‍ കോളജ്, പടനക്കാട്