അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
Tuesday, May 17, 2022 4:18 PM IST
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില്‍ കൈത്തണ്ടയിലിരുന്ന് കൊത്തിപ്പെറുക്കും. അല്ലെങ്കില്‍ ചുമലിലിരുന്ന് കാതിന്റെ തട്ടില്‍ മൃദുവായി ചുണ്ടുകൊണ്ടു തലോടും. ചിലപ്പോള്‍ താടിയിലോ നെഞ്ചിലോ കൊക്കു കൊണ്ടുരുമ്മും. സണ്‍ കോന്യൂര്‍ വിഭാഗത്തിലെ ബഹുവര്‍ണ തത്തകള്‍ക്ക് ഡോ. സിജോ പട്ടത്ത് അത്രമേല്‍ പ്രിയങ്കരനാണ്.

കുഞ്ഞുനാളില്‍ തുടങ്ങിയ ചങ്ങാത്തം

സ്‌കൂള്‍ കാലം മുതലേ സിജോയ്ക്കു പക്ഷികളെ വലിയ ഇഷ്ടമായിരുന്നു. അക്കാലത്ത് തത്തകളും പ്രാവു കളുമായിരുന്നു അരു മകള്‍. കോളജിലെത്തിയപ്പോഴേക്കും ലൗ ബേര്‍ഡ് സിനോടായി പ്രിയം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആഫ്രിക്കന്‍ തത്തകളാണ് അവിട്ടത്തൂര്‍ സ്വദേശിയായ ഈ ദന്തഡോ ക്ടറുടെ ഓമനകള്‍. പീച്ച്, ഫിഷര്‍, മാസ്‌ക്, കോന്യൂര്‍, കോക്ക് ടെയില്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി അറുപതോളം ഇനം അലങ്കാരതത്തകള്‍ സിജോയുടെ സ്‌നേഹക്കൂ ട്ടിലുണ്ട്. അവയ്ക്ക് നാലായിരം മുതല്‍ 58,000 രൂപ വരെ വിലയുണ്ട്.

വൈവിധ്യമാര്‍ന്ന തത്തകള്‍

അലങ്കാരപക്ഷികളോടുള്ള സ്‌നേഹം അഭിനിവേശ മായി മാറിയതോടെ വിദേശ തത്തകളെ വളര്‍ത്താന്‍ തുടങ്ങി. പച്ച, മഞ്ഞ, ചുവപ്പ്, വെള്ള, നീല എന്നിങ്ങനെ ബഹുവര്‍ണങ്ങളിലുള്ള തത്തകള്‍. മഞ്ഞയും ചുവപ്പും കലര്‍ന്ന ജന്റെ കോന്യൂര്‍, വെള്ള നിറത്തിലുള്ള ആല്‍ബിനോ പീച്ച്, ലുട്ടിനോ ഫിഷര്‍, തൊപ്പിയുള്ള ലുട്ടിനോ കോക്ക്‌ട്ടെയില്‍, മാവോ പൈഡ്, പീച്ച് പൈഡ്, ലാവന്റര്‍ ഒപ് ലെയിന്‍, പാര്‍ ബ്ലൂ, ഗ്രീഫ് ഫിഷര്‍ ഒപ്—ലെയിന്‍ എന്നിങ്ങനെ അവയുടെ നിര നീളുകയാണ്.

ഒന്നു വിളിച്ചാല്‍ പറന്നെത്തും

രാവിലെ ഷട്ടില്‍ കളി കഴിഞ്ഞെത്തിയാല്‍ ഹോസ്പിറ്റലില്‍ പോകുന്നതുവരെ ഒരു മണിക്കൂര്‍ ഇവരുടെ കൂടെയാണ് ഡോക്ടര്‍. എല്ലാവര്‍ക്കും പേരുണ്ട്. പേരു ചൊല്ലി വിളിച്ചാല്‍ അവ പറന്നെത്തും. പിന്നെ അവര്‍ തമ്മില്‍ സല്ലാപമാണ്. ഭക്ഷണം കൊടുക്കലും മരുന്നുകൊടുക്കലും പ്രജനനത്തിനായ് മാറ്റിയിടലുമൊക്കെ അപ്പോഴാണ്. മൂത്തമകള്‍ എവ് ലിനും ഇളയവള്‍ എറിനും കൂടെക്കൂടുമെങ്കിലും ഇളയവള്‍ക്ക് ഡോക്ടറെപ്പോലെതന്നെ തത്തകളൊരു പാഷനാണ്.

പഴങ്ങളോടൊപ്പം പച്ചക്കറിയും

കിലോയ്ക്ക് 190 രൂപ വിലയുള്ള ബെല്‍ജിയം സീഡ് മിക്‌സും ചെറുപയര്‍, കടല, വന്‍പയര്‍ എന്നിവ മുളപ്പിച്ചതും ആപ്പിള്‍, പേരയ്ക്ക, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളുമാണു പ്രധാന 'ഭക്ഷണം. ബീറ്റ് റൂട്ട്, കാരറ്റ്, തുളസിയില, പനിക്കൂര്‍ക്ക, മുരിങ്ങയില എന്നിവയും നല്‍കുന്നുണ്ട്. കുടിക്കാനും കുളിക്കാനും സമൃദ്ധമായി ശുദ്ധജലവും.


അലങ്കാരപക്ഷി വളര്‍ത്തല്‍ ലാഭകരം

തീറ്റ ചെലവേറിയതാണെന്നു തോന്നുമെങ്കിലും ശ്രദ്ധയോടെ പരിചരിച്ചാല്‍ അലങ്കാരപക്ഷി പാലനം ലാഭകരമാണെന്നാണ് ഈ യുവ ഡോക്ടറുടെ പക്ഷം. അസുഖം വരുന്നതു കാണുമ്പോള്‍തന്നെ യഥാസമയം മരുന്നുനല്‍കുകയും വര്‍ഷത്തില്‍ കുറഞ്ഞതു രണ്ടു തവണയെങ്കിലും ബ്രീഡിംഗ് നടത്തുകയും ട്രേഡേഴ്‌സില്‍ നിന്നു വാങ്ങാതെ കുഞ്ഞുങ്ങളെ വീടുകളില്‍നിന്നു മാത്രം (ബ്രീഡേഴ്‌സില്‍ നിന്ന്) വാങ്ങുകയും ചെയ്താല്‍ അലങ്കാരപക്ഷി വളര്‍ത്തല്‍ ലാഭകരമാക്കാമെന്ന് ഇദ്ദേഹം സമര്‍ഥിക്കുന്നു.


പക്ഷി വളര്‍ത്തുന്നവരുടെ ആറ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായ ഈ ഡോക്ടര്‍ തനിക്കു വേണ്ട പ്രോത്സാഹനവും നിര്‍ദേശവും മരുന്നുകളെക്കുറിച്ചുള്ള അറിവും ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നാണു ലഭിക്കുന്നതെന്നു പറഞ്ഞു.

ഏറെ ശ്രദ്ധ വേണ്ട മേഖല

വളരെ ശ്രദ്ധ വേണ്ട മേഖലയാണിതെന്നും എന്നാല്‍, ഏറെ ആനന്ദദായകമാണെന്നും ഡോക്ടര്‍ സൂചിപ്പിച്ചു. 'മുടങ്ങാതെ നാം പക്ഷികളുടെ അടുത്തെത്തണം. ചെറിയ മാറ്റങ്ങള്‍വരെ നിരീക്ഷിക്കണം. ചിലപ്പോള്‍ പല്ലികള്‍ മുട്ട എടുത്തുകൊണ്ടു പോയേക്കാം, എലിയോ മറ്റു ജീവികളോ ഇവയുടെ കാലില്‍ കടിക്കാനിടയുണ്ട്. ക്ഷുദ്ര ജീവികളുടെയും പാന്പുകളുടെയും ആക്രമണവും ഉണ്ടായേക്കാം.

രക്ഷപെട്ടത് തലനാരിഴയ്ക്ക്

രണ്ടു വര്‍ഷം മുമ്പ് ഒരിക്കലാണ്. അടയിരിക്കുന്ന ഒരു കൂട്ടില്‍ നിന്നു പക്ഷി പുറത്തു വന്നില്ല എന്നു ഡോക്ടര്‍ ശ്രദ്ധിച്ചത്. പക്ഷി പറന്നു പോകാതിരിക്കാനായി കൈ കൊണ്ടു മൂടി കൂട് പുറത്തേക്കു കൊണ്ട ുവന്നത്. താഴെ വച്ച് കൈമാറ്റി നോക്കിയപ്പോള്‍ അകത്തൊരു പാമ്പ്. അണലി. കൂടിന്റെ വായ് മൂടിയിരുന്ന കൈയില്‍ അവനെങ്ങാനും കൊത്തിയിരുന്നെങ്കില്‍...

മുട്ടകള്‍ മാത്രമല്ല പക്ഷിയെയും പാമ്പ് അകത്താക്കിയിരുന്നു. ഒട്ടും വൈകിയില്ല, കൂടുകളെല്ലാം ഇരുമ്പ് നെറ്റിനകത്താക്കി.

കിളിക്കൊഞ്ചലുകള്‍ തരുന്ന മനഃസുഖം

തത്തകളെ നന്നായി ശ്രദ്ധിച്ചാല്‍ നല്ല വരുമാനവുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, ഇവയുടെ കിളിക്കൊഞ്ചലുകള്‍ കേട്ടാലോ മനഃസുഖം വേറെയും. നിറചിരിയോടെ കൈയിലിരിക്കുന്ന ലോലയെയും പെപ്പെയെയും തലോടിക്കൊണ്ടു ഡോ. സിജോ പറഞ്ഞു. ഡോ. സിജോയുടെ ഫോണ്‍- 9447436362.

സെബി മാളിയേക്കല്‍