മണ്ണിലുറച്ചു നില്‍ക്കാന്‍ ഗോപിയുടെ മള്‍ട്ടി റൂട്ട് ജംബോ ജാതി
മണ്ണിലുറച്ചു നില്‍ക്കാന്‍ ഗോപിയുടെ മള്‍ട്ടി റൂട്ട് ജംബോ ജാതി
Tuesday, August 16, 2022 5:01 PM IST
കാലാവസ്ഥാവ്യതിയാനവും ശക്തമായ കാറ്റും ജാതി മരങ്ങള്‍ക്കു വലിയ ഭീഷണിയാണ്. ദീര്‍ഘമായ മഴക്കാലവും കടുത്തവേനലും പുതിയ രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു. ജാതി മരങ്ങളുടെ വളര്‍ച്ചയിലും ഉത്പാദനത്തിലും കാര്യമായി കുറവുണ്ടാകുന്നതു മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച വളരെ വലുതാണ്. ഇതിനെ നേരിടാനുള്ള മാര്‍ഗമെന്ന നിലയില്‍ അടിമാലി ചെറുകുന്നേല്‍ ഗോപി കണ്ടെത്തിയ പുതിയ രീതിയാണു മള്‍ട്ടിറൂട്ട് ജംബോജാതി.

തുടക്കം

മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ അവാര്‍ഡ് നേടിയ ഗോപി കൃഷിയിലേക്കു തിരിയുന്നത് 1984-ല്‍. പാരമ്പര്യമായ കൃഷി അറിവുകള്‍ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ചിട്ടപ്പെടുത്തിയ രീതിയില്‍ വാഴയും പച്ചക്കറികളുമാണ് ആദ്യകാലത്ത് കൃഷി ചെയ്തിരുന്നത്. ഇക്കാലത്ത് നാളികേരങ്ങള്‍ ശേഖരിച്ചു വില്പന നടത്തുകയും ചെയ്തിരുന്നു. ഒപ്പം വെളിച്ചണ്ണ ഉത്പാദനവും. 1985 ആയപ്പോഴേക്കും കച്ചവടം വലിയ നഷ്ടത്തിലായി. നഷ്ടം നികത്താന്‍ ഒരേക്കറോളം വരുന്ന പുരയിടം വില്‍ക്കേണ്ടി വന്നു. താമസം വാടകവീട്ടിലായി.

ഇതോടെ കച്ചവടം ഉപേക്ഷിച്ച് കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വര്‍ഷം ഇരുപതിനായിരം രൂപയ്ക്ക് ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്തു വാഴയും പച്ചക്കറികളും കൃഷി ചെയ്തു. അതില്‍ നിന്നുള്ള ആദായം കൊണ്ട് ഓരോവര്‍ഷവും കൃഷി സ്ഥലം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെ 40 ഏക്കര്‍ വരെ ഭൂമി പാട്ടത്തിനെടുത്തു. വാഴക്കൃഷിക്കിടയില്‍ തോട്ടത്തില്‍ കണ്ടെത്തിയ ഒരു വാഴയെ പ്രത്യേകം ശ്രദ്ധിച്ചു പരിപാലിച്ചു. അതാണ് പിന്നീട് ക്വിന്റല്‍ വാഴകള്‍ പേരില്‍ പ്രചാരം നേടിയത്. 15 വര്‍ഷത്തോളം വാഴക്കൃഷിയായിരുന്നു പ്രധാനവിള. ഇതിലൂടെ കുറച്ച് സ്ഥലം വാങ്ങാനും വീടും വയ്ക്കാനുമായി.

വാഴക്കൃഷിയോടൊപ്പം ചെറിയ രീതിയില്‍ നഴ്‌സറിയും നടത്തിയിരുന്നു. ജാതി, തെങ്ങ്, കമുക്, കുരുമുളക് തുടങ്ങിയവയുടെ തൈകളാണ് നഴ്‌സറിയിലുണ്ടായിരുന്നത്. ഇതോടൊപ്പം പുരയിടത്തില്‍ ഏതാനും ജാതിയും നട്ട് പരിപാലിച്ചു. നല്ല പരിചരണം നല്‍കി വളര്‍ത്തിയെടുത്ത മരങ്ങളില്‍ പലതും കാറ്റില്‍ കടപുഴകി വീണതോടെ ഗോപിയുടെ ആശങ്കയേറി. ഇതിനൊരു പരിഹാരം തേടിയുള്ള ചിന്തകള്‍ക്ക് ഒടുവിലാണ് മള്‍ട്ടി റൂട്ട് എന്ന ആശയം ഉദിക്കുന്നത്. ഏതു തരത്തിലുള്ള കാലാവസ്ഥയെയും അതിജീവിച്ചു മണ്ണിലുറച്ചു നില്‍ക്കാന്‍ സഹായിക്കുന്നതാണ് മള്‍ട്ടി റൂട്ട് രീതി.

ജംബോ ജാതി

ലോംഗ് ജാതി എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ ജാതി ഇനങ്ങള്‍ക്കു കച്ചവടക്കാര്‍ ഇട്ട പേരാണു ജംബോ ജാതി. നീളം കൂടിയ ജാതിക്കായ്കളാണ് ഇവയില്‍ ഉണ്ടാകുന്നത്. ഇവയുടെ കായ്ക്കും പത്രിക്കും ഗുണങ്ങള്‍ കൂടുതലുള്ളതുകൊണ്ട് മാര്‍ക്കറ്റ് വിലയെക്കാള്‍ 30 ശതമാനം വരെ വില കൂടുതല്‍ ലഭിക്കും. 70 മുതല്‍ 75 വരെ കായ്കള്‍ ഉണ്ടെങ്കില്‍ ഒരു കിലോ തൂക്കവും കിട്ടും.

അഞ്ച് മുതല്‍ എട്ട് സെന്റീമീറ്റര്‍ വരെ നീളമുള്ള പത്രികള്‍. 275 മുതല്‍ 325 വരെ പത്രിയുണ്ടെങ്കില്‍ ഒരു കിലോ കിട്ടും. പച്ചക്കായ്ക്ക് അഞ്ച് ഇഞ്ച് വരെ നീളം ഉണ്ട്. ഗുണത്തിലും വലുപ്പത്തിലും ചെറിയ വ്യാസമുള്ള മൂന്ന് ഇനങ്ങള്‍ വേറെയുമുണ്ട്. മികച്ച ജംബോ ജാതി നട്ടാല്‍ പത്താം വര്‍ഷം മുതല്‍ ആയിരം കായ്കള്‍ക്ക് മുകളില്‍ ലഭിക്കും.

മള്‍ട്ടി റൂട്ട് ജംബോ ജാതി നട്ട് നന്നായി പരിചരിച്ചാല്‍ രണ്ടാം വര്‍ഷം പുഷ്പിക്കും. അഞ്ചാം വര്‍ഷം മുതല്‍ കായ്ഫലം കൂടുതലാകും. വിദേശ മാര്‍ക്കറ്റുകളില്‍ രാജകീയ പദവിയാണ് ജംബോ ജാതിക്ക്. മോഹവിലയ്ക്ക് എടുക്കാനും കച്ചവടക്കാരുണ്ട്. കൂടുതല്‍ പരിപ്പുള്ള കായകള്‍ സാധാരണ ജാതികളില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ തൈലം നല്‍കും.

കേരളത്തിലെ കൃഷിയിടങ്ങളില്‍ വളരെ അപൂര്‍വമായിട്ടാണ് ഇത്തരം ജാതിമരങ്ങള്‍ കാണപ്പെടുന്നത്. കൃഷി ചെയ്തുണ്ടാക്കിയ 12 ഏക്കര്‍ ഭൂമിയിലെ പ്രധാന വിള മള്‍ട്ടി റൂട്ട് ജംബോ ജാതികളാണ്. ഇതിന്റെ പേരില്‍ സ്‌പൈസസ് ബോര്‍ഡ് റിസര്‍ച്ച് വിഭാഗം ഗോപിയെ 2014 ല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. മള്‍ട്ടി റൂട്ട് ജംബോ ജാതിക്ക് അഞ്ച് വര്‍ഷം പ്രായമാകുന്നതോടെ ഒരു മരത്തില്‍ നിന്ന് ശരാശരി അഞ്ച് കിലോ കായയും ഒന്നരകിലോ പത്രിയും ലഭിക്കും. വര്‍ഷത്തില്‍ നാല് പ്രാവശ്യം പുഷ്പിക്കുന്ന ജാതിമരത്തില്‍ നിന്ന് വര്‍ഷം മുഴുവന്‍ വിളവെടുക്കാനും കഴിയും.

നടീല്‍ രീതി

വളരെ ശ്രദ്ധയോടെ വേണം ജാതി തൈകള്‍ നടാന്‍. തണുപ്പ് കൂടുതലുള്ള മൂന്നാര്‍ പോലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ജാതിയുടെ വിളവ് കുറവുള്ളത്. കര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും മലകളിലും ജാതികള്‍ നട്ട് പരിപാലിക്കാം. ആഴത്തില്‍ കുഴികളെടുത്തു നടുന്നതാണ് ഉത്തമം.

മള്‍ട്ടിറൂട്ട് ജംബോ ജാതികള്‍ നടാന്‍ നാലടി താഴ്ചയില്‍ ആറടി ചുറ്റളവില്‍ കുഴികള്‍ എടുക്കണം. തീരപ്രദേശങ്ങളിലും ഉറവയുള്ള പ്രദേശങ്ങളിലും എട്ട് അടി ചുറ്റളവില്‍ മൂന്നടി ഉയരത്തില്‍ കൂനകള്‍ ഉണ്ടാക്കി, അതിനു നടുവില്‍ മൂന്നടി ചുറ്റളവില്‍ രണ്ട് അടി താഴ്ചയില്‍ കുഴികള്‍ എടുക്കണം. ചെടികള്‍ തമ്മില്‍ ഇരുപത്തിയഞ്ച് അടി അകലം വേണം.

ജാതി തൈകള്‍ നടാന്‍ തയാറാക്കിയ ഓരോ കുഴിയിലും 15 കിലോ ചാണകപ്പൊടി, അഞ്ച് കിലോ കോഴിക്കാഷ്ടം അല്ലെങ്കില്‍ ആട്ടിന്‍ കാഷ്ടം അടിവളമായി ഇടണം. അതില്‍ ചുറ്റിലുമുള്ള മേല്‍മണ്ണ് ഇടിച്ചിട്ടശേഷം നന്നായി മിക്‌സ് ചെയ്തു കുഴി പകുതിയോളം മൂടുക. അതിനു നടുവില്‍ തൈകള്‍ നടുന്നതിന് ആവശ്യമായ കുഴിയെടുത്ത് തൈ നടാം.

തൈ വച്ച് ചുവട് ചവിട്ടി ഉറപ്പിക്കണം. തൈകള്‍ നേരെ നില്‍ക്കാനായി ചുറ്റും മൂന്ന് കമ്പുകള്‍ നാട്ടി കെട്ടി ഉറപ്പിക്കണം. കുഴിയുടെ മൂടാത്ത ഭാഗം മൂന്ന് വര്‍ഷം കൊണ്ടാണ് വളമിട്ട് മൂടി ലെവലാക്കേണ്ടത്. കൂനകള്‍ എടുത്ത് നടുന്ന തൈകള്‍ക്ക് കൂനകളുടെ ഉയരം ഓരോ വര്‍ഷവും കൂട്ടിക്കൊണ്ടിരിക്കണം.


സമ്മിശ്രക്കൃഷി

ജാതിയൊടൊപ്പം തെങ്ങ്, കമുക്, കൊക്കോ, കരുമുളക്, വിവിധതരം പഴവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്ത് വരുന്ന ഗോപിക്ക് കൃഷി എപ്പോഴും ആദായകരം തന്നെ. ഒന്നിന് വിലയിടിഞ്ഞാല്‍ മറ്റൊന്ന് നഷ്ടം നികത്താനുണ്ടാകും. ജംബോ ജാതിയുടെ വെള്ളക്കായ്ക്കും വാട്ടക്കായ്ക്കും വില കിട്ടും. ഇത്തരം കായകളില്‍ നിന്ന് കൂടുതല്‍ തൈലം കിട്ടുമെന്നതാണ് കാരണം. ജാതിമരങ്ങള്‍ക്ക് 30 ശതമാനം തണല്‍ ആവശ്യമാണ്.

കന്നുകാലികള്‍ക്കുള്ള തായ്‌ല ന്‍ഡ് സൂപ്പര്‍ നേപ്പിയര്‍ തീറ്റപ്പുല്ലും ഗോപിക്കുണ്ട്. നാരുകള്‍ കൂടുതലുള്ള ഇനമാണിത്. പന്ത്രണ്ട് അടിയിലേറെ ഉയരത്തില്‍ വളരുന്ന പുല്ലിന്റെ തണ്ടും ഇലകളും കന്നുകാലികള്‍ക്ക് ഏറെ പ്രിയമാണ്. കട ചേര്‍ത്ത് അരിഞ്ഞെടുത്താല്‍ വളരെ പെട്ടന്ന് തന്നെ തഴച്ച് വളരും.

വളപ്രയോഗം

വേനല്‍ക്കാലത്ത് നനയും വര്‍ഷക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള മുന്‍കരുതലും അത്യാവശ്യമാണ്. വര്‍ഷത്തില്‍ മൂന്ന് തവണ മൈക്രോഫുഡ് കൃത്യമായ അളവില്‍ നല്‍കാം. ബോഡോ മിശ്രിതം ഒരു ശതമാനം കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പ് തളിക്കുന്നതു നല്ലതാണ്. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ അടിച്ചാല്‍ പൂ കൊഴിച്ചിലും രോഗബാധകളും കുറയും.

സ്വന്തമായി തയാറാക്കുന്ന വളമാണ് ഗോപി ഉപയോഗിക്കുന്നത്. 200 ലിറ്റര്‍ വെള്ളത്തില്‍ 15 കിലോ പച്ചച്ചാണകവും അഞ്ച് കിലോ കോഴിക്കാഷ്ടവും ഒരു കിലോ കടലപ്പിണ്ണാക്കും ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുന്നു. ഊറിക്കഴിയുമ്പോള്‍ അതിന്റെ തെളിയെടുത്ത് വിളകളുടെ ചുവട്ടില്‍ വീശി ഒഴിക്കും.

ചെറിയ തൈകള്‍ക്ക് പത്ത് ലിറ്ററും ഇടത്തരത്തിന് ഇരുപത് ലിറ്ററും വലിയതിന് അമ്പത് ലിറ്ററുമാണ് വേണ്ടത്. മാസത്തില്‍ ഒരു തവണ എന്ന കണക്കില്‍ വര്‍ഷം പന്ത്രണ്ട് തവണ ഇത് പ്രയോഗിക്കും. ചാണകപ്പൊടിയും ജൈവവളങ്ങളും വര്‍ഷത്തില്‍ മൂന്നു തവണ നല്‍കും.

വിഎഫ്പിസികെ യിലെ ലാബ് അസിസ്റ്റന്റായിരുന്ന ഭാര്യ സാവിത്രിയുടെ പ്രോല്‍സാഹനവും ഗോപിക്ക് തുണയാണ്. ഒപ്പം രണ്ട് മക്കളുടെ സഹായവും. ഫോണ്‍: 9447613755

എന്താണ് മള്‍ട്ടി റൂട്ട് ?

രോഗപ്രതിരോധശേഷിയും പ്രതികൂല കാലാവസ്ഥയെ നേരിടാനുള്ള കരുത്തും നേടി ഉത്പാദന വര്‍ധനവിനു സഹായിക്കുന്ന പുത്തന്‍ ബഡിംഗ് രീതിയാണു മള്‍ട്ടി റൂട്ട്. കാട്ടുജാതിയും നാടന്‍ ജാതിയും ഗ്രാഫ്റ്റ് ചെയ്ത് ഒന്നാക്കി വളര്‍ത്തിയെടുത്ത്, അതില്‍ മേല്‍ത്തരം ജാതി മുകുളം ബഡ് ചെയ്താണു മള്‍ട്ടിറൂട്ട് ജാതി തൈകള്‍ ഉണ്ടാക്കുന്നത്. മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ഒരു തൈയുടെ ഉത്പാദനത്തിനു വരുന്ന കാലയളവ്.

മൂന്നു മുതല്‍ അഞ്ചു വരെ കാട്ടുജാതികള്‍ ഒരുമിച്ചു രണ്ടോ മൂന്നോ പ്രാവശ്യം കൊണ്ട് ഗ്രാഫ്റ്റ് ചെയ്യുന്നു. തുടര്‍ന്ന് നാടന്‍ ജാതിയോടൊപ്പം ചേര്‍ത്തു വീണ്ടും ഗ്രാഫ്റ്റിംഗ്. ജാതി തൈകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് വളര്‍ത്തുന്ന കവറുകളുടെ വലിപ്പവും കൂട്ടും.

ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന ഓരോ തൈയിലും മൂന്നു മുതല്‍ അഞ്ച് വരെയുള്ള തൈകളുടെ തായ്‌വേരുകള്‍ ഉണ്ടാകും. വളര്‍ന്നു വരുന്ന നാടന്‍ ജാതിയിലാണ് ഉത്പാദന വര്‍ധനവും രോഗപ്രതിരോധശേഷിയും ഉള്ള മികച്ച ജാതികളുടെ തെരഞ്ഞെ ടുത്ത മുകുളങ്ങള്‍ ബഡ് ചെയ്യുന്നത്. മൂന്നു മുതല്‍ പത്ത് വരെയുള്ള മരങ്ങളെ കൂട്ടിയോജിപ്പിച്ച ജാതി തൈകളാണ് സ്വന്തം കൃഷിയിടത്തില്‍ ഗേപി നട്ട് പരിപാലിക്കുന്നത്.

ക്രൗണ്‍ ബഡിംഗ്

രോഗപ്രതിരോധശേഷിയും മികച്ച ഉത്പാദനശേഷിയുമുള്ള ജംബോ ജാതികളില്‍ നിന്ന് ശേഖരിക്കുന്ന ഒട്ടുകണ്ണ് മള്‍ട്ടി റൂട്ട് ജാതികളില്‍ നാല് അടി മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ ബഡ് ചെയ്യുന്ന രീതിയാണ് ക്രൗണ്‍ ബഡിംഗ്. ഇത് ബഡ് മരങ്ങള്‍ക്ക് ഉയര്‍ന്ന രോഗപ്രതിരോധശേഷിയും ഉയര്‍ന്ന വിളവും നേടിത്തരും.

മള്‍ട്ടി റൂട്ട് ജാതി തൈകളില്‍ നാല് തട്ട് ശിഖരങ്ങള്‍ വന്നശേഷമാണ് അതിനു മുകളില്‍ ജംബോ ജാതിയുടെ ഒട്ടുകണ്ണ് ബഡ് ചെയ്യുന്നത്. ഒട്ടുകണ്ണ് പിടിച്ചു വളര്‍ന്ന് തുടങ്ങുമ്പോള്‍ അതിനു മുകളിലുള്ള ശിഖരം വെട്ടിമാറ്റും. സാധാരണ നിലയില്‍ ഒട്ടുകണ്ണിന് താഴെയുള്ള ശിഖരങ്ങള്‍ ആണ്‍ മരങ്ങളാകാനാണ് സാധ്യത. കുരു പാകി മുളപ്പിക്കുന്ന തൈകളില്‍ ഭൂരിഭാഗവും ആണ്‍ മരങ്ങളായിരിക്കും.

ജാതി തോട്ടങ്ങളില്‍ വിളവ് വര്‍ധിക്കാന്‍ 20 പെണ്‍ജാതിക്ക് ഒരാണ്‍ ജാതി എന്നാണ് കണക്ക്. ക്രൗണ്‍ ബഡിംഗിലൂടെ ആണ്‍ ജാതിയും പെണ്‍ ജാതിയും ഒരു മരത്തില്‍ തന്നെ ഉണ്ടാകുന്നു. ഇതുമൂലം വിളവ് ഇരട്ടികുമെന്നാണ് ഗോപിയുടെ അനുഭവം.

മള്‍ട്ടി റൂട്ട് തൈകളില്‍ സാധാരണ രീതിയിലുള്ള ബഡിംഗ് നടത്തിക്കഴിഞ്ഞാല്‍ മൂന്നാം വര്‍ഷം മുതല്‍ വിളവ് ലഭിച്ചു തുടങ്ങും. മള്‍ട്ടി റൂട്ട് ജംബോ ക്രൗണ്‍ ബഡിംഗ് നടത്താന്‍ അഞ്ചു വര്‍ഷം വേണ്ടിവരും. പരിസരത്ത് കാട്ടുജാതികള്‍ പുഷ്പിച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ വിളവ് വര്‍ധിക്കും.

നെല്ലി ചെങ്ങമനാട്