ബംഗാളിന്‍റെ പൊട്ടല്‍ ജോബിക്കു സ്വന്തം
ബംഗാളിന്‍റെ പൊട്ടല്‍ ജോബിക്കു സ്വന്തം
Tuesday, January 10, 2023 6:36 PM IST
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്ക്കുമായി ബന്ധമൊന്നുമില്ല. പച്ചയ്ക്കു തിന്നാല്‍ പച്ചക്കപ്പയുടെ രുചി. വടക്കേ ഇന്ത്യക്കാരുടെ പ്രത്യേകിച്ചു ബംഗാളികളുടെ പ്രിയ ഭക്ഷണമാണിത്. കായും തണ്ടുമൊക്കെ അവര്‍ കറിക്കൂട്ടിലുള്‍പ്പെടുത്തും. ചുട്ടും അരച്ചും ചമ്മന്തിയുണ്ടാക്കിയുമൊക്കെ അവര്‍ ഇതു കഴിക്കും.

ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കേരളത്തില്‍ എത്തിത്തുടങ്ങിയതോടെയാണു പൊട്ടലിനെക്കുറിച്ചും മലയാളികള്‍ കേട്ടു തുടങ്ങിയത്. അവര്‍ ഏറെയുള്ള പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശിയായ ജോബി പത്രോസും അങ്ങനെയാണു പൊട്ടലിനെക്കുറിച്ച് അറിഞ്ഞത്. എങ്കില്‍ അതൊന്ന് പരീക്ഷിച്ചേക്കാമെന്നു കരുതി ജോബി പൊട്ടല്‍ കൃഷി തുടങ്ങുകയായിരുന്നു.

നടീല്‍ വസ്തുവായ തണ്ടുകള്‍ ബംഗാളിലെത്തിയാണു വാങ്ങിയത്. അവിടെ നിന്നു തന്നെ കൃഷി രീതികളൊക്കെ മനസിലാക്കുകയും ചെയ്തു. തിരിച്ചെത്തി അധികം വൈകാതെ സ്ഥലം ഒരുക്കി കൃഷി തുടങ്ങി. കേരളത്തിലെ ആദ്യ സംരംഭം.

പത്തു വര്‍ഷം മുമ്പു 65 സെന്റ് സ്ഥലത്താണു കൃഷി തുടങ്ങിയത്. ക്രമേണ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ പൊട്ടല്‍ മാത്രമായി മൂന്നരയേക്കറോളമുണ്ട്. പൊട്ടല്‍ കൃഷി പുരയിടങ്ങളിലാണു ചെയ്യുന്നത്. പാടത്ത് സാധ്യമല്ല. അഞ്ചടി അകല ത്തിലാണു തണ്ടുകള്‍ നടുന്നത്. ഇടയില്‍ ആണ്‍ തണ്ടുകളും നടണം. എങ്കില്‍ മാത്രമേ നല്ല വിളവുണ്ടാകൂ.

ആഴ്ചയില്‍ നാല് ദിവസം മൂന്നു മണിക്കൂറെങ്കിലും തണ്ടിനു സമീപം വെളളം കെട്ടി നിറുത്തണം. വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി കൊപ്ര എന്നിവയുടെ മിശ്രിതമാണ് പ്രധാന വളം. അത് ഇടയ്ക്കിടയ്ക്ക് ഇട്ടു കൊടുക്കണം. നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. ചോലയുണ്ടെങ്കില്‍ കായ് നന്നായി പിടിക്കില്ല.

ഒരേക്കറില്‍ 600 -700 വരെ തണ്ടുകള്‍ നടാം. നാല് മാസം കഴിയു മ്പോള്‍ പൂവിട്ടു തുടങ്ങും. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് സീസണ്‍. മാര്‍ച്ച് മാസമാകുന്നതോടെ നിറയെ കായ് പിടിക്കും. ഒരു തണ്ടില്‍ 50 എണ്ണം വരെയുണ്ടാകും. തുടക്കത്തില്‍ കലോയ്ക്ക് 80 രൂപയായിരുന്നു വില. ആവശ്യക്കാരേറിയതോടെ വില കൂടി. ഇപ്പോള്‍ 150 രൂപയ്ക്കാണു വില്‍ക്കുന്നത്.

10-12 കായുണ്ടെങ്കില്‍ ഒരു കിലോയാകും. കായ്‌ക്കൊപ്പം കറി വയ്ക്കാന്‍ ഇളംതണ്ടിനും ആവശ്യക്കാരേറെയാണ്. കിലോയ്ക്കു 100 രൂപയാണു വില. വര്‍ഷക്കാലത്ത് കായ് തീരെ കുറവായിരിക്കും. കായ് പഴുത്താല്‍ നല്ല തേന്‍ മധുരമാണ്. പഴമായി കഴിക്കാമെന്നതൊഴിച്ചാല്‍ മറ്റൊന്നിനും പറ്റില്ല. സാധാരണ നിലയില്‍ പഴുക്കാന്‍ അനുവദിക്കാറില്ല. അതിനു മുമ്പേ പറിച്ചെടുക്കും.


ഒരേക്കറില്‍ നിന്ന് ചെലവുകളെല്ലാം കഴിച്ച് ആഴ്ച യില്‍ 5000 രൂപയില്‍ കുറയാത്ത വരുമാനം കിട്ടുന്നുണ്ടെന്നു ജോബി പറഞ്ഞു. സീസണില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ ഒരേക്കറില്‍ നിന്ന് കുറഞ്ഞത് 40 കിലോയെങ്കിലും പറിച്ചെടുക്കാന്‍ കഴിയും.

ആവശ്യക്കാരിലേറെയും നേവല്‍ ബേസിലേയും വിമാനത്താവളത്തിലേയും ഉദ്യോഗസ്ഥരാണ്. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന പ്രചാരണം വന്നതോടെ പൊട്ടലിന്റെ ഡിമാന്‍ഡ് കൂടിയെന്ന് ജോബി പറഞ്ഞു. ജോബിയുടെ പൊട്ടല്‍ കൃഷി കണ്ടു നിരവധിപ്പേരാണു കൃഷി താത്പര്യവുമായി രംഗത്തു വരുന്നത്. ഇതിനോടകം 100 പേരെങ്കിലും നടാനായി തണ്ടു വാങ്ങിയിട്ടുണ്ടെന്നു ജോബി പറഞ്ഞു.

പൊട്ടലിനൊപ്പം മറ്റൊരു ബംഗാളി പച്ചക്കറിയായ ബാഗുനും ജോബി കൃഷി ചെയ്യുന്നുണ്ട്. വഴുതനങ്ങ പോലെയിരിക്കുമെങ്കിലും രുചിയിലോ ഗുണത്തിലോ അതുമായി സാമ്യമൊന്നുമില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള സ്ഥലങ്ങളിലെ ബജിക്കടകളിലും മറ്റുമാണ് ഇതു കൂടുതലും ചെലവാകുന്നത്. കിലോയ്ക്കു 100 രൂപ വരെ വിലയുണ്ട്.

മണല്‍ തൊഴിലാളിയായിരുന്ന ജോബി, മണല്‍ വാരല്‍ നിരോധിച്ചതോടെ ബസ് സര്‍വീസിലൊക്കെ കൈവച്ചെങ്കിലും അവസാനം കൃഷിയില്‍ എത്തിപ്പെടുകയായിരുന്നു. 65 സെന്റില്‍ നെല്‍ കൃഷിയിലൂടെയായിരുന്നു തുടക്കം. പിന്നീട് വര്‍ഷംതോറും കൃഷിയിടം വര്‍ധിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ സ്വന്തമായും പാട്ടത്തിനെടുത്തതുമായി 25 ഏക്കറിലധികം സ്ഥലത്ത് ജോബി കൃഷി ചെയ്യുന്നുണ്ട്.

ഒക്കല്‍, രായമംഗലം, വാഴക്കുളം, പെരുമ്പാവൂര്‍ നഗരസഭാ പ്രദേശങ്ങളി ലാണു അദ്ദേഹത്തിന്റെ കൃഷിയിട ങ്ങള്‍. വിവിധങ്ങളായ നിരവധി വിളകളാണ് ഇവിടെയൊക്കെയുള്ളത്. ഒട്ടുമിക്ക പച്ചക്കറികളും നെല്ല്, വാഴ, കപ്പ തുടങ്ങി മലയാളികള്‍ക്കു പ്രിയപ്പെട്ടവയെല്ലാം കൃഷിയിടങ്ങളില്‍ സമൃദ്ധമായി വിളയുന്നു. 80 ഗ്രോ ബാഗു കളില്‍ കറ്റാര്‍വാഴയുമുണ്ട്. മത്സ്യം, ആട്, കോഴി എന്നിവയും കൃഷിയിടങ്ങളിലുണ്ട്. വ്യത്യസ്ത ജോലികളുമായി 14 തൊഴിലാളികള്‍ എപ്പോഴുംകൂടെയുണ്ട്.

കാക്കനാട്ടെ ഹോര്‍ട്ടികോര്‍പിന്റെ കേന്ദ്രത്തിലാണു പ്രധാനമായും ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. പോലീസ് ക്വാര്‍ട്ടേഴ്‌സ്, പട്ടാല്‍ പരിസരങ്ങളില്‍ സ്വന്തം വാഹനത്തില്‍ പച്ചക്കറികള്‍ വില്പന നടത്തുന്നുമുണ്ട്. ഒക്കല്‍ കൃഷി ഓഫീസറായിരുന്ന അനില്‍ കുമാര്‍, അസി. കൃഷി ഓഫീസര്‍ പ്രജില്‍ എന്നിവരാണ് ഒക്കല്‍ ഞെഴുങ്ങന്‍ വീട്ടില്‍ ജോബി പത്രോസിനെ മുഴുസമയ കര്‍ഷനാക്കി മാറ്റിയത്. ഫോണ്‍: 9539381027

ഷിജു തോപ്പിലാന്‍