പ്രളയവും സ്‌ട്രോക്കും പ്രശ്‌നമാക്കിയില്ല, തോല്‍ക്കാന്‍ ജോര്‍ജിന് മനസില്ല
പ്രളയവും സ്‌ട്രോക്കും പ്രശ്‌നമാക്കിയില്ല, തോല്‍ക്കാന്‍ ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള്ള സ്‌നേഹത്തില്‍ അണുവിട കുറവ് വരികയുമില്ല. 2018ലെ മഹാപ്രളയത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നല്ല ആദായം ലഭിച്ചിരുന്ന 450 ജാതി മരങ്ങളടക്കം നിരവധി വിളകളുമായി അഞ്ചേക്കര്‍ ഭൂമി ഒലിച്ചു പോയി ലക്ഷങ്ങള്‍ നഷ്ടമുണ്ടായിട്ടും ജോര്‍ജ് കുലുങ്ങിയില്ല.

ഇതിനു പിന്നാലെ എത്തിയ സ്‌ട്രോക്കില്‍ ശരീരം തളര്‍ന്നു പോയെങ്കിലും അസാമാന്യ മനക്കരുത്തില്‍ അദ്ദേഹം പിടിച്ചു നില്‍ക്കുകയും ചെയ്തു. നഷ്ടമായതിനെ ഓര്‍ത്തു വിഷമിച്ചിരിക്കാതെ വീണ്ടും വര്‍ധിത വീര്യത്തോടെ മണ്ണില്‍ പണിയെടുക്കുകയാണു ജോര്‍ജ്.

പ്രളയം അവശേഷിപ്പിച്ച കൃഷിയിടം ഇന്നു മനോഹരമായ പഴത്തോട്ടമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലേതടക്കമുള്ള പഴവര്‍ഗങ്ങളുടെ സമൃദ്ധിയാണിവിടെ. പത്തു വര്‍ഷം പ്രായമുള്ള ഒരു ദുരിയാന്‍ മരത്തില്‍ നിന്ന് ഈ വര്‍ഷം മാത്രം അന്‍പതിനായിരം രൂപ ആദായം കിട്ടി. ഈ പഴങ്ങളേറെയും ഹോങ്കോംങ്ങിലേക്കാണു കയറ്റി അയച്ചത്. ഇതോടൊപ്പം വിളയുന്ന സലാക്ക്(ആഫ്രിക്ക) പഴങ്ങള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. അവക്കാഡോയും മികച്ച വിളവ് നല്‍കുന്നു. പ്രളയം തകര്‍ത്തെറിഞ്ഞ ഭാഗത്ത് കപ്പ കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്.
ആയിരത്തോളം കാസര്‍ഗോഡന്‍ ഇനം കമുക് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ആദായം ലഭിച്ചു തുടങ്ങും. കൃത്യമായ അകലത്തില്‍ അതി മനോഹരമായിട്ടാണ് കമുകുകള്‍ നട്ടു വളര്‍ത്തിയിരിക്കുന്നത്. ഏലം, കുരുമുളക്, കൊക്കൊ, ജാതി, പേര, റംമ്പൂട്ടാന്‍ എന്നിവയും തെങ്ങിന് ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്.

കൃഷിക്കൊപ്പം പശു വളര്‍ത്തലുമുള്ളതിനാല്‍ അങ്ങനെയും ആദായം കിട്ടുന്നു. പത്തോളം ജഴ്‌സിയടക്കമുള്ള പശുക്കള്‍ ഫാമിലുണ്ട്. ഇവിടെ നിന്നു കിട്ടുന്ന ചാണകമാണ് വിളകള്‍ക്ക് വളമായി ഉപയോഗിക്കുന്നത്. ഗിഫ്റ്റ് തിലോപ്പിയ മത്സ്യങ്ങളെ വളര്‍ത്തുന്ന രണ്ട് മീന്‍കുളങ്ങളുമുണ്ട്. വീട്ടാവശ്യത്തിനു മാത്രമല്ല, മീനുകളെ വിറ്റും ജോര്‍ജ് വരുമാനമുണ്ടാക്കുന്നുണ്ട്. ഫോണ്‍: 9497901866

ജിജോ രാജകുമാരി