ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
Tuesday, February 7, 2023 4:01 PM IST
സുഗന്ധവ്യഞ്ജന രാജാവിനെ മുറ്റത്തോ, തൊടിയിലോ, മട്ടുപ്പാവിലോ, മഴമറയിലോ ഉയരം ക്രമീകരിച്ചു വളര്‍ത്തി അലങ്കാരത്തിനും വീട്ടാവശ്യത്തിനും നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുമെല്ലാം പ്രയോജനപ്പെടുത്താവുന്ന കുറച്ചു രീതികള്‍ പരിചയപ്പെടാം.

കുറ്റിക്കുരുമുളക്

കുറ്റിക്കുരുമുളക് കൃഷിക്ക് ഏറെ പ്രചാരമുള്ള കാലമാണിത്. താങ്ങുകാലുകളുടെ സഹായമില്ലാതെ കുരുമുളകിനെ കുറ്റിച്ചെടിയായി ചട്ടിയിലോ നിലത്തോ വളര്‍ത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. നട്ട് ഒരു വര്‍ഷം പ്രായമാകുന്നതോടെ ഒരു കൊടിയില്‍ നിന്ന് ശരാശരി 300-350 ഗ്രാം ഉണക്കക്കുരുമുളക് ലഭിക്കുകയും ചെയ്യും.

നടീല്‍ രീതി

കുരുമുളകിന്റെ തിരികള്‍ വരുന്ന തലകള്‍ (പാര്‍ശ്വശിഖരങ്ങള്‍) അഥവാ കണ്ണിത്തലകളാണു നടീല്‍ വസ്തുക്കളായി ഉപയോഗിക്കുന്നത്. ഒരു വര്‍ഷം പ്രായമായ മൂന്നു മുതല്‍ നാല് മുട്ടു വരെയുള്ള തണ്ടുകള്‍ വേനല്‍ മഴയ്ക്കുശേഷം തോട്ടത്തില്‍ നിന്നെടുക്കുകയാണ് ആദ്യ പടി.

ചെന്തലകളെ അപേക്ഷിച്ച് വേര് പിടിച്ചുകിട്ടാന്‍ പ്രയാസമായതിനാല്‍ നടുന്നതിനു മുമ്പു മുറിച്ച തണ്ടിന്റെ ചുവടുഭാഗം 45 സെക്കന്‍ഡ് ഐബിഎ ലായനിയില്‍ മുക്കിവയ്ക്കണം. ( ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം ഐബിഎയും 3-5 ഗ്രാം അലക്കുകാരവും ചേര്‍ത്ത മിശ്രിതമാണ് ഐബിഎ ലായനി.)

പിന്നീട് തണ്ടുകള്‍ സൂര്യതാപീകരണത്തിനു വിധേയമായ പോട്ടിംഗ് മിശ്രിതം നിറച്ച (2:1:1 അനുപാതത്തില്‍ മേല്‍മണ്ണ്, ചകരിച്ചോര്‍, ചാണകപ്പൊടി എന്നിവ കൂട്ടിക്കലര്‍ത്തിയത്) ബാഗുകളില്‍ നടണം. ഒരു ബാഗിനു ഒരു തണ്ട് എന്ന രീതിയിലാണ് നടേണ്ടത്. തണ്ടിന്റെ ഒന്നോ രണ്ടോ മുട്ട് പോട്ടിംഗ് മിശ്രിതത്തിലേക്ക് ഇറക്കി നടുകയും വേണം.

കണ്ണിത്തലയുടെ വേരുപിടിത്തം ഉറപ്പാക്കാന്‍ ഇവ മുറിക്കുമ്പോള്‍ പ്രധാന തണ്ടിന്റെ മുട്ട് കൂടി ചേര്‍ത്ത് മുറിച്ചെടുക്കുന്നതു നല്ലതാണ്. പോട്ടിംഗ് മിശ്രിതത്തില്‍ നട്ട തണ്ടുകള്‍ക്ക് ഒന്നര മുതല്‍ രണ്ടു മാസം വരെ പുത നല്‍കണം. ഇതിനായി ഇലപൊഴിയാത്ത തണ്ടുകള്‍ (അരണമരം/മുളര്‍മാവ്)/ ഗ്രീന്‍നെറ്റ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. ഈ സമയങ്ങളില്‍ പൂവാളി ഉപയോഗിച്ചു രണ്ടു നേരം നന ഉറപ്പു വരുത്തണം.

ഒന്നോ രണ്ടോ ഇല വന്നാല്‍ പുത മാറ്റേണ്ടതും ജലസേചനം തുടരേണ്ടതുമാണ്. വേരു പിടിച്ച തൈകള്‍ വലിയ ചട്ടിയിലോ കുഴിയിലോ നടാം. ചട്ടിയുടെ വലിപ്പത്തിനനുസരിച്ചായിരിക്കും കൊടിയുടെ വളര്‍ച്ചയും വിളവും. ഇവ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്. 8-10 വര്‍ഷം വരെ വിളവ് ലഭിക്കും. രണ്ടു വര്‍ഷം കൂടുമ്പോള്‍ വേരുകള്‍ക്കു ക്ഷതം സംഭവിക്കാതെ പുതുതായി പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിലേക്കു മാറ്റണമെന്നു മാത്രം.

വളപ്രയോഗം

രണ്ടു മാസത്തിലൊരിക്കല്‍ ഒരു കൊടിക്ക് 2.17 ഗ്രാം യൂറിയ 3 ഗ്രാം രാജ്‌ഫോസ്, 3.3 ഗ്രാം പൊട്ടാഷ് എന്നിവ ചൂവട്ടില്‍ നല്‍കണം. 15 ഗ്രാം കടലപ്പിണ്ണാക്ക് 33 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഇടവിട്ട് നല്‍കുന്നതും നല്ലതാണ്. വേനല്‍ക്കാലത്ത് തണലും നനയും നല്‍കണം.

ചെടിയില്‍ നിന്നു വളര്‍ന്നു പടരുന്ന വള്ളികള്‍ സമയാസമയങ്ങളില്‍ മുറിച്ചു നീക്കുന്നതു കൊടിയെ കുറ്റിയായി നില്‍ക്കാന്‍ സഹായിക്കും. നേരിട്ട് മുറ്റത്ത് നടുകയാണെങ്കില്‍ 2 മീ ഃ 2 മീ അകലം പാലിക്കണം. പന്നിയൂര്‍ 21 പന്നിയൂര്‍ 5, വിജയ് പൗര്‍ണമി എന്നീ ഇനങ്ങള്‍ തെങ്ങിന്‍തോട്ടങ്ങളില്‍ മികച്ച വിളവ് തരുന്നു.

അതിസാന്ദ്രത കൃഷിക്ക് ഏറുതലകള്‍ (കേറുതലകള്‍)

കുരുമുളക് കൃഷിയില്‍ ഏറെ പ്രചാരത്തിലുള്ള നടീല്‍ വസ്തുക്കളാണ് ചെന്തലകളും പാര്‍ശ്വശാഖകളും. ചെന്തലുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കൊടികള്‍ വള്ളികളായി മുകളിലോട്ടു പോകുമ്പോള്‍ പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചുള്ളവ കുറ്റിക്കുരുമുളകായി നില്‍ക്കുന്നു. ഇവയില്‍ നിന്നു വ്യത്യസ്തമായി അതിസാന്ദ്രതകൃഷിയില്‍ ഉപയോഗിക്കുന്ന നടീല്‍ വസ്തുവാണ് കേറുതലകള്‍.


കുരുമുളക് കൊടിയുടെ മുകളിലുള്ള തലയെയാണു കേറുതലകള്‍ (ഏറുതലകള്‍). കുരുമുളക് കൃഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങളില്‍ ഭൂരിഭാഗം കര്‍ഷകരും കേറുതലകള്‍ ഉപയോഗിച്ചുള്ള അതിസാന്ദ്രതാ കൃഷിയാണു ചെയ്തു വരുന്നത്.

നട്ട് അടുത്ത വര്‍ഷം തന്നെ വിളവ് കിട്ടുമെന്ന പ്രത്യേകതയുമുണ്ടിതിന്. സാധാരണ കൊടികളില്‍ നിന്നു വ്യത്യസ്തമായി ഏറ്റവും താഴെ നിന്നുപോലും പാര്‍ശ്വശിഖരങ്ങള്‍ വരുമെന്നതും ഈ രീതിയെ ആകര്‍ഷകമാക്കുന്നു.

ആരോഗ്യവും ഉത്പാദനക്ഷമതയുമുള്ള മാതൃകൊടിയെ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ കണ്ടെത്തുകയും വേനല്‍ മഴക്കുശേഷം ഇവയില്‍ നിന്ന് 5-7 മുട്ടുകളോടുകൂടിയ കേറുതലകള്‍ മുറിച്ചെടുക്കുകയും വേണം. കണ്ണിത്തലകളെ അപേക്ഷിച്ചു വേരു പിടിക്കാനുള്ള സാധ്യത ഇവയ്ക്കു കൂടുതലാണ്. ഇവ 45 സെക്കന്‍ഡ് ഐബിഎ ലായനിയില്‍ മുക്കിയശേഷം പോട്ടിംഗ് മിശ്രിതത്തില്‍ നടാം.

കമ്പി വലകൃഷി

ഒരു കൊടിയില്‍ നിന്നു ലാഭ്യമാകുന്ന കേറു തലകളുടെ എണ്ണം വളരെ തുച്ഛമായതിനാലും ഇവ ശേഖരിക്കാനുള്ള പ്രയാസവും കണക്കിലെടുത്തു പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം കുരുമുളകിന്റേയും നടീല്‍ വസ്തുക്കളുടേയും ഉത്പാദനത്തിനായി കമ്പി വല കൃഷിരീതി വികസിപ്പിച്ചിട്ടുണ്ട്.

താങ്ങുകാലുകള്‍ക്കു പകരം ഒന്നര മീറ്റര്‍ ഉയരവും മുക്കാല്‍ മീറ്റര്‍ വ്യാസവുമുള്ള വൃത്താകൃതിയുള്ള ജി.ഐ. കമ്പിവലത്തൂണുകള്‍ കേറുതല കൃഷിക്ക് ഉപയോഗിക്കാം. ഇവ നിലത്ത് 20 സെ. മീ. വീതിയുള്ള വൃത്താകൃതിയിലുള്ള ചാലെടുത്ത് സ്ഥാപിക്കണം. ഇതിലേക്ക് 50 സെ. മീ. ഉയരത്തില്‍ മണ്ണിടുക. കമ്പിവലത്തൂണുകള്‍ നിലത്ത് സ്ഥാപിക്കുന്നതിനു പകരം വലിയ ചട്ടിയിലോ ഉപയോഗശൂന്യമായ പഴയ ഡ്രമ്മുകളുടെ അടിഭാഗം മുറിച്ചെടുത്തോ സ്ഥാപിക്കാം.

കമ്പിവലത്തൂണിന് ചുറ്റും 20 സെ.മീ. അകലത്തില്‍ 15 സെ.മീ. ആഴവും വീതിയുമുള്ള ചാലെടുത്ത് അതില്‍ മേല്‍മണ്ണും 10 ഗ്രാം ട്രൈക്കോഡെര്‍മയും ചാണകപ്പൊടിയും ചേര്‍ക്കുക. ചാലില്‍ 25സെ.മീ. അകലത്തില്‍ വേരുപിടിച്ച കേറുതലകള്‍ നടുകയോ ഇവ ലഭ്യമല്ലാത്ത പക്ഷം മണ്‍സൂണ്‍ ആരംഭത്തോടുകൂടി ആരോഗ്യമുള്ള മാതൃസസ്യത്തില്‍ നിന്നു കേറുതലകള്‍ നേരിട്ടും നടാവുന്നതാണ്.

ഇവയില്‍ 90 ശതമാനത്തോളം വേര് പിടിക്കാറുണ്ട്. കമ്പിവല കൂട്ടില്‍ ഉണങ്ങിയ ഇലകള്‍ നിറയ്ക്കുന്നതു കൊടി കമ്പിവലക്കുള്ളിലേക്കു വളരുന്നതു തടയും. വര്‍ഷത്തില്‍ ഏകദേശം 500 ഗ്രാം കുരുമുളക് കമ്പിവലയില്‍ നിന്ന് ലഭിക്കും. തുറസായ സ്ഥലത്തും മഴമറയിലും പോളീഹൗസിലുമെല്ലാം കമ്പിവലകൃഷി ചെയ്യാം.

വളപ്രയോഗം

15 ഗ്രാം കടലപ്പിണ്ണാക്ക്, 10 ഗ്രാം എല്ലുപൊടി എന്നിവ രണ്ടുമാസത്തിലൊരിക്കല്‍ ഒരു യൂണിറ്റിന് എന്ന തോതില്‍ നല്‍കുന്നത് കൊടികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. വേര് പിടിച്ച തൈകള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ വെള്ളത്തില്‍ ലയിക്കുന്ന വളങ്ങളായ 19:19:19 ഇലകളില്‍ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ തളിക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും.

വേനല്‍ മഴയ്ക്കുശേഷം ഒരു യൂണിറ്റിന് 20 ഗ്രാം യൂറിയ 25 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 30 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഇവ നല്‍കുന്നതിന് രണ്ടാഴ്ച മുമ്പു കുമ്മായം ചൂവട്ടില്‍ നല്‍കണം.

താങ്ങുകാലുകളില്‍ കുരുമുളക് കൃഷി ചെയ്യാന്‍ സ്ഥല പരിമിതിയുള്ളവര്‍ക്ക് വീട്ടുവളപ്പില്‍ തന്നെ കുരുമുളക് ഉത്പാദിപ്പിക്കാന്‍ ഇത്തരത്തിലുള്ള എട്ട് യൂണിറ്റുകള്‍ സ്ഥാപിച്ചാല്‍ മതിയാകും. ഒരു യൂണിറ്റ് സ്ഥാപിക്കാനായി ഏകദേശം 500-700 രൂപ ചെലവ് വരും. തുറസായ സ്ഥലത്ത് സ്ഥാപിക്കുന്ന കമ്പിവലകള്‍ 8-10 വര്‍ഷം വരെ കേടുകൂടാതിരിക്കും.

കെ.കെ. ദിവ്യ, സി. കെ. ഐറിന, പി. നിമാവി, സി. കെ. യാമിനിവര്‍മ
കുരുമുളക് ഗവേഷണ കേന്ദ്രം, പന്നിയൂര്‍, കണ്ണൂര്‍