നല്ല വിളവിന് നല്ല സൂര്യപ്രകാശം ലഭിക്കണം. പൂക്കൾ ഉണ്ടായശേഷം മാത്രമേ ആണ്-പെണ് തൈകൾ തിരിച്ചറിയാനാകൂ. 10 പെണ് ചടികൾക്ക് ഒരാണ് ചെടി എന്നതാണ് കണക്ക്. മരങ്ങളിലേക്ക് കയറ്റി പടർത്തി വിട്ടാൽ ഉത്പാദനം കുറവായിരിക്കും. സീസണിൽ ഒരു ചെടിയിൽ നിന്ന് 60 കായ്കൾ വരെ കിട്ടും.
പൊതുവെ രോഗകീടബാധകൾ വളരെ കുറവാണ്. ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തന്നെ പാവൽ, കോവൽ കൃഷിക്ക് സ്വീകരിക്കുന്ന മാർഗം തന്നെ പിന്തുടർന്നാൽ മതിയാകും. പൂത്തു തുടങ്ങുന്പോൾ നൈട്രജൻ വളങ്ങൾ നൽകുന്നതും നല്ലതാണ്.
വിളവെടുപ്പ് ഒരു പഴത്തിന് ഒരു കിലോ വരെ തൂക്കമുണ്ടാകും. കായ് പിടിച്ചു രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കാം. നാല് ഘട്ടങ്ങളിലൂടെയാണു കായ്കൾ മൂത്തു പഴുക്കുന്നത്. കായ്കൾക്ക് ആദ്യം പച്ചനിറമാണ്. പച്ചനിറം മാറുന്നതിന് മുന്പാണ് കറികൾക്ക് ഉപയോഗിക്കേണ്ടത്.
രണ്ടാം ഘട്ടത്തിൽ മഞ്ഞയും പിന്നീട് ഓറഞ്ചും അവസാനം കുടം ചുവപ്പ് നിറവുമാകും. ഒന്നോ രണ്ടോ ആഴ്ചകൾ സൂക്ഷിക്കാനും പഴ വില്പനയ്ക്കും ഓറഞ്ച് നിറമായിരിക്കുന്പോൾ പറിച്ചെടുക്കുന്നതാണു നല്ലത്. കിലോയ്ക്ക് മുന്നൂറ് രൂപവരെ വിലയുണ്ടെങ്കിലും പഴത്തിന്റെ ഗുണത്തെപ്പറ്റി അറിയാവുന്നവർ ചുരുക്കമായതിനാൽ ആവശ്യക്കാർ കുറവാണ്.
കടും ചുവപ്പ് നിറമായിക്കഴിഞ്ഞാൽ പഴം അധികനാൾ സൂക്ഷിച്ചു വയ്ക്കാനാവില്ല. പാഷൻ ഫ്രൂട്ട് പോലെ ഗാക് ഫ്രൂട്ടിന്റെയും പൾപ്പാണ് കഴിക്കുന്നത്. ഒരിഞ്ച് വരെ കനത്തിലുള്ള കഴന്പും ഭക്ഷ്യയോഗ്യമാണ്. പ്രത്യേക ചവർപ്പോടുകൂടിയ രുചി ആയതിനാൽ ജൂസാക്കി കഴിക്കാനും നല്ലതാണ്. കൂടുതൽ രുചിക്ക് തേൻ, പൈനാപ്പിൾ, മാങ്ങ, ഓറഞ്ച് തുടങ്ങിയവ ചേർക്കാവുന്നതാണ്.
മഴക്കാലത്തിനു ശേഷം പുഷ്പിച്ചു തുടങ്ങുന്ന ഗാക് ചെടികളിൽ രണ്ടു പ്രാവശ്യം വിളവ് ലഭിക്കും. ഇടയ്ക്ക് ഒന്നോ രണ്ടോ കായ്കൾ ഉണ്ടായേക്കാം. എന്നാൽ, സീസണ് വിളവെടുപ്പിനു ശേഷം പ്രൂണിംഗ് നടത്തണം. പ്രധാന ശിഖരങ്ങൾ നിലനിർത്തി കായ്കൾ ഉണ്ടായ എല്ലാ ശാഖകളും വെട്ടി മാറ്റണം. മഴക്കാലത്ത് വിളവ് തീരെ കുറവായിരിക്കും.
കൃഷി ലാഭകരമാക്കാൻ പഴങ്ങളും പച്ചക്കായ്കളും മാത്രം വിറ്റു കൃഷി ലാഭകരമാക്കാൻ കഴിയില്ലന്നു തുറന്നു പറയുന്ന ജോജോ, വിത്തുകൾ ശേഖരിച്ചു വില്പന നടത്തിയും നേട്ടങ്ങളുണ്ടാക്കുന്നു. ഒരു കായിൽ നാല്പതോളം വിത്തുകൾ ഉണ്ടാകും. അവ ശുദ്ധീകരിച്ച് പ്രത്യേക രീതിയിൽ ഉണക്കിയാണ് വില്പന നടത്തുന്നത്. ഇത് അധികം നാൾ തുടരാനാവില്ലെന്നു മനസിലാക്കുന്ന അദ്ദേഹം, ജൂസ്, പൾപ്പ്, അച്ചാർ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഗാക് ഫ്രൂട്ടിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഒരു ഗാക് തൈ നട്ടാൽ കുറഞ്ഞത് 15 വർഷം വരെ മികച്ച വിളവ് ലഭിക്കും. ചെറിയ മുള്ളുകളോടുകൂടിയ പഴത്തിന്റെ തൊണ്ട് ശുദ്ധീകരിച്ച് ഐസ്ക്രീം കപ്പ് നിർമിക്കാൻ കഴിയും. മഞ്ഞനിറത്തോടുകൂടിയ മാംസളമായ ഭാഗം അച്ചാറാക്കാം. ഉള്ളിലുള്ള ചുവന്ന പൾപ്പ് പാനീയമാക്കാം. പൾപ്പും മാംസളമായ ഭാഗവും ജൂസാക്കാനും സാധിക്കും. ഗാകിന്റെ കുരുക്കൾ ഭക്ഷ്യയോഗ്യമല്ല. അതിലുള്ള നേരിയ വിഷാംശം ശരീരത്തിനു ദോഷകരമാണ്.
ഫോണ്: 8606856474
നെല്ലി ചെങ്ങമനാട്