കുഞ്ഞുങ്ങൾക്ക് കരുതൽ ആടുവസന്ത (പി.പി.ആർ.), ടെറ്റനസ് തുടങ്ങിയ രോഗങ്ങൾ തടയാനുള്ള വാക്സിനുകൾ നൽകി ആടുകളുടെ ആരോഗ്യസുരക്ഷ ആന്റണി ഉറപ്പാക്കിയിട്ടുണ്ട്. ആട്ടിൻ കുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് 5 മാസം നീളുന്ന ഗർഭകാലത്തിന്റെ 3, 4 മാസങ്ങളിൽ ഓരോ ഡോസ് വീതം ടെറ്റ്നസ് ടോക്സോയിഡ് / ടി .ടി വാക്സിൻ കുത്തിവയ്പ് നൽകും.
കൂടാതെ മൂന്നുനാല് മാസം പ്രായമെത്തുന്പോൾ ആട്ടിൻകുഞ്ഞിനു ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്പെടുക്കും. ആദ്യ കുത്തിവെയ്പെടുത്തതിന് രണ്ടാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസും നൽകും. മുതിർന്ന ആടുകൾക്ക് വർഷത്തിൽ ഒരിക്കൽ നിർബന്ധമായും ടെറ്റനസ് ബുസ്റ്റർ കുത്തിവയ്പ് നൽകും.
ടെറ്റനസ് രോഗം ആടുകളിൽ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാൽ ചികിത്സകളൊന്നും ഫലപ്രദമല്ലാത്തതിനാലുമാണ് ഇത്രയും കരുതൽ. ആട്ടിൻകുഞ്ഞുങ്ങൾക്ക് നാലുമാസം പ്രായമെത്തുന്പോൾ ആടുവസന്തയ്ക്കുള്ള വാക്സിൻ നൽകുന്നതാണു ഫാമിലെ പതിവ്.
ആടുവസന്ത വാക്സിൻ കൂടെയുള്ള ലായകവുമായി ലയിപ്പിച്ച ശേഷം ഒരു മില്ലി വീതം കഴുത്തിനു മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവയ്ക്കുന്നതാണു രീതി. ഇതെല്ലാം സ്വന്തമായിട്ടാണ് ആന്റണി ചെയ്യുന്നത്.
മൂന്നു വർഷം വരെ ആടുവസന്ത വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്സിന് കഴിയുമെങ്കിലും നാട്ടിൽ ഈ രോഗം വ്യാപകമായ രീതിയിൽ കണ്ടുവരുന്നതിനാൽ മാതൃപിതൃശേഖരത്തിലെ ആടുകൾക്ക് പ്രതിരോധ കാലാവധി പൂർത്തിയാവുന്നതിന് മുന്പു തന്നെ വാക്സിൻ ആവർത്തിക്കാറുണ്ട്.
ആട്ടിൻകുഞ്ഞുങ്ങളാണ് ഫാമിൽ നിന്നുള്ള ആദായം നിർണയിക്കുന്നതിൽ പ്രധാനം. അതിനാൽ ആട്ടിൻകുഞ്ഞുങ്ങളുടെ പരിപാലനത്തിൽ പ്രത്യേകം കരുതൽ ആന്റണിക്കുണ്ട്. ജനിച്ചയുടൻ ആട്ടിൻകുട്ടികളുടെ പൊക്കിൾക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിട്ട് കഴുകി ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കി അണുവിമുക്തമാക്കും.
ആട്ടിൻകുഞ്ഞുങ്ങളുടെ ശരീരത്തിൽ നിന്ന് പൊക്കിൾകൊടി പൂർണമായി വേർപ്പെട്ടിട്ടില്ലെങ്കിൽ പൊക്കിളിന് ഒരിഞ്ച് താഴെ അയഡിൻ ലായനിയിൽ ഇട്ട് അണുവിമുക്തമാക്കിയ ഒരു നൂല് ഉപയോഗിച്ച് കെട്ടിയശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രിക ഉപയോഗിച്ചു മുറിച്ചു മാറ്റും.
പൊക്കിൾ കൊടിയിലെ മുറിവ് ഉണങ്ങുന്നതു വരെ ദിവസവും മൂന്നോ നാലോ തവണ ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കും. ജനിച്ച ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ശരീരതൂക്കത്തിന്റെ 300 -400 മില്ലി ലിറ്റർ എന്ന അളവിൽ കന്നിപ്പാൽ ആട്ടിൻകുഞ്ഞുങ്ങൾക്ക് ഉറപ്പായും നൽകും.
വിരമരുന്നുകൾ നൽകുന്നതിലും വിട്ടുവീഴ്ചയില്ല. ആട്ടിൻകുഞ്ഞുങ്ങൾക്കു മൂന്നാഴ്ച പ്രായമെത്തുന്പോൾ ആദ്യ വിരമരുന്ന് നൽകും. മൂന്നുമാസം വരെ മാസത്തിൽ രണ്ടുതവണ വിരമരുന്ന് ആവർത്തിക്കും.
മുതിർന്ന ആടുകളെ മേയാൻ വിടുന്നതിനാൽ രണ്ടുമാസത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും നിർബന്ധമായും വിരയിളക്കും. ഓരോ ആടുകളെയും തിരിച്ചറിയാൻ ചെവിയിലടിച്ച കമ്മലിലെ നന്പറുകൾക്ക് പുറമേ വിളിപ്പേരുകളുമുണ്ട്.
ഇതനുസരിച്ച് ഓരോ ആടുകളുടേയും ചികിത്സ, പ്രജനനം തുടങ്ങിയ വിവരങ്ങൾ ഓരോന്നും ദിനേനെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും ചെയ്യും.
ആദായമെത്തുന്ന വഴികൾ ആടിൽ നിന്ന് ആദായമെത്തുന്ന വഴികൾ പലതാണെന്ന് ആന്റണ്സ് ഫാമിലെത്തിയാൽ മനസിലാകും. അഞ്ച് മുതൽ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വില്പനയാണ് വരുമാനത്തിൽ പ്രധാനം.
അഞ്ച് മാസം വരെ പ്രായമെത്തിയ ക്രോസ്ബ്രീഡ് ഇനത്തിൽപ്പെട്ട പെണ്ണാടുകൾക്ക് 20 കിലോവരെ തൂക്കമുണ്ടാകും. തൂക്കത്തിനനുസരിച്ചാണ് കുഞ്ഞുങ്ങളുടെ വില. പെണ്ണാട്ടിൻ കുട്ടികൾക്ക് കിലോയ്ക്ക് 450 രൂപയും ആണാട്ടിൻ കുട്ടികൾക്ക് കിലോയ്ക്ക് 400 രൂപയുമാണ് ഈടാക്കുന്നത്.
ഫാമിലെ മികച്ച പേരന്റ് സ്റ്റോക്കിൽ നിന്നു ശാസ്ത്രീയമായ രീതിയിൽ ബ്രീഡിംഗ് നടത്തിയുണ്ടാവുന്ന ഗുണമേന്മയുള്ള കുഞ്ഞുങ്ങൾ ആയതിനാൽ ആട്ടിൻ കുഞ്ഞുങ്ങൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്.
ഇപ്പോൾ പ്രധാനമായും ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങൾ വഴിയാണ് ആട്ടിൻകുഞ്ഞുങ്ങളുടെ വില്പന. ഒപ്പം കുഞ്ഞുങ്ങളിൽ ഏറ്റവും വളർച്ച നിരക്കുള്ളവയെ തെരഞ്ഞെടുത്ത് അടുത്ത ബ്രീഡിംഗ് സ്റ്റോക്കായി വളർത്തുകയും ചെയ്യും.
ലിറ്ററിന് 120 രൂപയാണ് ആട്ടിൻപാലിനു വിലയെങ്കിലും ധാരാളം ആവശ്യക്കാരുണ്ട്. കൂടുതൽ എണ്ണം പെണ്ണാടുകൾ ഫാമിലുള്ളതിൽ കുഞ്ഞുങ്ങൾ കുടിച്ചുകഴിഞ്ഞാലും രണ്ടോ, മൂന്നോ ലിറ്റർ പാൽ ഫാമിൽ മിച്ചമുണ്ടാവും.
ആട്ടിൻമൂത്രവും, കാഷ്ഠവുമെല്ലാം ആദായ സാധ്യതകൾ തന്നെ. മൂത്രത്തിന് ലിറ്ററിന് മുപ്പതു രൂപ കിട്ടുമെങ്കിൽ ഉണങ്ങിയ കാഷ്ഠം ഒരു കൊട്ടയ്ക്ക് 35 രൂപയാണ് വില. മൂത്രം പ്രത്യേകം ശേഖരിക്കാനുള്ള സംവിധാനം കൂട്ടിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
ഒപ്പം ജാതി, മഞ്ഞൾ, കവുങ്ങ് ഉൾപ്പെടെ വളരുന്ന വീട്ടിലെ കൃഷിയിടത്തിൽ ആടിൽ നിന്നുള്ള ജൈവവളങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ബ്രീഡിംഗ് ബിസിനസാണ് മറ്റൊരു ആദായ സ്രോതസ്. ഫാമിലെ മികച്ച മുട്ടനാടുകളുമായി പുറത്തു നിന്നുള്ള പെണ്ണാടുകളെ ഇണചേർത്ത് നൽകും.
ഒരു ബ്രീഡിംഗിനു വേണ്ടി 500 രൂപ വരെ ഈടാക്കും. ഇതിനു പുറമേ ആടുകൃഷി മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് തന്റെ അറിവും അനുഭവങ്ങളും പങ്കിട്ട് കണ്സൽട്ടൻസി സർവീസും ഈ യുവാവ് നൽകുന്നുണ്ട്.
ആട് കർഷകരുടെ സംസ്ഥാനതല കൂട്ടായ്മ ഗോട്ട് ഫാർമേർസ് ഗ്രൂപ്പിന്റെ പ്രധാന ഭാരവാഹികളിൽ ഒരാളും കൂടിയാണ് ആൻറണി. ആടുകൃഷിക്കു പുറമേ തേനീച്ച കൃഷിയിലും ആന്റണി ഒരുകൈ നോക്കിയിട്ടുണ്ട്.
ടീച്ചിംഗ് കരിയറിനൊപ്പം ആടുവളർത്തൽ സംരംഭവും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആന്റണിയുടെ ആഗ്രഹം. സംരംഭത്തിന് പൂർണ പിന്തുണയുമായി അമ്മ ലൈലയും അച്ഛൻ സോജനും ഭാര്യ റീനുവും ഒപ്പമുണ്ട്.
ഫോണ് :9061550459