അറിഞ്ഞിരിക്കം പാൻ കാർഡിനെപ്പറ്റി
ആദായനികുതിവകുപ്പിൽനിന്നു നല്കുന്ന 10 ഡിജിറ്റുള്ള നന്പറാണ് പെർമനന്‍റ്അക്കൗണ്ട് നന്പർ അഥവാ പാൻ. ലാമിനേറ്റ് ചെയ്യപ്പെട്ട ഒരു പ്ലാസ്റ്റിക് കാർഡിലാണ് ഇത് നല്കുന്നത്. ഇതിൽ ആറ് ഇംഗ്ലീഷ് അക്ഷരങ്ങളും നാല് അക്കങ്ങളുമാണുള്ളത്.

ആദ്യത്തെ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ എഎഎ മുതൽ സെഡ്സെഡ്സെഡ് വരെയുള്ള സീരിസിലാണുള്ളത്. നാലാമത്തെ ഇംഗ്ലീഷ് അക്ഷരം പാൻ കാർഡ് അപേക്ഷകന്‍റെ സ്റ്റാറ്റസ് ആണ് സൂചിപ്പിക്കുന്നത്. അപേക്ഷകൻ വ്യക്തിയാണെങ്കിൽ പി എന്നും കന്പനി യാണെങ്കിൽ സി എന്നും ഹിന്ദു അവിഭക്തകുടുംബമാണെങ്കിൽ എച്ച് എന്നും ഫേം ആണെങ്കിൽ എഫ് എന്നും ഗവണ്‍മെന്‍റ് ഏജൻസിയാണെങ്കിൽ ജി എന്നും ട്രസ്റ്റ് ആണെങ്കിൽ ടി എന്നുമുള്ള രീതിയിലാണ് ഇത് നല്കുന്നത്. അഞ്ചാമത്തെ അക്ഷരം പാൻകാർഡ് അപേക്ഷകൻ വ്യക്തിയാണെങ്കിൽ സർനെയിമിന്‍റെ ആദ്യ അക്ഷരവും അല്ലാത്തപക്ഷം അപേക്ഷകന്‍റെ പേരിന്‍റെ ആദ്യ അക്ഷരവുമാണ്. അടുത്ത നാലക്കങ്ങൾ 0001 മുതൽ 9999 വരെയുള്ള ഏതെങ്കിലും കോന്പിനേഷനായിരിക്കും. അവസാനത്തെ ഇംഗ്ലീഷ് അക്ഷരം ചെക്ക് ഡിജിറ്റ് ആണ്.

പാൻ എന്തിന്

ഗവണ്‍മെന്‍റ് ഡിപ്പാർട്ടുമെന്‍റുുമായി നികുതിദായകനുള്ള ഒരു ലിങ്കാണ് പാൻ നന്പർ. നികുതി അടയ്ക്കുന്പോഴും സ്രോതസിൽ നികുതി പിടിക്കുന്പോഴും ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്പോഴും വിവിധ സാന്പത്തിക ഇടപാടുകൾ നടത്തുന്പോഴും പാൻ കാർഡ് അത്യന്താപേക്ഷിതമാണ്. നകുതി അടയ്ക്കുന്ന തുക നേരിട്ട് നികുതിദായകന്‍റെ അക്കൗണ്ടിൽ ലഭിക്കുന്നതിനു പാൻ നന്പർ കൂടിയേ തീരൂ.

2015 ഡിസംബർ 30ൽ ആദായനികുതി വകുപ്പിറക്കിയ വിജ്ഞാപനം 95/2015 പ്രകാരം ചില ഇടപാടുകൾക്ക് പാൻ (പെർമനന്‍റ് അക്കൗണ്ട് നന്പർ) നിർബന്ധമാക്കിയിരുന്നു. ഇത് 2016 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇടപാടുകൾ നടത്തുന്നത് മൈനർ ആകുകയും, മൈനറിന് നികുതി വിധേയമായ വരുമാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ മാതാപിതാക്കളിൽ ആരുടെയെങ്കിലും പാൻ നല്കിയാൽ മതി. പാൻ ഇല്ലാതിരിക്കുകയും പ്രസ്തുത ഇടപാടുകളിൽ ഏർപ്പെടുകയും ചെയ്താൽ ഫോം നന്പർ 60 പൂരിപ്പിച്ച് ഒപ്പിട്ട് നല്കിയാൽ മതി.

ഈ ഫോം 2016 ജനുവരി ഒന്നു മുതൽ പരിഷ്കരിച്ചിട്ടുണ്ട്. പുതിയ ഫോമിൽ ജനനത്തീയതി, പിതാവിന്‍റെ പേര്, ഇടപാടുകളുടെ വിവരം, ഇടപാടുകളുടെ രീതി, ആധാർ നന്പർ എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കൃഷിയിൽനിന്നു വരുമാനം ഉണ്ടെങ്കിൽ അതും അല്ലാത്ത വരുമാനവും പ്രസ്തുത ഫോമിൽ സൂചിപ്പിക്കണം. പ്രസ്തുത ഫോം നന്പർ 60 വാങ്ങുന്നയാൾ ഇത് ആറു വർഷത്തേക്കു സൂക്ഷിച്ചുവയ്ക്കണം. മേൽ വിവരങ്ങൾ ഫോം നന്പർ 61 ൽ, ഇലക്ട്രോണിക് ആയി ഏപ്രിൽ 30നു മുന്പും (ഒക്ടോബർ ഒന്നു മുതൽ മാർച്ച് വരെയുള്ള വിവരങ്ങൾ) ഒക്ടോബർ 31നും മുന്പായും (ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ വരെയുള്ള വിവരങ്ങൾ) ആദായനികുതി വകുപ്പ് മുന്പാകെ സമർപ്പിക്കണം.

ഇപാൻ

ഇപ്പോൾ താത്കാലികമായി ഡിപ്പാർട്ട്മെന്‍റ് നിർത്തലാക്കിയെങ്കിലും കുറച്ചുകാലം നിലനിന്നിരുന്ന ഒരു സിസ്റ്റമായിരുന്നു ഇപാൻ. മൊബൈൽ ഫോണുമായി ലിങ്ക് ചെയ്തിട്ടുള്ള ആധാർ കാർഡ് ഉള്ളതും ഇന്ത്യയിൽ റെസിഡന്‍റ് ആയിട്ടുള്ളതും പാൻകാർഡ് ഇല്ലാത്തതും ആയ വ്യക്തികൾക്കായിരുന്നു നല്കിയിരുന്നത്.

പാൻ ആവശ്യമുള്ള ഇടപാടുകൾ

1. മോട്ടോർ വാഹനങ്ങളുടെ ഇടപാടുകൾ
മോട്ടോർ വെഹിക്കിൾ ആക്റ്റ് വകുപ്പ് 2(28)ൽ സൂചിപ്പിച്ചിരിക്കുന്ന തരം വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്പോൾ പാൻ നിർബന്ധമായും സൂചിപ്പിക്കണം. മോട്ടോർ വെഹിക്കിൾ ആക്റ്റ് അനുസരിച്ച് മേൽ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, എൻജിൻ കപ്പാസിറ്റി 25 സിസിയിൽ കുറഞ്ഞതും നാലു ചക്രങ്ങളിൽ കുറഞ്ഞതുമായ വാഹനങ്ങൾക്ക് ഇത് ആവശ്യമില്ല.

2. ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിന്
ബേസിക് സേവിംഗ്സ് അക്കൗണ്ടും ചില ടൈം ഡെപ്പോസിറ്റുകളും ഒഴികെയുള്ള എല്ലാ അക്കൗണ്ടുകളും തുടങ്ങുന്നതിന് പാൻ നിർബന്ധമാണ്.


3. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് അപേക്ഷയ്ക്ക്
കോഓപ്പറേറ്റീവ് ബാങ്കുൾപ്പെടെയുള്ള ബാങ്കുകളിലോ മറ്റു സ്ഥാപനങ്ങളിലോ ക്രെഡിറ്റ് കാർഡിനോ ഡെബിറ്റ് കാർഡിനോ നല്കുന്ന അപേക്ഷകളിൽ പാൻ ആവശ്യമാണ്.

4. ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ
സെബി നിയമപ്രകാരമുള്ള ഓഹരി ഇടപാടുകൾക്കായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് പാൻ ആവശ്യമാണ്.

5. 50000 രൂപയ്ക്കു മുകളിലുള്ള ഹോട്ടൽ ബില്ലുകൾ
50,000 രൂപയ്ക്കു മുകളിലുള്ള ഹോട്ടൽ ബില്ലുകൾ കാഷ് ആയി നല്കുകയാണെങ്കിൽ പാൻ ആവശ്യമാണ്. എന്നാൽ, ഒരേ ദിവസം തന്നെ 50,000 രൂപയിൽ താഴെയുള്ള ബില്ലുകൾ പല തവണ അടയ്ക്കുകയാണെങ്കിൽ മൊത്തം തുക 50,000 രൂപയിൽ കൂടിയാലും പാൻ നിർബന്ധമില്ല. അതുപോലെ പല ബില്ലുകൾ ഒരുമിച്ച് അടയ്ക്കുന്പോൾ 50,000 രൂപയിൽ കൂടുതൽ വരികയാണെങ്കിൽ അത് പണം ആയിട്ടാണ് നല്കുന്നതെങ്കിലും പാൻ നിർബന്ധമാണ്.

6. വിദേശ യാത്രയ്ക്ക്
വിദേശയാത്ര നടത്തുന്പോഴും 50,000 രൂപയ്ക്കു മുകളിൽ പണം കാഷ് ആയി നല്കി ഫോറിൻ കറൻസി വാങ്ങുകയാണെങ്കിലും പാൻ ആവശ്യമാണ്.

7. മ്യൂച്വൽ ഫണ്ട് യൂണിറ്റ് വാങ്ങുന്പോൾ
50,000 രൂപയ്ക്കു മുകളിൽ മ്യൂച്വൽ ഫണ്ടിൽനിന്നും യൂണിറ്റുകൾ വാങ്ങുകയാണെങ്കിൽ പാൻ സമർപ്പിക്കണം.

8. 50000 രൂപയ്ക്കു മുകളിൽ കടപ്പത്രം വാങ്ങുന്പോൾ
കന്പനികൾ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളും ബോണ്ടുകളും 50,000 രൂപയ്ക്ക് മുകളിൽ വാങ്ങുകയാണെങ്കിൽ പാൻ നിർബന്ധമാണ്.

9. ആർബിഐ ബോണ്ട് വാങ്ങുന്പോൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ബോണ്ടുകൾ 50,000 രൂപയ്ക്കു മുകളിൽ വാങ്ങുന്നതിന് പാൻ സമർപ്പിക്കണം.

10. 50000 രൂപയ്ക്കു മുകളിൽ കാഷ് ഡെപ്പോസിറ്റ്
കോഓപ്പറേറ്റീവ് ബാങ്കുൾപ്പെടെയുള്ള ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ഒരു ദിവസം 50,000 രൂപയ്ക്കു മുകളിൽ കാഷായി ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ പാൻ നിർബന്ധമാണ്.

11. ഡ്രാഫ്റ്റ്, പേ ഓർഡറുകൾക്ക് കാഷ് നൽകുന്പോൾ
ബാങ്കുകളിൽനിന്ന് 50,000 രൂപയ്ക്കു മുകളിൽ ഡ്രാഫ്റ്റുകൾ/പേ ഓർഡറുകൾ/ബാങ്കേഴ്സ് ചെക്ക് എന്നിവ വാങ്ങുന്നതിന് പണം കാഷ് ആയി നല്കുകയാണെങ്കിൽ പാൻ ആവശ്യമാണ്.

12. ടൈം ഡിപ്പോസിറ്റ്
കോഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്കിംഗ് കന്പനികളിലും പോസ്റ്റ് ഓഫീസുകളിലും ഒരു ദിവസം 50,000 രൂയിൽ കൂടുതൽ ക്യാഷായി ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ ഒരു വർഷം ആകെ അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ ടൈം ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കുകയും ചെയ്യണമെങ്കിൽ പാൻ ആവശ്യമാണ്.

13. പ്രീ പെയ്ഡ് ഇൻസ്ട്രമെന്‍റ്സ് വാങ്ങുന്പോൾ
റിസർവ് ബാങ്ക് നിയമം അനുസരിച്ച് ബാങ്കുകൾ ഇറക്കിയിട്ടുള്ള പ്രീ പെയ്ഡ് ഇൻസ്ട്രമെൻറ്സ് 50,000 രൂപയ്ക്ക് മുകളിൽ ആണ് വാങ്ങുന്നതെങ്കിൽ പാൻ നൽകിയിരിക്കണം. ഇതിന് കാഷ് എന്നോ, ചെക്ക് എന്നോ ഡ്രാഫ്റ്റ് എന്നോ ഉള്ള വ്യത്യാസങ്ങളില്ല.

14. 50000 രൂപയ്ക്കു മുകളിൽ ഇൻഷുറൻസ് പ്രീമിയം
ഒരു വർഷത്തെ ഇൻഷ്വറൻസ് പ്രീമിയം 50000 രൂപയ്ക്ക് മുകളിൽ വരികയാണെങ്കിൽ പാൻ ആവശ്യമാണ്.

15. സെക്യൂരിറ്റി ഇടപാടുകൾ
സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് ആക്ടിൽ നിർദ്ദേശിച്ചിട്ടുള്ള സെക്യൂരിറ്റീസിന്‍റെ ഇടപാടുകൾ 1,00,000 രൂപയ്ക്ക് മുകളിൽ ഉള്ളവയാണെങ്കിൽ പാൻ ആവശ്യമാണ്.

16. അണ്‍ലിസ്റ്റഡ് കന്പനികളുടെ ഓഹരികൾ
സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളിലെ ഓഹരികൾ 1,00,000 രൂപയ്ക്ക് മുകളിൽ വാങ്ങുകയാണെങ്കിൽ പാൻ നൽകിയിരിക്കണം.

17. സ്ഥാവര വസ്തുക്കൾ വാങ്ങുന്പോൾ
പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ സ്ഥാവര വസ്തുക്കൾ വാങ്ങുകയാണെങ്കിൽ പാൻ സമർപ്പിച്ചിരിക്കണം. വാങ്ങുന്നത് കൃഷിഭൂമി ആണെങ്കിലും ഒഴിവുകൾ നൽകിയിട്ടില്ല.

ബേബി ജോസഫ്,
ചാർട്ടേഡ് അക്കൗണ്ടൻറ്