കോംഡ്യൂഡ്സിന്‍റെ ലക്ഷ്യം സേഫ് സോണല്ല
കോംഡ്യൂഡ്സിന്‍റെ  ലക്ഷ്യം സേഫ് സോണല്ല
Monday, February 25, 2019 2:41 PM IST
സുരക്ഷിതമായ ഒരിടം കിട്ടിയാൽ അവിടെ ഒതുങ്ങാനാണ് പൊതുവേ എല്ലാവർക്കും താൽപര്യം. എന്നാൽ പാല പൊൻകുന്നം സ്വദേശി നെല്ലിക്കാട്ടിൽ ജെയിംസ് മാത്യുവിന് സുരക്ഷിതമായൊരിടത്ത് ഒതുങ്ങിക്കൂടുന്ന സ്വഭാവമില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഒരു വാടക മുറിയിൽ ഒരു ലാപ്ടോപ്പുമായി ആരംഭിച്ച കോംഡ്യൂഡ്സ് പ്രൈറ്റ് ലിമിറ്റഡ് എന്ന സംരംഭത്തെ അഞ്ചു വർഷം കൊണ്ട് കൊച്ചിയിലെ ഇൻഫോപാർക്കിലേക്ക് എത്തിക്കാൻ കഴിയുമായിരുന്നില്ല.

ഒരു ലാപ്ടോപ്പുമായി

ബി.ടെക് പഠനം കഴിഞ്ഞ് ഫ്രീലാൻസ് ജോലികളും, പാർട് ടൈം ജോലിയുമൊക്കെയായി നടക്കുന്നതിനിടയിലാണ് 2013ൽ ഒരു സംരംഭത്തെക്കുറിച്ച് ജെയിംസ് ചിന്തിക്കുന്നത്. എറണാകുളത്ത് കലൂരിൽ കൂട്ടുകാർക്കൊപ്പം താമസിക്കുന്ന വാടക മുറി എംഎസ്എംഇ സംരംഭമായി രജിസ്റ്റർ ചെയ്താണ് തുടക്കം. കോംഡ്യൂഡ്സ് എന്ന കന്പനി വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, വെബ് ആപ്ലിക്കേഷനുകൾ എന്നിവയാണ് തയ്യാറാക്കി നൽകുന്നത്.

പിന്നെ 2014 ൽ കലൂരിൽ തന്നെ ഒരു രണ്ടു നില വീട് വാടകയ്ക്കെടുത്തു. മുകളിലത്തെ നിലയിൽ താമസവും താഴത്തെ നില ഓഫീസുമാക്കി. ഈ സമയത്താണ് കോളജിൽ ജൂണിയറായി പഠിച്ചിരുന്ന അഭിഷേക് നായർ ജെയിംസിനൊപ്പം ചേരുന്നത്.

"ഇക്കാലത്തൊക്കെയും കോളജിൽ സീനിയറായിരുന്ന അർച്ചന ജോസിയാണ് സംരംഭത്തിനാവശ്യമായ പിന്തുണ നൽകിയിരുന്നത്. കൂടാതെ എറണാകുളത്തുണ്ടായിരുന്ന കോളജിലെ സീനിയർ വിദ്യാർഥികളൊക്കെ നല്ല സഹായം ചെയ്തിരുന്നു'' ജെയിംസ് മാത്യു ഓർമിക്കുന്നു.

2015 ലാണ് ജെയിംസിന്‍റെ ടീമിന് മെന്‍ററായി പി.കെ ഷിഹാബുദീനെന്ന ബിസിനസ് കോച്ചിനെ ലഭിക്കുന്നത്. അദ്ദേഹം വഴിയാണ് കെഎസ്ഐഡിസിയിൽ ഇൻകുബേഷന് അപേക്ഷിക്കുന്നത്. 2015 മുതൽ 2017 വരെ രണ്ടര വർഷത്തോളം അവിടെ ഇൻകുബേറ്റ് ചെയ്തു. ഇക്കാലയളവിൽ മൂന്നുപേരേ ജോലിക്കാരായിട്ടുണ്ടായിരുന്നുള്ളു. 2017 ന്‍റെ അവസാനത്തോടെ കെഎസ്ഐഡിസിയിൽ നിന്നുമിറങ്ങി. ഇൻഫോപാർക്കിലെ ഫേസ് വണ്ണിലുള്ള തപസ്യയിലെ സ്മാർട് ബിസിനസ് സെന്‍ററിലേക്ക് മാറി. 25 പേർക്ക് ഇരിക്കാൻ ശേഷിയുള്ള സ്പെയിസായിരുന്നു ഇൻഫോപാർക്കിലേത്. അവിടെ വെച്ചാണ് എസ്. ആർ നായരെ മെന്‍ററായി ലഭിക്കുന്നത്. അദ്ദേഹം റിസോഴ്സ് മാനേജ്മെന്‍റ് തുടങ്ങിയ കാര്യങ്ങളിൽ വളരെയധികം സഹായിച്ചു'' ജെയിംസ് പറഞ്ഞു.

നിലവിൽ കന്പനി അഞ്ചു വർഷം പൂർത്തിയാക്കിയിരി ക്കുകയാണ്.

കോംഡ്യൂഡ്സിന്‍റെ സേവനങ്ങൾ

വെബ്സൈറ്റ്, വെബ്ആപ്ലിക്കേഷൻ, മൊബൈൽ ആപ്ലിക്കേഷൻ, ഇആർപി സൊലൂഷൻ, പിഒഎസ് സൊലൂഷൻ എന്നിവയാണ് കോംഡ്യൂഡ്സ് നൽകുന്നത്. റീബിൽഡ് കേരളയ്ക്കു വേണ്ടി ഒരു വെബ്സൈറ്റ് ഈ അടുത്ത് ചെയ്തു കൊടുത്തിരുന്നുവെന്ന് ജെയിംസ് പറഞ്ഞു. ഇന്ത്യയിലെ സേവനത്തിനു പുറമേ ഓസ്ട്രേലിയ, യുഎസ്എ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെല്ലാം ഉപഭോക്താക്കളുണ്ട്.

പതിനഞ്ചു പേരാണ് നിലവിൽ കോംഡ്യൂഡ്സിന്‍റെ ടീമിൽ ജെയിംസിനൊപ്പമുള്ളത്. കന്പനിയുടെ സിഇഒ ജെയിംസ് മാത്യുവാണ്. അഭിഷേക് നായർ സിഒഒ ആയും നിസാർ ഹംസ പ്രോജക്ട് മാനേജരായും കെ എസ് സനൂപ് ടെക്നിക്കൽ ലീഡറായും പ്രവർത്തിക്കുന്നു.

ഇൻഫോമാജിക്, ടൂട്ടിഫ്രൂട്ടി, സഫാരി ടിവി എന്നിവരെല്ലാം കന്പനിയുടെ ഉപഭോക്താക്കളാണ്.
ഭാവി

സാങ്കേതികമായ തലത്തിൽ വളരെ ശക്തി നേടിക്കഴിഞ്ഞു. ""2019 ന്‍റെ അവസാനത്തോടു കൂടി ഇന്ത്യയ്ക്കു പുറത്തുള്ള ബിസിനസ് കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹം. ബി.ടെക് പഠന കാലത്തുണ്ടായിരുന്ന ലാപ് ടോപ്പ് മാത്രമായിരുന്നു തുടക്കത്തിലെ നിക്ഷേപം. കഐസ്ഐഡിസിയിലേക്ക് മാറാൻ നേരം നാലു ലക്ഷം രൂപയുടെ മുദ്ര ലോണ്‍ എടുത്തിരുന്നു. നിലവിൽ ഒരു കോടി രൂപയുടെ അടുത്ത് ടേണോവറുണ്ട്. 2019-20 വർഷത്തിൽ ടോണോവർ മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം.’’ ജെയിംസ് പറയുന്നു.

""ഒരിക്കലും ഒരു സേഫ് സോണിൽ നിന്നിട്ടില്ല. അങ്ങനെ നിൽക്കാനും ആഗ്രഹിച്ചിട്ടില്ല. അങ്ങനെ നിന്നാൽ വളർച്ചയുണ്ടാവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഓരോ ഘട്ടത്തിലും പുതിയ മേഖലകൾ തേടിക്കൊണ്ടിരുന്നത്. 2020 ആകുന്പോഴേക്കും 35 ലധികം ജോലിക്കാരുള്ള ഒരു കന്പനിയായി മാറണം എന്നതാണ് ലക്ഷ്യം. 50 പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഒരു ഓഫീസ് സ്പെയിസിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്'' ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് ജെയിംസ് വ്യക്തമാക്കി.
എൻ .സി മാത്യു ലിസമ്മ മാത്യു എന്നിവരാണ് മാതാപിതാക്കൾ. ഒരു സഹോദരി റിയ ബി.ടെക് പൂർത്തിയാക്കി ജെയിംസിനോടൊപ്പം കന്പനിയിൽ പ്രവർത്തിക്കുന്നു. രണ്ടാമത്തെ സഹോദരി ലിയ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.