ഡോ. റോബർട്ട് ലാംഗർ: ഹൃദയത്തോട് ചേർത്തു വയ്ക്കാൻ
ഡോ. റോബർട്ട് ലാംഗർ: ഹൃദയത്തോട് ചേർത്തു വയ്ക്കാൻ
Wednesday, March 27, 2019 3:22 PM IST
ലോകത്തിലെ പ്രശസ്ത വിദ്യാഭ്യാസസ്ഥാപനമായ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെഡിക്കൽ ലബോറട്ടറി.

കോർണെൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കെമിക്കൽ എൻജിനിയറിംഗ് ബിരുദവുമായിട്ടാണ് റോബർട്ട് ലാംഗർ ജൂണിയർ എം.ഐ.റ്റി.യിലെ ലബോട്ടറിയിൽ ചെന്നത്. ഡോ. ക്ലാർക് കോൾട്ടണാണ് റിസർച്ച് ഗൈഡ്. അവിടുത്തെ സൗകര്യങ്ങളും മറ്റും കണ്ടപ്പോൾ സ്വതേ അന്തർമുഖനായ ആ യുവാവ് ആകെ പരിഭ്രമിച്ചു പോയി. ഉപകരണങ്ങളൊന്നും തന്നെ കൈകാര്യം ചെയ്യാനറിയില്ല. ലാബിലെ നടപടിക്രമങ്ങളറിയില്ല. എൻസൈമാറ്റിക് റീജനറേഷൻ ഓഫ് അഡെനോസൈൻ ട്രൈഫോസ്ഫേറ്റ്’’ എന്നതായിരുന്നു ഗവേഷണ വിഷയം. വിഷയത്തിന്‍റെ പ്രായോഗികതയെക്കുറിച്ച് ഒരു ധാരണയുമില്ല. ഇങ്ങനെയൊരു വിഷയത്തിൽ ഗവേഷണം നടത്തിയതുകൊണ്ട് ലോകത്ത് എന്തു മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്? റിസർച്ച് ലാബിൽ താനൊരു പരാജയമായിരിക്കും. ഉറപ്പ്.

പഠനം നിർത്തിയിട്ട് തിരികെപ്പോരാനാണ് തോന്നിയത്. എന്നാൽ ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനായെങ്കിൽ എന്ന പ്രതീക്ഷ കൊണ്ടു മാത്രം ആ യുവാവ് എം.ഐ.റ്റി.യിൽ ചേർന്നു.

കാലം കരുതിയത്

പക്ഷേ, കാലം മറ്റൊന്നായിരുന്നു റോബർട്ട് ലാംഗർ എന്ന ആ യുവാവിനുവേണ്ടി കരുതി വച്ചിരുന്നത്.

എം.ഐ.റ്റിയിലെ കെമിക്കൽ ആൻഡ് ബയോമെഡിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ജെർമിഷോസെൻ ചെയറിന്‍റെ പ്രഫസറായിരുന്നു ഡോ. ലാംഗർ. കെമിക്കൽ എൻജിനിയർ. സയന്‍റിസ്റ്റ്, ഗവേഷകൻ. കണ്ടുപിടിത്തക്കാരൻ. നൂറിലധികം പേറ്റന്‍റുകളുണ്ട് ഡോ. ലാംഗറിന്‍റെ ക്രെഡിറ്റിൽ. ധാരാളം സംരംഭകരെ കൈപിടിച്ചുയർത്തി അവരുടെ മെന്‍ററായി കഴിയുന്നു.
ഒന്നാലോചിച്ചാൽ, കാലത്തിന്‍റെ കൈയിൽ നിന്ന് തനിക്കവകാശപ്പെട്ടത് പിടിച്ചുവാങ്ങുകയായിരുന്നു അദ്ദേഹം. വിധിയുടെ വഴിയെ പോകാനായിരുന്നില്ല ചെറുപ്പം മുതൽക്കേ ലാംഗർ തീരുമാനിച്ചത്. പകരം വിധിയെ തന്‍റെ വഴിയെ നടത്താൻ ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തു.

രസതന്ത്രത്തിനോട് താൽപര്യം

ന്യൂയോർക്കിലെ ആൽബനിയിൽ ഒരു സാധാരണ കുടുംബത്തിലാണ് റോബർട്ട് ലാംഗർ ജനിച്ചത്. റോബർട്ട് സാമുവൽ ലാംഗർ ജൂണിയർ എന്നാണ് സ്കൂൾ രേഖകളിലെ പേര്. ബോബ് എന്നായിരുന്നു വിളിപ്പേര്. ബോബിന്‍റെ പിതാവ് ന്യൂയോർക്കിലെ ട്രോയ്യിൽ ആദ്യം ബില്യാർഡ്് പാർലറും പിന്നീട് ആൽബനിയിൽ ലിക്വർ പാർലറും നടത്തിക്കൊണ്ടിരുന്നു. റോബർട്ടിന് കാതറിൻ എന്നൊരു സഹോദരിയുമുണ്ട്. മറ്റുള്ളവരോട് കരുണയോടെ പെരുമാറണമെന്നുള്ള പാഠങ്ങൾ അമ്മയിൽ നിന്നു കിട്ടിയതാണ്. അച്ഛനാണ് ശാസ്ത്രത്തിലുള്ള താൽപര്യം പരിപോഷിപ്പിച്ചത്. അദ്ദേഹം സമയം കിട്ടുന്പോഴൊക്കെ ഗണിതശാസ്ത്രകളികളിൽ റോബർട്ടിനോടൊത്ത് പങ്കു ചേരും.

കെമിസ്ട്രിയിൽ മകന്‍റെ താൽപര്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവന് ഒരു ഗിൽബർട്ട് കെമിസ്ട്രി സെറ്റ് വാങ്ങിക്കൊടുത്തു. അന്ന് ബോബിന് 11 വയസ്. ടെസ്റ്റ് ട്യൂബുകളും നിറമുള്ള ദ്രാവകങ്ങളുമൊക്കെയായി കുട്ടികൾക്ക് രസതന്ത്രത്തിൽ താൽപര്യം ജനിപ്പിക്കാൻ പറ്റിയ കളിക്കോപ്പാണ് ഗിൽബർട്ട് കെമിസ്ട്രി സെറ്റ്. ബോബിന് അത് വളരെ ഇഷ്ടപ്പെട്ടു. ആൽബെനിയിലെ മിൽനെ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തോടൊപ്പം കണക്കും റോബർട്ടിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഭാവിയിൽ അവനൊരു എൻജിനിയറാകുമെന്നായിരുന്നു അച്ഛന്‍റെയും മറ്റുള്ളവരുടെയും കണക്കു കൂട്ടൽ.
സ്കൂൾ പഠനത്തെത്തുടർന്ന് റോബർട്ട് പ്രശസ്തമായ കോർണെൽ യൂണിവേഴ്സിറ്റിയിൽ കെമിക്കൽ എൻജിനിയറിംഗിന് ചേർന്നു. അവിടെ നിന്നു ബിരുദം നേടിക്കഴിഞ്ഞപ്പോൾ പല സ്ഥാപനങ്ങളിൽ നിന്നും കെമിക്കൽ എൻജിനിയറായി ജോലിക്കുവേണ്ടിയുള്ള ധാരാളം ഓഫറുകൾ ലഭിച്ചു. എന്നാൽ തുടർന്നു പഠിക്കാനായിരുന്നു റോബർട്ടിനിഷ്ടം.

എം.ഐ.റ്റിയിലേക്ക്

തുടർന്നാണ് റോബർട്ടിന് മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർച്ചിന് പ്രവേശനം ലഭിക്കുന്നതും കോൾട്ടണ്‍ന്‍റെ ശിഷ്യനാകുന്നതും. ആദ്യകാലം പൊതുവേ വിരസമായിരുന്നു. ഈ വൈരസ്യം ഒഴിവാക്കാൻ പഠനത്തിനിടയിൽ റോക്സബറി, കേംബ്രിജ് എന്നിവിടങ്ങളിൽ ഇടയ്ക്കൊക്കെ ട്യൂട്ടറായി ജോലി നോക്കി. കണക്കും കെമിസ്ട്രിയുമാണ് പഠിപ്പിക്കുന്നത്. ബിരുദത്തിനു പഠിക്കുന്ന കുട്ടികളാണ് ക്ലാസിൽ. ആദ്യത്തെ വർഷം 40 പേർ എൻറോൾ ചെയ്തെങ്കിലും 5 പേർ മാത്രമാണ് ക്ലാസിനെത്തിയത്. പക്ഷേ റോബർട്ട് പതറിയില്ല. കളികളിലൂടെ പ്രായോഗികപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന പുതിയൊരു പഠനരീതി ആവിഷ്കരിച്ചു. അതുകൊണ്ടെന്താ, രണ്ടാമത്തെ വർഷമായപ്പോഴേക്കും രജിസ്റ്റർ ചെയ്ത 50 പേരിൽ 45 പേരും സ്ഥിരമായി ക്ലാസിനെത്താൻ തുടങ്ങി. മാത്രമല്ല എല്ലാവരും കെമിസ്ട്രി പഠിക്കാനും താൽപര്യം കാട്ടി.


എം.ഐ.റ്റിയിലെ നാലാം വർഷം. കാന്പസ് റിക്രൂട്ട്മെന്‍റിന് ധാരാളം കന്പനികളെത്തി. ഷെൽ, ഷെവ്റോണ്‍ മുതലായ ഓയിൽക്കന്പനികളാണ് വന്നത്. എക്സണിൽ നിന്ന് വലിയ ശന്പളം വാഗ്ദാനം ചെയ്ത് നാലുവട്ടം വിളിച്ചു. പക്ഷേ, ഓരോ തവണ ഇന്‍റർവ്യൂവിനു പോകുന്പോഴും ഇതല്ല തന്‍റെ മേഖലയെന്ന് ലാംഗറിന്‍റെ മനസ് പറഞ്ഞു കൊണ്ടിരുന്നു. അതുകൊണ്ട് സന്തോഷപൂർവം എക്സണ്‍ന്‍റെ ഓഫർ റോബർട്ട് നിരസിച്ചു.

അധ്യാപനവൃത്തിയായിരുന്നു റോബർട്ടിന് ഇഷ്ടം. അതുകൊണ്ട് ആദ്യം ന്യൂയോർക്കിലെ സിറ്റി കോളജിൽ കെമിസ്ട്രി പ്രഫസർ തസ്തികയിലേക്ക് അപേക്ഷ അയച്ചു. മറുപടി പോലും വന്നില്ല. പിന്നീട് നാൽപതോളം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകവൃത്തിക്ക് അപേക്ഷ അയച്ചു. നിർഭാഗ്യം. എല്ലായിടത്തും ഡോ. റോബർട്ട് തിരസ്കരിക്കപ്പെട്ടു. അതോടെ ഒരു കാര്യം മനസിലായി. എം.ഐ.റ്റി.യിലെ പഠനം കൊണ്ടുമാത്രം കാര്യമില്ല എന്ന്.

ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന കരിയർ

ആയിടയ്ക്കാണ് ആരോ പറഞ്ഞത് ബോസ്റ്റണ്‍ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോ. ജുദാ ഫോക്മാൻ എന്ന സർജൻ ന്ധഅസാധാരണക്കാരായ’ ഗവേഷകരെ തേടുന്നു എന്ന്. രക്തക്കുഴലിന്‍റെ വളർച്ച തടഞ്ഞ് കാൻസറസ് ട്യൂമർ പടരുന്നത് തടയുന്ന ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് ഡോ. ഫോക്മാൻ. ഡോ. ഫോക്നറിൽ റോബർട്ട് തന്‍റെ മെന്‍ററെ കണ്ടു. കെമിക്കൽ എൻജിനിയറിംഗിലാണ് പരിചയമെങ്കിലും ഡോ. ഫോക്മാനോടൊപ്പം മെഡിസിനിലാണ് പ്രവർത്തിക്കേണ്ടത്. ശന്പളം കുറവാണ്. പക്ഷേ ഡോ. റോബർട്ട് ലാംഗർ ചരിത്രം തിരുത്തിക്കുറിച്ച ആ തീരുമാനമെടുത്തു. അദ്ദേഹം ഡോ. ഫോക്മാനോടൊപ്പം ചേർന്നു. ഈ നൂറ്റാണ്ടിലെ ഒരു വലിയ ശാസ്ത്രപ്രതിഭയുടെ വളർച്ചയുടെ നാളുകളായിരുന്നു പിന്നീട്.
ഒരു കരിയർ തെരഞ്ഞെടുക്കുന്പോൾ അത് കേവലം പണത്തിനു വേണ്ടി മാത്രമാകരുതെന്ന് അദ്ദേഹം പറയുന്നുണ്ട്. കരിയർ നിങ്ങളുടെ ഹൃദയത്തോട് ചേർത്തു വയ്ക്കാവുന്നതായിരിക്കണം. നിങ്ങൾ സ്നേഹിക്കുന്നതായിരിക്കണം. എല്ലാത്തിനുമുപരി അത് ലോകത്തിന് എന്തെങ്കിലും സംഭാവനചെയ്യുന്നതായിരിക്കണം.’’

വലിയ സ്വപ്നങ്ങളുടെ വലിയ വിജയം

അനിശ്ചിതത്വവും പരാജയവും തന്‍റെ കോളേജ് ജീവിതക്കാലത്ത് ഭാഗമായിരുന്നുവെന്ന് ഡോ. ലാംഗർ അനുസ്മരിക്കുന്നുണ്ട്. അഡ്വാൻസ്ഡ് ടെക്നോളജിയിലെ വിഖ്യാതമായ ക്യോട്ടോ പുര്സകാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രഭാഷണം അവസാനിപ്പിക്കുന്പോൾ ഡോ. റോബർട്ട് ലാംഗർ യുവതലമുറയ്ക്ക് നൽകുന്ന ഉപദേശമിതാണ്. ന്ധന്ധവലിയ സ്വപ്നങ്ങൾ കാണുക. ആ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക. സാന്പ്രദായികമായ അറിവ് എപ്പോഴും ശരിയാകണമെന്നില്ല എന്ന് അംഗീകരിക്കുക.’’

പതിനായിരത്തിലധികം ഗവേഷണപ്രബന്ധങ്ങൾ. നാൽപതിൽപ്പരം ബിസിനസ് സംരംഭങ്ങൾ. നമ്മുടെ കാലഘട്ടത്തിന്‍റെ എഡിസണ്‍. ശാസ്ത്രഗവേഷണപ്രബന്ധങ്ങളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ഉദ്ധരിക്കപ്പെട്ട പേരുകാരിൽ ഒരാൾ. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെയും അമേരിക്കൻ ഗവണ്‍മെന്‍റിന്‍റെയുമുൾപ്പടെ ശാസ്ത്രലോകത്തെ സമാദരണീയമായ ഇരുപത്തഞ്ചിലധികം പുരസ്കാരങ്ങൾ. ഡോ. റോബർട്ട് ലാംഗറെ പ്രശസ്തമായ ഫോർബ്സ് മാഗസിൻ എഡിസണ്‍ ഓഫ് മെഡിസിൻ (Edsion of Medicine) എന്നാണ് വിളിക്കുന്നത്.

ഇന്നിപ്പോൾ ഡോ. റോബർട്ട് ലാംഗർ ഓരോ പ്രഭാഷണവും നടത്തിക്കഴിയുന്പോൾ പണ്ഡിതലോകം കൈയടിച്ച് ആദരവു പ്രകടിപ്പിക്കുന്നു.
നിങ്ങൾക്കും കൈയടിക്കാൻ തോന്നുന്നില്ലേ?

ഡോ. രാജൻ പെരുന്ന