എൻപിഎസിന് 10 വയസ്
എൻപിഎസിന്  10 വയസ്
Tuesday, July 2, 2019 12:11 PM IST
ഇന്ത്യയിലെ പൗരന്മാർക്കെല്ലാം അറുപതു വയസിനുശേഷം പെൻഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്‍മെന്‍റ് നടപ്പിലാക്കിയ നഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) എന്ന സാർവത്രിക പെൻഷൻ പദ്ധതിക്ക് 10 വയസ് പൂർത്തിയായിരിക്കുകയാണ്.
2004 ജനുവരി ഒന്നിന് പദ്ധതി ആരംഭിച്ചപ്പോൾ സർക്കാർ ജോലിക്കാർക്കുമാത്രമേ പദ്ധതിയിൽ അംഗമാകാൻ സാധിക്കുമായിരുന്നുള്ളു. 2009-ലാണ് രാജ്യത്തെ എല്ലാ പൗരന്മാർക്കും അംഗമാകാൻത്തക്കവിധത്തിൽ എൻപിഎസ് സാർവത്രികമാക്കിയത്. ഇപ്പോൾ പതിനെട്ടു വയസുമുതൽ 60 വയസുവരെയുള്ള ആർക്കും പദ്ധതിയിൽ അംഗമാകാം.

പെൻഷനും അതോടൊപ്പം നിക്ഷേപവും ചേർന്ന ഈ പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി (പിഎഫ്ആർഡിഎ) ആണ്.
കഴിഞ്ഞ പത്തുവർഷത്തെ എൻപിഎസിന്‍റെ വളർച്ചയും പ്രകടനവും വളരെ ആകർഷകമാണ്. സാർവത്രിക പദ്ധതിയാണെങ്കിലും ഇതിൽ ചേർന്നിട്ടുള്ളവരുടെ ശതമാനം ഇപ്പോഴും വളരെ ചെറുതാണ്. കൂടുതൽ ആളുകൾ ഈ പദ്ധതിയിൽ ഇനിയും ചേരേണ്ടിയിരിക്കുന്നു.

എങ്ങനെയാണ് എൻപിഎസ് പ്രവർത്തിക്കുന്നത്

എൻറോൾമെന്‍റ് വിജയകരമായി പൂർത്തിയാക്കിയാൽ പെർമനന്‍റ് റിട്ടയർമെന്‍റ്അക്കൗണ്ട് നന്പർ(പിആർഎഎൻ-പ്രാണ്‍) ഉപഭോക്താക്കൾക്കായി എൻപിഎസ് നൽകും. പ്രാണ്‍ തയ്യാറായിക്കഴിഞ്ഞാൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്കോ അല്ലെങ്കിൽ മൊബൈൽ നന്പറിലേക്കോ എസ്എംഎസ് ലഭിക്കും. ഉപഭോക്താവ് നിശ്ചിയിച്ചിരിക്കുന്ന സമയങ്ങളിൽ നിക്ഷേപം നടത്തിക്കൊണ്ടിരിക്കണം. ഒരാൾക്ക് ഒരു എൻപിഎസ് അക്കൗണ്ടു തുറക്കാനേ അനുവാദമുള്ളു. സംയുക്ത അക്കൗണ്ടുകളും അനുവദിക്കുന്നതല്ല. പ്രവാസികൾക്കും എൻപിഎസിൽ അംഗമാകാവുന്നതാണ്.

ഇതൊരു കോണ്‍ട്രിബ്യൂട്ടറി ഉത്പന്നമാണ്. നിക്ഷേപം തുടങ്ങിയാൽ 60 വയസ് വരെ നിക്ഷേപം നടത്തിക്കൊണ്ടിരിക്കണം. അതായത് 60 വയസ് വരെ നിങ്ങൾ അടയ്ക്കുന്ന തുകയ്ക്ക് ലോക്ക് ഇൻ പീരിയഡ് ഉണ്ടായിരിക്കും.

എൻപിഎസിൽ അംഗമാകുന്നവർക്കെല്ലാം അറുപതു വയസു കഴിഞ്ഞാൽ പെൻഷൻ ലഭിക്കും.
ആർക്കൊക്കെ പദ്ധതിയിൽ അംഗമാകാം
1. കേന്ദ്രസർക്കാർ ജോലിക്കാർ, സംസ്ഥാന സർക്കാർ ജോലിക്കാർ, കേന്ദ്ര-സംസ്ഥാന ഓട്ടോണമസ് സ്ഥാപനങ്ങളിലെ ജോലിക്കാർ
2. അടൽപെൻഷൻ യോജന
3. കോർപറേറ്റ് മോഡൽ-കോർപറേറ്റ് കോർപറേറ്റ് ജീവനക്കാർക്കായി ഗ്രൂപ് പദ്ധതിയുണ്ട്.
4. 18-60 വയസിനിടയിലുള്ള ഇന്ത്യൻ പൗരന്മാർ

എവിടെ അക്കൗണ്ട് തുറക്കാം

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകൾ, പോസ്റ്റോഫീസുകൾ, പിഎഫ് ആർഡിഎ അംഗീകരിച്ചിട്ടുളള സേവനദാതാക്കൾ തുടങ്ങിയവർ വഴി ഈ പദ്ധതിയിൽ അംഗമാകാം.

ഓണ്‍ലൈനായും എൻപിഎസ് അക്കൗണ്ട് തുറക്കാൻ സൗകര്യമുണ്ട്. ആധാർ കാർഡ്, പാൻ, ബാങ്ക് അക്കൗണ്ട് എന്നിവയുണ്ടെങ്കിൽ എൻഎസ്ഡിഎൽ, കാർവി തുടങ്ങിയ ഏജൻസികൾ വഴി ഓണ്‍ലൈനിൽ എൻപിഎസ് അക്കൗണ്ട് തുറക്കാം.
ഒരോ അക്കൗണ്ട് ഉടമയ്ക്കും 12 അക്കങ്ങളുള്ള പെർമനന്‍റ് റിട്ടയർമെന്‍റ് അക്കൗണ്ട് നന്പർ നൽകും.

രണ്ടുതരം അക്കൗണ്ടുകൾ

എൻപിഎസിൽ രണ്ടുതരം അക്കൗണ്ടുകൾ ഉണ്ട്. ടയർ-1 അക്കൗണ്ട്, ടയർ-2അക്കൗണ്ട് എന്നിങ്ങനെ അവയെ തരംതിരിച്ചിരിക്കുന്നു.

ടയർ-1 അക്കൗണ്ട്: എൻപിഎസിൽ അംഗമാകാൻ ഈ അക്കൗണ്ട് നിർബന്ധമാണ്. ഇതിലേക്ക് ആണ് പണം അടയ്ക്കുന്നത്. പെൻഷൻ പ്രായമാകുന്പോൾ (സാധാരണ ഗതിയിൽ 60 വയസ്) ഈ അക്കൗണ്ടിലെ സഞ്ചിത തുകയുടെ 60 ശതമാനം പിൻവലിക്കാം. നാൽപ്പതു ശതമാനം പെൻഷൻ ലഭിക്കുന്നതിനുള്ള ആന്വയിറ്റി വാങ്ങാൻ ഉപയോഗിക്കണം. ശേഷിച്ച 20 ശതമാനം നികുതി നൽകി പിൻവലിക്കാം.

ഒരു വർഷത്തെ കുറഞ്ഞ നിക്ഷേപം 6000 രൂപയും കുറഞ്ഞ പ്രതിമാസ നിക്ഷേപം 500 രൂപയുമാണ്. ഒരു വർഷം കുറഞ്ഞത് ഒരു നിക്ഷേപമെങ്കിലും നടത്തിയിരിക്കണം. നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

ടയർ-2 അക്കൗണ്ട്: ഇത് വോളന്‍ററി റിട്ടയർമെന്‍റ് കം സേവിംഗ്സ് അക്കൗണ്ട് ആണ്. ടയർ-1 അക്കൗണ്ട് ഉള്ളവർക്കേ ഇതു തുറക്കാനാകൂ. ഇതിൽ നിന്നു നിക്ഷേപകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് തുക നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാം.

നിക്ഷേപകന് നിക്ഷേപം തെരഞ്ഞെടുക്കാം

അക്കൗണ്ട് ഉടമകൾക്ക് അവരുടെ നിക്ഷേപം എങ്ങനെയായിരിക്കണം, എവിടെയൊക്കെയായിരിക്കണം എന്ന് തീരുമാനിക്കാൻ അവകാശമുണ്ട്. അതിനുള്ള അവസരവും എൻപിഎസ് ഒരുക്കിയിട്ടുണ്ട്.

ആക്ടീവ് ചോയ്സ്, ഓട്ടോ ചോയ്സ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണുള്ളത്. കൃത്യമായി നിക്ഷേപം നടത്തുന്നയാളാണെങ്കിൽ ആക്ടീവ് ചോയ്സാണ് നല്ലത്. എവിടെയൊക്കെയായിരിക്കണം നിക്ഷേപം എന്നത് സ്വന്തമായി തന്നെ തീരുമാനിക്കാം.
ആക്ടീവ് ചോയിസ് അടിസ്ഥാനമാക്കിയാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടിലേക്കുള്ള നിക്ഷേപം 50 വയസുവരെ 75 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനുശേഷം ഓരോ വർഷവും 2.5 ശതമാനം വീതം കുറയും. അറുപത് വയസാകുന്പോൾ അത് 50 ശതമാനത്തിലേക്ക് എത്തും.


നിക്ഷേപത്തെക്കുറിച്ചു കാര്യമായ അറിവില്ലാത്തവർക്കും സമയാസമയങ്ങളിൽ നിക്ഷേപത്തെ വിലയരുത്താൻ സമയമില്ലാത്തവർക്കും യോജിച്ചതാണ് ഓട്ടോ ചോയിസ്. അവർക്ക് ചുവടെ നൽകിയിരിക്കുന്ന മൂന്നു ലൈഫ് സൈക്കിൾ ഫണ്ടിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം.
1. അഗ്രസീവ് ഫണ്ട് (പരമാവധി ഇക്വിറ്റി നിക്ഷേപം 75 ശതമാനം, 35 വയസുവരെ).

2. മോഡറേറ്റ് ഫണ്ട് (പരമാവധി ഇക്വിറ്റി നിക്ഷേപം 50 ശതമാനം, 35 വയസുവരെ).
3. കണ്‍സർവേറ്റീവ് ഫണ്ട് (പരമാവധി ഇക്വിറ്റി നിക്ഷേപം 25 ശതമാനം, 35 വയസുവരെ).

ഓരോ ലൈഫ് സൈക്കിൾ ഫണ്ടിലും നിക്ഷേപകന്‍റെ പ്രായം അടിസ്ഥാനമാക്കിയാണ് ഇക്വിറ്റി നിക്ഷേപം കുറയ്ക്കുന്നത്. ഓരോരുത്തർക്കും അവരവരുടെ റിസ്കിനെ അടിസ്ഥാനമാക്കി ഇഷ്ടമുള്ള ലൈഫ് സൈക്കിൾ ഫണ്ട് തെരഞ്ഞെടുക്കാം.

നിലവിലെ എൻപിഎസ് റെഗുലേഷൻ അനുസരിച്ച് ഉപഭോക്താക്കൾക്ക് സാന്പത്തിക വർഷത്തിൽ ഒരിക്കൽ നിലവിലെ പെൻഷൻ ഫണ്ട് മാറ്റാം. നിക്ഷേപ ഓപ്ഷനിലും (ആക്ടീവ് , ഓട്ടോ ചോയ്സ്), അസറ്റ് അലോക്കേഷനിലും (സ്കീംഇ, സി, ജി, എ) രണ്ടു തവണ ഒരു സാന്പത്തിക വർഷത്തിൽ മാറ്റം വരുത്താം.

നികുതി നേട്ടം

ആദായനികുതി വകുപ്പിന്‍റെ 80സിസിഡി(1) വിഭാഗം പ്രകാരം 150,000 രൂപയുടെ നിക്ഷേപത്തിന് നികുതി നൽകേണ്ടതില്ല. അധികമായി നിക്ഷേപിക്കുന്ന 50000 രൂപയ്ക്കും നികുതി നൽകേണ്ട.

ടയർ 1 അക്കൗണ്ട്: ടയർ വണ്‍ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 50000 രൂപയുടെ അധിക നികഷേപത്തിന് ലഭിക്കുന്ന നികുതിയിളവ് ലഭിക്കും. 80 സിസിഡി(1ബി) ആദായനികുതി വകുപ്പിന്‍റെ ഈ വിഭാഗം അനുസരിച്ചായിരിക്കും ഇളവ് ലഭിക്കുന്നത്. അതിനു പുറമേയാണ് 80 സി വിഭാഗം പ്രകാരം 1,50,0000 രൂപയുടെ ഇളവും ലഭിക്കുന്നത്

ടയർ 2 അക്കൗണ്ട്: നിക്ഷേപകർക്ക് അധികമായി നിക്ഷേപിക്കാനുള്ള അവസരമാണ് ടയർ 2 അക്കൗണ്ട് വഴി ലഭിക്കുന്നത്. എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാം.
2018 വരെ ഈ അക്കൗണ്ടിലെ നിക്ഷേപത്തിനു നികുതിയാനൂകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ആദായനികുതി വകുപ്പ് 80സി അനുസരിച്ചുള്ള നികുതിയിളവ് ഈ അക്കൗണ്ടിലെ നിക്ഷേപത്തിനു ലഭിക്കുമെന്ന് 2018 ഡിസംബറിൽ അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി പ്രഖ്യാപിച്ചിരുന്നു. പക്ഷേ നിക്ഷേപത്തിനു മൂന്നുവർഷത്തെ ലോക്ക് പീരിയഡ് ഉണ്ടായിരിക്കും.

ലൈഫ് സൈക്കിൾ ഫണ്ടിന്‍റെ പ്രകടനം

അ​ഗ്ര​സീ​വ് പോ​ർ​ട്ട്ഫോ​ളി​യോ, മോ​ഡ​റേ​റ്റ് പോ​ർ​ട്ട്ഫോ​ളി​യോ, ക​ണ്‍​സ​ർ​വേ​റ്റീ​വ് പോ​ർ​ട്ട്ഫോ​ളി​യോ എ​ന്നി​ങ്ങ​നെ മൂ​ന്നു പോ​ർ​ട്ട്ഫോ​ളി​യോ​യി​ലു​മു​ള്ള ലൈ​ഫ്സൈ​ക്കി​ൾ ഫ​ണ്ടു​ക​ളും അ​ഞ്ച്, പ​ത്ത് വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ട​ക്ക​ത്തി​ലു​ള്ള റി​ട്ടേ​ണ്‍ ന​ൽ​കി​യി​ട്ടു​ണ്ട്.

* അ​ഗ്ര​സീ​വ് പോ​ർ​ട്ട് ഫോ​ളി​യോ​യി​ൽ (75% ഇ​ക്വി​റ്റി+10% കോ​ർ​പ​റേ​റ്റ് ബോ​ണ്ട് + 15 % ഗ​വ.​സെ​ക്യൂ​രി​റ്റീ​സ്). ഐ​സി​ഐ​സി​ഐ​ 10 വ​ർ​ഷ​ത്തി​ൽ 11 ശ​ത​മാ​നം വാ​ർ​ഷി​ക റി​ട്ടേ​ണ്‍ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഞ്ചു വ​ർ​ഷ​ത്തെ റി​ട്ടേ​ണി​ൽ എ​ച്ച്ഡി​എ​ഫ്സി​യും യു​ടി​ഐ​യു​മാ​ണ് മു​ന്നി​ൽ. ര​ണ്ടും 12 ശ​ത​മാ​നം വീ​തം.

* അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ മോ​ഡ​റേ​റ്റ് പോ​ർ​ട്ട്ഫോ​ളി​യോ​യി​ലും (50% ഇ​ക്വി​റ്റി + 30% കോ​ർ​പ​റേ​റ്റ് ബോ​ണ്ട് + 20% ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്യു​രി​റ്റീ​സ്) അ​ഗ്ര​സീ​വ് പോ​ർ​ട്ട്ഫോ​ളി​യോ​യി​ലേ​തി​നു സ​മാ​ന​മാ​യ റി​ട്ടേ​ണാ​ണ്. അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ എ​ച്ച്ഡി​എ​ഫ്സി ഫ​ണ്ട് 11.5 ശ​ത​മാ​നം റി​ട്ടേ​ണ്‍. പ​ത്തു​വ​ർ​ഷ​ക്കാ​ല​യ​ള​വി​ലെ റി​ട്ടേ​ണ്‍ ഐ​സി​ഐ​സി​ഐ പ്രു​ഡ​ൻ​ഷ്യ​ൽ (10.6%), യു​ടി​ഐ (10.1%), കൊ​ട്ട​ക് (10%) എ​ന്നി​ങ്ങ​നെ​യാ​ണ്.

ക​ണ്‍​സ​ർ​വേ​റ്റീ​വ് പോ​ർ​ട്ട്ഫോ​ളി​യോ​യി​ൽ (25% ഇ​ക്വി​റ്റി + 45% കോ​ർ​പ​റേ​റ്റ് ബോ​ണ്ട് + 30% ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്യൂ​രി​റ്റീ​സ്) അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ന​ൽ​കു​ന്ന​തും ഇ​തേ റി​ട്ടേ​ണാ​ണ്. ഐ​സി​ഐ​സി​ഐ, എ​സ്ബി​ഐ, കൊ​ട്ട​ക് എ​ന്നി​വ​രാ​ണ് അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​ത്തും 10 വ​ർ​ഷ​ക്കാ​ല​ത്തും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ചി​രി​ക്കു​ന്ന​ത്.

മ്യൂ​ച്വ​ൽ ഫ​ണ്ട്, യു​ലി​പ് എ​ന്നി​വ​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി 0.01 ശ​ത​മാ​ന​മേ എ​ൻ​പി​എ​സ് ഫ​ണ്ട് മാ​നേ​ജ്മെ​ന്‍റി​നാ​യി ഈ​ടാ​ക്കു​ന്നു​ള്ളു.