സന്പദ്ഘടന തളർച്ചയിൽ; അനക്കമില്ലാതെ മോദി
നടപ്പുവർഷം ജിഡിപി വളർച്ച ആറര ശതമാനത്തിലേക്ക് താഴ്ന്നാൽപ്പോലും നാം ഭാഗ്യം ചെയ്തവരാണ്! അടുത്തയിടെ എൽ ആൻഡ് ടി ചെയർമാൻ എ. എം. നായിക് ഇന്ത്യൻ സന്പദ്ഘടനയിലെ വളർച്ച കുറയുന്നതിനെക്കുറിച്ചു പറഞ്ഞ കമന്‍റാണ്. ഇതോടൊപ്പെ ഒരു ഉപദേശവും കൂടി അദ്ദേഹം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്നു ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന പ്പോഴത്തേതുപോലെ പ്രവർത്തിക്കുകയെന്നും. സന്പദ്ഘടനയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ അന്നു ഗുജറാത്തിൽ ചെയ്തതുപോലെ പദ്ധതികൾക്കു വേഗം അനുമതി നൽകേണ്ടിയിരിക്കുന്നു.

“സ്ഥിതി വളരെ വെല്ലുവിളി നിറഞ്ഞ സ്ഥിതിയിലാണ്.
ഗവണ്‍മെന്‍റ് ഏഴു ശതമാനത്തിലധികം വളർച്ച അവകശാപ്പെടുന്നു, പക്ഷേ ആറര ശതമാനം നേടിയാൽ നാം ഭാഗ്യവന്മാർ.’’ നായിക് കൂട്ടിച്ചേർക്കുന്നു.

നായിക്കിന്‍റെ തൊട്ടുപിന്നാലെ വന്ന കമന്‍റ് എച്ച്ഡിഎഫ്സി ചെയർമാൻ ദീപക് പരീഖിന്‍റേതാണ്.
വ്യക്തമായ വളർച്ചാമുരടിപ്പ് സന്പദ്ഘടനയിൽ ദൃശ്യമാണെന്നാണ് പരീഖ് പറഞ്ഞത്. ബാങ്കിംഗേതര മേഖലയിലെ ടൈറ്റ് ലിക്വിഡിറ്റിയും ബാങ്കുകൾ വായ്പ നൽകാൻ തയാറാകാത്തതും വളർച്ചയെ കൂടുതൽ മാന്ദ്യത്തിലേക്ക് തള്ളിവിടുകയാണെന്ന് പരീഖ് പറയുന്നു.

ഇപ്പോൾ സന്പദ്ഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവളി, റിസ്ക് ഒഴിവാക്കുകയെന്ന വായ്പാ ഏജൻസികളുടെ സമീപനമാണ്.

ചുരുക്കത്തിൽ സാന്പത്തിക വളർച്ച സംബന്ധിച്ചുള്ള ആശങ്കകൾ രാജ്യത്തെ എല്ലാ കോണുകളിൽനിന്നും ഉയരുകയാണ്.

വളർച്ചാ നിരക്ക് അനുമാനം വെട്ടിക്കുറച്ച് ഏജൻസികൾ

ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ ജിഡിപി വളർച്ച 5.8 ശതമാനത്തിലേക്കു താഴ്ന്നു. ഡിസംബർ ക്വാർട്ടറിലിത് 6.6 ശതമാനമായിരുന്നു. 2018-19-ലെ വളർച്ച 6.8 ശതമാനമായിരുന്നു. തലേവർഷമിതേ കാലയളവിലിത് 7.2 ശതമാനമായിരുന്നു.
റിസർവ് ബാങ്ക്, സാന്പത്തിക സർവേ, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവരെല്ലാം കഴിഞ്ഞ മാസം മുതൽ ഇന്ത്യൻ വളർച്ചാനുമാനത്തിൽ കുറവു വരുത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ഐഎംഎഫാണ് ഇന്ത്യൻ വളർച്ചാ അനുമാനം കുറച്ചത്.

2020-ൽ ഇന്ത്യൻ സാന്പത്തിക വളർച്ച 0.3 ശതമാനം കണ്ടു കുറയുമെന്ന് ഐഎംഫ് അനുമാനിക്കുന്നു. 2019-ൽ 7 ശതമാനമായിരിക്കും വളർച്ച. ഐഎംഎഫ് നേരത്തെ കണക്കാക്കിയിരുന്നത് യഥാക്രമം 7.5 ശതമാനവും 7.2 ശതമാനവും വീതമായിരുന്നു. ആഭ്യന്തര ഡിമാൻഡ് പ്രതീക്ഷിച്ചതിലും വളരെ താഴെയായാതാണ് വളർച്ചാ അനുമാനം കുറയ്ക്കുവാൻ ഐഎംഎഫിനെ നിർബന്ധിതരാക്കിയത്. എങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ്ഘടനയായി ഇന്ത്യ തുടരും.

ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചയും കുറയുമെന്ന് ഐഎംഎഫ് മുന്നിറിയിപ്പു നൽകിയിട്ടുണ്ട്. യുഎസ്- ചൈന വ്യാപാരയുദ്ധം, ഓട്ടോ താരിഫ്, ബ്രെക്സിറ്റ് തുടങ്ങിയവയാണ് ആഗോള വളർച്ചയെ ബാധിക്കുന്ന മുഖ്യഘടകങ്ങൾ.

വളർച്ചാക്കുറവിന്‍റെ ലക്ഷണങ്ങൾ മാറാതെ

ഇന്ത്യൻ സന്പദ്ഘടനയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളുടെ ശക്തി ഇനിയും കുറയുന്ന മട്ടു കാണിച്ചു തുടങ്ങിയിട്ടില്ല. ഇതോടൊപ്പമാണ് രാജ്യത്തിനു പുറത്ത് ആഗോള സന്പദ്ഘടനയിലെ വളർച്ചാ മാന്ദ്യം ശക്തി പ്രാപിക്കുന്നത്.
സന്പദ്ഘടനയില ഉപഭോഗം, വ്യവസായം തുടങ്ങിയ മേഖലകളിൽ മാന്ദ്യം ശക്തി പ്രാപിക്കുകയാണ്. യാത്രാ വാഹനം, ട്രാക്ടർ, ഇരുചക്ര വാഹനം തുടങ്ങിയവയുടെ വിൽപ്പന മാസങ്ങളായി കുറയുകയാണ്. വിമാനയാത്രക്കാരുടെ എണ്ണത്തിലെ വളർച്ചയും കുറയുകയാണ്.
ഏറ്റവുമൊടുവിലത്തെ കണക്കുകളനുസരിച്ച് എട്ടു വ്യവസായങ്ങളടങ്ങിയ കാതൽ മേഖല 0.2 ശതമാനം വളർച്ചയാണ് ജൂണിൽ നേടിയിട്ടുള്ളത്. അന്പതു മാസത്തെ ഏറ്റവും കുറഞ്ഞ വളർച്ചകൂടിയാണിത്. റെയിൽവേ ചരക്കു കടത്ത് അഞ്ചുവർഷത്തെ ഏറ്റവും താഴ്ചയിൽ എത്തി നിൽക്കുകയാണ് മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് സൂചിക അഞ്ചുവർഷത്തെ ശരാശരിയിലാണ് ജൂലൈയിൽ.

ആശ്വാസകരമായിട്ടുള്ള സംഗതി രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മി കഴിഞ്ഞ മാർച്ച് ക്വാർട്ടറിൽ 0.7 ശതമാനത്തിൽ എത്തിയെന്നതാണ്., ഡിസംബറിലവസാനിച്ച മൂന്നാം ക്വാർട്ടറിലിത് 2.6 ശതമാനമായിരുന്നു. പക്ഷേ ഇതിലും ആഹ്ലാദിക്കാൻ വകയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാപാരകമ്മി കുറഞ്ഞതാണ് കറന്‍റ് അക്കൗണ്ട് കമ്മി കുറച്ചത്. ക്രൂഡോയിൽ വില കുറഞ്ഞതുവഴി ഇറക്കുമതി കുറഞ്ഞതാണ് വ്യാപാരകമ്മി കുറയാൻ കാരണം. അല്ലാതെ കയറ്റുമതിയിൽ നല്ല വളർച്ച നേടിയതല്ല. ട്രാൻസ്പോർട്ട് എക്വിപ്മെന്‍റ്, യന്ത്രസാമഗ്രികൾ, വളം തുടങ്ങിയ മേഖലകളിലെല്ലാം ഇറക്കുമതി കുറഞ്ഞു. ഇത് ആഭ്യന്തര വ്യവസായത്തെ സംബന്ധിച്ചിടത്തോളം അത്ര നല്ല സൂചനയല്ല.

മറ്റൊരു അനുകൂലമായ സൂചന ഭക്ഷ്യേതര വായ്പയിലുണ്ടായ നേരിയ വളർച്ചയാണ്. പക്ഷേ ഡിമാൻഡ് ഇപ്പോഴും ദുർബലമായിത്തന്നെ തുടരുകയാണ്. എൻബിഎഫ്സി മേഖലയിലെ പ്രശ്നങ്ങൾ ഉപഭോക്തൃ ഡിമാൻഡിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്.പ്രത്യേകിച്ചും ഓട്ടോ മേഖലയിലെ ഡിമാൻഡിനെ. ഈ ദുർബലമായ ഡിമാൻഡ് അവസ്ഥ പല മേഖലകളിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാണിക്കുന്നു.

പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്നുവെന്നതാണ് ഏറ്റവും അനുകൂലമായിട്ടുള്ളത്. ജൂലൈയിൽ ചില്ലറവിലക്കയറ്റത്തോത് 3.18 ശതമാനമാണ്. ഗ്രാമീണ മേഖലയിലെ ഉപഭോഗത്തെ ബാധിച്ചുവന്നാണ് ഇതു നൽകുന്ന സൂചന. കർഷകരുടെ വരുമാനം കുറഞ്ഞുവെന്നതിന്‍റെ തെളിവാണ് രണ്ടു വർഷമായി കാർഷികമേഖലയിലെ കൂലി വളർച്ച നെഗറ്റീവാണ് എന്നുള്ളത്.
മണ്‍സൂണിന്‍റെ ലഭ്യതയിലെ വന്യമായ വ്യതിയാനവും ഗ്രാമീണ മേഖലയിലെ ഡിമാൻഡിനെ ബാധിക്കുമെന്നാണ് സൂചന.

മൊത്തവിലക്കയറ്റ ത്തോത് 2.02 ശതമാനമാണ്. രണ്ടു വർഷത്തെ ഏറ്റവും താഴന്ന നില. മാനുഫാക്ചറിംഗ് മേഖലയിലെ തളർച്ചയാണ് മൊത്തവിലക്കയറ്റത്തിലെ കുറവു സൂചിപ്പിക്കുന്നത്. മൊത്തവില കുറഞ്ഞുവെന്നു പറഞ്ഞാൽ അതിനർത്ഥം കന്പനികൾക്കു അവരുടെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും കുറഞ്ഞ വിലയേ ലഭിക്കുന്നുള്ളുവെന്നാണ്. ഇതു കന്പനികളുടെ ലാഭക്ഷമതയെ മാത്രമല്ല, നിക്ഷേപം നടത്താനുള്ള താൽപ്പര്യത്തേയും കുറയ്ക്കും.

ആഗോള സന്പദ്ഘടനയിലെ അനിശ്ചിതത്വത്തിനു ശക്തികൂടിയതോടെ രാജ്യത്തെ പുതിയ നിക്ഷേപത്തിന്‍റെ അളവ് 15 വർഷത്തെ താഴ്ചയിൽ എത്തിയിരിക്കുകയാണ്. ആഭ്യന്തര വ്യവസായത്തിലുള്ളവർക്ക് സ്ഥാപിത ശേഷി പൂർണമായി ഉപയോഗപ്പെടുത്തുവാൻ സാധിക്കാത്തതിനാൽ പുതിയ നിക്ഷേപം നടത്തുന്നുമില്ല.

ഇപ്പോഴത്തെ ഇന്ത്യയുടെ യഥാർത്ഥ വളർച്ച, ഗവണ്‍മെന്‍റ് ഒൗദ്യോഗികമായി നൽകിയിട്ടുള്ളതിനേക്കാൾ കുറവാണെന്നു വിശ്വസിക്കുന്ന സാന്പത്തിക വിദഗ്ധർ ഏറെയാണ്. ഇന്ത്യയുടെ യഥാർത്ഥ സാന്പത്തിക വളർച്ച 3.5-5.5 ശതമാനത്തിനിടയിലാണെന്നാണ് ഇന്ത്യയുടെ മുൻ മുഖ്യ സാന്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ഹാർവാഡ് യൂണിവേഴ്സിറ്റിക്കുവേണ്ടി തയാറാക്കിയ വർക്കിംഗ് പേപ്പറിൽ പറയുന്നത്.

ഇന്ത്യയിലെ ഇപ്പോഴത്തെ സാന്പത്തികതളർച്ച ചാക്രികമാണെന്നും അടുത്ത ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ വളർച്ച മെച്ചപ്പെട്ടു തുടങ്ങുമെന്നുമാണ് മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാൻ അഭിപ്രായപ്പെടുന്നത്. ഗവണ്‍മെന്‍റ് നിരവധി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി അതു നടപ്പാക്കുകയെന്നതാണ് ചെയ്യാനുള്ളത്. പ്രത്യേകിച്ചും നിക്ഷേപ മേഖലകളിൽ: അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ ഇപ്പോഴത്തെ വളർച്ചാമുരടിപ്പ് ചാക്രികമല്ലെന്നും ഘടനാപരമാണെന്നുമാണ് കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി മാനേജിംഗ് ഡയറക്ടറും കോ- ഹെഡ്ഡുമായ സഞ്ജീവ് പ്രസാദ് അഭിപ്രായപ്പെടുന്നത്. സ്വകാര്യ ഉപഭോഗവും ഗവണ്‍മെന്‍റ് ചെലവാക്കലുമാണ് ഇന്ത്യൻ സന്പദ്ഘടനയുടെ വളർച്ചയ്ക്ക് ഉൗർജം നൽകുന്നത്. ഉയർന്ന ധനകമ്മി മൂലം സർക്കാരിന്‍റെ കൈവശം ചെലവഴിക്കാൻ പണമില്ല. വരുമാന വളർച്ചയ്ക്കു ഗതിവേഗമില്ലാത്തതിനാൽ സ്വകാര്യ ഉപഭോഗവും കുറയുകയാണ്. ഇതു രണ്ടും ചേർന്നപ്പോൾ അത് സന്പദ്ഘടനയിലും പ്രതിഫലിച്ചുതുടങ്ങിയെന്ന് പ്രസാദ് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യൻ സന്പദ്ഘടനയുടെ വളർച്ചാ മൊമന്‍റം തീരെയില്ലാതായിരി ക്കുന്നുവെന്നാണ് ബ്ലൂംബർഗ് ന്യൂസ് അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സന്പദ്ഘടനയിൽനിന്നു അടുത്തയിടെ പുറത്തുവന്നിട്ടുള്ള വിവിധ സൂചകങ്ങൾ കണക്കിലെടുത്തായിരുന്നു ഈ അഭിപ്രായം. സർവീസ് ആക്ടീവിറ്റി 13 മാസത്തിൽ ആദ്യമായി ജൂണിൽ ( 49.6 പോയിന്‍റ്- സൂചിക 50 പോയിന്‍റിനു മുകളിലാണെങ്കിൽ വളർച്ചയെ സൂചിപ്പിക്കുന്നു.) ചുരുങ്ങി.

രാജ്യത്തെ കണ്‍സ്യൂമർ ഡിമാൻഡ് ഉയർത്തുന്ന കാര്യത്തിൽ വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ജൂണിലെ ഓവറോൾ വായ്പാ വളർച്ച 12 ശതമാനമാണ്. മേയിലിത് 12.7 ശതമാനവും ഏപ്രിലിൽ 14.2 ശതമാനവുമായിരുന്നു.

മോശം ഡിമാൻഡിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കന്പനികളുടെ വരുമാനം വളർച്ച ജൂണ്‍ ക്വാർട്ടറിൽ ഏതാണ്ട് മരവിച്ച മട്ടിലാണ്. ഫലം പുറത്തുവിട്ട കന്പനികളുടെ ലാഭ വളർച്ച മുൻവർഷമിതേ കാലയളവിലെ 23.8 ശതമാനത്തിൽനിന്നു 8.49 ശതമാനത്തിലേക്കു താഴ്ന്നിരിക്കുകയാണ്.

ജിഡിപി: ഇന്ത്യ 2 സ്ഥാനം കുറഞ്ഞ് ഏഴാമത്; വലുപ്പം 2.726 ലക്ഷം കോടി ഡോളർ

സാന്പത്തിക വളർച്ചയിലെ ആലസ്യം ഇന്ത്യയുടെ റാങ്കിംഗിനേയും പിടികൂടിയിരിക്കുന്നു.
ലോകബാങ്കിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2018-ൽ ലോകത്തിലെ മുൻനിര സാന്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം അഞ്ചിൽനിന്ന് ഏഴിലേക്കു വീണിരിക്കുന്നു. പുറകിലായിരുന്ന യുകെയും ഫ്രാൻസും ഇന്ത്യയിക്കു മുന്നിലേക്ക് എത്തിയിരിക്കുന്നു.
ഇന്ത്യൻ സന്പദ്ഘടനയുടെ വലുപ്പം 2018-ൽ 2.73 ലക്ഷം കോടി ഡോളറാണ്. യുകെയുടേത് 2.82 ലക്ഷം കോടി ഡോളറും ഫ്രാൻസിന്‍റേത് 2.77 ലക്ഷം കോടി ഡോളറുമാണ്. 2017-ൽ 2.63 ലക്ഷം കോടി ഡോളറായിരുന്നു ഇന്ത്യൻ ജിഡിപി.

ആഗോള ജിഡിപിയിൽ യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. യുഎസിന്‍റെ ജിഡിപി 20.49 ലക്ഷം കോടി ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജിഡിപി 13.61 ലക്ഷം കോടി ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള ജപ്പാന്‍റെ ജിഡിപി 5 ലക്ഷം കോടി ഡോളറാണ്.

ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ നീക്കമാണ് ഇന്ത്യയുടെ സ്ഥാനത്തെ പിന്നോട്ടു തള്ളിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2013-ൽ രൂപ 3 ശതമാനം മൂല്യവർധന നേടിയപ്പോൾ 2018-ൽ അഞ്ചു ശതമാനം മൂല്യം നഷ്ടപ്പെടുത്തി. ഇത് ഇന്ത്യയുടെ വളർച്ചാനിരക്കിനെ ബാധിച്ചു. ഇന്ത്യയുടെ റാങ്കിംഗിനേയും.

2025-ഓടെ 5 ലക്ഷം കോടി ഡോളർ വലുപ്പമുള്ള സന്പദ്ഘടന എന്നാണ് എൻഡിഎയുടെ രണ്ടാം പതിപ്പ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ബജറ്റിലും ഇക്കാര്യം ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിന് സന്പദ്ഘടന കുറഞ്ഞത് എട്ടു ശതമാനമെങ്കിലും വളർച്ച നേടണം.

സാന്പത്തിക വളർച്ചയിൽ ശ്രദ്ധയില്ലാതെ

മോദി ഗവണ്‍മെന്‍റ് വൻ ജനവിധിയോടെ തിരിച്ചുവന്നുവെങ്കിലും സന്പദ്ഘടനയെ ഉപേക്ഷിച്ച മട്ടാണ്. രാജ്യം സാന്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന സൂചനകളാണ് എല്ലാ മേഖലയിൽനിന്നും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സാന്പത്തിക വളർച്ച കുറയുകയാണ്; സന്പദ്ഘടനയിൽ നിക്ഷേപം കാര്യമായി നടക്കുന്നില്ല; തൊഴിലില്ലായ്മ പുതിയ ഉയരത്തിലാണ്. ഇക്കാര്യം ചില വ്യവസായികളെങ്കിലും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷേ മോദി സർക്കാർ ഇതു കൈകാര്യം ചെയ്യുന്നത് വളരെ അലംഭാവത്തോടെയാണ്. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിൽനിന്നു പുറത്തുകൊണ്ടുവന്ന വളർച്ചയിലേക്ക് ദിശ തിരിക്കാനുള്ള പരിപാടികളൊന്നും സർക്കാരിന്‍റെ കൈവശമില്ലാത്ത സ്ഥിതിയാണ്.

സൗജന്യ പാചകവും വൈദ്യുതിയും മറ്റും കൊടുത്തതുകൊണ്ടു സാന്പത്തികമായി രാജ്യം പുരോഗതിയിലേക്കു നീങ്ങുകയില്ല. ഒരു പരിധിക്കപ്പുറത്ത് ഇവ നടപ്പാക്കാനാവാത്ത സാഹചര്യത്തിലേക്ക് രാജ്യം എത്തിച്ചേരുകയും ചെയ്യും. വേണ്ടത് സാന്പത്തിക വളർച്ചയ്ക്കും നിക്ഷേപ വളർച്ചയ്ക്കുമുള്ള നടപടികളാണ്. ഘടനാപരമായ പരിഷ്കാരങ്ങളാണ്.

ജോയി ഫിലിപ്പ്