ചാനൽ അയാം - തൊഴിലിനെ സംരംഭമാക്കി നിഷ
സ്റ്റാർട്ടപ്പുകൾക്കും എൻട്രപ്രണേഴ്സിനുമായുള്ള ആദ്യ എക്സ്ക്ലൂസീവ് വീഡിയോ മീഡിയ പ്ലാറ്റ്ഫോമാണ് ചാനൽ അയാം ഡോട്ട് കോം.

മാധ്യമ പ്രവർത്തനരംഗത്ത് 15 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള നിഷ കൃഷ്ണനാണ്
സംരംഭത്തിനു പിന്നിൽ.

സംരംഭത്തിലേക്കുള്ള യാത്ര

2016ലാണ് ചാനൽഅയാം ഡോട്ട് കോം തുടങ്ങുന്നത്. പതിനഞ്ച് വർഷത്തോളമുള്ള ടെലിവിഷൻ മാധ്യമ പ്രവർത്തന പരിചയമായിരുന്നു കൈമുതൽ. നമ്മുടെ രാജ്യത്ത് യൂത്ത് ഇന്ന് ഒരു വലിയ ഫോഴ്സാണ്. ടെക്നോളജിയിലും ഇന്നവേഷനിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഇത് സമൂഹത്തെ കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കണം എന്നു തോന്നി. കഴിഞ്ഞ പത്തു പതിനഞ്ച് വർഷം ടെക്നോളജി എവിടേക്കാണ് ഈ ലോകത്തെ ഡ്രൈവ് ചെയ്തിരിക്കുന്നത്. ഇനി വരുന്ന മാറ്റങ്ങൾ അന്പരപ്പിക്കുന്നതുമാണ്. അത് റിപ്പോർട്ട് ചെയ്യാനുള്ള വൈബ്രൻറ് പ്ലാറ്റ്ഫോം തുടങ്ങുകയായിരുന്നു ലക്ഷ്യം നിഷ തന്‍റെ സംരംഭത്തിലേക്കുള്ള യാത്രയെക്കുറിച്ച് പറയുന്നു. പൂർണ്ണമായും ബൂട്ട് സ്ട്രാപ്ഡായ ഒരു വുമണ്‍ മീഡിയ സ്റ്റാർട്ടപ്പാണിത്. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിൽ ഉള്ള പല മെന്‍റേഴ്സും സപ്പോർട്ട് നൽകുന്നു ണ്ടെന്നും നിഷ അറിയിച്ചു.

ഇതിനു പിന്നിലെ പ്രചോദനം

“ഓർക്കണം, വലിയ വലിയ കോർപ്പറേറ്റ് കന്പനികളല്ല, ഇൻഡിവിജ്വലുകളായ ചെറുപ്പക്കാരാണ് ടെക്നോളജി കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചത്. കോർപ്പറേറ്റുകളും നിക്ഷേപകരും അവരെ തേടിച്ചെല്ലുകയായിരുന്നു. നമ്മുടെ ഇന്നത്തെ ജീവിതത്തിന്‍റെ ഭാഗമായിമാറിയ ഈ ടെക്നോളജിയൊക്കെ പിറന്നത് ഗ്യാരേജുകളിലാണ്. ആ ഇന്നേവഷനുകളെ റിപ്പോർട്ട് ചെയ്യുകയായായിരുന്നു ലക്ഷ്യം - നിഷ ആത്മവിശ്വാസത്തോടെ തന്‍റെ സംരംഭത്തെക്കുറിച്ച് വിവരിക്കുന്നു. സ്റ്റാർട്ടപ്പുകളേയും എൻട്രപ്രണേഴ്സിനേയും റിപ്പോർട്ട് ചെയ്യുകയാണ് ചാനൽഅയാം ഡോട്ട് കോം. ഒപ്പം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലേണിംഗും ഗൈഡൻസും ലഭിക്കുന്ന പരിപാടികളും ചാനൽ നൽകുന്നുണ്ട്.

സ്റ്റാർട്ടപ്പുകൾക്കും എൻട്രപ്രണേഴ്സിനുമായുള്ള ആദ്യ എക്സ്ക്ലൂസീവ് വീഡിയോ മീഡിയ പ്ലാറ്റ്ഫോമാണ് ചാനൽ അയാം ഡോട്ട് കോം. ആ മേഖലയിലെ ന്യൂസ് അപ്ഡേഷനുൾപ്പെടെ സമഗ്രമായൊരു വീഡിയോ പ്ളാറ്റ്ഫോമാണിത്. സ്റ്റാർട്ടപ്പുകളും സംരംഭവുമായി ബന്ധപ്പെട്ട് ഏതാണ്ട് 1000 ത്തിലധികം വീഡിയോകൾ ചാനൽഅയാംഡോട്ട് കോമിലൂടെ ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ് തുടങ്ങി പത്തിലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഓഡിയൻസിലേക്ക് എത്തുന്നത്. ഇതിനകം നാല് കോടിയോളം വ്യൂവേഴ്സിലേക്ക് ചാനൽ സ്റ്റോറികൾ എത്തിക്കഴിഞ്ഞു.

അനുഭവങ്ങൾ മുതൽക്കൂട്ട്

ഞാൻ കാംപസ് സെലക്ഷനിലുടെ ടെലിവിഷൻ മീഡിയയിലേക്ക് വന്ന ഒരാളാണ്. കാലിക്കറ്റ് പ്രൊവിഡൻസ് കോളേജിലെ ആർട്സ് സെക്രട്ടറിയായിരുന്നു. ജീവൻ ടിവിയായിരുന്നു എന്‍റെ മാധ്യമ പഠനകളരി. അവിടെ സീനിയർ സബ്എഡിറ്ററായും, വാർത്താ അവതാരകയായും ഏതാണ്ട് പത്ത് വർഷത്തോളം ജോലി ചെയ്തു. ആ കാലത്താണ് ആഴ്ചവട്ടം എന്ന പ്രതിവാര വാർത്താധിഷ്ഠിത പരിപാടി ചെയ്യാൻ അവസരം ഉണ്ടായത്. ഏതാണ്ട് 85ലധികം എപ്പിസോഡുകൾ ചെയ്യാൻ ഭാഗ്യം ലഭിച്ചു. എന്നെ സംബന്ധിച്ച് ഡെസ്ക്കിലെ ഡ്യൂട്ടിക്ക് ശേഷം അധിക സമയം കണ്ടെത്തിയാണ് അത് ചെയ്തത്. പക്ഷെ എന്നിലെ മാധ്യമപ്രവർത്തകയെ സംബന്ധിച്ച് ഏറ്റവും വലിയ സ്കൂളായിരുന്നു അത്. അധികമാരും കണ്ടെത്താത്ത വാർത്താ കാഴ്ചകൾ കണ്ടെത്താൻ അവസരം കിട്ടി. ആ പരിപാടി കേരളീയ സമൂഹം സഗൗരവം കാണുന്ന മികച്ച അംഗീകാരങ്ങൾ നേടിത്തന്നു എന്നത് എന്‍റെ കരിയറിനെ ഏറെ സ്വാധീനിച്ചു. സംസ്ഥാന സർക്കാരിൻറെ മാധ്യമ പുരസ്ക്കാരം, പിസി സുകുമാരൻ നായർ അവാർഡ്, ഡോ ബിആർ അംബേദ്കർ അവാർഡ്, ഐഎംഎ അവാർഡ്, വി കെ മാധവൻകുട്ടിയുടെ സ്മരണയ്ക്കായുള്ള ബെസ്റ്റ് സോഷ്യൽ റിപ്പോർട്ടിംഗിനുള്ള അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഒരു വനിതാ മാധ്യമപ്രവർത്തക എന്ന നിലയിൽ എനിക്ക് ആത്മവിശ്വാസം തരുന്നതായിരുന്നു. ട്രാൻസ്ജെൻഡേഴ്സിൻറെ ജീവിതം പകർത്തിയ ഒരു റിപ്പോർട്ടിന് ഐക്യരാഷ്ട്രസഭയുടെ ലാഡ് ലി അവാർഡും ലഭിച്ചിട്ടുണ്ട്.


നേട്ടങ്ങൾ, ഭാവി

“അനുനിമിഷം മാറുന്ന ടെക്നോളജി ന്യൂസ് പ്രൊഡക്ഷനേയും ഡിസിട്രിബ്യൂഷനേയും ലളിതമാക്കുന്നുണ്ട്. അതിനായി സ്വയം അപ്ഡേറ്റു ചെയ്യുകയും ടീമിനെ സജ്ജമാക്കുകയും ചെയ്യുക എന്ന വെല്ലുവിളിയുണ്ട്. ആ ചാലഞ്ച് മറികടന്ന് കൂടുതൽ പ്ളാറ്റ്ഫോമുകളിലെത്തുകയാണ് ലക്ഷ്യം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഐവിഎൽപി പ്രോഗ്രാമിന്‍റെ ഭാഗമായി യുഎസിലെ വാഷിംഗ്ടണ്‍ ഉൾപ്പെടെ അഞ്ച് സ്റ്റേറ്റുകളിൽ പോകാനും, ഒരു മാസത്തോളം അവിടുത്തെ വിമണ്‍ ബിസിനസ് ഓപ്പർച്യൂണിറ്റിയും ഫെഡറൽ സംവിധാനത്തെക്കുറിച്ചും അടുത്തറിയാനും കഴിഞ്ഞത് ചാനൽ അയാമിനെ സംബന്ധിച്ചിടത്തോളമുള്ള വലിയ അംഗീകാരമായിരുന്നു. വനിതാ സംരംഭകർക്കായുള്ള തെരഞ്ഞെടുക്കപ്പെട്ട ഇന്‍റർനാഷണൽ പ്രോഗ്രാമാണത്. യുഎസ് കോണ്‍സുലേറ്റ് ചെന്നൈയിൽ സംഘടിപ്പിച്ച ഗ്ലോബർ എൻട്രപ്രണർഷിപ്പ് സമ്മിറ്റിൽ സൗത്തിന്ത്യയിലെ വനിതാ സംരംഭകരിൽ ഒരാളായി പങ്കെടുക്കാൻ സാധിച്ചതും ഒരുപാട് സാധ്യതകൾ തുറന്നുതന്നു.സംസ്ഥാന സർക്കാരിന്‍റെ യുവജനക്ഷേമ ബോർഡ് നൽകിയ മികച്ച വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള വിവേകാനന്ദൻ യുവപ്രതിഭാ പുരസ്ക്കാരം ഇത്തവണ ചാനൽ അയാമിന് ലഭിച്ചു. ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഇതൊക്കെ വലിയ പ്രചോദനം നൽകുന്നുണ്ട് - നിഷ പറഞ്ഞു.