പീറ്റർ സ്റ്റോർഡാലൻ : സിരകളിലലിഞ്ഞ ബിസിനസ്
ശ്രീ അരബിന്ദോയുടെ അടുത്ത് ഒരു ദിവസം വിദേശത്ത് നിന്നു വന്ന ഒരു വലിയ തത്വചിന്തകൻ ചെന്നു. ഭാരതീയ തത്വചിന്തയിൽ സാമാന്യം അറിവുണ്ടെന്ന അഹങ്കാരമുണ്ടായിരുന്നു വിദേശിക്ക്.
ശ്രീ അരബിന്ദോ അയാളെ സ്വീകരിച്ചിരുത്തി. കുശലപ്രശ്നങ്ങൾ കഴിഞ്ഞ് അയാൾ വിമർശനബുദ്ധിയോടെ അദ്ദേഹത്തോടു ചോദിച്ചു.
അങ്ങ് ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?’’
ഇല്ല.’’
അരബിന്ദോ അസന്ദിഗ്ധമായി പറഞ്ഞു.
തത്വചിന്തകൻ ഞെട്ടിപ്പോയി.
ദൈവത്തെ സാക്ഷാൽക്കരിച്ച ജ്ഞാനിയാണ് ശ്രീ അരബിന്ദോ എന്ന് ആർക്കാണ് അറിയാത്തത്? എന്നിട്ട് അദ്ദേഹത്തിന്‍റെ മറുപടി കേട്ടില്ലേ? എന്താണ് അദ്ദേഹം പറയുന്നതിന്‍റെ പൊരുൾ? അയാൾ മടിച്ചുമടിച്ച് പറഞ്ഞു.

അങ്ങ് ദൈവദർശനം ലഭിച്ച ആളാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.’’
ഉവ്വ്.’’ ചിരിച്ചുകൊണ്ട് അരബിന്ദോ പറഞ്ഞു. ഞാൻ ദൈവദർശനം ലഭിച്ച ആളാണ്. അതുകൊണ്ടാണല്ലോ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞത്.’’
അരബിന്ദോ പറഞ്ഞതിന്‍റെ പൊരുൾ മനസിലാകാതെ വിദേശതത്വചിന്തകൻ അന്പരപ്പോടെ നിന്നു. ശ്രീ അരബിന്ദോ തുടർന്നു.

സുഹൃത്തേ, വിശ്വാസം അറിവില്ലായ്മയിൽ നിന്നാണ് വരുന്നത്. ഞാൻ അറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നില്ല.’’
ദൈവം ഉണ്ടെന്നു തിരിച്ചറിഞ്ഞ ഒരാൾക്ക് അങ്ങനെ വിശ്വസിക്കേണ്ടതില്ലല്ലോ. യാഥാർഥ്യം വിശ്വാസമല്ല. അനുഭവമാണ്.

നോർവീജിയൻ ശതകോടീശ്വരനായ പീറ്റർ സ്റ്റോർഡാലൻ സമാനമായ ഒരുത്തരം പറഞ്ഞിട്ടുണ്ട്. ഒരു പത്രസമ്മേളനത്തിനിടെ ഒരു പത്രക്കാരൻ അദ്ദേഹത്തോടു ചോദിച്ചു.
മിസ്റ്റർ സ്റ്റോർഡാലൻ, താങ്കളൊരു പരിസ്ഥിതിവാദിയാണെന്ന് പറയാറുണ്ടല്ലോ. എനിക്കതെങ്ങനെ ബോധ്യപ്പെടും?’’

റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, ഫിനാൻസ് മുതലായ മേഖലകളിൽ വൻ നിക്ഷേപമുള്ള ആളാണ് സ്റ്റോർഡാലൻ. വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് പരിസ്ഥിതിസംരക്ഷണം വെറും വീണ്‍വാക്കു മാത്രമാണെന്നാണ് പൊതുവേയുള്ള ധാരണ. സ്റ്റോർഡാലനോടു ചോദ്യം ചോദിക്കുന്പോൾ അതായിരുന്നു പത്രക്കാരന്‍റെ മനസിൽ.

സോറി. താങ്കളെ ബോധ്യപ്പെടുത്താനല്ല ഞാൻ ബിസിനസ് ചെയ്യുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും. അടുത്ത തലമുറയുടെ അതിജീവനത്തിനാണ് ഞാൻ അതീവ പ്രാധാന്യം നൽകുന്നത്.’’
ഞാനിതെങ്ങനെ വിശ്വസിക്കും?’’ പത്രക്കാരൻ വിടാനുള്ള ഭാവമായിരുന്നില്ല. പക്ഷേ സ്റ്റോർഡാലൻ പറഞ്ഞു.
പക്ഷേ ഞാൻ വിശ്വസിക്കുന്നു. സുഹൃത്തേ, നിങ്ങളുടെ വിശ്വാസമല്ല, എന്‍റെ വിശ്വാസമാണ് എനിക്കു മുഖ്യം.’’

ഏർപ്പെടുന്നതെന്തിലും ആത്മാർഥമായി വിശ്വസിക്കുക, മുഴുകുക - അതായിരുന്നു ചെറുപ്പം മുതലേ സ്റ്റോർഡാലന്‍റെ ശീലം. അദ്ദേഹത്തിന്‍റെ വിജയരഹസ്യവും അതുതന്നെയാണ്. ഇന്നിപ്പോൾ ഫോർബ്സിന്‍റെ ലിസ്റ്റനുസരിച്ച് 1.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ മൂല്യം.

മാർക്കറ്റിലെ ടോപ് സ്ട്രോബറി സെല്ലർ

നോർവേയിലെ ടെലിമാർക് കൗണ്ടിയിലുള്ള പോഴ്സ്ഗ്രണിലാണ് പീറ്റർ സ്റ്റോർഡാലൻ ജനിച്ചത്. പോഴ്സ്ഗ്രണ്‍ സിറ്റിയിലെ ഒരു സാധാരണ പലചരക്കുകടക്കാരനായിരുന്നു അച്ഛൻ. അമ്മയ്ക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ല. കടയിൽ വലിയ മെച്ചപ്പെട്ട വരുമാനമൊന്നുമില്ല.
ബിസിനസ് സ്റ്റോർഡാലന്‍റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നുവേണം പറയാൻ. അതുകൊണ്ട് പത്താമത്തെ വയസിൽ സ്റ്റോർഡാലൻ പിതാവിനെ സഹായിക്കാനായി കടയിൽ കൂടി. രണ്ടു കൊല്ലം കൊണ്ട് കച്ചവടത്തിന്‍റെ രീതികളൊക്കെ സശ്രദ്ധം നോക്കി മനസിലാക്കി. തുടർന്ന് അച്ഛന്‍റെ സമ്മതത്തോടെ അടുത്തുള്ള മാർക്കറ്റിൽ സ്ട്രോബറീസ് വിൽക്കാൻ തുടങ്ങി. കച്ചവടത്തിലുള്ള അഭിരുചികൊണ്ട് സ്ട്രോബറി കച്ചവടം പൊടിപൊടിച്ചു നടന്നു. അതുകൊണ്ടെന്താ, നോർവേയിലെ ടോപ് സ്ട്രോബറി കച്ചവടക്കാരൻ എന്ന പത്രങ്ങളെല്ലാം പന്ത്രണ്ടുകാരനായ സ്റ്റോർഡാലനെ പുകഴ്ത്തി. ഇതിനിടയിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, അദ്ദേഹം നോർവീജിയൻ സ്കൂൾ ഓഫ് മാർക്കറ്റിംഗിൽ ചേർന്നു പഠനം തുടർന്നു.


റിയൽ എസ്റ്റേറ്റ് ബിസിനസുമായി

പഠനം കഴിഞ്ഞ് ഇനിയെന്ത് എന്ന അന്വേഷണമായി. ഇതിനകം പല ചെറിയ ബിസിനസുകളും അദ്ദേഹം പരീക്ഷിച്ചു നോക്കിയിരുന്നു. ബിസിനസിലുള്ള അദ്ദേഹത്തിന്‍റെ കഴിവുകൾ തിരിച്ചറിഞ്ഞ് നോർവേയിലെ ഏറ്റവും വലിയ ഷോപ്പംഗ് സെന്‍ററായ സിറ്റി സിഡ് അദ്ദേഹത്തെ സ്റ്റോർ മാനേജറായി നിയമിച്ചു. അന്നദ്ദേഹത്തിന് ഇരുപത്തിനാലു വയസാണ് പ്രായം. നോർവേയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റോർ മാനേജറായിരുന്നു സ്റ്റോർഡാലൻ. കുറഞ്ഞ സമയം കൊണ്ട് സിറ്റി സിഡിലിന്‍റെ ലാഭം പതിന്മടങ്ങായി വർധിച്ചു. ഇത് കണ്ടറിഞ്ഞ മറ്റൊരു കന്പനി അദ്ദേഹത്തെ പ്രോപ്പർട്ടി ഡയറക്ടറായി നിയമിച്ചു. ഈ കാലയളവിലാണ് പോഴ്സ്ഗ്രണിലെ മാർക്കറ്റ് ഏരിയയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികൾ അദ്ദേഹം നടപ്പാക്കുന്നത്. ഏർപ്പെടുന്നതിലെന്തും പ്രതിബദ്ധതയോടെ മനസർപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ശീലം. അതുകൊണ്ട് വിജയം സ്റ്റോർഡാലന്‍റെ സന്തതസഹചാരിയായിരുന്നു.
അതൊരു തുടക്കം മാത്രമായിരുന്നു. പ്രോപ്പർട്ടി ഡവലപ്മെന്‍റ് കന്പനിയായ റിയൽ ക്രെഡിറ്റ്, സ്റ്റീൻ ആൻഡ് സ്ട്രോം മുതലായ സ്ഥാപനങ്ങളുടെ വികസനത്തിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഹോട്ടൽ ബിസിനസിലേക്കു തിരിയുന്നു

1996-ലാണ് സ്റ്റോർഡാലൻ ഹോട്ടൽ ബിസിനസിലേക്കു തിരിയുന്നത്. പ്രശസ്തമായ ചോയ്സ് ഹോട്ടൽ ഗ്രൂപ്പിന്‍റെ സ്കാൻഡിനേവിയൻ ഓപ്പറേഷൻസ് അദ്ദേഹം ആദ്യം ഏറ്റെടുത്തു. അന്ന് ചോയ്സിന് 8 ഹോട്ടലുകളുണ്ടായിരുന്നു. അവിടുത്തെ സർവീസിന്‍റെ ഗുണമേന്മ മെച്ചപ്പെടുത്തി വളരെ വേഗം ചോയ്സ് കസ്റ്റമർമാരുടെ പ്രിയപ്പെട്ട ഹോട്ടലായി മാറി. ഈ രീതിയിൽത്തന്നെ സ്വീഡനിലെ ഹോട്ടൽ ചെയിനായ ഹോം, നോർവീജിയൻ ഹോട്ടൽ ഗ്രൂപ്പായ ഇന്‍റർമോർ മുതലായവയും അദ്ദേഹം സ്വന്തമാക്കി.

ഹോട്ടൽ ബിസിനസിലെ കൈത്തഴക്കം സ്റ്റോർഡാലനെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. 2012-ൽ അന്പതാമത്തെ വയസിൽ അദ്ദേഹം സ്വീഡനിലെ ഗോതൻബർഗിൽ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലായ ക്ലാറിയോണ്‍ പോസ്റ്റ് തുറന്നു. ഹോട്ടലിന്‍റെ വലുപ്പം 40000 ചതുരശ്ര മീറ്ററാണ്. അഞ്ഞൂറ് മുറികളും അത്യാധുനികമായ മറ്റും സൗകര്യങ്ങളും. ഗോതൻബർഗിലുള്ള പതിനായിരത്തോളം പേർ ഹോട്ടലിന്‍റെ ഉദ്ഘാടനവേളയിൽ സന്നിഹിതരായിരുന്നുവെന്നു പറയുന്പോൾ സ്റ്റോർഡാലന്‍റെ പ്രശസ്തി പറയേണ്ടതില്ലല്ലോ.

സ്ട്രോബറി ഗ്രൂപ്

ജീവിതത്തിൽ ആദ്യമായി ബിസിനസിനിറങ്ങിത്തിരിച്ചത് സ്ട്രോബറി കച്ചവടവുമായിട്ടാണെന്നത് അദ്ദേഹം ഒരിക്കലും മറന്നില്ല. ആ സ്മരണയ്ക്കായി, അദ്ദേഹം തന്‍റെ ഗ്രൂപ്പിനു പേരിട്ടിരിക്കുന്നത് സ്ട്രോബറി എന്നാണ്. ഗ്രൂപ്പിനു കീഴിൽ നിരവധി ചെറിയ കന്പനികൾ. സ്ട്രോബറി ഹോസ്പിറ്റാലിറ്റി ഗ്രൂപ്, സ്ട്രോബറി ഹോട്ടൽ ചെയിൻ, സ്ട്രോബറി പ്രോപ്പർട്ടീസ്, സ്ട്രോബറി ആർട്ട് ആൻഡ് ഡിസൈൻ എന്നിവയാണ് ഹോൾഡിംഗ് കന്പനിയുടെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങൾ. ഓരോ ഗ്രൂപ്പിനു കീഴിലും മറ്റു നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിനു പുറമേ സ്ട്രോബറി ഫീൽഡ്സ്, സ്ട്രോബറി ഫ്യൂച്ചർ മുതലായ സ്ഥാപനങ്ങളുടെയും ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് സ്റ്റോർഡാലൻ.

ആവോളം സന്പത്തുണ്ടായപ്പോൾ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്. പ്രകൃതിയുടെ സംരക്ഷണത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളിലും സ്റ്റോർഡാലനും ഭാര്യയും മുന്പന്തിയിലുണ്ട്.

സിരകളിലലിഞ്ഞു ചേർന്ന ബിസിനസ് അഭിരുചി, ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനം - പീറ്റർ സ്റ്റോർഡാലന്‍റെ വിജയത്തിന്‍റെ രഹസ്യം അതാണ്.


ഡോ. രാജൻ പെരുന്ന