സൗരോർജ്ജത്തിലൂടെ ആയിരം മെഗാവാട്ട് ലക്ഷ്യം
സൗരോർജ്ജത്തിലൂടെ  ആയിരം മെഗാവാട്ട്   ലക്ഷ്യം
Friday, December 13, 2019 3:50 PM IST
പുനരുപയോഗ ഉൗർജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തണം. അതിനായി ഈ മേഖലയിൽ സാങ്കേതിക വിദ്യ പ്രാവീണ്യമുള്ള കൂടുതൽ ആളുകൾ ഉണ്ടാവേണ്ടതുണ്ട്. സ്കൂൾ തലം മുതൽ കുട്ടികളെ പുനരുപയോഗ ഉൗർജത്തെ പരിചയപ്പെടുത്തുകയും അവയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയും വേണം. എന്നീ ആശയങ്ങൾ ഉന്നയിച്ച് കേരള റിന്യൂവബിൾ എനർജി എൻട്രപ്രണേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ (ക്രീപ) സംഘടിപ്പിച്ച ഗ്രീൻ പവർ എക്സ്പോ ശ്രദ്ധേയമായി.

കൊച്ചി ബോൾഗാട്ടി ഇവന്‍റ് സെന്‍ററിൽ നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിൽ നടന്ന ക്രീപ ഗ്രീൻ പവർ എക്സ്പോയിൽ വിവധ പുനരുപയോഗ സാങ്കേതിക വിദ്യകൾ, ഇ-മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനം. നൈപുണ്യ വികസനം, ക്വാളിറ്റി പ്രോട്ടോക്കോൾ ഇൻ സോളാർ പിവി ഇൻസ്റ്റലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകളും സംഘടിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചികുന്നു.
സൗരോർജ്ജത്തിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണി പ്രദർശനത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ പറഞ്ഞു. ഇതിനുള്ള നടപടി സർക്കാർ സ്വീകരിച്ചതായും ടെൻഡർ നടപടി തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ 200 മെഗാവാട്ട് വൈദ്യുതി സൗരോർജ്ജത്തിലൂടെ കേരളം ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പാദനം ആയിരം മെഗാവാട്ടിലെത്തിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ സംസ്ഥാനത്തിന് ആവശ്യമായ 30 ശതമാനം വൈദ്യുതി മാത്രമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളു. ഈ സ്ഥിതിക്ക് മാറ്റം വരണമെങ്കിൽ പുതിയ മാർഗങ്ങൾ തേടണം.ജലവൈദ്യുതിയുടെ സാധ്യത പരിമിതമായതിനാൽ സൗരോർജ്ജം ഉൾപ്പെടെയുള്ള നവീന മാർഗങ്ങളെ ആശ്രയിക്കാതെ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാനാകില്ല. ഈ അവസ്ഥയിൽ ക്രീപയുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രീൻ പവർ എക്സ്പോ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു വിഭാഗക്കാരിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇത്തരം ആശയങ്ങൾ സമൂഹത്തിന്‍റെ വിവിധയിടങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

""പുനരുപയോഗ ഉൗർജരംഗത്ത് പ്രവർത്തിക്കുന്നവർ അടുത്ത തലത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം. ഇപ്പോൾ പുതിയ തലത്തെക്കുറിച്ച് ചിന്തിച്ചാലേ സാധ്യതകൾ പ്രയോജനപ്പെടുത്താനാകൂ. വ്യത്യസ്തമാർന്നതും കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയിന്നതുമായ സാങ്കേതിക വിദ്യകളാണ് ഉപഭോക്താക്കൾക്ക് ആവശ്യം. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജൻ അഭിപ്രായപ്പെട്ടു.

കേരളത്തിൽ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് സൗരോർജം. അത് പ്രയോജനപ്പെടുത്താവുന്ന വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് മുൻ തൂക്കം നൽകേണ്ടതെന്നും വിവധ സെഷനുകളിൽ സംസാരിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു.
എസ് ശർമ്മ എംഎൽഎ, ജില്ലാ കളക്ടർ എസ് സുഹാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്‍റ് വിജി ഷാജി, അനർട്ട് പ്രോഗ്രാം ഓഫീസർ ജോസഫ് ജോർജ്ജ്, ഉൗർജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്, ക്രീപ പ്രസിഡന്‍റ് ജോസ് കല്ലൂക്കാരൻ, ക്രീപ സെക്രട്ടറി സിഎം വർഗീസ്, ക്രീപ വൈസ് പ്രസിഡന്‍റ് കെഎൻ അയ്യർ, ജോയിന്‍റ് സെക്രട്ടറി ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ക്രീപ എന്തിനു വേണ്ടി?

2005 ൽ പുനരുപയോഗ ഉൗർജ രംഗത്തെ പതിനഞ്ചോളം പേരെ ഉൾപ്പെടുത്തിക്കൊണ്ട് നിലവിലെ രക്ഷാധികാരിയായ റവ.ഡോ.ജോർജ് പീറ്ററാണ് ക്രീപയ്ക്ക് രൂപം കൊടുക്കുന്നത്. ഇന്ന് നൂറോളം അംഗങ്ങളുള്ള ശക്തമായ ഒരു സംഘടനയായി ക്രീപ മാറിയിരിക്കുന്നു. പുനരുപയോഗ ഉൗർജത്തിന്‍റെ പ്രാധാന്യവും ആവശ്യവും എല്ലാവരിലേക്കും എത്തിക്കുക. റിന്യൂവബിൾ എനർജി മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക. ഈ മേഖലയിൽ കാലനുസൃതമായി വരുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ഗവേഷണവും പഠനവും നടത്താനുളള സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് ക്രീപയുടെ പ്രധാന ലക്ഷ്യം.

പ്രവർത്തനങ്ങൾ

2016 ലാണ് ക്രീപയുടെ ഗ്രീൻപവർ എക്സ്പോ ആരംഭിക്കുന്നത്. ഉപഭോക്താക്കൾ, സേവനദാതാക്കൾ എന്നിവർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ക്രീപ എക്സപോയിലൂടെ ലഭ്യമാക്കുന്നുണ്ട്.


ഉൗർജ മേഖലയുടെ ഭാവിയെക്കുറിച്ചും അതോടൊപ്പം കേരളത്തിന്‍റെ പുനരുപയോഗ ഉൗർജ മേഖലയിലെ സാധ്യതകളെക്കുറിച്ചും സംരംഭകർക്കും അതുപോലെ ഉപഭോക്താക്കൾക്കും ആവശ്യമായവിവരങ്ങൾ നൽകാൻ ശിൽപശാലകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക.
പാരന്പര്യേതര ഉൗർജ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക,സർക്കാർ, സർക്കാർ ഇതര മേഖലകളുടെ സഹായത്തോടെയും സഹകരണത്തോടെയും ഈ മേഖലയെ പ്രോത്സാഹിപ്പിക്കുക. സംരംഭകർ, സേവനദാതാക്കൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ എന്നിങ്ങനെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരെയും പരസ്പരം ബന്ധിച്ച് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക. അതിനായി അംഗങ്ങൾ തമ്മിൽ ആരോഗ്യപരമായ മത്സരം നിലനിർത്തുക എന്നിവയാണ് ക്രീപയുടെ പ്രധാന പ്രവർത്തനങ്ങൾ. സാങ്കേതിക വിദ്യയുടെയും വിൽപ്പനയുടെയും വിൽപ്പനാന്തര സേവനത്തിന്‍റെയും അടിസ്ഥാനത്തിലാണ് മത്സരം കണക്കാക്കുന്നത്.

ഉൗർജ പ്രതിസന്ധിക്ക് പരിഹാരം

നിലവിൽ ലോകം മുഴുവൻ വലിയ തോതിലുള്ള ഉൗർജ പ്രതിസന്ധി നേരിടുന്നുണ്ട്. ഉൗർജരംഗത്തെ സ്വയം പര്യാപ്തതയാണ് ഒരു രാജ്യത്തിന്‍റെ വളർച്ചയുടെ നട്ടെല്ലായി കണക്കാക്കുന്നത്. കംപ്യൂട്ടറൈസേഷൻ, ഓട്ടോമേഷൻ എന്നിങ്ങനെ വ്യവസായ മേഖലകുതിച്ചുയരുകാണ്. കാർഷിക മേഖലയിൽ പോലും സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉൗർജ ഉപയോഗവും വർധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഉൗർജ ഉപയോഗത്തിന്‍റെ വർധനവിന് കാരണമാകും. നിലവിൽ കേരളത്തിന്‍റെ ഉൗർജ ഉപയോഗത്തിന്‍റെ മൂന്നിലൊന്ന് മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇതു തന്നെ മഴയേയും ഡാമിലേക്കുള്ള നീരൊഴുക്കിനെയും ആശ്രയിച്ചാണിരിക്കുന്നത്. ബാക്കി ആവശ്യമുള്ളത് അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിക്കുകയാണ് ചെയ്യുന്നത്. അത് ഒരിക്കലും സാന്പത്തിക പുരോഗതിയിലേക്ക് നയിക്കില്ല.
ആഗോളതാപനം ഇന്ന് ലോകം നേരിടുന്ന വലിയൊരു പ്രശ്നമാണ്. പരന്പരാഗത ഉൗർജത്തെ തന്നെ ഇനിയും ആശ്രയിക്കുന്പോൾ അത്് വർധിക്കുകയുള്ളു. പരന്പരാഗത ഉൗർജ സ്രോതസുകൾക്കുപകരം പാരന്പര്യേതര ഉൗർജത്തെ ഉപയോഗപ്പെടുത്തുക എന്നുള്ളത് ആഗോള താപനത്തെ തടയാനുള്ള ഏറ്റവും നല്ല മാർഗം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൗരോർജമാണ്.വികേന്ദ്രീകൃതമായ ആവശ്യങ്ങൾക്കാണ് പുനരുപയോഗ ഉൗർജം ഏറ്റവും ആവശ്യമായിട്ടുള്ളത്. വീട് നിർമിക്കുന്പോൾ സൗരോർജപാനൽ സ്ഥാപിക്കാനുള്ള സൗകര്യം കൂടി പരിഗണിക്കാം.

അന്താരാഷ്ട്ര തലത്തിലേക്ക്

പലപ്പോഴും ഉപഭോക്താക്കളെ സൗരോർജ പാനൽ സ്ഥാപിക്കാനുള്ള ആഗ്രഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് ഇത് സ്ഥാപിക്കാനുള്ള ചെലവാണ്. പുനരുപയോഗ ഉൗർജത്തിന്‍റെ ഉപയോഗം ഇന്നത്തെക്കാലത്ത് അത്യാവശ്യമാണ്. ഓരോരുത്തരും അവരവർക്കാവശ്യമായ ഉൗർജം ലഭ്യമായ സ്രോതസുകളിൽ നിന്നും ശേഖരിച്ച് ഉപയോഗിക്കണം. ഇതിനായി ഇത്തിരി മുടക്കിയാലും ലാഭമാണ്. കേന്ദ്ര റിന്യൂവബിൾ എനർജി ഡിപ്പാർട്ട്മെന്‍റ്, അനർട്ട്, കേരള എൻജി മാനേജ്മെന്‍റ് സെന്‍റർ എന്നിവയുടെ സഹകരണത്തോടൊണ് എക്സപോ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ എംഎസ്എംഇ മന്ത്രാലയത്തിന്‍റെ പിന്തുണ ലഭിക്കുന്നുണ്ട്. കേരള ശുചിത്വ മിഷൻ ഗ്രീൻപ്രോട്ടോക്കേൾ നൽകി അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് എഡിഷനുകളിലൂടെ ലക്ഷ്യംവെച്ച കാര്യങ്ങൾ നേടാൻ കഴിഞ്ഞു. ഇത്തവണ അറുപതോളം കന്പനികളാണ് എക്സപോയിൽ പങ്കെടുത്തത്.

ബിടുബി, ബിടുസിചർച്ചകൾ ക്കും അവസരമുണ്ടായിരുന്നു.സ്കിൽ ഡെവലപ്മെന്‍റ്, ഇ-മൊബിലിറ്റി എന്നീ രണ്ടു മേഖലകൾക്കാണ് ഇത്തവണ പ്രാധാന്യം നൽകിയത്. അന്പതോളം കുട്ടികൾക്ക് സോളാർ സ്റ്റഡി ലാന്പ് നിർമിക്കാനുള്ള പരിശീലനവും നൽകിയിരുന്നു. ഗ്രീൻ എക്സപോയുടെ അഞ്ചാമാത്തെ എഡിഷൻ വരുന്ന ഒക്ടോബർ- നവംബർ മാസത്തിൽ നടക്കും.അന്താരാഷ്ട്ര പങ്കാളിത്തത്തോടെ അഞ്ചാമത്തെ എഡിഷൻ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

ജോസ് കല്ലൂക്കാരൻ
പ്രസിഡന്‍റ്, ക്രീപ