ലിബോര്‍ ഇടപാടുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എസ്ബിഐ
ലിബോര്‍ ഇടപാടുകള്‍ക്ക്  പുതിയ മാനദണ്ഡങ്ങള്‍  പാലിക്കാന്‍ എസ്ബിഐ
കൊച്ചി: പ്രതിദിന ഇടപാടുകള്‍ക്കും നിരക്കു നിര്‍ണയത്തിനുമായുള്ള പുതിയ ലിബോര്‍ (എല്‍ഐബിഒആര്‍) മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ ഒരുങ്ങി.

ഇതനുസരിച്ചുള്ള ബദല്‍ റഫറന്‍സ് നിരക്കുകളുമായി (ആള്‍ട്ടര്‍നേറ്റ് റഫറന്‍സ് റേറ്റ്സ്) ബന്ധപ്പെട്ട പിന്തുണ നല്‍കാന്‍ ബാങ്കിന്‍റെ എല്ലാ സംവിധാനങ്ങളേയും പ്രക്രിയകളേയും തയാറാക്കിയിട്ടുണ്ട്.

ആഭ്യന്തര, വിദേശ ശാഖകളിലെ ഇടപാടുകാര്‍ക്ക് ഈ നിരക്കുകള്‍ അനുസരിച്ചുള്ള പദ്ധതികള്‍ ഇതിനകം തന്നെ എസ്ബിഐ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഈ മാറ്റത്തെ കുറിച്ച് ഉപഭോക്താക്കളേയും ഗ്രൂപ്പുകളേയും ബോധവല്‍ക്കരിക്കാനും ബാങ്ക് നടപടി സ്വീകരിച്ചു വരുന്നു.

റിസര്‍വ് ബാങ്കും ആഗോള തലത്തിലെ മറ്റു ബാങ്കിംഗ് നിയന്ത്രണ സംവിധാനങ്ങളും ശിപാര്‍ശ ചെയ്തിട്ടുള്ള പ്രകാരം 2022 ജനുവരി ഒന്നു മുതല്‍ എല്ലാ പുതിയ ഇടപാടുകളും ഈ പുതിയ മാനദണ്ഡ നിരക്കു പ്രകാരമായിരിക്കണം. 2021-ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകള്‍ നടപ്പാക്കാനായുള്ള സന്നദ്ധത ബാങ്ക് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഐഎസ്ഡിഎ 2020 ഐബോര്‍ (ഐബിഒആര്‍) ഫാള്‍ബാക്ക് പ്രോട്ടോകോള്‍ 2020 ഡിസംബര്‍ 11-ന് ഒപ്പുവെച്ച ആദ്യ ബാങ്കുകളിലൊന്നും എസ്ബിഐ ആയിരുന്നു.


അന്താരാഷ്ട്ര സാമ്പത്തിക വിപണികളിലെ നിര്‍ണായകമായ ഒരു സംഭവമാണ് ലിബോര്‍ മാറ്റങ്ങളെന്ന് എസ്ബിഐ ഇന്‍റര്‍നാഷണല്‍ ബാങ്കിംഗ, ടെക്നോളജി ആന്‍റ് സബ്സിഡിയറീസ് മാനേജിംഗ് ഡയറക്ടര്‍ അശ്വിനി കുമാര്‍ തെവാരി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എന്ന നിലയില്‍ എസ്ബിഐ ഇതുമായി ബന്ധപ്പെട്ട ആഗോള സംഭവ വികാസങ്ങള്‍ തുടര്‍ച്ചയായി വീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.