ഇത് അച്ഛനുള്ള സമ്മാനം
നാളെ ജീവിക്കണോയെന്നറിയാന്‍ ടോസ് ഇട്ടുനോക്കാന്‍ പോലും ഒരണയില്ലാത്ത കുടുംബത്തെ ഇതുവരെ എത്തിച്ച ജഗദീശ്വരന് നന്ദി....'' മിസ്‌കേരള മത്സരത്തിന്റെ ഫൈനല്‍ വേദിയായ ലെ മെറിഡിയന്‍ ഹോട്ടലിലെ നിറഞ്ഞ സദസിനുമുന്നില്‍ പാലക്കാട്ടുകാരിയായ വിബിത വിജയന്റെ വാക്കുകളാണിത്. മിസ്‌കേരളയും ഫാഷന്‍ ഷോയുമൊക്കെ പണക്കൊഴുപ്പിന്റെ വേദികളാണെന്നും സാമ്പത്തികമുള്ളവര്‍ക്കെ ഇതിലൊക്കെ മാറ്റുരയ്ക്കാനാവൂവെന്നുമുള്ള വിശ്വാസത്തെ മാറ്റിമറിച്ചിരിക്കുകയാണ് ഓട്ടോക്കാരനായ അച്ഛന്റെ ഈ മകള്‍. മിസ് കേരള ഫസ്റ്റ് റണ്ണര്‍ അപ്പ് എന്ന വിബിതയുടെ വിജയത്തിന് ഇരട്ടി മധുരമുണ്ട്. വിബിത വിജയന്റെ വിശേഷങ്ങളിലേക്ക്...

സ്വപ്‌നങ്ങള്‍ക്ക് താങ്ങായ അച്ഛന്‍

പാലക്കാട് ചിറക്കാട്ട് ഓട്ടോ ഓടിച്ചാണ് വിജയന്‍ മക്കളുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകിയത്. സൗന്ദര്യറാണി പട്ടത്തിനായി തന്റെ മകള്‍ മാറ്റുരയ്ക്കുന്നതു കാണാന്‍ ആ അച്ഛന്‍ എത്തിയിരുന്നു. മിസ് കേരള ഫസ്റ്റ് റണ്ണര്‍ അപ്പ് എന്ന കിരീടമണിഞ്ഞ നിമിഷം വിബിത ആള്‍ക്കൂട്ടത്തില്‍ തേടിയതും അച്ഛനെത്തന്നെയായിരുന്നു. മുഖം പൊത്തിക്കരയുന്ന അച്ഛനെക്കണ്ട് വിബിതയും വിതുമ്പി. വേദിയില്‍ പൊട്ടിക്കരഞ്ഞ വിബിതയുടെ അരികിലേക്ക് അവതാരകരുടെ ആവശ്യപ്രകാരം മാതാപിതാക്കളെത്തി. 'ഇതാണെന്റെ അച്ഛന്‍. എന്റെ ഈ വിജയം അച്ഛനും ചേട്ടനും അവകാശപ്പെതാണ്' വിബിത അച്ഛനെ സദസിനു പരിചയപ്പെടുത്തി. മകളെ ചേര്‍ത്തുപിടിച്ച് അദ്ദേഹവും കരഞ്ഞു.

മത്സരത്തിനും പിന്തുണയേകി

മിസ് കേരള മത്സരത്തിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചത് സുഹൃത്ത് ആതിര ദേവദാസ് ആയിരുന്നു. വീട്ടുകാരും സമ്മതം മൂളി. അങ്ങനെയാണ് മത്സരത്തിന് അപേക്ഷ അയച്ചത്. സ്‌കൂള്‍ , കോളജ് പഠന കാലത്തൊക്കെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മൈമിന് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വിജയിയായിട്ടുണ്ട്. പാലക്കാട് ഗവ. വിക്‌ടോറിയ കോളജില്‍ പഠിക്കുമ്പോള്‍ ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ നാടകത്തിനും മിമിക്രിക്കും വിജയിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തില്‍ മികച്ച നടിയായി. ഒരു തവണ കോയമ്പത്തൂരില്‍ നടന്ന ഫാഷന്‍ ഷോയിലും പങ്കെടുത്തു. ഈ മത്സരത്തിലേക്കുള്ള ഏക മുതല്‍ക്കൂട്ട് ഇതായിരുന്നു. മിസ് കേരള മല്‍സരത്തില്‍ പങ്കെടുക്കുന്ന മല്‍സരാര്‍ഥികളുടെ പ്രൊഫൈലുകള്‍ കണ്ടപ്പോള്‍ എല്ലാവരും വലിയ ആളുകളാണ് അതുകൊണ്ട് ഞാന്‍ തിരിച്ചു പോന്നോെട്ടയെന്ന് അച്ഛനോട് ചോദിച്ചു. പക്ഷേ അച്ഛന്‍ സമ്മതിച്ചില്ല. മത്സരത്തിന്റെ ആദ്യാവസാനം വരെ ആത്മവിശ്വാസം നല്‍കി കൂടെ നിന്നു.


മത്സരം കഴിഞ്ഞപ്പോള്‍ മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ടായിരുന്നു എനിക്ക്. ഏട്ടന്‍ വിബിന്‍ ഹിമാചല്‍ പ്രദേശില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. മത്സരം കാണാന്‍ ഏട്ടന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. വിജയികളെ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ സദസിലേക്ക് ഞാന്‍ നോക്കിയപ്പോള്‍ ഏട്ടന്‍ അക്കൂട്ടത്തിലുണ്ട്. വളരെയധികം സന്തോഷം തോന്നി.

അനിയത്തിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച സഹോദരനെന്ന അടിക്കുറിപ്പോടെ സഹോദരനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം വിബിത ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.


കഷ്ടപ്പാടിന്റെ കുട്ടിക്കാലം

എന്റെ കുട്ടിക്കാലം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഞങ്ങള്‍ മൂന്നു മക്കളാണ്. അച്ഛന്‍ ഓട്ടോ ഓടിച്ചു കിട്ടുന്നതായിരുന്നു ഏക വരുമാനം. ആ തുക പലപ്പോഴും ഞങ്ങളുടെ പഠനച്ചെലവിനു തികയില്ല. അച്ഛനു കിട്ടാതെപോയ സൗഭാഗ്യങ്ങളൊക്കെ മക്കള്‍ക്കു കിണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ ഒരാഗ്രഹവും നടക്കാതെ പോകരുതെന്ന് അച്ഛന്‍ ആഗ്രഹിച്ചു. പുതുശേരിയിലെ സെവന്‍ത്‌ഡേ ഐസിഎസ്ഇ സ്‌കൂളിലാണ് പഠിച്ചത്. ഫീസു കൊടുക്കാന്‍ ഇല്ലാതിരുന്നതിനാല്‍ ഒരു വര്‍ഷം സ്‌കൂളില്‍ പോകാതിരുന്നിട്ടുണ്ട് ഞാന്‍. എന്നിട്ടും സ്‌കൂളു മാറാന്‍ അച്ഛന്‍ അനുവദിച്ചില്ല. രാവും പകലും കൂടുതല്‍ സമയം ജോലി ചെയ്ത് അച്ഛന്‍ ഫീസിനുള്ള പണം കണ്ടെത്തി.

സ്‌പോര്‍ട്‌സിലും കമ്പം

സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് ഇനങ്ങളിലൊക്കെ മത്സരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. നല്ലൊരു ടെന്നീസ് പ്ലേയറാണ് ഞാന്‍. സംസ്ഥാനതല മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്.

പലരുടെയും മനോഭാവം മാറി

മിസ് കേരള മത്സരത്തില്‍ റണ്ണറപ്പ് ആയതോടെ പലരുടെയും മനോഭാവത്തിലും മാറ്റമുണ്ടായി. മുമ്പൊക്കെ അച്ഛനെ ഒഴിവാക്കിയിരുന്ന പലരും ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങി. വീട്ടുവിശേഷങ്ങളും മക്കളുടെ കാര്യവുമൊക്കെ ചോദിക്കും. ഇതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്.

കുടുംബവിശേഷങ്ങള്‍

ഞാന്‍ ഈറോഡ് സിന്‍ഡിക്കേറ്റ് ബാങ്കിലാണ് ജോലി ചെയ്യുന്നത്. അച്ഛന്‍ വിജയന്‍. അമ്മ കൃഷ്ണവേണി. ചേട്ടന്‍ വിബിന്‍. അനുജത്തി വിബിന ചിറ്റൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.

-സീമ