ഞാന്‍ തേപ്പുകാരിയല്ല: ശ്രുതി രാമചന്ദ്രന്‍
ഞാന്‍ തേപ്പുകാരിയല്ല: ശ്രുതി രാമചന്ദ്രന്‍
Saturday, February 9, 2019 2:28 PM IST
ശ്രുതി രാമചന്ദ്രന്‍ എന്ന നായികയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് പ്രേതം സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായിട്ടോ, സണ്‍ഡേ ഹോളിഡേയിലെ തേപ്പുകാരിയായ കാമുകിയായിട്ടോഒക്കെയാണ്. എന്നാല്‍ പത്തു വര്‍ഷം പ്രണയിച്ചു വിവാഹിതയായ ഈ യുവനായിക പറയുന്നത് ജീവിതത്തില്‍ താന്‍ തേപ്പുകാരിയല്ല എന്നാണ്. പക്ഷേ, തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം അപ്പോഴും ആ വാക്കുകളിലുണ്ട്. ആര്‍ക്കിടെക്ടായി കരിയര്‍ മുന്നോട്ടു പോയ ശ്രുതിയുടെ ജീവിതത്തില്‍ നിനച്ചിരിക്കാതെയാണ് സിനിമ വന്നെത്തുന്നത്. തന്റെ സിനിമാസഞ്ചാരം, കുടുംബ വിശേഷം എന്നിവയുമായി ശ്രുതി മനസ് തുറക്കുന്നു...

ആര്‍ക്കിടെക്ടില്‍ നിന്നും സിനിമാതാരം

2014ല്‍ ഞാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചായിരുന്നു തുടക്കം. നാരായണി അനൂപിന്റെ ഡാന്‍സ് സ്‌കൂളില്‍ വച്ച് കണ്ടപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് സാര്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നുചോദിച്ചു. അങ്ങനെയാണ് ആ ചിത്രം ചെയ്യുന്നത്. സത്യത്തില്‍ ആദ്യ സിനിമ ചെയ്യുന്ന സമയത്ത് സിനിമയോട് എനിക്കത്ര താല്പര്യമുണ്ടായിരുന്നില്ല. കാരണം ആര്‍ക്കിടെക്ചര്‍ പഠിക്കാന്‍ പുറത്തു പോകുന്ന സമയമായിരുന്നു അപ്പോള്‍. പിന്നീട് പഠനം പൂര്‍ത്തിയാക്കിയിാണ് പ്രേതത്തിലേക്ക് എത്തുന്നത്. പ്രേതത്തിനു ശേഷമാണ് സിനിമയെ സീരിയസായി കണ്ടുതുടങ്ങിയത്.

സിനിമാപാരമ്പര്യം

എന്റെ അമ്മയുടെ അച്ഛന്‍ എസ്.കെ.നായര്‍ പരസ്യകലയിലുണ്ടായിരുന്നു. ചെന്നൈയില്‍ സിനിമകളുടെ പോസ്റ്ററൊക്കെ അദ്ദേഹം ഡിസൈന്‍ ചെയ്തിരുന്നു. അതുമാത്രമാണ് സിനിമ ബാക്ക്ഗ്രൗണ്ട് പറയാനുള്ളത്. പക്ഷേ, അദ്ദേഹം സിനിമയിലേക്കു ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആര്‍ക്കിടെക്ട് ആവുകയായിരുന്നു മനസിലെ ആഗ്രഹം. പിന്നീട് സിനിമയിലേക്കു വന്നപ്പോള്‍ അതൊരു പുതിയ അനുഭവമായി.

? പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത് എപ്പോള്‍ മുതലാണ്

പതിവു ശൈലിയില്‍ നിന്നൊക്കെ മാറി അവതരണത്തില്‍ ഏറെ വ്യത്യസ്തമായാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പ്രേതം ഒരുക്കിയത്. ആ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ എന്നെയും തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് ഞാന്‍ ചെയ്യുന്നത് സണ്‍ഡേ ഹോളിഡേയാണ്. അതിലെ കഥാപാത്രവും ശ്രദ്ധ നേടിത്തന്നു. അതിനു ശേഷം ചെയ്ത ചിത്രങ്ങളാണ് നോണ്‍സെന്‍സും ചാണക്യതന്ത്രവും. അതില്‍ ആദ്യം റിലീസായത് ചാണക്യതന്ത്രം ആയിരുന്നു. ഓരോ സിനിമ ചെയ്യുമ്പോഴും അഭിനേത്രി എന്നനിലയിലുള്ള വളര്‍ച്ച എനിക്കു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. സിനിമയെക്കുറിച്ച് മനസിലാക്കാനും കഥാപാത്രങ്ങളെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം എന്നൊക്കെ പഠിക്കാനും സാധിച്ചു.

സണ്‍ഡേ ഹോളിഡേയിലെ തേപ്പുകാരി

ഞാന്‍ ഒരു തുടക്കക്കാരിയാണ്. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം തേപ്പ് എന്നുള്ള വിളി കേള്‍ക്കുന്ന സമയത്ത് ആദ്യമൊക്കെ ചമ്മലോ വിഷമമോ ഒക്കെ തോന്നിയിരുന്നു. പക്ഷേ, പിന്നീട് അതെനിക്ക് ആസ്വദിക്കാന്‍ സാധിച്ചു. കാരണം എന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തെന്നു മനസിലായി. ഇപ്പോഴും എന്റെ പേരറിയില്ലെങ്കിലും പ്രേതമെന്നോ തേപ്പ് കഥാപാത്രം എന്നൊക്കെയോ പറഞ്ഞാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത്.

മലയാളത്തിനു ശേഷം തമിഴിലും

ഒരു വെബ് സീരീസാണ് തമിഴില്‍ ചെയ്തത്. ട്രൂ സ്റ്റോറീസിനെ ബേസ് ചെയ്ത് ഒരുക്കിയ ഡോള്‍ഹൗസ് ഡയറീസ് എന്നതായിരുന്നു പേര്. നാസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോഡര്‍ എന്ന മെന്റല്‍ ഡിസോഡറിനെക്കുറിച്ച് പറയുന്ന ഒരു വെബ് സീരീസാണത്. എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെപ്പറ്റി ഞാന്‍ കേു. രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ഡോള്‍ഹൗസ് ഡയറീസിന്റെ സംവിധായകന്‍ എന്നെ വിളിച്ച് അതേ പോലെ തന്നെയുള്ള മറ്റൊരു കഥ പറയുന്നത്. ഒന്നും നോക്കാതെ ഞാന്‍ അതിനു സമ്മതിച്ചു. അത്ര സ്‌ട്രോംഗ് കഥാപാത്രമാണ് അതിലെ മൈഥിലി.


? മറ്റു ഭാഷകളില്‍ നിന്നും അവസരങ്ങളെത്തിയോ

വിജയ് ദേവരകൊണ്ട നായകനാകുന്ന ഡിയര്‍ കോമറേഡ് എന്ന തെലുങ്ക് ചിത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തെലുങ്ക് സിനിമാലോകം വളരെ വ്യത്യസ്തമാണ്. വിജയ് വളരെ ഡൗണ്‍ ടു എര്‍ത്താണ്. രഷ്മിക മന്ദാനയും ഞാനുമാണ് ചിത്രത്തില്‍ നായികമാരായി വരുന്നത്. നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു ആ ചിത്രം.

മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍

രണ്ടു ചിത്രങ്ങള്‍ കിറ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും. ഒപ്പം ഒരു തമിഴ് ചിത്രവും കരാറായിട്ടുണ്ട്.

കുടുംബ വിശേഷം

എറണാകുളമാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും വൈറ്റിലയിലും ഞാനും ഹസ്ബന്‍ഡ് ഫ്രാന്‍സിസും കടവന്ത്രയിലും താമസിക്കുന്നു. പ്രേതത്തിനു ശേഷമാണ് ഞാന്‍ വിവാഹിതയാകുന്നത്. അദ്ദേഹം അഡ്വര്‍ൈസിംഗ് മേഖലയില്‍ വര്‍ക്കു ചെയ്യുന്നു. അദ്ദേഹം മുമ്പ് മുംബൈയിലായിരുന്നു. വിവാഹത്തിനു ശേഷം കൊച്ചിയില്‍ സെറ്റിലായി.

പ്രണയ വിവാഹം

പത്തു കൊല്ലത്തോളം പ്രണയിച്ചാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ തേപ്പ് നായികയല്ല ഞാന്‍. സ്‌കൂള്‍ കഴിഞ്ഞ് ആര്‍ക്കിടെക്ചര്‍ കോഴ്‌സിനു ചേര്‍ന്നപ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ എനിക്ക് ഏറ്റവും ധൈര്യവും ഫ്രാന്‍സിസായിരുന്നു.

അച്ഛനും അമ്മയും അനിയത്തി കാവ്യയും അമ്മൂമ്മയും പിന്നെ ഫ്രാന്‍സിസുമാണ് എനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത്. വിവാഹത്തിനു ശേഷം മുംബൈയിലേക്കു പോകാനായിരുന്നു ഞാനും കരുതിയിരുന്നത്. പ്രേതം ചെയ്തു കഴിഞ്ഞപ്പോള്‍ എന്തുകൊണ്ട് സിനിമയെ സീരിയസായി കണ്ടുകൂടാ എന്നു ഫ്രാന്‍സിസ് ചോദിച്ചു. അങ്ങനെ ഫ്രാന്‍സിസ് കൊച്ചിയിലേക്ക് എത്തി. അമ്മയുടെ അമ്മയ്ക്കു ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോടു വളരെ താല്പര്യമാണ്.

നൃത്തം കൂടെയുണ്ട്

23 വര്‍ഷമായി ജീവിതത്തിനൊപ്പം നൃത്തമുണ്ട്. ഭരതനാട്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ധരണിയിലെ ശ്യാമള സുരേന്ദ്രനാണ് എന്റെ ഗുരു. ഇപ്പോള്‍ ഞാന്‍ പോകുന്നത് നിരഞ്ജന അനൂപിന്റെ അമ്മയുടെ നൃത്ത വിദ്യാലയത്തിലാണ്. അവിടെവച്ചാണ് രഞ്ജിത്ത് സാറ് കാണുന്നത്.

ഹോബീസ്

ഞാനൊരു ആര്‍കിടെക്ടാണ്. ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ട്. പുതിയ പ്രോജക്ടുകള്‍ കഴിഞ്ഞ ആറുമാസമായി എടുക്കുന്നില്ല. മറ്റു സമയങ്ങളില്‍ ടിവി കാണുക, വായിക്കുക, പെയിന്റിംഗ് തുടങ്ങിയ പരിപാടികളിലായിരിക്കും.

ഡ്രസിംഗ് സ്റ്റൈല്‍

സാരിയോട് വളരെ താല്പര്യമുണ്ട്. പിന്നെ ഞാന്‍ അത്ര ഫാഷനബിളല്ല. അതുകൊണ്ടു തന്നെ കംഫര്‍ട്ടബിളായിട്ടുള്ളതാണ് എപ്പോഴും തെരഞ്ഞെടുക്കുന്നത്.



ലിജിന്‍.കെ ഈപ്പന്‍