പ്രതിസന്ധിയില്‍ പതറാതെ
പ്രതിസന്ധിയില്‍ പതറാതെ
Friday, February 15, 2019 3:31 PM IST
പതറിപ്പോകേണ്ടിയിരുന്ന ജീവിത പ്രതിസന്ധികളെ മനക്കരുത്തിന്റെ ബലത്തില്‍ തരണം ചെയ്യുകയാണ് എസ്. ജയന്തി. ബിസിനസിനൊപ്പം എംബിഎയും എംഎസ്ഡബ്ല്യുവും നേടി. ആ ആത്മബലത്തില്‍ അവര്‍ ജീവിതം പടുത്തുയര്‍ത്തുന്നു. മറ്റു സ്ത്രീകള്‍ക്ക് മാതൃകയാക്കാവുന്ന ജയന്തിയുടെ ജീവിതം വായിക്കാം...

''തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരില്‍ ഇന്നു സര്‍ക്കാരിന്റെ ചൈത്രം ഹോല്‍ സ്ഥിതിചെയ്യുന്ന സ്ഥലം എന്റെ അച്ഛന്റെ സ്വത്തായിരുന്നു. അവിടെ ഒരു ടൂറിസ്റ്റ് ഹോം പണിയാന്‍ അച്ഛന്‍ തറക്കല്ലിട്ടു. സ്വാമീസ് ടൂറിസ്റ്റ് ഹോം എന്ന പേരും നല്‍കാന്‍ തീരുമാനിച്ചു. പക്ഷേ, അച്ഛനു കനത്ത ആഘാതം നല്‍കിക്കൊണ്ട് തറക്കല്ലിതിന്റെ തൊട്ടടുത്ത ദിവസം സര്‍ക്കാരിന്റെ സ്റ്റേ ഓര്‍ഡര്‍ ലഭിച്ചു.

അറിയപ്പെടുന്ന ഒരു ഓട്ടോമൊബൈല്‍ ബിസിനസുകാരനായിരുന്നു അച്ഛന്‍. സര്‍ക്കാരില്‍നിന്നു ഞങ്ങളുടെ സ്ഥലം തിരികെ ലഭിക്കാനുള്ള നിയമപോരാത്തിലായി പിന്നെ അച്ഛന്റെ ദിവസങ്ങള്‍. ഞാനന്നു പ്രീഡിഗ്രി വിദ്യാര്‍ഥിനിയാണ്. സ്വന്തം ഭൂമിയും സ്വപ്‌നങ്ങളും കൈയേറ്റപ്പെടുന്നതിന്റെ കഠിനവേദനയിലും സ്വത്ത് വീണ്ടെടുക്കാനുള്ള പരക്കംപാച്ചിലിനും ഇടയില്‍ അച്ഛന് ബിസിനസില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മൂന്നുനാലു വര്‍ഷം സ്വന്തം മണ്ണിനുവേണ്ടി സര്‍ക്കാരുമായി അച്ഛന്‍ പൊരുതി. പണം ഒരുപാട് ചെലവഴിച്ചെങ്കിലും ഭൂമി സര്‍ക്കാരിന്റെ കൈയിലായി. തലസ്ഥാനനഗരത്തില്‍ കണ്ണായ പതിനേഴ് സെന്റ് സ്ഥലത്തിന് ഒടുവില്‍ സര്‍ക്കാര്‍ ഒരു വിലയിട്ടു. മൊത്തം നാല്‍പതിനായിരം രൂപ.

അച്ഛന്റെ സ്ഥലവും പോയി, ബിസിനസും പോയി. ഞങ്ങള്‍ നാലു മക്കളാണ്. മക്കളില്‍ മൂന്നാമത്തെ ആളാണ് ഞാന്‍. വളരെ നല്ല രീതിയില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. കുടുംബകാര്യങ്ങള്‍ മാത്രം നോക്കി ജീവിച്ച യാഥാസ്ഥിതികയായ ബ്രാഹ്മണ വീട്ടമ്മയായിരുന്നു എന്റെ അ. പുറംലോകവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല അമ്മയ്ക്ക്.

സ്വത്തും ബിസിനസും നഷ്ടപ്പെട്ടതോടെ അച്ഛന്‍ സ്വയം ഉള്‍വലിഞ്ഞു. അച്ഛന്‍ സാമ്പത്തികമായും മാനസികമായും തളര്‍ന്നുതുടങ്ങിയ കാലത്ത് കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥയിലായി. അമ്മയുടെ സ്വര്‍ണവും വെള്ളിയുമെല്ലാം വിറ്റും പണയപ്പെടുത്തിയുമാണ് ഞങ്ങളെ അമ്മ പഠിപ്പിച്ചത്.

എന്റെ അച്ഛന്റെ തകര്‍ച്ചയും അമ്മയുടെ വേദനയും കണ്‍മുന്നില്‍ കണ്ടുകണ്ട് കുറേ തളര്‍ന്നിരുന്നു ഞാന്‍. പിന്നീട് എന്നോ ഞാന്‍ എനിക്കുതന്നെ കരുത്ത് പകരാന്‍ തുടങ്ങി. കരഞ്ഞും തളര്‍ന്നും കിടക്കാതെ എന്റെ കുടുംബത്തെ പിടിച്ചെഴുന്നേല്‍പ്പിക്കണം, കരകയറ്റണം, അതു മാത്രമായി മുന്നില്‍.

ബിരുദപഠനം കഴിഞ്ഞ സമയത്ത് എനിക്കു തോന്നി ഇനി ഉപരിപഠനമോ സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യമോ ഒന്നും വേണ്ട. എങ്ങനെയെങ്കിലും സ്വയംതൊഴില്‍ കണ്ടെത്തി എന്റെ കുടുംബത്തെ മുന്നോട്ടു നയിക്കണം. അങ്ങനെ കരകൗശലനിര്‍മാണം തുടങ്ങി.

കരകൗശല നിര്‍മാണത്തിലേക്ക്

ബിരുദപഠനത്തിനു ഹോംസയന്‍സ് ആയിരുന്നു എന്റെ വിഷയം. പഠനവുമായി ബന്ധപ്പെട്ട് എനിക്ക് തുന്നല്‍ തുടങ്ങി ധാരാളം കലകള്‍ അറിയാമായിരുന്നു. അച്ഛന്റെ സ്വാമീസ് ഓട്ടോമൊബൈല്‍സിന്റെ മുകള്‍നില ഒഴിഞ്ഞുകിടക്കുകയായിരുന്നു. അവിടെ ഒരു ഗാര്‍മെന്റ് കട ഞാന്‍ ആരംഭിച്ചു. തുന്നലും റെയിമെയ്ഡ് വസ്ത്രവിപണിയും ചേര്‍ന്നുള്ള അമൃതാസ് സ്റ്റിച്ചിംഗ് ആന്‍ഡ് എംബ്രോയ്ഡറി വര്‍ക്‌സ്. ദൈവാനുഗ്രഹംകൊണ്ട് ബിസിനസ്അഭിവൃദ്ധിപ്പെട്ടു. കരകൗശലനിര്‍മാണവും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിച്ചു.

എന്റെ കരകൗശല കലയെക്കുറിച്ചു പറഞ്ഞാല്‍ അമ്മ സുലോചനയില്‍നിന്നും ലഭിച്ച കഴിവാണിത്. നന്നായി തുന്നുമായിരുന്നു അമ്മ. മുത്തുകളും പ്ലാസ്റ്റിക് വയറുകളും മറ്റും ഉപയോഗിച്ച് പഴ്‌സും ബാഗും അനേകം കൗതുകവസ്തുക്കളും അമ്മ ഉണ്ടാക്കിയിരുന്നു. ഞങ്ങളുടെ സ്വീകരണമുറി നിറയെ അമ്മ ഉണ്ടാക്കിയ കൗതുകവസ്തുക്കളായിരുന്നു.


അമ്മയുടെ കലാപരമായ കഴിവ് ലോകമറിഞ്ഞില്ല. അമ്മയില്‍നിന്ന് എനിക്കു ലഭിച്ച കല ഞാന്‍ പരിപോഷിപ്പിച്ചെടുത്തു എന്നു പറയാം.

തഞ്ചാവൂര്‍ പെയിന്റിംഗും

തഞ്ചാവൂര്‍ പെയിന്റിംഗ് തുടങ്ങി ധാരാളം പെയിന്റിംഗുകളും ഇതിനിടെ നടത്തി. വ്യത്യസ്തങ്ങളായ കരകൗശല വസ്തുക്കളും നിര്‍മിച്ചു. എന്തെങ്കിലുമൊരു ഹാന്‍ഡിക്രാഫ്റ്റ് കണ്ടാല്‍ അതിനു പിന്നാലെ ഒരു ഗവേഷണവിദ്യാര്‍ഥിനിയെപ്പോലെ ഞാന്‍ അലയും. കേരളത്തില്‍ ഒരിക്കല്‍പ്പോലും ആരും കണ്ടിില്ലാത്ത ഹാന്‍ഡിക്രാഫ്റ്റുകള്‍ ഞാന്‍ തയാറാക്കിയിുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും കരകൗശല വസ്തുക്കള്‍ പഠിച്ച് നിര്‍മിച്ചിട്ടുണ്ട്. എന്റെ സ്വന്തമായ കരകൗശല നിര്‍മിതി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു കലാകാരന്മാര്‍ക്കു പറഞ്ഞുകൊടുക്കുകയും അവരുടെ തനതു കരകൗശല ശൈലി പഠിക്കുകയും ചെയ്തിുണ്ട്. വളരെ അപൂര്‍വങ്ങളായ ടൂള്‍സ് ഉപയോഗിക്കുന്നത് പഠിക്കാനുള്ള ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഹാന്‍ഡിക്രാഫ്റ്റ് നിര്‍മാണ പരിശീലന ക്ലാസുകളും ഗവണ്‍മെന്റ്തലത്തില്‍ എടുത്തിരുന്നു.

ഒറ്റക്കാലില്‍നിന്നുകൊണ്ട് കുടുംബത്തിന്റെ സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാനും ആരെയും ആശ്രയിക്കാതെ വീട്ടിലെ ചുമതലകള്‍ നിര്‍വഹിക്കാനും സാധിച്ചു. ഇക്കാലഘട്ടത്തില്‍ കുടുംബശ്രീയുടെയും വിവിധ ഏജന്‍സികളുടെയും ട്രെയിനിംഗുകളിലും സജീവമായി.

വിധിയുടെ ക്രൂരത

ഇതിനിടെ ജീവിതം വീണ്ടും തകിടംമറിഞ്ഞു. കുടുംബം നന്നായി പോകുന്നതിനിടെ അമ്മയ്ക്കു സുഖമില്ലാതെ കിടപ്പിലായി. നീണ്ട മൂന്നു വര്‍ഷം അമ്മ രോഗചികിത്സയിലായി. അമ്മ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും സാന്ത്വനവുമാണ്. രോഗക്കിടക്കയിലായ അമ്മയില്‍നിന്ന് അടര്‍ന്നുമാറി ബിസിനസ് ചെയ്യാന്‍ എനിക്കു കഴിയാതെയായി. രാപകലുകള്‍ ഞാന്‍ അമ്മയെ ശുശ്രൂഷിച്ച് ഒപ്പമിരുന്നു. നന്നായി പച്ചപിടിച്ചുവന്ന ജീവിതം പിന്നെയും കരിഞ്ഞുതുടങ്ങി. എങ്കിലും അമ്മയില്‍നിന്നു വേര്‍പെട്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അതിനാല്‍ ബിസിനസ് പ്രതിസന്ധിയിലായി. ട്രെയിനിംഗും ക്ലാസുകളും മുടങ്ങി. മൂന്നു വര്‍ഷം ഈ മേഖലയില്‍നിന്നു മാറിനിന്നപ്പോള്‍ വലിയ നഷ്ടങ്ങളും തിരിച്ചടിയും നേരിടേണ്ടിവന്നു. എങ്കിലും മനഃക്കരുത്ത് ആര്‍ജിച്ചെടുത്ത് ഞാന്‍ തിരിച്ചുവരവു നടത്തി. അമ്മയുടെ ചികിത്സക്കാലം, പിന്നീട് ഉണ്ടായ അമ്മയുടെ വേര്‍പാട്, ബിസിനസിനുണ്ടായ വീഴ്ച എല്ലാം അതിജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും മനസില്‍ ശുഭാപ്തിവിശ്വാസം നിറച്ച് ഞാന്‍ മുന്നോട്ടുതന്നെ പോകുന്നു.

മുന്‍പ് അമൃതാസ് വിമന്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയിലൂടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും, പരിശീലനങ്ങളും നല്‍കിയിരുന്നു. മറ്റൊരു പിന്തുണയുമില്ലാതെ അഞ്ഞൂറു സംഘങ്ങളെ നയിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും കുടുംബശ്രീയുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ എടുക്കാന്‍ പോകുന്നുണ്ട്. കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായി കേറ്ററിംഗും നടത്തിവരുന്നു.

ഇപ്പോള്‍ പിഎംകെവിവൈയുടെ 240 പേര്‍ക്കു ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് നല്‍കി.
സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന ഒരു ബൃഹത് പദ്ധതി എന്റെ സ്വപ്‌നമാണ്. അതിന്റെ സാക്ഷാത്കാരത്തിനുള്ള തയാറെടുപ്പുകളിലാണ് ഞാന്‍.

ക്ലസ്റ്റര്‍ രൂപീകരിച്ച് സ്ത്രീകള്‍ക്കു സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുകയും തൊഴില്‍ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടും.

എസ്. മഞ്ജുളാദേവി
ഫോട്ടോ ടി.സി ഷിജുമോന്‍