മുടിയുടെ കരുത്തിന് എണ്ണ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. താരന്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്ക്കും എണ്ണ ആവശ്യമാണെന്നാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും തലയില്‍ പറ്റിപ്പിടിച്ച് അവ വേണ്ടരീതിയില്‍ വൃത്തിയാക്കാത്തതിനാല്‍ താരന്‍ ഉണ്ടാകാം. എണ്ണപുരട്ടാതെ തൊലി വറ്റിവരളുന്നതുകൊണ്ടും താരന്‍ ഉണ്ടാകാം.
കേശസംരക്ഷണത്തിനായി ആയുര്‍വേദവിധിപ്രകാരമുള്ള ചില എണ്ണകള്‍ പരിചയപ്പെടാം...

നീലീഭൃംഗാദി തൈലം

ആയുര്‍വേദവിധി പ്രകാരം താരനില്‍ നിന്ന് സംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും അത്യുത്തമമാണ് നീലഭൃംഗാദി തൈലം. മുടികൊഴിച്ചിലും മുടി നരയ്ക്കുന്നതും എന്നു വേണ്ട ഏറെക്കുറെ കഷണ്ടി കുറയ്ക്കാനും ഈ തൈലം സഹായിക്കും.

ഉപയോഗക്രമം

വളരെക്കുറച്ച് അളവില്‍ (ഒരു ടീസ്പൂണ്‍ അല്ലെങ്കില്‍ ആവശ്യാനുസരണം) ചെറുചൂടോടുകൂടി തലയോട്ടിയില്‍ താരനുള്ള ഭാഗത്ത് എണ്ണ അഞ്ചുമിനിറ്റ് തേച്ചുപിടിപ്പിക്കുക. രാത്രിയാണ് ഈ തൈലം ഉപയോഗിക്കുന്നതെങ്കില്‍ അഞ്ചുമിനിറ്റ് തേച്ചതിനുശേഷം രാവിലെ കഴുകിക്കളയാവുന്നതാണ്. അതല്ല രാവിലെ ആണെങ്കില്‍ തൈലം പുരി അരമണിക്കൂറിനു ശേഷം കുളിക്കാം.


ഈ തൈലം കഴുകിക്കളയുന്ന നേരം ചെമ്പരത്തിത്തൊലി ഉപയോഗിച്ചാല്‍ നന്നായിരിക്കും. ആഴ്ചയില്‍ മൂന്നുദിവസംവച്ച് രണ്ടുമാസം തുടര്‍ച്ചയായി ഇത് ഉപയോഗിക്കുകയാണെങ്കില്‍ താരന് പരിഹാരമാകും.

പ്രപൗരികാദി തൈലം

താരനില്‍ നിന്ന് സംരക്ഷണത്തിന് നമുക്ക് വളരെ ഉറപ്പോടെ ഉപയോഗിക്കാന്‍പറ്റിയ മറ്റൊരു തൈലമാണിത്. മുടിക്ക് ഉറപ്പു നല്‍കാനും ഇത് ഉത്തമമാണ്. മുടി മൃദുവാകാന്‍ഇത് സഹായിക്കും.

മുന്‍പ് പറഞ്ഞതുപോലെതന്നെ ആഴ്ചയില്‍ മൂന്നുപ്രാവശ്യംവച്ച് രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും.

ഡോ. മോനിഷ മോഹന്‍
ആയുര്‍വേദ ഡോക്ടര്‍, ചേര്‍ത്തല