പാദമുദ്രയാല്‍ വിസ്മയംതീര്‍ത്ത്...
Saturday, April 27, 2019 3:18 PM IST
ദേവീസ്തുതി നിറഞ്ഞു നില്‍ക്കുന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷം. സിംഹനന്ദിനി നൃത്തച്ചുവടുകളിലൂടെ, നിലത്തു വിതറിയ അരിപ്പൊടിയില്‍ രേഷ്മ സശ്രദ്ധം സിംഹത്തെ വരച്ചെടുത്തു. രണ്ടുമിനിറ്റു നീണ്ട നൃത്തത്തിനൊടുവില്‍ വെളുത്ത തുണി കെട്ടിയ ഫ്രെയിം അവര്‍ കാണികള്‍ക്കായി ഉയര്‍ത്തിപ്പിടിച്ചു. ദുര്‍ഗാദേവിയുടെ വാഹനമായ സിംഹത്തെ പാദമുദ്രയാല്‍ വിരിയിച്ച രേഷ്മയെ അവര്‍ ഹര്‍ഷാരവങ്ങളോടെ അനുഗ്രഹിച്ചു, പ്രോത്സാഹിപ്പിച്ചു. സിംഹനന്ദിനിയിലൂടെ നിറഞ്ഞ സദസുകളുടെ കൈയടി വാങ്ങിക്കൂുമ്പോഴും രേഷ്മയ്ക്കു പറയുന്നുള്ളത് ഇത്രമാത്രം 'ഇത്രയും ശ്രേഷ്ഠവും അപൂര്‍വവുമായ ഒരു നൃത്തരൂപം ആചാരമോ അനുഷ്ഠാനമോ മാത്രമായി ഒതുങ്ങിപ്പോകരുത്. അത് ലോകമെമ്പാടുമുള്ള കലാസ്‌നേഹികളിലേക്ക് എത്തിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം.'
തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനിയായ രേഷ്മ യു. രാജാണ് സിംഹനന്ദിനി അവതരിപ്പിക്കുന്ന ഏക മലയാളി. കൊച്ചി ഇന്‍ഫോപാര്‍ക്ക് ടിസിഎസില്‍ അസിസ്റ്റന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുമ്പോഴും സിംഹനന്ദിനിയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രയത്‌നത്തിലാണ് ഈ മുപ്പത്തിയൊന്നുകാരി.
അമ്മ കൈപിടിച്ചു നടത്തിയ നൃത്തവഴികള്‍
മൂന്നര വയസില്‍ അമ്മ ഉഷാരാജിന്റെ വിരലില്‍ തൂങ്ങി തിരുവനന്തപുരത്തെ മൈഥിലി ടീച്ചറിന്റെ വീട്ടിലേക്ക് നൃത്തം പഠിക്കാന്‍ പോകുന്നത് ഇപ്പോഴും ഓര്‍മയുണ്ടെന്ന് രേഷ്മ പറയുന്നു. 'അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എന്നെ നൃത്തം പഠിപ്പിക്കുക എന്നത്. അമ്മയ്ക്കു സാധിക്കാതെ പോയത് എന്നിലൂടെ നേടിയെടുക്കുകയായിരുന്നു. എല്ലാവര്‍ക്കും സ്‌കൂളാണല്ലോ രണ്ടാമത്തെ വീട്. പക്ഷേ എനിക്ക് വീടു കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ടയിടം എന്റെ ഡാന്‍സ് ക്ലാസായിരുന്നു. എന്റെ സ്വഭാവ രൂപീകരണത്തില്‍ ഡാന്‍സ് ക്ലാസും മൈഥിലി ടീച്ചറും അവിടന്നു കിട്ടിയ സൗഹൃദങ്ങളും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. സ്‌കൂളിനേക്കാള്‍ അമ്മ പ്രാധാന്യം നല്‍കിയിരുന്നത് നൃത്തത്തിനായിരുന്നു. ഒരു ക്ലാസ് പോലും നഷ്ടപ്പെടുത്തരുതെന്ന് അമ്മയ്ക്കു നിര്‍ബന്ധമായിരുന്നു. അതില്‍ നിന്ന് എന്റെ ശ്രദ്ധ മാറാതിരിക്കാന്‍ അമ്മയും ശ്രമിച്ചു. ബേസ് ഉറയ്ക്കുന്നതു വരെ അമ്മ കാര്‍ക്കശ്യത്തോടെ ഒപ്പം നിന്നു. യാതൊരുതരത്തിലുള്ള കലാപാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ എന്നെ ഒരു നര്‍ത്തകിയാക്കിയെടുക്കാന്‍ അമ്മ ഒരുപാടു പാടുപെിുണ്ട്. അമ്മയുടെ നിര്‍ബന്ധപ്രകാരം തന്നെ മറ്റു കലകളും ഞാന്‍ അഭ്യസിച്ചു. കഥാപ്രസംഗം, ഓടക്കുഴല്‍, വയലിന്‍, ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, ലളിത സംഗീതം, മോണോ ആക്ട് ഒക്കെ പഠിച്ചിട്ടുണ്ട്. ഒരു കലാകാരിയാകാന്‍ അവയൊക്കെ എന്നെ വളരെയധികം സഹായിച്ചു.
അച്ഛന്‍ സമ്മാനിച്ച ചിലങ്ക
നാലര വയസുള്ളപ്പോള്‍ തിരുവനന്തപുരം കാര്‍ത്തിക തിരുന്നാള്‍ സംഗീത സഭയില്‍ വച്ച് എന്റെ അരങ്ങേറ്റം നടത്താമെന്ന് നിശ്ചയിച്ചു. അച്ഛന്‍ കെ.രാജേന്ദ്രന്‍ അന്ന് മുംബൈയിലായിരുന്നു ജോലി. വര്‍ഷത്തിലൊരിക്കലാണ് അച്ഛന്‍ നാട്ടിലേക്ക് വരുന്നത്. അതുകൊണ്ടു തന്നെ അമ്മയാണ് നൃത്തവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഓടിയിരുന്നത്. എവിടേയും ഒരു കുറവും ഉണ്ടാകരുത് എന്ന് അമ്മയ്ക്കു നിര്‍ബന്ധമായിരുന്നു. എന്റെ ആദ്യ അരങ്ങേറ്റത്തിന് അച്ഛന്‍ ഒപ്പം ഉണ്ടാകണം എന്നെനിക്കു വലിയ ആഗ്രഹമായിരുന്നു. എന്തായാലും പ്രാര്‍ഥിച്ചതുപോലെ അരേങ്ങറ്റത്തിന് അച്ഛനുമുണ്ടായിരുന്നു. ഞാന്‍ ഒരുങ്ങാന്‍ പോകുന്നതിനു മുന്‍പായി അച്ഛന്‍ ഒരു കിഴി എനിക്കു സമ്മാനിച്ചു. ആകാംക്ഷയോടെയാണ് ഞാനത് തുറന്നു നോക്കിയത്, ചിലങ്ക. ഇപ്പോഴും ചിലങ്കയണിയുമ്പോള്‍ ആ ഓര്‍മകള്‍ എന്റെയുള്ളിലേക്കു വരാറുണ്ട്. എന്റെ ജീവിതത്തിലെ വലിയൊരു നിമിത്തമായിരുന്നു ആ സമ്മാനം.'
നൃത്തമാണ് ജീവന്‍
ഏതുതരം കാഴ്ചക്കാരേയും പിടിച്ചിരുത്താനുള്ള കഴിവാണ് എന്നെ കുച്ചിപ്പുടിയിലേക്ക് ആകര്‍ഷിച്ചത്. ഭരതനാട്യമാണ് ആദ്യം പഠിച്ചത്. ഒരു നര്‍ത്തകിയുടെ ശരീരഭാഷയുണ്ടാകാന്‍ അതുതന്നെയാണ് നല്ലത്. അഞ്ചോ ആറോ വയസുള്ളപ്പോഴാണ് മോഹിനിയാട്ടത്തിലേക്കും കുച്ചിപ്പുടിയിലേക്കും തിരിഞ്ഞത്. ഇവയില്‍ എന്റെ ശരീരഭാഷയ്ക്കും താത്പര്യത്തിനും ഇണങ്ങിയത് കുച്ചിപ്പുടിയാണെന്ന് അധികം വൈകാതെ ഞാന്‍ മനസിലാക്കി. കുച്ചിപ്പുടി എന്ന കലാരൂപത്തിനു വളരെയധികം സ്വാതന്ത്ര്യമുണ്ട്. സാധാരണക്കാരായ പ്രേക്ഷകരെ പിടിച്ചിരുത്താനും കുച്ചിപ്പുടിക്കു പ്രത്യേകമായ കഴിവുണ്ട്. മോഹിനിയാട്ടം പാടെ ഉപേക്ഷിച്ചു എന്നല്ല. അതിനും ഞാന്‍ സമയം കണ്ടെത്താറുണ്ട്. പക്ഷേ കൂടുതല്‍ സമയം നീക്കി വയ്ക്കുന്നത് കുച്ചിപ്പുടിക്കാണെന്നു മാത്രം.
സിംഹനന്ദിനി
ആന്ധ്രാപ്രദേശിലെ ഉള്‍നാടന്‍ ക്ഷേത്രങ്ങളില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി അനുഷ്ഠിച്ചിരുന്ന അതിപുരാതനമായ കലാരൂപമാണ് പ്രേന്‍ഘിനി നൃത്യം. പ്രേന്‍ഘിനി നൃത്യം എന്ന നൃത്ത ശാഖയില്‍പ്പെടുന്നതാണ് സിംഹനന്ദിനി. പ്രേന്‍ഘിനി നൃത്യം ഒരിക്കലും രംഗകല എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. അന്നത്തെ ദേവദാസികള്‍ ഇതിനെ ഒരു ആരാധന മാത്രമായി കണ്ടിരുന്നു എന്നതാണ് ഇതിനു പ്രധാനകാരണം. ദേവദാസികള്‍ ക്ഷേത്ര രഥഘോഷയാത്രയ്ക്കു മുന്നില്‍ നടത്തിയിരുന്ന ചിത്ര നാട്യത്തിലെ ഒരിനമാണ് സിംഹനന്ദിനി. നൃത്തച്ചുവടുകളിലൂടെ, ദേവന്റെയോ ദേവിയുടേയോ വാഹനത്തെ രംഗോളിപ്പൊടിയിലോ അരിപ്പൊടിയിലോ വരയ്ക്കും.
'മഹാലക്ഷ്മീ വൈഭവം, മയൂര കൗത്വം, സിംഹനന്ദിനി എന്നിങ്ങനെ മൂന്നിനമാണ് പ്രേന്‍ഘിനി നൃത്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഹാലക്ഷ്മീ വൈഭവത്തില്‍ ലക്ഷ്മീസ്തുതിയോടെയുള്ള ചുവടുകള്‍ വരച്ചെടുക്കുന്നത് താമരയാണ്. മയൂരകൗത്വത്തില്‍ മുരുക സ്തുതിയില്‍ മുരുകന്റെ വാഹനമായ മയിലിനെ വരയ്ക്കുന്നു. ദേവീസ്തുതിക്കൊടുവില്‍ ചുവടുകളിലൂടെ ദുര്‍ഗാദേവിയുടെ വാഹനമായ സിംഹത്തെ വരച്ചെടുക്കുന്നതിനാലാണ് സിംഹനന്ദിനി എന്നു പേരു വന്നത്. സിംഹനന്ദന താളത്തിലാണ് സിംഹനന്ദിനി ക്രമീകരിച്ചിരിക്കുന്നത്.
ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം, പതിനെട്ടാം നൂറ്റാണ്ടില്‍ സി.ആര്‍. ആചാര്യ എന്ന ഗുരു ഒരു ദേവദാസിയില്‍ നിന്ന് ഇതു പഠിച്ചെടുക്കുകയായിരുന്നു. നിലത്തു വരയ്ക്കുന്ന ചിത്രം കാഴ്ചക്കാരെ കാണിക്കുന്നതിനായി നനഞ്ഞ തുണികെട്ടിയ ഫ്രെയിമില്‍ പൊടി വിതറി നൃത്തം ചെയ്യാമെന്നും നൃത്തത്തിനൊടുവില്‍ ഫ്രെയിം ഉയര്‍ത്തിക്കാണിക്കാമെന്നും തീരുമാനിക്കുന്നത് അദ്ദേഹമാണ്. രണ്ടു മിനിറ്റുകൊണ്ട് സിംഹത്തെ വരച്ചെടുക്കുക എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. നൃത്തത്തിനൊടുവില്‍ ഈ ഫ്രെയിം ഉയര്‍ത്തിക്കാണിക്കുന്നിടത്താണ് സിംഹനന്ദിനി അവസാനിക്കുക.'
എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായ, ഈയടുത്ത് കുവൈത്തില്‍ പരമ്പരാഗത രീതിയില്‍ തന്നെ സിംഹനന്ദിനി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നു രേഷ്മ പറഞ്ഞു. വലിയ സ്‌ക്രീനുകള്‍ വച്ച് ഓരോ ചുവടും അതില്‍ കാണിച്ചുകൊണ്ടേയിരുന്നു.
സ്വപ്‌നങ്ങള്‍ക്കു ചിറകു നല്‍കിയ നല്ലപാതി
ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിപ്പിക്കാന്‍ അമ്മ കാണിച്ച അതേ ഉത്സാഹമാണ് ഇപ്പോള്‍ ഭര്‍ത്താവ് ഡി.പി.ദിപിന്‍ കാണിക്കുന്നതെന്ന് രേഷ്മ പറഞ്ഞു.
ഒരു ഡാന്‍സ് വീഡിയോ കണ്ടാണ് ഞാന്‍ സിംഹനന്ദിനിയെക്കുറിച്ച് അറിയുന്നത്. കേരളത്തില്‍ മറ്റാരും ഇതു ചെയ്യുന്നതായി അറിവില്ലെന്നു പറഞ്ഞപ്പോള്‍ ദിപിനാണു ചോദിച്ചത്, എങ്കില്‍പ്പിന്നെ രേഷ്മയ്ക്ക് ചെയ്തുകൂടെയെന്ന്. സിംഹനന്ദിനി പഠിക്കുന്നതിനായി എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ഹൈദരാബാദില്‍ പോയാണ് ആദ്യഘട്ടം പഠിച്ചത്. സി.ആര്‍. ആചാര്യയുടെ കുടുംബത്തില്‍പ്പെട്ട വോൡരങ്കമണിയാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. മകന്‍ ഭവത്രാത് അന്ന് തീരെ ചെറിയ കുട്ടിയായിരുന്നു. ഞാന്‍ ക്ലാസിന് പോകുമ്പോള്‍ ഭര്‍ത്താവാണ് അവനെ നോക്കിയിരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ സ്‌കൈപ്പിലൂടെയായിരുന്നു ക്ലാസ്. വീട്ടില്‍ നിലത്ത് അരിപ്പൊടി വിതറി, അതിലായിരുന്നു പ്രാക്ടീസ്. നൃത്തം ചെയ്തുകൊണ്ട്, കാലുപയോഗിച്ച് ചിത്രം വരയ്ക്കുന്നത് ശരിയാകുമോ എന്ന് എനിക്കൊരാശങ്കയുണ്ടായിരുന്നു. രങ്കമണി അമ്മ ധൈര്യം പകര്‍ന്ന് ഒപ്പം നിന്നു. സിംഹത്തിന്റെ കണ്ണും ജഢയും വരയ്ക്കുകയാണ് ബുദ്ധിമുട്ട്. പക്ഷേ നിരന്തരമായ പ്രയത്‌നത്തിലൂടെ എല്ലാം ശരിയായി. ഇതിനൊക്കെ നന്ദി പറയേണ്ടത് ദിപിനോടാണ്. ഇപ്പോള്‍ പരിപാടിക്കു മുന്‍പ് ഫ്രെയിം കെട്ടുന്നതൊക്കെ ദിപിന്‍ തന്നെയാണ് ചെയ്യുന്നത്. എന്റെ ഏറ്റവും നല്ല വിമര്‍ശകനും ദിപിനാണ്. കളമശ്ശേരി ഐടിഐയിലെ ഉദ്യോഗസ്ഥനാണ് ദിപിന്‍.
അഞ്ജലി അനില്‍കുമാര്‍