അമൃത ഹാപ്പിയാണ്
Wednesday, May 22, 2019 3:22 PM IST
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് അമൃത. നായികാപ്രാധാന്യമുളള വേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങളും കോമഡിയും ഒരുപോലെ ഇവര്‍ക്ക് വഴങ്ങും. 10 വര്‍ഷമായി അഭിനയരംഗത്ത് തുടരുന്നു. തമിഴിലും സജീവമായി രംഗത്തുണ്ട്. അഭിനയിച്ച സീരിയലുകളില്‍ ഓട്ടോഗ്രാഫ്, പട്ടുസാരി, മാമാങ്കം, സ്‌നേഹക്കൂട് ഇവ ഹിറ്റായതോടെ അമൃത വീടുകളിലെ സ്ഥിരാംഗമായി. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ സിനിമയിലും അമൃത തയാറാണ്. അമൃതയുടെ വിശേഷങ്ങളിലേക്ക്...
യാദൃച്ഛികമായ അവസരം
ഏഷ്യാനെറ്റില്‍ ഐഡിയാ സ്റ്റാര്‍സിംഗര്‍ പ്രോഗ്രാം കാണാന്‍ പോയതായിരുന്നു. അവിടെ വച്ച് അടുക്കള എന്ന പ്രോഗ്രാമില്‍ മുടിയഴക് എന്ന സെക്ഷന്‍ ചെയ്യാമോയെന്ന് ചോദിച്ചു. അങ്ങനെയാണ് തുടക്കം. പിന്നീട് വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ അവസരം ലഭിച്ചു. തുടര്‍ന്ന് ചക്കര ഭരണിയെന്ന സീരിയല്‍. ഇതിനു ശേഷമാണ് കാരക്ടര്‍ വേഷങ്ങള്‍ കിട്ടിത്തുടങ്ങിയത്.
കോമഡി സ്റ്റാറില്‍ സജീവം
കോമഡി സ്‌കിറ്റ് ഷോയായ കോമഡി സ്റ്റാറിലേക്ക് വിളിച്ചപ്പോള്‍ കോമഡി ചെയ്യാന്‍ കഴിയുമോ എന്ന സംശയമുണ്ടായിരുന്നു. ഒന്ന് ശ്രമിച്ചു നോക്കാന്‍ ബൈജു സാര്‍ പറഞ്ഞു. നായികാവേഷവും നെഗറ്റീവ് വേഷവും ചെയ്തുകൊണ്ടിരുന്ന എനിക്ക് സ്വയം നടത്താവുന്ന ഒരു പരീക്ഷണ വേദിയായിട്ട് ഞാന്‍ അതിനെ ആദ്യം സമീപിച്ചത്. കോമഡി സ്റ്റാര്‍ സെറ്റും നല്ലതാണ്. എല്ലാവരുമായും നല്ല ഫ്രണ്ട്‌ലിയാണ്. ആസ്വദിച്ചുതന്നെയാണ് അഭിനയം തുടരുന്നത്. ഇപ്പോള്‍ തമിഴിലും സീരിയലില്‍ ചെയ്യുന്നുണ്ട്. സീരിയലിന്റെ പേര് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍.
തകര്‍പ്പന്‍ ഡാന്‍സ്
ഡാന്‍സ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഡാന്‍സ് പഠിച്ചിട്ടില്ല. പലരും നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഡാന്‍സിനോടുളള ഇഷ്ടവും കൂടി. അതുപോലെ വേറിട്ട ശബ്ദമാണെന്ന് പറഞ്ഞപ്പോഴും സന്തോഷം ഇരട്ടിച്ചു. എന്റെ ശബ്ദത്തോട് എനിക്ക് ഒരുപാട് ഇഷ്ടമാണ്.
മുടിയഴക്
മുടിയെക്കുറിച്ച് സംസാരിക്കാത്ത അഭിമുഖമുണ്ടെന്ന് തോന്നുന്നില്ല. ഈ ഫീല്‍ഡില്‍ വരാനുളള ഏക കാരണംതന്നെ മുടിയാണ്. മോഡേണ്‍ കാരക്ടര്‍ ചെയ്യുമ്പോള്‍ സ്റ്റൈല്‍ മാറ്റാന്‍ ശ്രമിക്കുമെന്നല്ലാതെ മുടി മറന്നിട്ടൊരു കളിയില്ല. ഈ മുടി എന്റെ ഭാഗ്യമാണ്. പാരമ്പര്യമായി കിട്ടിയതാണ.് മുടി സംരക്ഷണത്തിനു വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ല. ആഴ്ചയിലൊരിക്കല്‍ താളി തേച്ച് കുളിക്കും. മുടിയില്‍ വിയര്‍പ്പ് ഉണ്ടാവാതെ സൂക്ഷിക്കും.
ഭക്ഷണം അമൃതാണ്
അതെ ഭക്ഷണപ്രിയയാണ്. നല്ലപോലെ ഫുഡ് അടിക്കും. ഏറ്റവും ഇഷ്ടം സദ്യതന്നെയാണ്. പക്ഷെ വണ്ണം കൂടുന്നുവെന്നറിയുമ്പോള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാറുണ്ട്.

കൃഷ്ണപ്രിയയെ ഇഷ്ടം
ഞാന്‍ അഭിനയിച്ച കാരക്ടറുകളെല്ലാം എനിക്ക് ഇഷ്ടമാണ്. നമുക്ക് നമ്മുടെ കഴിവ് തെളിയിക്കാനും വ്യത്യസ്തമായ കാരക്ടര്‍ ആണെന്നു തോന്നിയാല്‍ മാത്രമാണ് അവസരങ്ങള്‍ക്ക് സമ്മതം മൂളാറുളളത്. അതു കൊണ്ടുതന്നെ ഞാന്‍ അഭിനയിച്ചതെല്ലാം എനിക്ക് ഇഷ്ടമാണ്. ഹീറോയിന്‍ ആയി അഭിനയിച്ചതില്‍ ചക്കരഭരണിയിലെ വേഷം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഇതിലെ കൃഷ്ണപ്രിയ എന്ന കഥാപാത്രം ഏറെ ഇഷ്ടമാണ്. നെഗറ്റീവ് റോളുകളില്‍ പട്ടുസാരിയിലെ മഹാലക്ഷ്മി എന്ന വേഷം ഇഷ്ടപ്പെട്ടതാണ്. എന്റെ പ്രഫഷനില്‍ ബ്രേക്ക് കിട്ടിയ വേഷമാണ് മഹാലക്ഷ്മി. കോമഡി വേഷങ്ങളില്‍ ഏഷ്യാനെറ്റ് പ്ലസ്സില്‍ സംപ്രേഷണം ചെയ്ത ഫൈവ് സ്റ്റാര്‍ തുകടയിലെ കല്യാണിയും പ്രിയപ്പെട്ടതാണ്.
ഞാന്‍ കംഫര്‍ട്ടബിള്‍
ഒരു സ്ത്രീയെന്ന നിലയില്‍ സുരക്ഷിതയാണെന്ന തോന്നലാണ് സെറ്റില്‍ നിന്നും ലഭിക്കാറുളളത്. ഇതുവരെ ആരും മോശമായി പെരുമാറിയിില്ല. അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. നല്ല രീതിയിലാണ് എല്ലാവരോടും ഞാനും പെരുമാറുന്നത്. ഫ്രെണ്ട്‌ലിയാണ് ഞാന്‍. എല്ലാവരോടും വളരെ സോഷ്യലായി സംസാരിക്കുന്ന പ്രകൃതമാണ് എന്‍േറത്. അതുകൊണ്ട് തന്നെ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്.
പൂര്‍ണ്ണ പിന്തുണ തരുന്ന കരുത്ത്
വീട്ടില്‍ നിന്നു ലഭിക്കുന്ന സപ്പോര്‍ട്ടിനെക്കുറിച്ച് എനിക്ക് എത്ര പറഞ്ഞാലും മതിയാവില്ല. എന്റെ അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഇതുപോലെ ഒരു ഫാമിലി വേറെ കിട്ടില്ല എന്ന തോന്നല്‍. കാരക്ടറിന്റെ കാര്യത്തിലും വേഷത്തിലും അക്‌സസറീസിലും എല്ലാം അവരുടെ നല്ല കമന്റ്‌സ് എനിക്ക് വലിയ പ്രചോദനമാണ്. ഷൂട്ടിനു പോകുമ്പോള്‍ മിക്കവാറും അമ്മയാണ് കൂടെ ഉണ്ടാവാറുളളത്. പിന്നെ അമ്മൂമ്മയും കൂടെ വരും. തിരുവനന്തപുരം വിണ്ടന്നൂര്‍ ചാവടിയാണ് സ്വദേശം.
ഫാന്‍സും സെല്‍ഫിയും
പൊതു സ്ഥലത്ത് വച്ച് ആളുകള്‍ തിരിച്ചറിയുമ്പോള്‍ സംസാരിക്കുന്നതും സെല്‍ഫി എടുക്കുന്നതുമൊന്നും ഞാന്‍ വിലക്കാറില്ല. എനിക്ക് തരുന്ന അംഗീകാരമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. ജാഡയായിരിക്കും എന്ന് തെറ്റിധരിച്ച് ചിലര്‍ മാറി നില്ക്കും. പക്ഷെ അവരെ നോക്കി ചിരിച്ചാല്‍ പിന്നെ ആ സംശയമൊക്കെ മാറും. ഹായ് ചേച്ചി എന്നു പറഞ്ഞ് എന്റെ അടുത്തേക്ക് ഓടിവരും.
സുനില്‍ വല്ലത്ത്