ലൈറ വേറെ ലെവല്‍
ആയിരം രൂപയും കൈയില്‍പ്പിടിച്ച് ഒരു പതിനെട്ടുകാരി കണ്ട സ്വപ്‌നമാണ് ലൈറ ക്ലോത്തിംഗ് സ്‌റ്റോര്‍. സ്വന്തം സ്വപ്‌നത്തിനുവേണ്ടി പ്രയത്‌നിച്ച മകളും മകളുടെ സ്വപ്‌നത്തെ കുട്ടിക്കളിയെന്നു ചിരിച്ചു തള്ളാത്ത വാപ്പയുമാണ് ലൈറയെ വിജയത്തിലേക്ക് എത്തിച്ച പ്രധാന ഘടകങ്ങള്‍.

അച്ഛന്‍ തന്ന ആയിരം രൂപയും ആത്മവിശ്വാസവും

ലൈറയെക്കുറിച്ചു സംസാരിക്കുമ്പോള്‍ ആദ്യം പറയേണ്ടത് എന്റെ വാപ്പ കെ.പി. അയൂബിനെക്കുറിച്ചാണ്. ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബിസിനസ് ചെയ്യണമെന്ന് ഞാന്‍ വാപ്പയോടു പറയുന്നത്. കളിയാക്കുമെന്നാണ് കരുതിയത്. പക്ഷേ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നുപോലും വാപ്പ എന്നോടു ചോദിച്ചില്ല. ആയിരം രൂപയെടുത്തു കൈയില്‍ തന്നിട്ടു പറഞ്ഞു 'മനസില്‍ എന്താണെങ്കിലും ചെയ്‌തോളൂ' എന്ന്. എന്റെ തീരുമാനങ്ങളില്‍ വാപ്പ ഇത്ര കോണ്‍ഫിഡന്റ് ആണല്ലോ എന്നോര്‍ത്ത് വളരെയധികം അഭിമാനിച്ച നിമിഷമായിരുന്നു അത്. ലൈറയുടെ ഓരോ ഘട്ടത്തിലും കൈപിടിച്ചു കൂടെ നിന്നത് വാപ്പയാണ്. അതായിരുന്നു മുന്നോട്ടു പോകാനുള്ള ധൈര്യം. ഇന്നു ഞാനും ലൈറയും എവിടെയെങ്കിലും എത്തി നില്‍ക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അത് വാപ്പ തന്ന പിന്തുണയും ആത്മവിശ്വാസവും കൊണ്ടാണ്.

ലൈറയുടെ തുടക്കം

2017 നവംബറിലാണ് ലൈറ ആരംഭിച്ചത്. ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകളെക്കുറിച്ചു വലിയ ധാരണയൊന്നുമില്ലാതെയാണ് ഈ രംഗത്തേക്കു കടന്നു വരുന്നത്. അടുക്കളയിലിരുന്ന് ഉമ്മയോടു സംസാരിക്കുന്നതിനിടെ വെറുതേ മനസില്‍ വന്ന തോന്നലാണ്. പ്ലാന്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഉമ്മ പച്ചക്കൊടി കാണിച്ചു. സ്‌കാര്‍ഫുകള്‍ മാത്രമുള്ള ഒരു ചെറിയ ഓണ്‍ലൈന്‍ ഷോപ്പാണ് ഉദ്ദേശിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമുള്ള ഒരു വാട്‌സ്ആപ് ഗ്രൂപ്പ് ആയിരുന്നു ലൈറയുടെ ആദ്യ ഷോപ്പ്. ആദ്യത്തെ ലാഭം 200 രൂപയും. സ്‌കാര്‍ഫുകളിലുള്ള പരീക്ഷണം വിജയിച്ചതോടെയാണ് ഹിജാബിലേക്കു തിരിഞ്ഞത്. ഒരു കുഞ്ഞു വളരുന്നതുപോലെ പടിപടിയായി വളര്‍ന്നാണ് ലൈറ ഇന്ന് പതിനയ്യായിരത്തോളം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ഒരു സംരംഭമായി നില്‍ക്കുന്നത്.

എല്ലാം പെെട്ടന്നായിരുന്നു

പ്രത്യേകിച്ച് പ്ലാനിംഗും കണക്കുകൂട്ടലുകളും ഇല്ലാതെ ജീവിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ പെെട്ടന്നാണ് തീരുമാനങ്ങള്‍ എടുക്കാറ്. ലൈഫ് എന്‍ജോയ് ചെയ്യണം എന്നതാണ് എന്റെ പോളിസി. പ്ലസ് ടു കഴിഞ്ഞ് മെഡിസിന് പോകണം എന്ന ചിന്ത മാറി ബിസിഎയിലേക്ക് തിരിഞ്ഞതും അങ്ങനെയാണ്. മൂവാറ്റുപുഴ നിര്‍മല കോളജിലായിരുന്നു ബിസിഎ ചെയ്തത്. ഇപ്പോള്‍ ഇലാഹിയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആദ്യവര്‍ഷ എംബിഎ വിദ്യാര്‍ഥിയാണ്. ബിസിനസ് മേഖലയോടു പ്രത്യേക താത്പര്യമോ ഇഷ്ടമോ ഒന്നും ഉണ്ടായിരുന്ന ആളല്ല ഞാന്‍.

ബിസിനസ് എന്നൊരു ചിന്ത ഇല്ലായിരുന്നെങ്കിലും അതെന്റെ ജീനില്‍ എവിടെയോ ഉണ്ട് കേട്ടോ. വാപ്പയുടെ കുടുംബം മുഴുവന്‍ ബിസിനസ് മേഖലയിലാണ്. ചിലപ്പോ അതിന്റെയാകും.

വണ്‍ ക്ലിക് എവേ

ഓണ്‍ലൈന്‍ ബിസിനസിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാന ഘടകം അതിന്റെ അനന്തമായ സാധ്യതകളാണ്. സ്വതന്ത്രയായി നില്‍ക്കാനും സ്വയം സമ്പാദിക്കാനും സാധിക്കും. സ്ഥിരമായ ഒരു ഓഫീസോ കാര്യങ്ങളോ വേണ്ടാ എന്നതാണ് മറ്റൊന്ന്. ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ കാര്യങ്ങളെല്ലാം സെറ്റാണ്.

വീട്ടുകാരെ ആശ്രയിക്കേണ്ട എന്നു മാത്രമല്ല നമ്മളാല്‍ കഴിയുന്ന രീതിയില്‍ അവരെ അങ്ങോട്ട് സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും എന്നതും ഓണ്‍ലൈന്‍ സംരംഭത്തിന്റെ സാധ്യതയാണ്. തുടക്കത്തില്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയിരുന്നു. എന്നാലിപ്പോള്‍ സൂറത്ത്, നോയ്ഡ, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രൊഡക്ടുകള്‍ വരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ കടകളില്‍ എത്തുന്നതിനേക്കാള്‍ മുന്‍പ് ലൈറയില്‍ ഫാഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഒരു ഓര്‍ഡര്‍ കിട്ടിക്കഴിഞ്ഞാല്‍ എഴു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ അവ ഉപയോക്താവിന്റെ കൈയിലെത്തുന്നു എന്നതും ലൈറയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. ഇത്രയും ലാഭമുണ്ടാകുമെന്നോ ശ്രദ്ധേയമാകുമെന്നോ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹം പോലെ എല്ലാം ശരിയായി വന്നു.

ലൈറ, നിങ്ങളുടെ സുഹൃത്ത്

സാധ്യതകളുടെ നിരവധി വാതിലുകളാണ് ഒരു പെണ്‍കുട്ടിക്കു മുന്നില്‍ തുറന്നു കിടക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുന്ന ഒരു സ്ഫടിക വാതില്‍ കൂടിയുണ്ട്. പുറത്തു നിന്നു നോക്കുന്ന ഒരാള്‍ക്ക് അതു കാണാന്‍ സാധിക്കണമെന്നില്ല.

പക്ഷേ എത്ര നാള്‍ മുന്നോു വരാതെ മറഞ്ഞു നില്‍ക്കാന്‍ നമുക്കു സാധിക്കും. എത്രനാള്‍ മറ്റൊരാളെ ആശ്രയിച്ചു നില്‍ക്കും. സ്വന്തം കാലില്‍ നില്‍ക്കുക എന്നതാണ് ഭൂരിഭാഗം പെണ്‍കുട്ടികളുടേയും ആഗ്രഹം. എന്നെ സംബന്ധിച്ചും അങ്ങനെയാണ്. സ്വന്തമായി ഒരു വരുമാന മാര്‍ഗമുണ്ട് എന്നു പറയുമ്പോള്‍ നമുക്കു കിട്ടുന്ന ആത്മവിശ്വാസവും സംതൃപ്തിയും വേറെ ലെവലാണ്.


കൂടുതല്‍ പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുകയാണ് ലൈറയുടെ ലക്ഷ്യം. ഇതൊന്നും എനിക്കു സാധിക്കില്ല, ഞാന്‍ ഇങ്ങനെയൊക്കെ അങ്ങ് ഒതുങ്ങിക്കൂടിക്കോളാം എന്നൊക്കെ പറഞ്ഞ് സ്വയം പിന്നിലേക്കു മാറി നില്‍ക്കുന്ന പെണ്‍കുട്ടികളോടാണ് ലൈറ സംസാരിക്കുന്നത്. ഇങ്ങനെ മാറി നില്‍ക്കുന്നവര്‍ സധൈര്യം ഒരു ചുവടെങ്കിലും മുന്നോുട്ട വച്ചാല്‍ അത് അവരെ എത്തിക്കുന്നത് വലിയ വലിയ ഉയരങ്ങളിലേക്കാവും. പെണ്‍കുട്ടികളുടെ ആവിശ്വാസവും ധൈര്യവും വര്‍ധിപ്പിക്കാന്‍ എന്നാല്‍ സാധിക്കുന്നത് ചെയ്യാന്‍ ലൈറയിലൂടെ ഞാന്‍ പ്രയത്‌നിക്കും.

കട്ട സപ്പോര്‍ട്ട് നല്‍കി സുഹൃത്തുക്കള്‍

പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രോത്സാഹനമാണ് സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്നത്. ലൈറയെക്കുറിച്ച് ആദ്യമായി സംസാരിച്ചപ്പോഴുണ്ടായിരുന്ന അതേ ആവേശവും സ്‌നേഹവും ഇന്നും അവര്‍ക്കുണ്ട്. അധ്യാപകരില്‍ നിന്നു കിട്ടുന്ന പിന്തുണയും വളരെ പ്രധാനമാണ്. പഠനത്തോടൊപ്പം ബിസിനസും ഉഷാറായി കൊണ്ടുപോകാന്‍ സാധിക്കുന്നത് ഇവരൊക്കെയുള്ളതുകൊണ്ടുമാത്രമാണ്. ലൈറ എന്ന പേര് തെരഞ്ഞെടുത്തതില്‍പ്പോലും സുഹൃത്തുക്കള്‍ക്കു പങ്കുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പിനേക്കാള്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിനാകും കൂടുതല്‍ റീച്ച് കിട്ടുക എന്നു പറഞ്ഞതും സുഹൃത്തുക്കളാണ്. ഇങ്ങനെ ഓരോ ഘട്ടത്തിലും അവര്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഇനി മുന്നോട്ടുള്ള ചുവടുവയ്പ്പുകളിലും അവര്‍ ഉണ്ടാകും എന്നത് വലിയ ധൈര്യമാണ്.

ലൈറയുടെ വിജയം

വിജയത്തെക്കുറിച്ചു പറയാന്‍ മാത്രം ഉയരത്തിലേക്കു ലൈറ എത്തിയോ എന്ന് എനിക്കറിയില്ല. കാരണം ലൈറ ഇനിയും ഒരുപാടൊരുപാടു ദൂരങ്ങള്‍ താണ്ടാനുണ്ട്. സെലിബ്രിറ്റീസുമായി ചേര്‍ന്നാണ് ലൈറയുടെ പ്രവര്‍ത്തനം. അതുവഴി കിട്ടിയ റീച്ച് വളരെ വലുതാണ്. ഇപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും ലൈറയ്ക്ക് ഫോളോവേഴ്‌സുണ്ട്. മറ്റൊരു വലിയ ഘടകം ഉപയോക്താക്കളാണ്. ലൈറയെ ഇങ്ങനെ പിടിച്ചു നിര്‍ത്തുന്നത് അവരാണ്. ഉപയോക്താക്കളുടെ വിലയിരുത്തലുകളും വിമര്‍ശനങ്ങളും ലൈറയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. തുടക്കത്തില്‍ ലൈറയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നു. പുതുതായി ഏതൊരു കാര്യം ആരംഭിക്കുമ്പോഴും നമ്മുടെയുള്ളില്‍ ഒരു കൗതുകമുണ്ടാകുമല്ലോ? ആ കൗതുകം കൊണ്ടുതന്നെ കഠിനാധ്വാനവും ചെയ്യുമായിരുന്നു. അതിന്റെയെല്ലാം ഫലമാണ് ലൈറയുടെ ഈ വിജയം.

ലൈറ വേറെ ലെവലിലേക്ക്

എംബിഎ പഠനം പൂര്‍ത്തിയാകുമ്പോഴേക്കും ലൈറ എസ്റ്റാബ്ലിഷ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ലൈറയെ ലോകം മുഴുവന്‍ അറിയണം. നിലവില്‍ ഇന്‍സ്റ്റഗ്രാമിലൂടെയും വാട്‌സ് ആപ്പിലൂടെയുമാണ് സെയില്‍ നടക്കുന്നത്. അതിനു കുറച്ചൊക്കെ പരിമിധികളുണ്ട്. അധികം വൈകാതെ ഒരു വെബ്‌സൈറ്റിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പിന്നെ പതുക്കെ ആപ്പും ബ്രൈഡല്‍ സ്റ്റുഡിയോയും. ഒരു സ്ത്രീ ഏറ്റവുമധികം സുന്ദരിയായിരിക്കുന്നത് അവളുടെ ആത്മവിശ്വാസം വര്‍ധിക്കുമ്പോഴാണ്. അതില്‍ അവളണിയുന്ന വസ്ത്രത്തിനു വലിയ പങ്കുണ്ട്. ഈ ആത്മവിശ്വാസം ലൈറയിലൂടെ ഓരോ സ്ത്രീക്കും പകര്‍ന്നു നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ടല്ല ലൈറ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാന്‍ കൂടി സാധിക്കുന്നിടത്താണ് ലൈറ വിജയിക്കുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

യാദൃച്ഛികമായാണ് ബിസിനസ് രംഗത്തേക്കു കടന്നു വന്നതെങ്കിലും ഇവിടെ തന്നെ തുടരാനാണ് താത്പര്യമെന്ന് പറയുമ്പോള്‍ അസിയയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറയുന്നു. 'ലൈറ ആരംഭിച്ചപ്പോഴുണ്ടായിരുന്നതിനെക്കാള്‍ പക്വത എനിക്കിപ്പോള്‍ വന്നിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റൊരാളുടെ സ്ഥാപനത്തില്‍ പോയി നൂറിലോ ആയിരത്തിലോ ഒരാളായി ജോലി ചെയ്യുന്നതിനേക്കാള്‍ എനിക്കിഷ്ടം നിരവധിപേര്‍ക്ക് താങ്ങാകുന്ന ഒരു തൊഴില്‍ദാതാവാകാനാണ്. ലൈറയിലൂടെ ഒരുപാടുപേര്‍ക്കു പ്രചോദനമാകാനും ആവിശ്വാസം പകരാനും സാധിക്കണം എന്നതാണ് എന്റെ പ്രാര്‍ഥന.'അസിയ പറയുന്നു.

അഞ്ജലി അനില്‍കുമാര്‍